പരിഹാരം: മഹാത്മജിയെയും പണ്ഡിറ്റ്ജിയെയും പിന്തുടരുക
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Monday, January 13, 2025 12:02 AM IST
ആദർശങ്ങളോടുള്ള പ്രതിബദ്ധതയും ലക്ഷ്യം നേടാനായി ഏതു ത്യാഗത്തിനുമുള്ള സന്നദ്ധതയും കൈമുതലായ മഹാന്മാരായ നേതാക്കൾക്കൊപ്പം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ അത്ര സന്തോഷകരമല്ല. പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി മികച്ച പ്രകടനം നടത്തുന്നില്ല. ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളില്ലാത്തതും ഹൈക്കമാൻഡിലുള്ളവരുടെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിലെ പ്രമുഖരുടെയും ആളുകളെ നാമനിർദേശം ചെയ്തു നിയമിക്കുന്നതും വഴി പഴയപോലുള്ള, മികച്ച, ഊർജസ്വലമായ നേതൃത്വം ഇല്ലാതായിരിക്കുന്നു.
നാമനിർദേശം ചെയ്യപ്പെടുന്ന പട്ടികയിൽ സ്ഥാനംപിടിക്കുന്നവർ സ്വാധീനമുള്ള നേതാക്കൾ പിന്തുണയ്ക്കുന്നവരാണ്. അല്ലാതെ, താഴെത്തട്ടിലോ മധ്യനിരയിലോ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികളല്ല. സജീവരായ ചില പാർട്ടി അംഗങ്ങളുടെ വൻ പ്രവർത്തനങ്ങൾക്ക് പതിവുള്ള ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിന്റെ അഭാവത്താൽ സംഘടനാ സംവിധാനത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല.
നില മെച്ചപ്പെടുത്താന് കഴിയുന്നില്ല
എന്നിട്ടും പുകഴ്പെറ്റ ചരിത്രവും ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ സാന്നിദ്ധ്യവും മൂലം കോൺഗ്രസ് ദേശീയശ്രദ്ധ നേടുന്നു. ഇന്ത്യ സഖ്യത്തിൽപോലും പ്രതിപക്ഷം മല്ലികാർജുൻ ഖാർഗെയ്ക്ക് ഉയർന്ന സ്ഥാനം നല്കി. എങ്കിലും, അത്തരമൊരു സാഹചര്യത്തിൽപോലും അതിന് തങ്ങളുടെ നില മെച്ചപ്പെടുത്താനോ ഇന്ത്യ സഖ്യത്തിലുള്ളവരുമായി മെച്ചപ്പെട്ട ബന്ധം പുലർത്താനോ കഴിയുന്നില്ല. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ നല്ല പ്രകടനത്തിനു കഴിഞ്ഞതുമില്ല.
കോൺഗ്രസിന് കുറച്ചുമാത്രം സഖ്യകക്ഷികളേയുള്ളൂ എന്നതിനാൽ വരുന്ന തെരഞ്ഞെടുപ്പുകളിലെ പ്രകടനവും ആശങ്കയിലാണ്. പല മുൻകാല സുഹൃത്തുക്കളും മുന്നണി മാറുകയോ സ്വന്തംനിലയ്ക്കു മത്സരിക്കുകയോ ചെയ്തു. ഇതോടെ കോൺഗ്രസ് സുഖകരമല്ലാത്ത രാഷ്ട്രീയാവസ്ഥയിൽപ്പെടുകയും ചെയ്തു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും ഒരുമിച്ചു നിർത്തുന്ന, സമർഥനും കൗശലക്കാരനുമായ വളരെ മുതിർന്ന നേതാവാണ് ഖാർഗെയെങ്കിലും കാര്യങ്ങളൊന്നും ശുഭപര്യവസായി ആകുന്നില്ല.
രാഹുൽ ഗാന്ധിയുടെ സൂക്ഷ്മതയില്ലാത്ത ചില പ്രതികരണങ്ങളും അഭിപ്രായങ്ങളും സഖ്യത്തിലെ ചില രാഷ്ട്രീയകക്ഷികൾക്കു നാണക്കേടുണ്ടാക്കുന്നതായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ അദ്ദേഹത്തിന്റെ ചില വിദേശയാത്രകൾ പലരെയും അദ്ഭുതപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചതിന്റെ പിറ്റേദിവസം പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ രാഹുൽ വിയറ്റ്നാമിലേക്കു പോയത് പലരെയും ആശ്ചര്യപ്പെടുത്തി. ചിലരെങ്കിലും ഞെട്ടി.
സൗഹൃദം നിലനിർത്താനാകാതെ കോൺഗ്രസ്
ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷി നേതാക്കളുമായി സൗഹൃദബന്ധം നിലനിർത്താൻ കോൺഗ്രസ് നേതാക്കൾക്കു കഴിഞ്ഞില്ല. നിതീഷ്കുമാർ, അഖിലേഷ് യാദവ്, അരവിന്ദ് കേജരിവാൾ, ഉദ്ധവ് താക്കറെ എന്നിവരും അതുപോലെ പല നേതാക്കളും കോൺഗ്രസുമായി അകലം പാലിക്കുമെന്ന് ആരും കരുതിയിരുന്നില്ല. അതിലെല്ലാമുപരി, ഖാർഗെയെ ഇന്ത്യമുന്നണിയുടെ തലപ്പത്തു പ്രതിഷ്ഠിക്കാൻ അത്യധ്വാനം ചെയ്ത മമതാ ബാനർജി ഏറെ പ്രതീക്ഷ നൽകിയ പ്രതിപക്ഷസഖ്യത്തിൽനിന്നു വിട്ടുപോയതും ഏറെ പറയുന്നുണ്ട്. ഇന്ത്യ സഖ്യം രൂപീകരിച്ചപ്പോൾ, കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങളിലെ പല നേതാക്കളെയും വിശ്വാസത്തിലെടുത്തില്ലെന്ന കാഴ്ചപ്പാടുമുണ്ട്.
നല്ലൊരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കും പാർട്ടി അംഗങ്ങൾക്കും കോൺഗ്രസിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും കുറിച്ചും വലിയ നേതാക്കളായ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയവർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചും വേണ്ടത്ര അവബോധമില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. കോൺഗ്രസ് സംസ്കാരത്തെക്കുറിച്ചും അതിന്റെ മൂല്യവ്യവസ്ഥയെക്കുറിച്ചും കോൺഗ്രസ് അംഗങ്ങളോട് ആരും പറഞ്ഞുകൊടുക്കുന്നില്ല. അതൊക്കെപോട്ടെ, കോൺഗ്രസിന്റെ ചരിത്രംപോലും അറിയാത്തവരുണ്ട്.
കോൺഗ്രസിൽതന്നെ എഐസിസി സമ്മേളനങ്ങൾ കാണാക്കാഴ്ചയായി. ധീരമായ തീരുമാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച നേതാക്കളായ മഹാത്മജി, പണ്ഡിറ്റ്ജി തുടങ്ങിയവരുടെയും സർദാർ പട്ടേൽ, ഗോവിന്ദ് വല്ലഭ പന്ത്, ലാൽ ബഹദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ തുടങ്ങിയവരുടെയും അന്പതുകളിലെയും അറുപതുകളിലെയും നേതാക്കളുടെയും പുസ്തകങ്ങൾ വായിക്കാൻ ഗൗരവകരമായ ശ്രമങ്ങൾ കോൺഗ്രസ് അംഗങ്ങൾ നടത്തിയിരുന്നെങ്കിൽ... ഹൃദയങ്ങളുടെ ഐക്യത്തിലേക്കെത്തിച്ചേരണമെങ്കിൽ, ആവശ്യത്തിനു ത്യാഗമനുഷ്ഠിക്കാൻ നമ്മളോരോരുത്തരും തയാറെടുക്കണം. ഇന്ത്യയുടെ അവസ്ഥയെക്കുറിച്ച് അത്തരത്തിൽ അവരെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ കോൺഗ്രസും അതിന്റെ അംഗങ്ങളും വ്യത്യസ്തമായേനെ.
മതേതര ജനാധിപത്യത്തിനായുള്ള ശ്രമങ്ങൾ വിജയിച്ചോ?
75 വർഷത്തെ പാർലമെന്ററി ജനാധിപത്യത്തിനുശേഷവും മതേതര ജനാധിപത്യത്തിനായുള്ള ശ്രമങ്ങൾ വിജയിച്ചോ എന്നുറപ്പില്ല. സാമുദായികമൂല്യങ്ങളോടു കൂടുതൽ അടുപ്പമുള്ള ശക്തികൾ മുന്നേറുന്നതായി ചിലർ കരുതുന്നു. മാധ്യമസ്വാതന്ത്ര്യം പരിമിതമാണെന്നു മറ്റു ചിലരും. മഹാത്മജിയും പണ്ഡിറ്റ്ജിയും മറ്റു സ്വാതന്ത്ര്യസമര നായകരും വിലമതിച്ച മൂല്യങ്ങൾ ഇനിയും യാഥാർഥ്യമായിട്ടില്ല. സോഷ്യലിസ്റ്റ് മൂല്യങ്ങളെക്കുറിച്ച് ചില രാഷ്ട്രീയതലങ്ങളിൽ കേൾക്കുന്നുണ്ടെങ്കിലും ചില മേഖലകളിൽ സ്വകാര്യനിക്ഷേപങ്ങളിലാണു ശ്രദ്ധ. സാന്പത്തികവളർച്ചയെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
തൊഴിൽരഹിത വളർച്ച മാത്രമേയുള്ളൂവെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. സമീപഭാവിയിൽ ഇന്ത്യ മൂന്നു ട്രില്യൺ സന്പദ്വ്യവസ്ഥയിലേക്കു പ്രവേശിക്കുമെന്ന സ്വപ്നം ഭരണയന്ത്രം തിരിക്കുന്നവരിൽ ചിലർ ആവർത്തിക്കുന്നു. പക്ഷേ, മഹാത്മജിയും പണ്ഡിറ്റ്ജിയും വിഭാവന ചെയ്യുന്ന, സന്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും വികസനം ഉടനടി ഉണ്ടാകില്ല. ധനമന്ത്രി നിർമല സീതാരാമൻ അടുത്തുതന്നെ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ കൂടുതൽ വ്യക്തമായ ചിത്രം കിട്ടിയേക്കാം.
ജാതിയെയും പ്രാദേശികശക്തികളെയും ആശ്രയിക്കുന്ന രീതിയിലുള്ള വളർച്ച രാഷ്ട്രീയപാർട്ടികളിൽ കാണുന്നു. അതനുസരിച്ചുള്ള പിളർപ്പുകളും. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് ചില ആശ്വാസനടപടികൾ ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വളർച്ചാനിരക്ക് കാത്തിരിക്കുന്ന അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും.
ആശാവഹമല്ല കേരളത്തിന്റെ സ്ഥിതി
കേരളത്തിന്റെ കാര്യത്തിൽ മൊത്തത്തിലുള്ള സ്ഥിതി ആശാവഹമല്ല. ക്രമസമാധാനത്തകർച്ച കാര്യമായുണ്ട്. സഹകരണബാങ്കുകളുടെ പ്രവർത്തനത്തിൽ സുഖകരമല്ലാത്ത അവസ്ഥയും. രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ഗൗരവകരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കോൺഗ്രസിൽ ഉന്നതസ്ഥാനങ്ങൾക്കായി പ്രചാരണം നടക്കുന്നുണ്ട്. സ്ഥാനമോഹികളായി ഒരുപാടു പേരുണ്ട്.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ വിജേഷിന്റെയും ആത്മഹത്യയും ചില കത്തുകളും വിവാദങ്ങളുണ്ടാക്കി. ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നു. ബുദ്ധിശൂന്യമായാണ് കോൺഗ്രസിലെ ഉയർന്ന നേതാക്കൾ വിഷയം കൈകാര്യം ചെയ്തത്. പുറത്തുവന്ന ചില കാര്യങ്ങൾ ഒരു സഹകരണബാങ്കിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചയിലേക്കാണ് ആരോപണങ്ങളുയർത്തുന്നത്. ഉന്നതനേതാക്കൾ ഒരുമിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാമായിരുന്നു. മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് കാര്യങ്ങൾ പരിഹരിക്കാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടു.
ഒത്തുതീർപ്പ് രൂപപ്പെട്ടെങ്കിലും ഒരു രാഷ്ട്രീയപാർട്ടി നടപടി നേരിടുന്ന സഹകരണബാങ്കിന്റെ നടത്തിപ്പിലേക്കു വിരൽചൂണ്ടുന്ന ആരോപണങ്ങളുണ്ട്. ചുരുക്കത്തിൽ, ഒരു രാഷ്ട്രീയപാർട്ടി അതിന്റെ പ്രതിഛായ നശിപ്പിക്കുന്ന ആരോപണങ്ങൾ നേരിടുകയാണ്. അതേസമയം, നിരവധി പ്രശ്നങ്ങൾ കൈയിലുള്ള കോൺഗ്രസിനു ഞായറാഴ്ചത്തേക്കു നിശ്ചയിച്ച രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കേണ്ടവന്നു. മറ്റു കമ്മിറ്റി അംഗങ്ങൾക്കൊപ്പം ദീപ ദാസ്മുൻഷിയും കെ.സി. വേണുഗോപാലും പങ്കെടുക്കേണ്ടതായിരുന്നു.
മാസത്തിൽ രണ്ടുതവണ കൂടേണ്ട കമ്മിറ്റിക്ക് ഒന്നരവർഷത്തിനിടെ ഒരു തവണപോലും കൂടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ മാറ്റിവയ്ക്കൽ താത്കാലിക ആശ്വാസമേ ആകുന്നുള്ളൂ. ഒന്നരവർഷത്തിനിടെ കമ്മിറ്റി കൂടിയില്ലെന്നത് അതിനുമുന്നിലുള്ള പ്രശ്നങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ഏഴര പതിറ്റാണ്ടായി മഹാത്മജിയുടെയും പണ്ഡിറ്റ്ജിയുടെയും കാഴ്ചപ്പാടുകളുടെയും പ്രസ്താവനകളുടെയും ശക്തമായ സ്വാധീനം അംഗങ്ങളിൽ കണ്ടെടുക്കാൻ ഹൈക്കമാൻഡിനായിട്ടില്ല. അംഗങ്ങളാകട്ടെ ഇപ്പോൾത്തന്നെ രണ്ടു ചിന്താധാരകൾക്കിടയിലാണ്. നിശബ്ദത ആനന്ദമായിരിക്കുന്നിടത്ത് ജ്ഞാനിയാകുന്നത് വിഡിത്തമാണ്. ഇതിൽ ഉൾപ്പെട്ടവരാകട്ടെ ഹൈക്കമാൻഡുവരെ ബന്ധമുള്ള പടുവൃദ്ധരായ സ്ഥാനമോഹികളും.