മാറ്റങ്ങൾക്കു തയാറെടുക്കാം
റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ , ഡോ. കു
Friday, January 10, 2025 11:58 PM IST
സംസ്ഥാനത്ത് ഐ ടെപ് നടപ്പിലാക്കുന്നതിനുവേണ്ടി പ്രധാനമായും നാല് സാധ്യതകളാണ് പ്രഫ. മോഹൻ ബി. മേനോൻ ചെയർമാനായ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്.
(1) കേരളത്തിൽ ഇപ്പോൾ പല വിഷയങ്ങളിൽ ബിരുദ പ്രോഗ്രാം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് കൂടി ആരംഭിച്ച് ഐ ടെപ് തുടങ്ങുക. എന്നാൽ, ഇത് സർക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. കോളജുകളിൽ ഇപ്പോൾതന്നെ ഒഴിവുള്ള അധ്യാപക തസ്തികകളിൽ സ്ഥിരനിയമനം നടത്തുന്നതിന് വലിയ പ്രതിസന്ധികളുണ്ട്. പുതിയ തസ്തികകൾകൂടി സൃഷ്ടിച്ചാൽ കാര്യങ്ങൾ ഏറെ വഷളാകും. മാത്രവുമല്ല, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ പൊതുവേ താത്പര്യമില്ല എന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മതിയായ സൗകര്യങ്ങളും താത്പര്യവുമുള്ള ചില സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിനായി ശ്രമിക്കാമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.
(2) ഇപ്പോൾ ഒറ്റപ്പെട്ടു നിൽക്കുന്ന അധ്യാപക വിദ്യാഭ്യാസ കോളജുകളിൽ സൗകര്യമുള്ളവയിൽ വിവിധ വിഷയങ്ങളിൽ ഡിഗ്രി പ്രോഗ്രാമുകൾകൂടി പുതുതായി തുടങ്ങുക. അങ്ങനെ അവയെ മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളാക്കി രൂപാന്തരപ്പെടുത്തുക. തുടർന്ന് അവിടെ ഐ ടെപ് ആരംഭിക്കുക. ഈ സാധ്യതയും ഇപ്പോഴുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ പ്രായോഗികമല്ല. കാരണം, ഇതും സർക്കാരിന് അധികച്ചെലവ് ഉണ്ടാക്കും. ഈ പരിമിതിയും കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്വാശ്രയ കോളജുകളുടെ കാര്യമെടുത്താലും ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങൾ കുറവായിരിക്കുമെന്നും കമ്മിറ്റി സൂചിപ്പിച്ചിട്ടുണ്ട്.
(3) ‘ട്വിന്നിംഗ് ’സംവിധാനമാണ്. മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ സ്ഥാപനത്തെയും അടുത്തുള്ള ഒറ്റപ്പെട്ടു നിൽക്കുന്ന സ്റ്റാൻഡ് എലോൺ ബിഎഡ് കോളജിനെയും ഒരുമിച്ച് എടുത്തുകൊണ്ട് അവിടെ ഐ ടെപ് നടത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന രണ്ടു സ്ഥാപനങ്ങളും ഒരേ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളവയായിരിക്കണം. രണ്ട് സ്ഥാപനങ്ങളും ഒരേ മാനേജ്മെന്റിന് കീഴിലായിരുന്നാൽ കൂടുതൽ എളുപ്പമായിരിക്കും. എന്നാൽ, അക്കാര്യത്തിൽ നിർബന്ധമില്ല താനും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ വിഭാഗങ്ങളിൽ പെടുന്ന എല്ലാ സ്ഥാപനങ്ങളെയും ട്വിന്നിംഗിലൂടെ ഒരു കുടക്കീഴിൽ കൊണ്ടുവരാം എന്നാണ് കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത്.
(4) ക്ലസ്റ്ററുകൾ രൂപീകരിച്ച് ഐ ടെപ് തുടങ്ങാം. ഒരേ കാമ്പസിലോ അല്ലെങ്കിൽ അടുത്ത സ്ഥലങ്ങളിലോ സ്ഥിതിചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യുക്കേഷൻ സ്ഥാപനങ്ങൾ, അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ചേർത്തുകൊണ്ടാണ് ക്ലസ്റ്റർ രൂപീകരിക്കേണ്ടത്. ഇങ്ങനെ രൂപീകരിക്കുന്ന ക്ലസ്റ്ററുകളിൽ ബിഎഡ് കോളജുകളെ കൂടാതെ എലിമെന്ററി, പ്രീ പ്രൈമറി ലെവലിലുള്ള അധ്യാപക പരിശീലന സ്ഥാപനങ്ങളെയും ഉൾപ്പെടുത്താൻ കഴിയുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡയറ്റ്, ബിആർസി തുടങ്ങിയ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിക്കാമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ട്വിന്നിംഗ്, ക്ലസ്റ്റർ മാതൃകകളാണ് കേരള സാഹചര്യത്തിൽ കൂടുതൽ യോജിക്കുന്നത് എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. എങ്കിലും ഓരോ സ്ഥാപനവും അവർക്ക് ഏറ്റവും സ്വീകാര്യമായ സാധ്യത തെരഞ്ഞെടുക്കണമെന്നും അതിനെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകണമെന്നും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
നാലുവർഷത്തെ ഐ ടെപുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് മേനോൻ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ തുടങ്ങിവയ്ക്കാവുന്ന പല പ്രവർത്തനങ്ങളുമുണ്ട്. അത് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുമുണ്ട്. ഐ ടെപ് പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞതേയുള്ളൂ. ഇത് കൂടുതൽ വ്യാപകമാക്കി മുന്നോട്ടു പോകുമ്പോൾ നിരവധി പ്രശ്നങ്ങളും അവ്യക്തതകളും ഉണ്ടാകാൻ ഏറെ സാധ്യതകളുണ്ട്. അവ തിരിച്ചറിഞ്ഞ് പരിപാടി ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ തിരുത്തലുകൾ കേന്ദ്രസർക്കാരിന്റെയും എൻസിടിഇയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതാം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എൻസിടിഇ വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാനുള്ള ദിശാബോധം ലഭിക്കുവാൻ മേനോൻ കമ്മിറ്റിയിലെ ശിപാർശകൾ പര്യാപ്തമാണ്. അതിന്റെ വെളിച്ചത്തിൽ കാര്യങ്ങൾ പ്രായോഗിക തലത്തിൽ എത്തിക്കാൻ ഒറ്റപ്പെട്ടു നിൽക്കുന്ന അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിതാന്ത ജാഗ്രതയും ട്വിന്നിംഗ്, ക്ലസ്റ്റർ മോഡലുകളിൽ വരുന്ന മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളുടെ താത്പര്യവും ഏറെ പ്രധാനമാണ്. അതോടൊപ്പം സംസ്ഥാന സർക്കാരും യൂണിവേഴ്സിറ്റികളും ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കുകയും താത്പര്യം കാണിക്കുകയും ചെയ്യണം. ആവശ്യമായ രംഗങ്ങളിൽ കഴിയുന്ന വിട്ടുവീഴ്ചകൾ ചെയ്യുകയും വേണം.
ബന്ധപ്പെട്ട എല്ലാവരുടെയും കഠിനമായ പരിശ്രമവും പരിപൂർണ സഹായസഹകരണങ്ങളും ഉണ്ടായാൽ സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി (ഐ ടെപ്) രാജ്യത്തിന് മാതൃകയാകുന്ന വിധത്തിൽ നമുക്കിവിടെ വിജയകരമായി നടപ്പിലാക്കാൻ കഴിയും. എന്നാൽ, ഇക്കാര്യങ്ങളിൽ വീഴ്ചകൾ ഉണ്ടായാൽ നമ്മുടെ അധ്യാപക വിദ്യാഭ്യാസ മേഖല, ചിലപ്പോൾ, പ്രീ പ്രൈമറി മുതൽ പിഎച്ച്ഡിവരെ ഒരേ കാമ്പസിൽ നടത്താൻ കഴിവുള്ള വമ്പൻ ബിസിനസ് കോർപറേറ്റുകളുടെ പക്കലേക്ക് വഴുതിപ്പോയേക്കാം. അത് ബാധകമാകുന്നത് കേരളത്തിൽ മാത്രമല്ല, രാജ്യത്താകമാനം ആയിരിക്കും. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.
(അവസാനിച്ചു)