വൃദ്ധജനങ്ങൾ ഒറ്റപ്പെടുന്ന കേരളം
സ്മിത ഷിജിൽ
Sunday, January 12, 2025 11:57 PM IST
മലയാളികളുടെ പ്രവാസജീവിതനിരക്ക് കുത്തനെ ഉയരുകയാണ്. യുവജനങ്ങളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ തൊഴിൽ, സാമ്പത്തിക സുരക്ഷിതത്വ ചിന്തകളാണ് മുഖ്യം. നാട്ടിൽ ജീവിച്ചാൽ “രക്ഷപ്പെടാൻ കഴിയില്ല” എന്ന ചിന്ത സമൂഹത്തിൽ രൂഢമൂലമായിരിക്കുന്നു. മുൻകാലങ്ങളിൽ ജോലിക്കുവേണ്ടി അന്യരാജ്യങ്ങളിലേക്ക് പോയിരുന്നവരുടെ പതിന്മടങ്ങ് ഇപ്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നാടുവിട്ടുകൊണ്ടിരിക്കുന്നു. കാനഡ, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ പഠിച്ചാൽ അവിടെത്തന്നെ ജോലി നേടി സ്ഥിരതാമസമാക്കാമെന്ന ചിന്തയാണ് നിലവിലുള്ള കുത്തൊഴുക്കിനു പിന്നിൽ. മാതാപിതാക്കളും എല്ലാ അർഥത്തിലും മക്കളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഈ സാഹചര്യം പ്രത്യക്ഷത്തിൽ സാമ്പത്തികമായി ഗുണകരമാണെങ്കിലും മറ്റൊരു വിധത്തിൽ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്. നിലവിൽ കേരളത്തിലെ ആയിരക്കണക്കിന് വീടുകളിൽ പ്രായമേറെയായ മാതാപിതാക്കൾ ഒറ്റപ്പെട്ടു ജീവിക്കുന്നുണ്ട്. അതെല്ലാംതന്നെ പതിറ്റാണ്ടുകൾ മുമ്പുമുതൽ തൊഴിൽ സംബന്ധമായി നാടുവിട്ട പ്രവാസികളുടെ മാതാപിതാക്കളാണ്. കുറച്ചു വർഷങ്ങൾക്കിടെ പഠനാവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ യുവതയുടെ മാതാപിതാക്കളിൽ ഏറിയപങ്കും അറുപതു വയസിൽ താഴെയുള്ളവരും നിലവിൽ നാട്ടിൽ പലവിധ ഉപജീവനമാർഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതരുമാണ്. എങ്കിലും അത്തരമൊരു വലിയ വിഭാഗത്തെ കാത്തിരിക്കുന്ന ഭാവിയും മറ്റൊന്നല്ല.
നേരിടാനിരിക്കുന്ന വെല്ലുവിളി
വരുംവർഷങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ട നിലയിൽ അവശേഷിക്കുന്ന വൃദ്ധദമ്പതിമാരുടെ എണ്ണം വർധിക്കുമെന്നു തീർച്ച. രണ്ട് പതിറ്റാണ്ടിനകം ഇത്തരമൊരു വലിയ വിഭാഗം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാവും. ശരിയായ ശ്രദ്ധയോ പരിചരണമോ ലഭിക്കാതെ മതിൽകെട്ടുകൾക്കുള്ളിൽ ഒതുങ്ങുന്ന അനേകായിരം വൃദ്ധമാതാപിതാക്കൾ ഇന്നുതന്നെ നമുക്കിടയിലുണ്ട് എന്ന വസ്തുത ഗൗരവത്തോടെ കാണേണ്ടതുണ്ട്. അവരുടെ ഒറ്റപ്പെടലിനും ആരോഗ്യ പ്രതിസന്ധികൾക്കും വേണ്ടവിധത്തിലുള്ള പരിഹാരം നിർദേശിക്കാൻ ഇനിയും നമുക്കായിട്ടില്ല.
അസിസ്റ്റഡ് ലിവിംഗും മലയാളിയുടെ ചിന്തയും
അസിസ്റ്റഡ് ലിവിംഗ് എന്ന ആശയത്തെ കേവലം വൃദ്ധസദനം എന്ന തലക്കെട്ടിനപ്പുറം പരിഗണിക്കാൻ ഇനിയും കേരളജനത തയാറായിട്ടില്ല. വിദേശ രാജ്യങ്ങളിൽ മുതിർന്ന പൗരന്മാർക്ക് മാന്യമായ ജീവിതസൗകര്യങ്ങൾ ഒരുക്കി നൽകുന്ന പദ്ധതികളെ ‘വൃദ്ധസദനങ്ങൾ’ എന്ന വിലയിരുത്തലിൽ അല്പം പുച്ഛത്തോടെയാണ് നാം വിലയിരുത്തിയിട്ടുള്ളത്. അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ വൃദ്ധരെ പരിപാലിക്കുന്ന ഉപവിഭവനങ്ങൾ ഒട്ടേറെ കണ്ടുശീലിച്ചതിനാലാകണം മലയാളികൾക്കിടയിൽ അപ്രകാരമൊരു ചിന്ത കടന്നുകൂടിയത്.
എന്നാൽ, റിട്ടയർമെന്റ് ഹോം എന്ന ആശയത്തിൽ രൂപകല്പന ചെയ്ത ചില മികച്ച മാതൃകകളെങ്കിലും കേരളത്തിലുണ്ട്. പ്രഫഷണലായി പ്രവർത്തിക്കുന്ന അത്തരം സ്ഥാപനങ്ങളിൽ ‘ഹൈ പ്രൊഫൈൽ’ അന്തേവാസികൾ മാത്രമാണുള്ളത് എന്നതിനാൽ സാധാരണ ജനങ്ങൾക്ക് അത് തീരെയും പരിചിതമല്ല. സമീപകാലത്ത് തലശേരി അതിരൂപതയും ചില സന്യാസസമൂഹങ്ങളും ഇത്തരമൊരു ആശയത്തെ കുറേക്കൂടി വേറിട്ട രീതിയിൽ പ്രാവർത്തികമാക്കാനുതകുന്ന പദ്ധതികൾ അവതരിപ്പിച്ചിട്ടുള്ളത് വളരെ സ്വാഗതാർഹമാണ്.
മികച്ച മാതൃകകൾ ഒരുക്കണം
ഇപ്പോൾ നാം എത്തിനിൽക്കുന്ന വലിയ പ്രതിസന്ധിഘട്ടത്തെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളുകയാണ് മുഖ്യ ആവശ്യങ്ങളിലൊന്ന്. ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്ന വൃദ്ധദമ്പതിമാരും വൃദ്ധരായ വിധവകളും വിഭാര്യന്മാരും നേരിടുന്ന പ്രതിസന്ധി പൂർണമായ അർഥത്തിൽ തിരിച്ചറിയേണ്ടതുണ്ട്. അവശതയിലും രോഗാവസ്ഥയിലും കഴിയുന്നതിനൊപ്പമുള്ള ഒറ്റപ്പെടൽ കൂടുതൽ ഭീകരമാണ്. കെയർടേക്കർമാരെയും ഹോം നഴ്സുമാരെയും നിയോഗിച്ച് ഒരു പരിധിവരെ കൈകാര്യം ചെയ്യാനായേക്കുമെങ്കിലും പ്രായോഗികമായി അതൊരു ശാശ്വത പരിഹാരമാകുന്നില്ല എന്നാണ് ഒട്ടേറെ അനുഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
സമാനമനസ്കരും സമപ്രായക്കാരുമായ മറ്റു പലരുമായും സഹവസിക്കുകയും ആശയവിനിമയത്തിനും ക്രിയാത്മക പ്രവർത്തനങ്ങൾക്കും മാനസികോല്ലാസത്തിനും അവസരം ലഭിക്കുകയും എല്ലാവിധ സുരക്ഷയും ആരോഗ്യസംരക്ഷണവും ചികിത്സാ സംവിധാനങ്ങളും ലഭ്യമാവുകയും ചെയ്യുന്ന വേറിട്ട സാഹചര്യത്തെ മുതിർന്ന പൗരന്മാരും തുറന്ന മനസോടെ കാണണം. ഈ വിഷയം തുറന്നു സംസാരിക്കാൻ സഭാ - സമുദായ നേതൃത്വങ്ങൾ തയാറാവുകയാണ് ഇവിടെ ആവശ്യം.
ഇത്തരമൊരു ആശയം വളരെ വർഷങ്ങൾക്കു മുമ്പുമുതൽ വികസിതരാജ്യങ്ങളെല്ലാം ഉൾക്കൊണ്ടിട്ടുള്ളതും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ളതുമാണ്. മികച്ച മാതൃകകൾ ഒരുക്കപ്പെട്ടാൽ കേരളസമൂഹവും അതിനോട് പൊരുത്തപ്പെടുമെന്നു തീർച്ച. അവിടെയാണ് സഭാ - സമുദായ - സാമൂഹിക നേതൃത്വങ്ങൾ ഇക്കാര്യം ഗൗരവമായെടുക്കുന്നതിന്റെ പ്രസക്തി. ‘വൃദ്ധസദനം’ എന്ന പ്രാകൃത ആശയത്തിനപ്പുറം ആരോഗ്യസുരക്ഷയും മാനസിക സംതൃപ്തിയും മുൻനിർത്തിയുള്ള മികച്ച സംരംഭങ്ങൾ കേരളത്തിൽ വളർന്നുവരികയും തുറന്ന മനസോടെ അത് ഉൾക്കൊള്ളാൻ നാം തയാറാവുകയും വേണം.
ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി എന്നതിനേക്കാൾ, സമീപഭാവിയിൽ നാം നേരിടാനിരിക്കുന്ന വലിയ വെല്ലുവിളി എന്ന അർഥത്തിൽ ഇക്കാര്യം അതീവഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേവലം ബിസിനസ് മാതൃകകളോ ചാരിറ്റി സംരംഭങ്ങളോ അല്ലാതെ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടും സാഹചര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടും ഉചിതമായ മികച്ച മാതൃകകളാണ് ഇവിടെ അവതരിപ്പിക്കപ്പെടേണ്ടത്.
(ഓസ്ട്രേലിയയിൽ നഴ്സാണ് ലേഖിക)