പാട്ടിന്റെ മഞ്ഞലയിൽ...
വി.ആർ. ഹരിപ്രസാദ്
Friday, January 10, 2025 2:26 AM IST
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു... അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു...
പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ... എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക... മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്.
രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ പഠിപ്പിച്ചു. സിനിമയിൽ യേശുദാസ് പാടാൻ പോകുന്ന പാട്ടാണെന്നും, ഒരു പരിശീലനത്തിനുവേണ്ടി മാത്രം പാടിപ്പഠിച്ചാൽ മതിയെന്നും മുൻകൂട്ടി പറഞ്ഞിരുന്നു. വരികൾ വായിച്ചുപഠിക്കുംതോറും ആ പാട്ട് ജയചന്ദ്രന്റെ മനസിൽ കൂടുകൂട്ടി. രാവും പകലുമെന്നില്ലാതെ ആ വരികൾ ഉള്ളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്; ഇഷ്ടം കൂടിക്കൂടി വന്നുവെന്നും.
താരുണ്യം തന്നുടെ എന്ന പാട്ട് റിക്കാർഡ് ചെയ്തശേഷം കുറേക്കഴിഞ്ഞ് മാസ്റ്റർ ആ ഇഷ്ടഗാനംകൂടി മൈക്കിൽ പാടാൻ ആവശ്യപ്പെട്ടു. യേശുദാസ് പാടേണ്ട പാട്ട് എന്തിനാണാവോ തന്നെക്കൊണ്ടു പാടിക്കുന്നത് എന്ന സംശയം ഉള്ളിലുണ്ടായിരുന്നെങ്കിലും ജയചന്ദ്രൻ പാടി. അദ്ദേഹത്തിന്റെതന്നെ വാക്കുകൾ: ""എന്റെ മനസ് നിലാവിലൂടെ ഒഴുകിപ്പോവുന്നതുപോലെ തോന്നി.
ഞാനൊന്നും കണ്ടില്ല. താളവും ശ്രുതിയും വരികൾക്കിടയിലെ ബീജിഎമ്മും ശ്രദ്ധിച്ചിരുന്നെങ്കിലും ഒട്ടും ശങ്കിക്കാതെ സുഖമായാണ് ഞാൻ പാടിയത്. പാട്ടു കഴിഞ്ഞു. മാസ്റ്റർ ഒന്നും പറഞ്ഞില്ല. ഒന്നു മൂളി എന്നുതോന്നുന്നു..''
സ്റ്റുഡിയോയിൽ അന്നു സിനിമയുടെ സംവിധായകൻ എം. കൃഷ്ണൻനായരുണ്ട്. അദ്ദേഹം പാട്ടു നന്നായി എന്നു ജയചന്ദ്രനോടു പറഞ്ഞു. എപ്പോഴാണ് ദാസേട്ടൻ പാടാൻ വരിക എന്നായിരുന്നു ജയചന്ദ്രന്റെ മറുചോദ്യം. എന്തു പാടാൻ എന്നായി കൃഷ്ണൻനായർ. അല്ല, ഈ പാട്ട് അദ്ദേഹമല്ലേ പാടുന്നതെന്നു ജയചന്ദ്രനു വീണ്ടും സംശയം. ""എടാ, നീ ആ പാട്ട് പാടിക്കഴിഞ്ഞു. നിനക്കുവേണ്ടിത്തന്നെയാ മാസ്റ്റർ ഈ പാട്ട് ചിട്ടപ്പെടുത്തിയത്''- സംവിധായകന്റെ തീർപ്പ്.
ഞാനാണോ സിനിമയിൽ ഈ പാട്ട്... അവിശ്വസനീയത സമ്മാനിച്ച ഗദ്ഗദംകൊണ്ട് ജയചന്ദ്രന്റെ വാക്കുകൾ കുരുങ്ങി. അങ്ങനെ ഒറിജിനൽ പാടുകയാണെന്നറിയാതെ ജയചന്ദ്രൻ ആലപിച്ച ആ ഗാനമാണ് ""മഞ്ഞലയിൽ മുങ്ങിത്തോർത്തി...''
താളത്തിന്റെ പതുക്കവും മുറുക്കവും
പതിഞ്ഞ താളത്തിൽ തുടങ്ങി ഒന്നു രണ്ടായും രണ്ടു നാലായും പെരുകി എണ്ണംതിരിഞ്ഞ് കാതിലെത്തുന്ന തായന്പക. ബാല്യത്തിൽ ചേന്ദമംഗലത്തെ ഉത്സവക്കാലങ്ങളിൽ ചെണ്ടയുടെ നാദവിസ്താരങ്ങളാണ് തന്നിൽ താളത്തിന്റെ പതുക്കവും മുറുക്കവും കണക്കും കാലവും നിറച്ചതെന്നു ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. വെറുതെയിരിക്കുന്പോൾ സ്വയമറിയാതെ തറയിലോ പലകയിലോ കട്ടിലിന്റെമേലോ ഒക്കെ താളംതല്ലിയ ഓർമകൾ.. ഒന്നു പെരുക്കാൻ തരിച്ചുതുടങ്ങിയ കൈവിരലുകൾ... പിന്നീട് വർഷങ്ങളോളം മൃദംഗത്തിൽ പെരുക്കിയതിന്റെ തുടക്കം.
മൃദംഗത്തിലെ ഈ തഴക്കമായിരുന്നിരിക്കണം ദേവരാജൻമാസ്റ്റർക്കു മുന്നിൽ പാടാനുള്ള ധൈര്യം നൽകിയതും. ചേന്ദമംഗലത്തുനിന്ന് ഇരിങ്ങാലക്കുടയിലെ പാലിയത്തു വീട്ടിലേക്കു കുടുംബം മാറിയതോടെ ജയചന്ദ്രന്റെ ലോകവും മാറി. പഠനവും കൊട്ടകകളിൽ പോയി സിനിമകൾ കാണലും ഇരിങ്ങാലക്കുടയിലും മാറിയില്ല. അന്നത്തെ പയനിയർ തിയറ്ററിൽ കണ്ട സിനിമകളിലെ പാട്ടുകൾ വർഷങ്ങൾക്കിപ്പുറവും ചുണ്ടിൽനിന്നു പോയിട്ടില്ലെന്നു പറയുമായിരുന്നു ജയചന്ദ്രൻ. പിന്നീട് ഇടക്കാലത്ത് ആലുവയിൽ പെരിയാറിന്റെ തീരത്തെ വീട്ടിലേക്കും താമസംമാറി.
ആലുവയിൽവച്ചാണ് മൃദംഗപഠനത്തിനു തുടക്കമിട്ടത്. രാമസുബ്ബയ്യനെന്ന അധ്യാപകൻ ക്ഷമയും സ്നേഹവുമുള്ളയാളായിരുന്നു. തന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്ന താളപ്രമാണങ്ങളെയും കണക്കുകളെയും ചിറകടിച്ചുപൊങ്ങുന്ന പരശതം പക്ഷികളായി പറത്തിവിട്ടതു ഗുരുനാഥനാണെന്നു ജയചന്ദ്രൻ ഓർമിച്ചിട്ടുണ്ട്.
ചുവരിലെഴുതിയ പാട്ടുകൾ
സംഗീതം ഉള്ളിൽ നിറച്ചു നടന്ന ജ്ഞാനിയായ അച്ഛൻ തൃപ്പൂണിത്തുറ കോവിലകത്ത് രവിവർമ കൊച്ചനിയൻ തന്പുരാൻ മകനിൽ പാട്ടു കണ്ടെത്തിയിരുന്നു. കർണാടകസംഗീത പാണ്ഡിത്യമുള്ള അദ്ദേഹത്തിനു സിനിമാപ്പാട്ടുകളും ഒരുപാടിഷ്ടം. പ്രത്യേകിച്ച് ബാബുരാജിന്റെ പാട്ടുകൾ. ദക്ഷിണാമൂർത്തി സ്വാമിയോടും ആദരം. പ്രിയഗാനങ്ങൾ മകനെക്കൊണ്ടു പാടിക്കുകയും വരികൾ മറക്കാതിരിക്കാൻ ചുവരിൽ കരിക്കട്ടകൊണ്ട് എഴുതിവയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ഇരിങ്ങാലക്കുടയിൽ തനിക്കു രണ്ടു ദേവാലയങ്ങളാണ് ഉണ്ടായിരുന്നതെന്നു ഓർമിക്കാറുണ്ട് ജയചന്ദ്രൻ. കൂടൽമാണിക്യം ക്ഷേത്രവും നാഷണൽ ഹൈസ്കൂളും. എട്ടിലെ സാഹിത്യസമാജത്തിൽ പാടിയ പാട്ടുകേട്ടാണ് പ്രിയപ്പെട്ട രാമനാഥൻമാസ്റ്റർ അരികിൽവിളിച്ചു പറയുന്നത്: ജയൻകുട്ടാ.., അസലായിരുന്നു പാട്ട്. നീ ഒന്നു സ്റ്റാഫ്റൂമിലേക്കു വരണംട്ടോ.. അവിടെച്ചെന്നതും മാഷ് എല്ലാവരോടുമായി പ്രഖ്യാപിച്ചത് ഇങ്ങനെ: നമുക്കൊരു ഗായകനെ കിട്ടിയിരിക്കുന്നു!
1958ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രൻ മൃദംഗത്തിനും ലളിതഗാനത്തിനും പങ്കെടുത്തു. മൃദംഗത്തിൽ ഒന്നാമത്. ലളിതഗാനത്തിൽ രണ്ടാംസ്ഥാനം. ഒന്നാമതെത്തിയത് മറ്റാരുമല്ല, യേശുദാസ്! ആദ്യ യുവജനോത്സവത്തിൽ ക്ലാസിക്കൽ മ്യൂസിക്കിൽ ഒന്നാംസ്ഥാനം നേടിയ യേശുദാസിനുവേണ്ടി മൃദംഗത്തിൽ ഒന്നാമതെത്തിയ ജയചന്ദ്രൻ മൃദംഗം വായിച്ചു.
ക്രൈസ്റ്റ് കോളജിലായിരുന്നു ബിഎസ്സി സുവോളജി പഠനം. ക്രിക്കറ്റ് കളിയും കൂട്ടുകാരും പാട്ടുമായി ഒരു കാലം. തുടർന്ന് മദ്രാസിൽ പ്യാരി ആൻഡ് കന്പനിയിൽ കെമിസ്റ്റായി ജോലി. സിനിമയുടെയും പാട്ടുകളുടെയും മറ്റൊരു ലോകം അങ്ങനെ ഉദിച്ചു. അന്നു സിനിമയിൽ പാടുന്പോൾ 50 രൂപയായിരുന്നു പ്രതിഫലം. പി. ജയചന്ദ്രൻ എന്ന ശബ്ദം മലയാളസിനിമാരംഗത്തു കേട്ടുതുടങ്ങി. അതു മെല്ലെ ദക്ഷിണേന്ത്യ മുഴുവനും, പിന്നെ ഹിന്ദിയിലും കേട്ടു. ഇന്നു ലോകമെങ്ങുമുള്ള ആരാധകർ പ്രിയപ്പെട്ട ജയേട്ടനെ അനുനിമിഷം കേൾക്കുന്നു. ഇനിയും കേട്ടുകൊണ്ടേയിരിക്കും.
ഉള്ളുതുറന്ന്...
നല്ലതു കണ്ടാലും കേട്ടാലും തുറന്നുപറയും. ഇഷ്ടമില്ലാത്തതുകണ്ടാൽ അതും പറയും. പെട്ടെന്നു ദേഷ്യംവരുന്ന സ്വഭാവം. ആ സ്വഭാവം മാറ്റണമെന്നു വിചാരിച്ചിട്ടും നടക്കാത്തതാണെന്നു ജയചന്ദ്രൻ തുറന്നുപറഞ്ഞിരുന്നു.
ഒഴുക്കിനൊത്തു ജീവിക്കുന്ന ഒട്ടൊരു അലസനാണ്. ദേവരാജൻമാസ്റ്റർ ശാസ്ത്രീയസംഗീതം പഠിക്കാൻ കൊണ്ടുചെന്നാക്കിയിട്ടുപോലും പഠിച്ചില്ല. എന്നാലും നീ പാട്ടു പഠിച്ചില്ലല്ലോടാ എന്ന് അദ്ദേഹം പറയാറുണ്ട്. അതേസമയം പ്രശസ്തമായ ശാസ്ത്രീയസംഗീതകൃതികൾ പാടി ഒരുക്കിയ ആൽബം അടുത്തയിടെ പുറത്തിറക്കിയിരുന്നുവെന്നതും കൗതുകം.
ജയചന്ദ്രനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥനായിരുന്നു. ദേവരാജൻമാസ്റ്ററോടും പ്രിയം. മാസ്റ്ററെ കഴിഞ്ഞേ ലോകത്തു മറ്റൊരു സംഗീതാസ്വാദകൻ ഉണ്ടാവുള്ളൂ എന്നാണ് പക്ഷം. ജയചന്ദ്രൻ പാടിയതിൽ സുപ്രഭാതം എന്ന പാട്ടായിരുന്നു മാസ്റ്റർക്ക് ഏറ്റവുമിഷ്ടം. കരിമുകിൽകാട്ടിലെ, മഞ്ഞലയിൽ, സുപ്രഭാതം, സ്വപ്നത്തിൽനിന്നൊരാൾ തുടങ്ങിയവ ജയചന്ദ്രന്റെ സ്വന്തം ഇഷ്ടഗാനങ്ങൾ.
മുഹമ്മദ് റഫി, പി. സുശീല, എസ്. ജാനകി എന്നിവരെ ജയചന്ദ്രന്റെ എക്കാലത്തും പ്രിയപ്പെട്ട പാട്ടുകാരായി ഹൃദയത്തിൽ ചേർത്തുവച്ചു. ഒപ്പം ലത മങ്കേഷ്കറെയും. താമസമെന്തേ വരുവാൻ ആണ് യേശുദാസ് പാടിയതിൽ പ്രിയപ്പെട്ട ഗാനം.
സഹോദരൻ സുധാകരനുമായി അടുത്ത ബന്ധം പണ്ടുമുതൽക്കേ ഉള്ള യേശുദാസുമായി ബാല്യംമുതൽ പരിചയം. യേശുദാസിന്റെ കാലത്തായതുകൊണ്ട് രണ്ടാമനായി എന്നു തോന്നിയിട്ടുണ്ടോ എന്ന് ഒരഭിമുഖകാരൻ ചോദിച്ചപ്പോൾ രണ്ടാമതോ മൂന്നാമതോ ആയിക്കോട്ടെ, ഒരു സ്ഥാനവും ഇല്ലെങ്കിലും എനിക്കു കുഴപ്പമില്ല എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി. പാട്ടുകൾ ജനം ഇഷ്ടപ്പെടുന്നുണ്ടല്ലോ എന്ന സന്തോഷം എക്കാലവും മനസിലുണ്ടായിരുന്നു.
ആഘോഷങ്ങൾക്കു നിന്നുകൊടുക്കുക പതിവില്ല. പിറന്നാളുകൾക്കു ഗുരുവായൂരിലോ മൂകാംബികയിലോ പോവുകയാണ് പതിവ്. ആഘോഷംവേണ്ട, തന്നെയും തന്റെ പാട്ടുകളെയും സ്നേഹിച്ചാൽ മതി എന്നായിരുന്നു നിലപാട്.
ഇനിയും കുറച്ചു പാട്ടുകൾ പാടണം. ഇനിയും ഒരുപാടു പാട്ടുകൾ കേൾക്കണം- തന്റെ ആത്മകഥയായ ഏകാന്തപഥികൻ ഞാൻ അവസാനിപ്പിക്കുന്പോൾ അദ്ദേഹം ആഗ്രഹിച്ചത് ഇത്രമാത്രം. പാട്ടുകൾ ഒഴിയുന്നില്ല...