വിജയന്റെ ആത്മഹത്യാക്കുറിപ്പുകൾ
അനന്തപുരി / ദ്വിജൻ
Saturday, January 11, 2025 11:54 PM IST
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ, മകൻ വിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിജയന്റേതായി പ്രചരിക്കുന്ന കുറിപ്പുകളും അവയിലെ ഉള്ളടക്കവും സത്യമാണോയെന്ന് അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരട്ടെ. അതിൽ ഉയർത്തുന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ കുറ്റവാളികൾക്കു കർശനമായ ശിക്ഷ ലഭിക്കട്ടെ. ഈ അന്വേഷണം നടക്കുന്പോഴും വിജയന്റെ കുടുംബത്തെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണ് കോണ്ഗ്രസ് ആലോചിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സമീപനം ആത്മാർഥമാകട്ടെ. അതാണ് കോണ്ഗ്രസ് ചെയ്യേണ്ടത്. ഒന്നിച്ച് ഓടിയിരുന്നവരിൽ ഒരാൾ കാലിടറി വീഴുന്പോൾ, കാരണം എന്തുമാകട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുകയാണ് പാർട്ടി ചെയ്യേണ്ടത്. അതു കടമയാണ്.
കടുത്ത സാന്പത്തികബാധ്യത മൂലമാണ് വിജയൻ ആത്മഹത്യ ചെയ്തത് എന്നാണ് പറയുന്നത്. കോണ്ഗ്രസ് ഭരിക്കുന്ന ബത്തേരി സർവീസ് സഹകരണ ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിലെ ഒഴിവുകളിൽ നിയമനം നല്കാമെന്നു പറഞ്ഞ് വിജയൻ പലരിൽനിന്നു പണം വാങ്ങിയെന്നും അത് പാർട്ടി നേതാക്കളായ ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ, മുൻ പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ, ബത്തേരി എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരുടെ അറിവോടെയായിരുന്നെന്നും ജോലി കൊടുക്കാതെ വന്നപ്പോൾ തുക മുഴുവൻ സ്വയം നൽകേണ്ടിവന്നുവെന്നും അങ്ങനെ വലിയ ബാധ്യത ഉണ്ടായെന്നുമാണ് വിജയന്റെ കുറിപ്പിലുള്ളത്. വിജയൻ മറ്റു പലരെയുംപോലെ പണം കൊടുത്തവരെ ആത്മഹത്യയിലേക്കു വിട്ടില്ല എന്നുവേണം മനസിലാക്കാൻ. പകരം, ഭാരമെല്ലാം സ്വയം ഏറ്റെടുത്തു. വിജയന്റെ കുറിപ്പുകളിലെ ആരോപണങ്ങളെ കോണ്ഗ്രസ് നേതാക്കളെല്ലാം നിഷേധിക്കുന്നു. അന്വേഷണം നടത്തി സത്യം കണ്ടുപിടിക്കട്ടെ.
പക്ഷേ, ഒന്നുണ്ട്. ഈ ദുരന്തങ്ങളും ആരോപണങ്ങളും കേരളത്തിലെ സഹകരണമേഖലയുടെ നേർക്കാഴ്ചയാണു നൽകുന്നത്. ഭരിക്കുന്ന പാർട്ടി ഏതായാലും അവർ പണമുണ്ടാക്കാൻ സഹകരണമേഖലയെ ദുരുപയോഗിക്കുന്നതിന്റെ എത്രയോ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വയനാട്ടിൽ കോണ്ഗ്രസ് നേതാക്കളുടെ പേരിൽ കേസെടുത്ത പോലീസ് കട്ടപ്പനയിൽ സാബു തോമസിന്റെ ആത്മഹത്യയിൽ കേസെടുക്കണോയെന്ന് ആലോചിക്കുകയാണ്. അതും കേരളത്തിലെ ഒരു സാമൂഹിക യാഥാർഥ്യം. എല്ലാവരും ചെയ്യുന്ന തെറ്റിനോട് ഒരേ സമീപനം സാധിക്കുന്നില്ല.
വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതുപോലെ അദ്ദേഹത്തിന്റെ ആത്മഹത്യക്ക് പാർട്ടി നേതാക്കൾ ഉത്തരവാദികളല്ലെന്നു തെളിഞ്ഞാലും കോണ്ഗ്രസ് ഉത്തരവാദിത്വത്തിൽനിന്നു രക്ഷപ്പെടുന്നില്ല. പാർട്ടി നേതാക്കൾ അറിയാതെയാണെങ്കിൽക്കൂടി അവരുടെ ജില്ലാ ട്രഷറർ പലരോടും നിയമനത്തിന് കാശു വാങ്ങിയിരുന്നുവെന്നത് വിജയൻ സമ്മതിച്ച സത്യമാണ്. അത് പാർട്ടി അറിഞ്ഞിരുന്നില്ലെന്ന് എങ്ങനെ പറയാനാകും. പാർട്ടി ഭാരവാഹികൾ നടത്തുന്ന ഇത്തരം നടപടികൾ പോലും പാർട്ടി അറിയുന്നില്ലെങ്കിൽ എത്ര ദയനീയമാണ് പാർട്ടിയുടെ സ്ഥിതി.
കാര്യമായ വരുമാനം ഒന്നുമില്ലാത്ത മിക്കവാറും രാഷ്ട്രീയ നേതാക്കൾ അത്യാഡംബരത്തിൽ ജീവിക്കുന്നത് കേരളത്തിലെ വിസ്മയക്കാഴ്ചയല്ലേ? അറിയപ്പെടുന്ന വരുമാനസ്രോതസൊന്നും ഇല്ലാതെ പൊതുപ്രവർത്തനം നടത്തുന്നവരെല്ലാം സാധാരണക്കാരേക്കാൾ ഉയർന്ന നിലവാരത്തിൽ എങ്ങനെ ജീവിക്കുന്നു? ഇതേക്കുറിച്ച് അന്വേഷിക്കാതെ വിജയന്റെ മരണം കോണ്ഗ്രസുകാർക്കെതിരേ ആയുധമാക്കാൻ നോക്കുന്നതിന്റെ പൊരുൾ ആർക്കാണു മനസിലാകാത്തത്. ഇത്തരം ദുരന്തങ്ങൾക്കുപോലും പൊതുജീവിതത്തിൽ ശുദ്ധീകരണത്തിനു കാരണമാകാൻ ആകുന്നില്ലല്ലോ എന്നതാണ് സങ്കടം.
എന്തുകൊണ്ട് സിബിഐ?
കേരളത്തിൽ സിപിഎമ്മുകാർ പ്രതികളാകുന്ന കേസുകൾ സിബിഐ അന്വേഷിക്കണമെന്ന് ഇരകളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതിനു തെളിവാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി. സിബിഐ കേരള പോലീസിനു കണ്ടെത്താനാവാത്ത തെളിവുകൾ കണ്ടെത്തും. പ്രതികളെ കണ്ടെത്തും. പ്രതിപ്പട്ടികയിൽ ചേർക്കും. പ്രതികൾ ശിക്ഷിക്കപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കും.
സംസ്ഥാന ക്രൈം ബ്രാഞ്ച്, സിപിഎം നേതാക്കളുടെ ഭാഷയിൽ ‘ശരിയായ രീതിയിൽ’ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച പെരിയ കേസിൽ ഉണ്ടായിരുന്നത് 14 പ്രതികൾ. സിബിഐ അന്വേഷിച്ചപ്പോൾ അത് 24 ആയി. 2019 മേയ് 20ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രവും 2021 ഡിസംബർ മൂന്നിന് സിബിഐ സമർപ്പിച്ച കുറ്റപത്രവും തമ്മിലുള്ള ഒന്നാമത്തെ വ്യത്യാസം അതായിരുന്നു.
15 മുതൽ 24 വരെയായിരുന്നു പുതിയ പ്രതികൾ. ഇവരിൽ ഒന്നുമുതൽ 11 വരെയുള്ള പ്രതികളും 15, 19 പ്രതികളും കേസിന്റെ കാലത്താകെ ജുഡീഷൽ കസ്റ്റഡിയിലായിരുന്നു. പുതുതായി കൂട്ടിച്ചേർക്കപ്പെട്ട പ്രതികളിൽ നാലുപേർക്ക് അഞ്ചുവർഷത്തെ തടവും 10,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പോലീസ് സ്റ്റേഷനിൽനിന്നു പ്രതിയെ ബലമായി മോചിപ്പിച്ചു കൊണ്ടു പോയവരായിരുന്നു ഈ പ്രതികൾ. അവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു എന്നതുകൊണ്ട് അവർ പ്രതികൾ അല്ലാതാകുന്നില്ല. വിചാരണയ്ക്കുശേഷം വിധി വരാനിരിക്കുന്നതേയുള്ളൂ. അതുവരെ അവർക്ക് പുറത്തു വിഹരിക്കാം.
ക്രൈം ബ്രാഞ്ച് ‘ശരിയായ രീതി’യിൽ അന്വേഷിക്കുന്ന കേസിൽ എല്ലാവരുടെയും മൊഴികൾ പൂർണമായും രേഖപ്പെടുത്താറില്ലെന്ന് പെരിയ കേസ് വ്യക്തമാക്കുന്നു. പെരിയ കേസിലെ നിർണായക സാക്ഷിയായ ദാമോദരന്റെ മൊഴിതന്നെ ഉദാഹരണം. കൊല്ലപ്പെട്ട ശരത് ലാലിന്റെ അമ്മാവനാണ് ദാമോദരൻ. ആശുപത്രിയിൽ കൊണ്ടുപോകുംവഴി ജീപ്പിൽവച്ച് ശരത് ലാൽ ദാമോദരനോടു പറഞ്ഞ കാര്യം ക്രൈംബ്രാഞ്ചിന് ദാമോദരൻ കൊടുത്ത മൊഴിയിൽ ഉണ്ടായിരുന്നു. ഇക്കാര്യം അവർ രേഖപ്പെടുത്തിയില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ കെ. പത്മനാഭൻ ചൂണ്ടിക്കാണിച്ചു. പിൽക്കാലത്ത് സിബിഐ യുടെ അന്വേഷണം നടന്നപ്പോഴാണതു കണ്ടെത്തിയത്.
രണ്ടാം പ്രതിയെ സിപിഎം നേതാക്കളായ കുഞ്ഞിരാമനും മറ്റു ചേർന്ന് പോലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചുകൊണ്ടു പോയ സംഭവവും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലില്ല. അന്വേഷണസംഘത്തിനെതിരേ പല പരാതികളും ഉണ്ടായി. 2019 ഫെബ്രുവരി 17നു സംഭവസ്ഥലത്തുനിന്നു മൂന്നു പേർ ഓടിപ്പോകുന്നതു കണ്ട എം.കെ. കൃഷ്ണന്റെ മൊഴി വിശദമായി എടുത്തില്ലെന്ന് അദ്ദേഹം കോടതിയിൽ പരാതി പറഞ്ഞു. ബേക്കൽ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മനോജിന്റെ മുഴുവൻ മൊഴി എടുത്തില്ലെന്നും കോടതിയിൽ പരാതി ഉയർന്നു. ഇവിടെനിന്നുമാണ് പ്രതിയെ ബലമായി ഇറക്കിക്കൊണ്ടുപോയത്. ശരത് ലാലിന്റെ സഹോദരി അമൃതയുടെയും മൊഴി മുഴുവൻ എടുത്തില്ലെന്ന പരാതി കോടതി രേഖപ്പെടുത്തിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ, അനൂപ് എന്നിവരും ഇതേ പരാതി കോടതിയിൽ പറഞ്ഞു. കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റം കോടതിതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുകൊണ്ട് ക്രൈംബ്രാഞ്ചുകാർ ഇങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട്. അതിൽ ഒന്നാണ് ഫസൽ വധം അന്വേഷിച്ച ആർ. രാധാകൃഷ്ണന്റെ കഥ.
പെൻഷൻ പോലും മുടക്കി
രാഷ്ട്രീയ കൊലപാതക കേസുകൾ സത്യസന്ധമായി അന്വേഷിച്ചാൽ സംഭവിക്കുന്ന ദുരന്തത്തിന്റെ കഥയാണ് ഡിവൈഎസ്പിയായി വിരമിച്ച ആർ. രാധാകൃഷ്ണന്റേത്. 2006ൽ കണ്ണൂരിലെ ഡിവൈഎസ്പിയായിരുന്നു രാധാകൃഷ്ണൻ. 2006 ഒക്ടോബർ 22ന് നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് (പോപ്പുലർ ഫ്രണ്ടിന്റെ പഴയ രൂപം) കാരനായ മുഹമ്മദ് ഫസലിനെ സിപിഎം പ്രവർത്തകർ വധിച്ചു. സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്നതിന്റെ പകപോക്കലായിരുന്നു ആ കൊലപാതകം.
എന്നാൽ, ആർഎസ്എസുകാരെ പ്രതിചേർത്ത് വേഗം കുറ്റപത്രം സമർപ്പിക്കാനായിരുന്നു രാധാകൃഷ്ണനോട് ഉന്നതങ്ങളിൽനിന്നുള്ള നിർദേശം. പാർട്ടി ഓഫീസിൽനിന്നു പ്രതികളുടെ ലിസ്റ്റും കൊടുത്തു. രാധാകൃഷ്ണന്റെ ചോദ്യം ചെയ്യലിൽ അറസ്റ്റ് ചെയ്യപ്പെട്ടവരല്ല പ്രതികളെന്നു തെളിഞ്ഞു. അവരെ വിട്ടു. പകരം സിപിഎം പ്രവർത്തകരാണ് പ്രതികളെന്ന് വന്നു. അതോടെ വീണ്ടും മുകളിൽനിന്നു വിളിയായി. മുന്നോട്ടു പോകേണ്ട എന്നായിരുന്നു നിർദേശം. പൊടുന്നനെ അദ്ദേഹത്തെ അന്വേഷണത്തിൽനിന്നു മാറ്റി.
കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഒരു ആർഎസ്എസ് പ്രവർത്തകനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചു. അപ്പോഴേക്കും ഫസലിന്റെ ഭാര്യയുടെ പരാതിയിൽ കേസ് അന്വേഷണം സിബിഐക്കു വിടേണ്ടിവന്നു. സിബിഐയുടെ അന്വേഷണത്തിൽ, ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം പിടിയിലായി. പ്രമുഖ സിപിഎം നേതാക്കളായ കാനായി രാജനും ചന്ദ്രശേഖരനും എല്ലാം കളങ്കിതരിൽപ്പെട്ടു.
രാധാകൃഷ്ണനെ പാർട്ടി വെറുതെ വിട്ടില്ല. നിരന്തരം വേട്ടയാടി. സർവീസിൽനിന്നു വിരമിക്കുന്നതിനു തലേന്ന് 2021 ഏപ്രിൽ 30ന് അദ്ദേഹത്തിന് രണ്ടു മെമ്മോ കൊടുത്തു. അന്യായമായി സസ്പെൻഷനിലായിരുന്ന നാലര വർഷത്തെ ശന്പളത്തിനും ഇക്കാലംകൂടി സേവനകാലമായി പരിഗണിച്ചു കിട്ടുന്നതിനും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. അവർ അനുകൂലമായ ഉത്തരവിറക്കി. പക്ഷേ, സർക്കാർ നടപ്പാക്കിയില്ല. ഈ പഴയ എസ്എഫ്ഐ നേതാവ് 2019ലും 2020ലും മുഖ്യമന്ത്രി പിണറായിയെ കാണാൻ ശ്രമിച്ചു. അനുവാദം കൊടുത്തില്ല. പഠിക്കുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ച സഖാവായിരുന്നു രാധാകൃഷ്ണൻ. 2021ൽ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞു. തന്റെ ദയനീയസ്ഥിതി വിവരിച്ചെങ്കിലും അനുകൂലമായി ഒന്നുമുണ്ടായില്ല.
പ്രതിഭ അമ്മയാണ്!
സിപിഎം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് കഞ്ചാവുകേസിൽ പ്രതിയാക്കപ്പെട്ടതാണെന്നും കനിവ് കഞ്ചാവ് ഉപയോഗിച്ചില്ലെന്നും പറഞ്ഞ് പ്രതിഭ എത്രയോ വീഡിയോകൾ ചെയ്തു. ജനുവരി രണ്ടിന് കായംകുളത്ത് പ്രതിഭയോടൊപ്പം ചടങ്ങിൽ സംബന്ധിച്ച മന്ത്രി സജി ചെറിയാൻ ചോദിച്ചു, കുട്ടികൾ കൂട്ടം കൂടിയിരുന്ന് കന്പനിയടിച്ച് പുകവലിക്കുന്നത് മഹാ അപരാധമായി കൈകാര്യം ചെയ്യുന്നതു തെറ്റല്ലേ? പതിവുപോലെ സജിയുടെ നാക്കു പിഴച്ചു. വാക്കുകൾ വിവാദമായി. പിറ്റേന്ന് ചേർത്തലയിൽ വിശദീകരണം വന്നു. പ്രതിഭയുടെ മകന്റെ കൈയിൽനിന്നു കഞ്ചാവ് പിടിച്ചിട്ടില്ല. ഉപദേശിച്ച് നല്ല വഴിക്കു നടത്തേണ്ടതിനു പകരം എക്സൈസ് കേസെടുത്തു. അതു ശരിയല്ലെന്നാണ് പറഞ്ഞതെന്നു മന്ത്രി വിശദീകരിച്ചു. താൻ ലഹരി ഉപയോഗത്തെ ന്യായീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ജനുവരി എട്ടിന് ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ പ്രതിഭയെയും മന്ത്രിയെയും തള്ളി പരസ്യമായി രംഗത്തു വന്നു. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ല, അദ്ദേഹം തീർത്തു പറഞ്ഞു. പ്രതിഭ ഒരു അമ്മയാണ്. അമ്മയുടെ വാക്കുകളാണ് അവർ പറഞ്ഞത്. നാസർ വിശദീകരിച്ചു. അപ്പോൾ മന്ത്രി പറഞ്ഞതോ? എന്തൊക്കെയോ ഉണ്ട്. മക്കൾ തെറ്റു ചെയ്യുന്നതിന് അമ്മ എന്തു ചെയ്യും? ബിജെപിയുടെ ശോഭാ സുരേന്ദ്രൻ പ്രതിഭയ്ക്കു പരസ്യപിന്തുണയുമായി വന്നതിനു പിന്നിലും എന്തോ ഉണ്ട്.