ഫാ. മാത്യു വാണിശേരി നവതിയുടെ നിറവിൽ
ജോൺ കച്ചിറമറ്റം
Friday, January 10, 2025 11:41 PM IST
ഗ്രന്ഥകാരൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ, നിരൂപകൻ, പരിസ്ഥിതി പ്രവർത്തകൻ, മിഷനറി എന്നീ നിലകളിലെല്ലാം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച റവ. പ്രഫ. ഡോ. മാത്യു വാണിശേരി നവതിയുടെ നിറവിലാണ്.
കോട്ടയം ജില്ലയിലെ ചെറുവാണ്ടൂരാണ് ജനനം. വിദ്യാലയ, കലാലയ ജീവിതകാലത്തുതന്നെ രചന, പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി. പാലാ സെന്റ് തോമസ് കോളജിൽനിന്നു ബിരുദം നേടിയശേഷം എറണാകുളം അതിരൂപതവക പെറ്റി സെമിനാരിയിൽ ചേർന്നു വൈദികപരിശീലനം ആരംഭിച്ചു.
വാണിശേരി ശമ്മാശൻ ദൈവശാസ്ത്ര പഠനകാലത്ത് എഴുതി പ്രസിദ്ധീകരിച്ച ‘ജീവനും പരിണാമവും’ എന്ന കൃതി അക്കാലത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. യാതൊരുവിധ ആധുനിക സാങ്കേതിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് ഇത്തരത്തിലൊരു ഗവേഷണ ഗ്രന്ഥരചന സാഹസംതന്നെയായിരുന്നു.
കോട്ടയത്തെ സാഹിത്യപ്രവർത്തകസംഘം പ്രസിദ്ധീകരിച്ച ഈ കൃതി വളരെ പെട്ടെന്നാണു വിറ്റുതീർന്നത്. ഇതിനു സാഹിത്യ അക്കാദമിയുടെ പുരസ്കാരവും ലഭിച്ചു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ഉപന്യാസമത്സരത്തിൽ ഒന്നാം സമ്മാനം നേടുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തെ പരിഷത്തിന്റെ ആയുഷ്കാലാംഗമാക്കി ബഹുമാനിച്ചു. വാണിശേരിയുടെ രണ്ടാമത്തെ കൃതിയാണ് ‘മനുഷ്യൻ’. ജീവിതത്തിന്റെ ദാർശനിക മാനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഏതാനും കവിതകളെ ഉപജീവിച്ച് എഴുതിയ ഈ കൃതിയും സഹൃദയലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
തന്റെ വൈദികജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ചെലവഴിച്ചത് അമേരിക്കയിലാണ്. തൃക്കാക്കര ഭാരത്മാതാ കോളജിലെ അധ്യാപനത്തിനിടയിലാണ് അദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയത്. വിവിധ മേഖലകളിലെ ശുശ്രൂഷകൾക്കിടയിൽ അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചു. വചനം വിടരുന്നു, ഭൂമിക്ക് ആത്മശാന്തി എന്നിവ എടുത്തുപറയേണ്ടവയാണ്. മതം, ധർമച്യുതി, പരിസ്ഥിതി മുതലായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ‘വചനം വിടരുന്നു’ സർഗപ്രതിഭാപുരസ്കാരത്തിന് അർഹമായി. 35 വർഷമായി ഫാ. മാത്യു വാണിശേരി പരിസ്ഥിതി പ്രവർത്തകനാണ്.
വാണിശേരിയച്ചന്റെ സുഹൃത്തുക്കളും ആരാധകരും ചേർന്നു രൂപീകരിച്ചതാണ് വാണിശേരി ഫൗണ്ടേഷൻ. മഹദ് വ്യക്തികളെ ആദരിക്കുക, മാനവികമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്കു കരുത്തു പകരുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഫൗണ്ടേഷനുള്ളത്. പ്രഫ. കെ.എം. ചാണ്ടി, ഡോ. അഗസ്റ്റിൻ കണ്ടത്തിൽ, ഡോ. കെ.എം. ചെറിയാൻ, ഫാ. ആബേൽ സിഎംഐ, പ്രഫ. മാത്യു ഉലകംതറ, ഡോ. സാം മനെക്ഷാ, ഡോ. സ്വാമിനാഥൻ എന്നിവർക്കാണ് വാണിശേരി ഫൗണ്ടേഷൻ ഇതുവരെ അവാർഡുകൾ നല്കിയിട്ടുള്ളത്. ഫാ. വാണിശേരിയുടെ നവതി ആഘോഷം ഇന്നു കോട്ടയത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
പ്രിയ സുഹൃത്തിന് നവതിമംഗളങ്ങൾ!