ഡൽഹി: ത്രിശങ്കുവിൽ ത്രികോണം
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, January 11, 2025 12:01 AM IST
ബുള്ളറ്റിനെക്കാൾ ശക്തമാണു ബാലറ്റ് എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ് പറഞ്ഞിരുന്നു. സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു ജനാധിപത്യം. ജാതി, മത, വർണ, വർഗ, ലിംഗ, പ്രാദേശിക വിവേചനം ഇല്ലാത്ത ഏക കാര്യമാണു വോട്ടവകാശം. വോട്ട് എല്ലാവരെയും തുല്യരാക്കുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിനാണ്.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വോട്ടർമാരും പതിവില്ലാത്ത ആശങ്കയിലും അങ്കലാപ്പിലുമാണ്. ഫലം പ്രവചനാതീതമാണെങ്കിലും ആവേശത്തിനും പ്രതീക്ഷകൾക്കും കുറവുമില്ല. തലസ്ഥാന നഗരിയിലെ വോട്ടർമാരിൽ കൂടി വരുന്ന നിസംഗത തലവേദനയാണ്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി വോട്ടിംഗ് ശതമാനം കുറയുന്നതിനു പരിഹാരമായാണു ബുധനാഴ്ചയിലെ വോട്ടെടുപ്പ്.
ജീവന്മരണ പോരാട്ടത്തിൽ
മൂന്നാം തവണയും തുടർഭരണം ഉറപ്പിക്കാനാണ് അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടിയും അരയും തലയും മുറുക്കി രംഗത്തുള്ളത്. തോറ്റാൽ പാർട്ടിയുടെ ഭാവിതന്നെ അപകടത്തിലാകും. കാൽ നൂറ്റാണ്ടിലേറെയായി ഡൽഹിയിൽ അധികാരത്തിനു പുറത്തായിരുന്ന ബിജെപിക്കാകട്ടെ ജയത്തിൽ കുറഞ്ഞതൊന്നും ആലോചിക്കാനാകില്ല. മൂന്നാം തവണയും കേന്ദ്രഭരണം പിടിച്ച നരേന്ദ്ര മോദിയുടെ മൂക്കിനു താഴെ ദേശീയ തലസ്ഥാനം കിട്ടാക്കനിയായി തുടരുന്നതിന്റെ വേദന ചെറുതല്ല. 2013 വരെ തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറിയ കോണ്‍ഗ്രസ് ആകട്ടെ ഇപ്പോൾ നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്.
തുടർച്ചയായി പത്തു വർഷം രാജ്യം ഭരിച്ച യുപിഎ സർക്കാരിനെ താഴെയിറക്കിയ 2011ലെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ബാക്കിപത്രമായിരുന്നു ആം ആദ്മി പാർട്ടി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ബിജെപി പിന്തുണയോടെയുള്ള സമരത്തിലൂടെയാണ് അരവിന്ദ് കേജരിവാൾ തന്ത്രപൂർവം രാഷ്ട്രീയപ്രവേശം നടത്തിയത്. 2012 നവംബർ 26ന് കേജരിവാൾ ആം ആദ്മി പാർട്ടി സ്ഥാപിച്ചു.
കേജരിവാൾ മാജിക്!
2013 ഡിസംബറിലെ ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച കേജരിവാളിനും ആം ആദ്മി പാർട്ടിക്കും മോശമല്ലാത്ത പിന്തുണ ലഭിച്ചു. 69 സീറ്റിൽ മത്സരിച്ച എഎപി 28ൽ ജയിച്ചു. 32 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭൂരിപക്ഷമുണ്ടായില്ല. എട്ടു സീറ്റിൽ ജയിച്ച കോണ്‍ഗ്രസിന്റെ പിന്തുണയോടെ കേജരിവാൾ മുഖ്യമന്ത്രിയായി. ചരിത്രം തിരുത്തിയ ആദ്യ കേജരിവാൾ സർക്കാരിന് 49 ദിവസമേ ആയുസുണ്ടായുള്ളൂ.
2014ലെ മോദി തരംഗത്തിൽ ലോക്സഭയിലേക്ക് ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും തൂത്തുവാരിയ ബിജെപി വലിയ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, 2015ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ പതിവു രാഷ്ട്രീയം മാറ്റിമറിച്ചു. ആകെയുള്ള 70ൽ 67 സീറ്റും നേടിയ എഎപി ഞെട്ടിച്ചു. മൂന്നു പേർ മാത്രം ജയിച്ച ബിജെപി ഒരു ഒട്ടോറിക്ഷയിൽ കൊള്ളാവുന്ന നിയമസഭാകക്ഷിയായി. 1998 മുതൽ 15 വർഷം തുടർച്ചയായി ഭരിച്ച കോണ്‍ഗ്രസാകട്ടെ വട്ടപ്പൂജ്യമായി.
2020ലെ തെരഞ്ഞെടുപ്പിലും കേജരിവാൾ മാജിക് ആവർത്തിച്ചതു ബിജെപിയെ ഞെട്ടിച്ചു. 62 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച എഎപി ഡൽഹിയിലെ അജയ്യ രാഷ്ട്രീയശക്തിയായി. ബിജെപി വീണ്ടും ഒറ്റ അക്കത്തിലേക്ക് ഒതുങ്ങി. അക്കൗണ്ട് തുറക്കാനാകാതെ വീണ്ടും കോണ്‍ഗ്രസ് തകർന്നടിഞ്ഞു. ഏറ്റവും വേഗത്തിൽ വളർന്ന പാർട്ടിയായി മാറിയ എഎപി തൊട്ടടുത്ത പഞ്ചാബിലും 2022ൽ അധികാരം പിടിച്ചു. ഡൽഹിക്കും പഞ്ചാബിനും പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള കേജരിവാളിന്റെ തന്ത്രം പക്ഷേ വേണ്ടത്ര വിജയിച്ചില്ല. കേരളം അടക്കം പല സംസ്ഥാനങ്ങളിലും അക്കൗണ്ട് തുറക്കാൻ എഎപിക്കു കഴിഞ്ഞില്ല.
മാറ്റത്തിന് കാറ്റ് വീശുമോ?
സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകൾക്കു ബസ് യാത്ര, സ്ത്രീകൾക്കു പ്രതിമാസ അലവൻസ് അടക്കമുള്ള സമ്മാനങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മികച്ച പ്രവർത്തനവുമാണ് എഎപി സർക്കാരിനെ ജനകീയമാക്കിയത്. എന്നാൽ, ഡൽഹി മദ്യനയ അഴിമതിക്കേസും നേതാക്കളുടെ ധൂർത്തും അവസാന രണ്ടു വർഷം എഎപി സർക്കാരിന്റെ നിറം കെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജയിൻ, സഞ്ജയ് സിംഗ് എംപി എന്നിവരെല്ലാം ജയിലിലായത് എഎപിക്കു തിരിച്ചടിയായി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണത്തിൽ കഴന്പുണ്ടെന്ന തോന്നൽ മാത്രമായിരുന്നു ആശ്വാസം. ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പകരം അതിഷിയെ ഭരണമേല്പിക്കാൻ കേജരിവാൾ നിർബന്ധിതനായി.
ഭരണവിരുദ്ധ വികാരത്തിനും അഴിമതിയാരോപണങ്ങൾക്കും പുറമെ, ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളും പണക്കൊഴുപ്പുമാകും കേജരിവാളും അതിഷിയും നേരിടുന്ന വലിയ വെല്ലുവിളി. മാറ്റത്തിനായുള്ള ബിജെപിയുടെ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചേക്കാം. എഎപി ദുരന്തം സഹിക്കില്ല, മാറ്റം കൊണ്ടുവരും (ആപ്ദാ- എഎപി നഹി സഹേംഗേ, ബദൽ കർ രഹേംഗെ) എന്നതാണു ബിജെപി മുദ്രാവാക്യം.
27 വർഷം പ്രതിപക്ഷത്ത്
എന്നാൽ, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പേതന്നെ എല്ലാ സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു മുന്നിലെത്താൻ എഎപിക്കായി. 20 സിറ്റിംഗ് എംഎൽഎമാരെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ചതും ഫലം കണ്ടേക്കും. സർക്കാർ പദ്ധതികളും സൗജന്യ പ്രഖ്യാപനങ്ങളും വോട്ടർമാരെ ആകർഷിക്കുമെന്നാണു കേജരിവാളിന്റെ കണക്കുകൂട്ടൽ. വെള്ളം, വൈദ്യുതി സൗജന്യങ്ങൾക്കു പുറമെ സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ, പ്രായമായവർക്ക് ആരോഗ്യ പരിരക്ഷ, ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുടങ്ങിയവയാണു പ്രതീക്ഷ.
സ്ഥിരമായ വോട്ട് വിഹിതം നിലനിർത്തിയിട്ടും, 1998 മുതൽ ഡൽഹിയിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ബിജെപി വിജയിച്ചിട്ടില്ല. 1998ൽ 52 ദിവസം മാത്രം ഭരിച്ച സുഷമ സ്വരാജാണ് അവസാന ബിജെപി മുഖ്യമന്ത്രി. ഡൽഹിയിലെ 12 സംവരണ സീറ്റുകളിലും ന്യൂനപക്ഷ ആധിപത്യമുള്ള എട്ട് സീറ്റുകളിലും ഒന്നിൽ പോലും ബിജെപിക്കു ജയിക്കാനാകുന്നില്ല. കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും തുടർച്ചയായി ഭരണം പിടിച്ചിട്ടും ദേശീയ തലസ്ഥാനത്ത് ആറു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റതിന്റെ ക്ഷീണം മാറ്റിയേ തീരൂവെന്ന വാശിയിലാണു ബിജെപി.
വോട്ടുശതമാനം കരുത്ത്
അധികാരത്തിനു പുറത്താണെങ്കിലും ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും ബൂത്തുതലം വരെ ശക്തമായ സംഘടനാ സംവിധാനമാണു ബിജെപിക്കുള്ളത്. എഎപിയുടെ ശക്തികേന്ദ്രങ്ങളായ ചേരികളും അനധികൃത കോളനികളും കേന്ദ്രീകരിച്ചു മാസങ്ങളായി ബിജെപി പ്രചാരണം നടത്തിവരുകയാണ്. ആയിരക്കണക്കിന് ചെറുമീറ്റിംഗുകൾ നടത്തി. എഎപിയെ തുണച്ചിരുന്ന വിവിധ സമുദായങ്ങളെയും ഗ്രൂപ്പുകളെയും സ്വാധീനിക്കാൻ കൃത്യമായ പദ്ധതിയോടെ കഴിയാവുന്നതെല്ലാം ചെയ്തു.
2014 മുതൽ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹി തൂത്തുവാരിയതിനാൽ ബിജെപിക്ക് ആത്മവിശ്വാസത്തിനു കുറവില്ല. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പു വിജയവും ശക്തിയായി. ഡൽഹിയിൽ നിയമസഭയിലേക്കു തുടർച്ചയായി തോറ്റെങ്കിലും വോട്ടുവിഹിതം ചോരാതെ കാത്തു. 2013ൽ 33.10 ശതമാനവും 2015ൽ 32.19 ശതമാനവും ആയിരുന്ന ബിജെപിയുടെ വോട്ടുശതമാനം 2020ൽ 38.51 ശതമാനമായി ഉയർത്താനായി. കഴിഞ്ഞ ആറു നിയമസഭാ തെരഞ്ഞെടുപ്പുകളിലും 30 ശതമാനത്തിനു മുകളിൽ വോട്ടുകൾ ബിജെപിക്കു കിട്ടി.
മുഖമില്ലാതെ ബിജെപി
കേജരിവാളിനും കൂട്ടാളികൾക്കുമെതിരേയുള്ള അഴിമതി, ധൂർത്ത് ആരോപണം കടുപ്പിക്കുകയാണു ബിജെപി. മദ്യനയ അഴിമതിയും കേജരിവാളിന്റെ ശീഷ് മഹൽ വസതി നിർമാണത്തിലെ ധൂർത്തും ചർച്ചയാക്കാനായി. ജലക്ഷാമം, മലിനമായ ജലവിതരണം, വായു മലിനീകരണം, മഴക്കാല വെള്ളക്കെട്ട്, തകർന്ന റോഡുകൾ, മോശം പൊതു ബസ് ഗതാഗതം തുടങ്ങിയ ജനകീയ പ്രശ്നങ്ങളും പാർട്ടി ഫലപ്രദമായി ഉന്നയിച്ചിട്ടുണ്ട്. എഎപി എംഎൽഎമാർക്കെതിരായ കുറ്റപത്രം തയാറാക്കി ഓരോ വോട്ടറിലും എത്തിക്കുകയും ചെയ്യുന്നു.
എഎപിയെ വെല്ലുന്ന സൗജന്യ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ബിജെപിക്കുണ്ട്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ സൗജന്യ വെള്ളം, സ്ത്രീകൾക്കു മാസം തോറും 2,500 രൂപ തുടങ്ങിയവ വോട്ടർമാരെ ആകർഷിച്ചേക്കാം. എന്നാൽ, ഷീലാ ദീക്ഷിതും കേജരിവാളും പോലുള്ള ഒരു ജനപ്രിയ മുഖത്തിന്റെ അഭാവമാണു ഡൽഹി ബിജെപിയുടെ പോരായ്മ. മോദിയുടെ പ്രതിച്ഛായയും ഇരട്ട എൻജിൻ സർക്കാർ മുദ്രാവാക്യവും ഡൽഹിയിലും പഞ്ചാബിലും ചെലവായതുമില്ല.
പ്രവചനാതീതം, ഈ പോര്
2013 വരെ തുടർച്ചയായി മൂന്നു തവണ ഡൽഹി ഭരിച്ച കോണ്‍ഗ്രസിനു പിന്നീട് ഇന്നുവരെ പേരിനൊരു സീറ്റിൽ പോലും ജയിക്കാനായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും വോട്ടർമാർ സ്വീകരിച്ചില്ല. ബിജെപിക്കെതിരേ രൂപീകരിച്ച ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ഡൽഹിയിൽ പരസ്പരം വീറോടെ ഏറ്റുമുട്ടുന്നതിലാണു ബിജെപിയുടെ പ്രതീക്ഷ. വലിയ വോട്ടുകളില്ലെങ്കിലും ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷികളായ സമാജ് വാദി പാർട്ടിയും തൃണമൂൽ കോണ്‍ഗ്രസും എഎപിക്കു നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തിരിച്ചുവരവിനായി ഏതാനും സീറ്റുകളിലെങ്കിലും കോണ്‍ഗ്രസിനു ജയിച്ചേ മതിയാകൂ. എഎപിയും ബിജെപിയും തമ്മിലാണു മുഖ്യമത്സരമെങ്കിലും കോണ്‍ഗ്രസും ഡൽഹിയിൽ മരണപ്പോരാട്ടത്തിലാണ്. മൂന്നു ദേശീയ പാർട്ടികൾക്ക് ഒന്നിലും ഉറപ്പില്ല. ആം ആദ്മിയോ, ബിജെപിയോ എന്നറിയാൻ ഫെബ്രുവരി എട്ടിലെ ജനവിധിക്കായി കാത്തിരിക്കാം.