ഏകാന്തപഥികനായ സംഗീതോപാസകൻ
സി.എസ്. ദീപു
Friday, January 10, 2025 2:15 AM IST
തെളിനീരൊഴുകുന്ന കാട്ടുചോലയുടെ സൗമ്യതയും സൗന്ദര്യവും ചെറുപ്പവുമായിരുന്നു ജയചന്ദ്രസംഗീതം. ജയചന്ദ്രോദയഹർഷത്തിൽ ഹൃദയങ്ങൾ ഭാരരഹിതമാകുന്നു! എക്കാലത്തും യേശുദാസിനൊപ്പമോ അതിലപ്പുറമോ ജയചന്ദ്രനെയും നാം ഹൃദയത്തോടണച്ചു. "ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പ’ത്തിൽ താളമിടാത്ത എത്ര മലയാള യൗവനങ്ങളുണ്ട്!
മലയാളസിനിമ യേശുദാസിനു പിന്നാലെ ഓടിത്തുടങ്ങിയപ്പോൾ മറ്റു ഗായകർ വിസ്മൃതിയിലേക്കു മറഞ്ഞെങ്കിൽ സംഗീതത്തിന്റെ മറ്റൊരു ഭാവതലമുണർത്തി ജയചന്ദ്രൻ ഉദിച്ചുയർന്നു. പി. ഭാസ്കരനും വയലാറുമൊക്കെ ഭാവവിസ്മയങ്ങൾ സൃഷ്ടിച്ചു വരികൾ കുറിച്ചപ്പോൾ അതിനൊപ്പമൊഴുകി കഠിനമായ സാധനകളിലൂടെ യേശുദാസും ശബ്ദഗാംഭീര്യത്താൽ ശാസ്ത്രീയ ഗാനാലാപനപരിമിതികളെ മറികടന്നു ജയചന്ദ്രനും അപ്പുറവും ഇപ്പുറവും നിന്നു. ആലാപനത്തിലെ വൈകാരികതകൊണ്ട് അവർ മലയാള ചലച്ചിത്രഗാനലോകത്തെ മിനുക്കിയെടുത്തു. കുടമണികിലുക്കിയും കുതിച്ചുപാഞ്ഞും പാട്ടിന്റെ പച്ചപ്പരപ്പിൽ ആലസ്യത്തോടെ ഇടയ്ക്കുനിന്നും ഇവർ മലയാളസംഗീതത്തിന്റെ രഥമുരുട്ടി.
അപ്പോഴും മലയാളികൾ മയങ്ങിനിന്നതു യേശുദാസിന്റെ മാന്ത്രികശബ്ദത്തിലായിരുന്നു. മറ്റു ശബ്ദങ്ങൾക്കു കാതുകൊടുക്കാൻ മടിച്ച് ഏകതാനതയുടെ ദുരന്തപര്യവസായിയായി മാറുമെന്ന ഘട്ടത്തിലാണു ജയചന്ദ്രനെത്തിയത്. മടുപ്പില്ലാതെ യേശുദാസിന്റെ പാട്ടുകളെ ആസ്വദിക്കാൻ അവസരമൊരുക്കിയതും സംഗീതോദ്യാനത്തിൽ മെരുക്കമില്ലാതെ വളർന്ന ജയചന്ദ്രൻതന്നെ.
കേരളീയമായ ജീവിതസംസ്കാരത്തിന്റെ മുദ്രപതിഞ്ഞതാണ് ജയചന്ദ്രന്റെ പാട്ടുകളിലേറെയും. സോപാനരീതിയോട് അടുത്തുനിൽക്കുന്ന ഒന്നെന്നു പലരുമതിനെ വിശേഷിപ്പിച്ചു.
ധനുമാസക്കുളിരുപോലെ കേരളീയപ്രകൃതിയുമായി ഇണങ്ങിനിൽക്കുന്നതെന്തോ ആ പാട്ടുകളിലുണ്ടായി. പി. ഭാസ്കരന്റെ പാട്ടുകളിലെ മലയാളിത്തം ജയചന്ദ്രന്റെ പാട്ടുകളിൽ കണ്ടെത്താൻ കഴിയും.
സ്വകാര്യമായ ജീവിതാനുഭവങ്ങളെ തൊട്ടുണർത്താൻ വിരിഞ്ഞതായിരുന്നു ജയചന്ദ്രൻ. ജയചന്ദ്രസംഗീതത്തോടുള്ള മലയാളിയുടെ രക്തബന്ധവും അതുതന്നെയാണ്. ചങ്ങന്പുഴയുടെ രമണനെപ്പോലെ ജയചന്ദ്രനെയും മലയാളി ഹൃദയത്തിൽ ശബ്ദലേഖനം ചെയ്തു.
ജയചന്ദ്രസംഗീതത്തിൽ ഭാവനയും വർണനയും ഉപമയും നിറഞ്ഞതായിരുന്നു പാട്ടുകളിലേറെയും. സ്വർണഗോപുര നർത്തകീശില്പം, മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ, മലയാളഭാഷതൻ മാദകഭംഗി നിൻ, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, നീലഗിരിയുടെ സഖികളേ, ശ്രീനഗരത്തിലെ, സ്വാതിതിരുനാളിൻ കാമിനീ... എന്നിങ്ങനെ നീളുന്നു ഇത്. കെ. ഭാഗ്യരാജിന്റെ അന്ത ഏഴ് നാൾകൾ എന്ന തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ പാലക്കാടൻ മാധവൻ എന്ന കഥാപാത്രത്തിന്റെ പാട്ടിന്റെ ശബ്ദം ജയചന്ദ്രനാണ്.