ഹൃദയം ഹൃദയത്തോടു പാടിയത്...
ഷാജന് സി. മാത്യു
Friday, January 10, 2025 2:22 AM IST
മറ്റു കലാകാരന്മാരില്നിന്നു ജയചന്ദ്രനെ വ്യത്യസ്തനാക്കുന്ന പ്രധാനഘടകം അദ്ദേഹം സ്വകാര്യസദസിലും സ്റ്റേജിലും സ്വന്തം ഗാനങ്ങളെക്കാള്‍ സംസാരിച്ചതു മറ്റു ഗായകരുടെ ഗാനങ്ങളെപ്പറ്റിയാണ് എന്നതാണ്. സ്വന്തം കര്‍മരംഗത്തെ മറ്റൊരാളെ അംഗീകരിക്കുന്നതില്‍ ഇത്രമാത്രം സത്യസന്ധത കാണിച്ച മറ്റൊരു കലാകാരനെയും ഓര്മ വരുന്നില്ല. യേശുദാസ് പാടിയ താമസമെന്തേ വരുവാന്‍... എന്ന ഗാനം കേള്‍ക്കാനായി ഭാര്‍ഗവീനിലയം എന്ന സിനിമ കാണാനായി ഒരുപാടുതവണ നാട്ടിലെ തിയറ്ററില്‍ പോയ കാര്യം അദ്ദേഹം പല ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ട്.
അദ്ദേഹം ഒരു ഹിന്ദി ആല്‍ബത്തില്‍ പാടാന്‍ പോകുന്നതിന് ഒരാഴ്ച മുമ്പ് ഏതാണ്ടു രണ്ടു മണിക്കൂര്‍ നീളുന്ന ഒരു കാര്‍ യാത്രയില്‍ സഹയാത്രികനാവാന്‍ കഴിഞ്ഞിട്ടുണ്ട്. ആ യാത്രയിലുടനീളം അദ്ദേഹം യേശുദാസ് പാടിയ ഹിന്ദി ഗാനങ്ങള്‍ ആലപിക്കുകയും അതിന്റെ ഓരോ സവിശേഷതകള്‍ വര്ണിക്കുകയുമായിരുന്നു. ഗാനമേളകളിലും ടിവി ഷോകളിലുമെല്ലാം അദ്ദേഹം പി. സുശീലയുടെ ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. ഏതാനും വര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അദ്ദേഹം സ്റ്റേജില്‍ വച്ചു പി. സുശീലയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചതു പിറ്റേന്നു പത്രങ്ങളുടെ ഒന്നാം പേജ് ചിത്രമായിരുന്നു. അതുപോലെതന്നെ സവിശേഷ ശ്രദ്ധയാര്‍ജിച്ച മറ്റൊരു ചിത്രമായിരുന്നു എം.കെ. അര്‍ജുനന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കസേരയുടെ ചുവട്ടില്‍ കുത്തിയിരുന്നതും. ബുദ്ധിയില്നിന്നല്ല, ഹൃദയത്തില്‍നിന്നാണ് അദ്ദേഹം പാടിയതും പറഞ്ഞതും. അതുകൊണ്ടുതന്നെ അതു ഹൃദയങ്ങളെ സ്പര്‍ശിച്ചു.
തനിക്ക് അവസരം കിട്ടാന്‍ വേണ്ടിയോ താന്‍ കേമനാണെന്നു വരുത്താന്‍ വേണ്ടിയോ ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം തയാറായില്ല. മോശം സംഗീതസംവിധായകരെന്നും ഗായകരെന്നും തോന്നിയവരോടുള്ള അനിഷ്ടം ഒരിക്കലും പ്രകടിപ്പിക്കാതിരുന്നിട്ടില്ല. തനിക്കു സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ശാരദാംബരം... എന്ന പാട്ട് പാടാന്‍ പയ്യന്നൂര്‍ സംഗീതസംഗമത്തില്‍ വച്ച് കാണികളില്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ’അതൊരു പൊട്ടപ്പാട്ടാണ്, പാടില്ല’ എന്നു മറുപടി പറയുന്നതിന് ആ പരിപാടിയുടെ അവതാരകനായിരുന്ന ഈ ലേഖകന്‍ സാക്ഷിയാണ്. സംഗീതത്തെ വികലമായി അവതരിപ്പിക്കുന്ന സംവിധായകരോട് അദ്ദേഹം നിരന്തരം സമരം ചെയ്തു. തനിക്കു പറ്റിയിട്ടുള്ള മണ്ടത്തരങ്ങള്‍ തുറന്നുപറയുന്നതിനും അദ്ദേഹം മടികാണിച്ചിട്ടില്ല. അത്തരമൊരു അനുഭവം ചുവടെ.
മുടിയുടെ അറ്റത്ത് എങ്ങനാ സാറേ മുറി പണിയുക?
വര്‍ഷങ്ങള്‍ മുന്‍പ് ഗള്‍ഫില്‍ പി. ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം ഓര്‍മയില്‍നിന്നാണ് പാടുക. സദസെല്ലാം നല്ല സംഗീതലഹരിയിലാണ്. മുന്പിലിരിക്കുന്ന ഒരാള്‍ അല്പം കൂടുതല്‍ ’ലഹരി’യിലാണെന്നു തോന്നുന്നു.
പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രന് കടന്നുപോകുമ്പോള്‍ അദ്ദേഹം മാത്രം എഴുന്നേറ്റു നിന്നു കയ്യടിക്കും. അടുത്തതായി "’പണിതീരാത്ത വീട് ’ (1973) സിനിമയില്‍ വയലാറിന്റെ വരികള്‍ക്ക് എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ പിറന്ന ’നീലഗിരിയുടെ സഖികളേ...’ . എത്രയോ സ്റ്റേജുകളില്‍ അദ്ദേഹം പാടി അനശ്വരമാക്കിയ ഗാനം. പാട്ട് തുടങ്ങി. പല്ലവി, അനുപല്ലവി, ആദ്യചരണം, ഹമ്മിങ്.... ആളുകളെല്ലാം രസംപിടിച്ചിരിക്കുന്നു. രണ്ടാമത്തെ
ചരണം കഴിഞ്ഞു ഹമ്മിങ്ങിലേക്കു കടന്നു ഗായകന്. മുന്‍നിരയിലെ ആ ആസ്വാദകന് എഴുന്നേറ്റ് ഒരു ചോദ്യം.
"അതേയ്, മുടിയുടെ അറ്റത്ത് എങ്ങനാ സാറേ മുറി പണിയുക?’. ജയചന്ദ്രന് ഞെട്ടിപ്പോയി. അപ്പോഴാണ് അബദ്ധം പറ്റിയകാര്യം തിരിച്ചറിഞ്ഞത്.
’നിന്റെ നീല വാര്‍മുടിച്ചുരുളിന്റെയറ്റത്ത്
ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടെ?’
എന്നാണ് വരി. ജയചന്ദ്രന് പാടിയതാകട്ടെ
"നിന്റെ നീലവാര്‍മുടിച്ചുരുളിന്റെയറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ’ എന്ന്. കഴിഞ്ഞ ചരണത്തിലെ അവസാന വരി ആവര്‍ത്തിച്ചിരിക്കുന്നു. അര്‍ഥം മഹാഅബദ്ധം. എല്ലാവരും തലയാട്ടി രസിച്ചിരുന്നപ്പോള്‍ മുന്‍നിരയിലെ ’ശല്യക്കാരനായ ആസ്വാദകന്’ തെറ്റ് പിടിച്ചെടുത്തു. ജയചന്ദ്രന് പറയുന്നു."ആയിരം തവണയെങ്കിലും ഞാന്‍ പാടിയിട്ടുള്ള പാട്ടാണത്. എന്നിട്ടും തെറ്റി. അതോടെ ഞാന്‍ എന്റെ ഓര്‍മയെ ആശ്രയിക്കുന്നതു നിര്‍ത്തി. പിന്നീട്, എത്ര നന്നായി അറിയാവുന്ന പാട്ടാണെങ്കിലും ബുക്ക് നോക്കി മാത്രമേ ഞാന്‍ പാടാറുള്ളൂ. ബുക്കിലില്ലെങ്കല്, തിരുവനന്തപുരത്തെ എന്റെ സുഹൃത്ത് മനോഹരനെ വിളിച്ച് വരികള്‍ എഴുതിയെടുക്കും. അതുനോക്കിയേ പാടൂ. മനസില്‍നിന്നു പാടുന്ന പരിപാടിയില്ല.’ ഗാനമേളകളില്‍ ജയചന്ദ്രന്റെ കൈയിലിരിക്കുന്ന ചെറിയ ബുക്ക് ശ്രദ്ധിച്ചിട്ടില്ലേ. അത്തരം നാലഞ്ച് ബുക്ക് അദ്ദേഹത്തിനുണ്ട്. സ്വന്തം കൈപ്പടയില്‍ ഗാനത്തിലെ വരികള്‍, സിനിമ, സംഗീതം, രചന തുടങ്ങിയ വിവരങ്ങളെല്ലാം അതിലദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുദാസിലുമേറെ അര്‍ജുന ഹൃദയത്തില്‍
നടപ്പുരീതികളില്നിന്നു വ്യത്യസ്തമായി, യേശുദാസിലേറെ ജയചന്ദ്രന്റെ പ്രതിഭയെ ആശ്രയിച്ച സംഗീത സംവിധായകനായിരുന്നു എം.കെ. അര്ജുനന്
"ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം...’
എം.കെ.അര്ജുനന് എന്ന സംഗീത സംവിധായകന് അരങ്ങേറ്റം കുറിക്കുന്ന ’കറുത്ത പൗര്‍ണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങള്‍ ചെന്നൈയിലെ വിജയാ ഗാര്‍ഡന്‍സ് സ്റ്റുഡിയോയില്‍ യേശുദാസ് പാടിത്തകര്‍ക്കുമ്പോള്‍ കാണികളില്‍ ഒരാളുടെ ഹൃദയമുരുകുന്നുണ്ട്. മനോഹരമായ ഈ ഈണങ്ങളില്‍ ഒന്നുപോലും തനിക്കു പാടാന്‍ കിട്ടിയില്ലല്ലോ എന്നതാണ് അയാളുടെ സങ്കടം. മറ്റാരുമല്ലത്, ഗായകന് പി.ജയചന്ദ്രന് !
വെറും ഒരു വര്‍ഷത്തിനുള്ളില്‍ ആ ദുഃഖം മാറി. "റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തില്‍ അര്‍ജുനന്റെ സംഗീതത്തില്‍ (രചന ശ്രീകുമാരന്‍ തമ്പി) എസ്.ജാനകിയുമൊത്ത് ’യദുകുല രതിദേവനെവിടെ...’ എന്ന യുഗ്മഗാനം ജയചന്ദ്രന് തകര്‍ത്തുപാടി."താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍ പോരാതിരിക്കുമോ കണ്ണന്...’ എന്ന ജയചന്ദ്രാലാപനം ഇന്നും മലയാളിക്കു മധുരമാണ്. "മാനക്കേടായല്ലോ നാണക്കേടായല്ലോ മാളികപ്പുറത്തമ്മമാരേ...’ എന്നൊരു തമാശപ്പാട്ടുകൂടി (സി.ഒ.ആന്റോയ്ക്കൊപ്പം) ഈ സിനിമയില്‍ ജയചന്ദ്രന് അര്ജുനന് നല്കി. ഒരുപാടു നല്ല പാട്ടുകള്‍ നമുക്കു സമ്മാനിച്ച ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു റസ്റ്റ്ഹൗസ്.
ജയചന്ദ്രന് അവസരം നേടിക്കൊടുത്ത സംഗീത സംവിധായകര്‍ പോലും അദ്ദേഹത്തെ മറന്ന അനുഭവങ്ങള്‍ എത്രയോ ! ജയചന്ദ്രന്റെ പ്രതിഭയോടു നീതി പുലര്‍ത്തിയ ചുരുക്കം സംഗീതസംവിധായകരേയുള്ളൂ. അതില്‍ മുന്‍പന്തിയിലാണ് എം.കെ.അര്ജുനന്. തന്റെ മികച്ച ഈണങ്ങള്‍ നല്കി യേശുദാസിനൊപ്പം, ചിലപ്പോള്‍ അതിലേറെയും ജയചന്ദ്രനെ അദ്ദേഹം പരിഗണിച്ചു.
സിഐഡി നസീര്‍ എന്ന ചിത്രത്തിലെ ’നിന് മണിയറയിലെ ...’ എന്ന ഒറ്റപ്പാട്ടു മതി അര്ജുനന് മാസ്റ്റര്‍ക്കു ജയചന്ദ്രനിലുള്ള വിശ്വാസം അളക്കാന്‍. ഗാനമേളകളിലൊക്കെ ആളുകള്‍ പാടാന്‍ ധൈര്യപ്പെടാത്ത, സംഗീതത്തിന്റെ സൂക്ഷ്മസൗന്ദര്യങ്ങള്‍ ഉള്‍ച്ചേരുന്ന ഈ ഗാനം പാടാന്‍ ഒരു ശാസ്ത്രീയശിക്ഷണവും ഇല്ലാത്ത ഒരാളെ നിയോഗിച്ചതിലും വലിയ ധൈര്യമെന്താണ്. സാമാന്യം ഉയര്‍ന്ന സ്ഥായിയിലുള്ള ഈ ഈണം എത്രയോ ഗംഭീരമായാണു ജയചന്ദ്രന് പാടി നല്‍കിയിരിക്കുന്നത്. ’എത്ര കേട്ടാലും മതിവരാത്ത’ എന്ന പ്രയോഗമൊക്കെ വിശേഷണമല്ലാതാവുന്നത് ഇവിടെയാണ്!
മല്ലികപ്പൂവിന് മധുരഗന്ധം...( ഹണിമൂണ്‍), ശില്പികള് നമ്മള്...(പിക്നിക്), ചന്ദോദയം കണ്ടു കൈകൂപ്പി...(സിന്ധു), പകല്‍ വിളക്കണയുന്നു...(ഇതു മനുഷ്യനോ), നന്ത്യാര്‍വട്ട പൂ ചിരിച്ചു...(പൂന്തേനരുവി), നക്ഷത്രമണ്ഡല നടതുറന്നു...(പഞ്ചവടി), മുത്തു കിലുങ്ങി...(അജ്ഞാതവാസം), മലരമ്പനറിഞ്ഞില്ല...(രക്തപുഷ്പം), തരിവളകള്‍...(ചട്ടമ്പിക്കല്യാണി), സ്വപ്നഹാരമണിഞ്ഞെത്തും...(പിക്പോക്കറ്റ്), നീലത്തടാകത്തിലെ...(സ്വിമ്മിങ്പൂള്‍), പഞ്ചവടിയിലെ വിജയശ്രീയോ...( പത്മവ്യൂഹം), തങ്കക്കുടമേ...(പൂന്തേനരുവി), സ്വരങ്ങള്‍ നിന്‍പ്രിയ...(കന്യാദാനം), സങ്കല്പത്തില് തങ്കരഥത്തില്‍...(സിഐഡി നസീര്‍) തുടങ്ങി എത്രയോ മധുരമനോജ്ഞ ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. (ഇവയില്‍ ഭൂരിപക്ഷത്തിന്റെയും രചന ശ്രീകുമാരന്‍തമ്പി ആയിരുന്നു എന്ന കൗതുകവും ഉണ്ട്.)
അര്‍ധശാസ്ത്രീയം, ലളിതം, ശോകം, യുഗ്മം, ഹാസ്യം... അങ്ങനെ എല്ലാ ശ്രേണിയിലും പെട്ട പാട്ടുകള്‍ മേല്‍പ്പറഞ്ഞ പട്ടികയിലുണ്ട്. ഒരു പൂര്ണഗായകന് എന്ന വ്യക്തിത്വത്തിലേക്ക് ജയചന്ദ്രനു വളരാന്‍ ഈ വ്യത്യസ്തത വലിയ ഗുണംചെയ്തു.
അവസാന കാലത്ത് അര്ജുനന് മാസ്റ്റര്‍ ചെയ്ത നായിക (നനയും നിന്‍മിഴിയോരം...), 101 ചോദ്യങ്ങള്‍ (ദൂരെ ദൂരെ ദൂരെ...) തുടങ്ങിയ ചിത്രങ്ങളിലും ജയചന്ദ്രന് പാടി. യേശുദാസ് തന്റെ പാട്ടിലേക്ക് ആസ്വാദകനെ ആവാഹിക്കുമ്പോള്‍ ജയചന്ദ്രന്റെ പാട്ട് കേള്വിക്കാരനില് ലയിക്കുന്നു. ഭാവമാണ് ഈ ലയത്തിന്റെ കാതല്‍. ഈ സവിശേഷത കണ്ടറിഞ്ഞു ജയചന്ദ്രനെ
ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് എം.കെ.അര്‍ജുനനോടു ഭാവഗാനങ്ങളെ സ്നേഹിക്കുന്നവര്‍ കടപ്പെട്ടിരിക്കുന്നത്.
എംഎസ് വിശ്വനാഥന് നന്ദി, ആ 36 പാട്ടുകള്‍ക്ക്!
എം.എസ്. വിശ്വനാഥന്. തമിഴ് സിനിമയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മപഥം. മലയാളത്തില്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ പാടാന്‍ തെരഞ്ഞെടുത്തതു ജയചന്ദ്രനെയാണ്. അതാണ് മറ്റു സംഗീത സംവിധായകരില്‍നിന്ന് എംഎസ് വിക്കുള്ള വ്യത്യാസം.
എം.കെ. അര്‍ജുനനും ജയചന്ദ്രനെ ഇത്തരത്തില്‍ ഉപയോഗിച്ചു. ചലച്ചിത്ര ഗാന കമ്പനികള്‍ക്ക് ഗായകരെ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഒരു കാലമായിരുന്ന അതെന്നോര്‍ക്കണം. സംഗീത കമ്പനികള്‍ മുന്‍ഗണന നല്‍കിയിരുന്നത് യേശുദാസിനുതന്നെയായിരുന്നു. ആ സ്വാധീനത്തെ മറികടക്കാന്‍ എംഎസ് വിക്കും കഴിഞ്ഞില്ല. പാട്ടുകളുടെ എണ്ണം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാണ്. അദ്ദേഹം മലയാളത്തില്‍ സംഗീതം നല്കിയ 340 സിനിമാഗാനങ്ങളില്‍ 75 എണ്ണം യേശുദാസ് പാടിയപ്പോള്‍ വെറും 36 എണ്ണം മാത്രമേ ജയചന്ദ്രന് പാടിയിട്ടുള്ളൂ.
പക്ഷേ, നിലവാരം പരിശോധിക്കുമ്പോള്‍ ആ 36 എണ്ണം എംഎസ് വിയുടെ ഏറ്റവും നല്ല മലയാള ഈണങ്ങളാവുന്നു. സംശയമുള്ളവര്‍ നീലഗിരിയുടെ സഖികളേ (പണി തീരാത്ത വീട്), സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം (ദിവ്യദര്‍ശനം), രാജീവ നയനേ(ചന്ദ്രകാന്തം)... തുടങ്ങിയവ കേട്ടു നോക്കൂ. എംഎസ് വി മലയാളത്തില്‍ നല്കിയ ഏറ്റവും മികച്ച ഈണമെന്നും ജയചന്ദ്രന് ഇതുവരെ പാടിയ ഗാനങ്ങളില്‍ ഏറ്റവും മികച്ചതെന്നും "സ്വര്‍ണഗോപുര നര്‍ത്തകീ ശില്പ’ത്തെ വിലയിരുത്തുന്നവരുണ്ട്.’പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗം നാണിക്കും’ എന്ന ചരണം ജയചന്ദ്രന് ആലപിക്കുന്നതു കേള്‍ക്കുമ്പോള്‍ അല്പമെങ്കിലും പാടാനറിയാവുന്നവര്‍ വിസ്മയിക്കും. കാരണം, അത്ര എളുപ്പമല്ല ഇതു പാടിയൊപ്പിക്കാന്‍.
ഗാനമേളകളിലൊന്നും ആരുംതന്നെ പാടാന്‍ ധൈര്യപ്പെടാത്ത ഗാനമാണ് അനായാസമായി ജയചന്ദ്രന് പാടിവച്ചിരിക്കുന്നത്. ചിട്ടകളില്‍ ഊന്നാത്ത അനായാസമായ ജയചന്ദ്രന്റെ ആലാപനം എംഎസ് വിയുടെ സംഗീതശൈലിയോട് ഏറ്റവും ചേര്ന്നുനില്ക്കുന്നു. ചന്ദ്രകാന്തം, ബാബുമോന്, ലങ്കാദഹനം... തുടങ്ങി യേശുദാസിനും ജയചന്ദ്രനുമിടയില്‍ എംഎസ് വി ഗാനങ്ങള്‍ പങ്കുവച്ച സിനിമകള്‍ പരിശോധിക്കുമ്പോള്‍ ജയചന്ദ്രനോടുള്ള താത്പര്യം കൂടുതല്‍ വ്യക്തമാവും.
കൂടുതല്‍ വെല്ലുവിളികളുള്ള പാട്ടുകള്‍ക്കു നിയോഗിക്കപ്പെട്ടത് ജയചന്ദ്രനാണ്. 14 പാട്ടുകളുള്ള ചന്ദ്രകാന്തത്തില്‍ ’രാജീവ നയനേ...’ എന്ന ഒറ്റഗാനം മാത്രമാണ് ജയചന്ദ്രനു നല്‍കിയത്. ആ സിനിമയിലെ ഏറ്റവും നല്ല മെലഡി. ഈ ഗാനം ജയചന്ദ്രന്റെ സംഗീതജീവിതത്തിലെ നാഴികക്കല്ലുമായി. ഈ ഗാനത്തന്റെ ആലാപനത്തില്‍ ആകൃഷ്ടനായ എംജിആര്‍ ഈ ശബ്ദത്തിന്റെ ഉടമയെ തന്റെ അടുത്ത ചിത്രത്തില്‍ പാടിക്കണമെന്ന് എംഎസ് വിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് എംജിആറിന്റെ ’മധുരമീട്ട സുന്ദര പാണ്ഡ്യന്’ എന്ന സിനിമയില്‍ "അമുദത്തമിഴില്‍ എഴുതും കവിതൈ...’ എന്ന സൂപ്പര്‍ ഹിറ്റ് ഡ്യൂയറ്റ് ജയചന്ദ്രനു ലഭിച്ചത്. (ഒപ്പംപാടിയത് വാണി ജയറാം.) എം.എസ്. വിശ്വനാഥന് ചെയ്തതുപോലെ ഒരു സംഗീതസംവിധായകനും ജയചന്ദ്രന്റെ പ്രതിഭയെ വെല്ലുവിളിച്ചിട്ടില്ല. ഒരുപക്ഷേ, അന്ന് എംഎസ് വി ഇത്ര മികച്ച ഗാനങ്ങള്‍ ജയചന്ദ്രനു നല്കിയില്ലായിരുന്നെങ്കില് അദ്ദേഹത്തിന്റെ സിദ്ധിയുടെ ഔന്നത്യം തിരിച്ചറിയാതെ പോയേനേ.