അധ്യാപക വിദ്യാഭ്യാസം മാറുമ്പോൾ
റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ, ഡോ. കുര്യൻ ചെറുശേരി
Thursday, January 9, 2025 12:15 AM IST
സ്കൂൾ അധ്യാപകരാകുന്നതിന് മൂന്നുതരം യോഗ്യതകളാണ് നിലവിലുള്ളത്. സെക്കൻഡറി - ഹയർ സെക്കൻഡറിയിൽ ബിഎഡ്, എലിമെന്ററിയിൽ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്), പ്രീ പ്രൈമറിയിൽ പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ്. നിലവിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ നടത്തുന്ന ഈ മൂന്നു കോഴ്സുകളെയും പല വിഷയങ്ങളിൽ ഡിഗ്രി പ്രോഗ്രാമുകൾ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതാണ് പുതിയ വിദ്യാഭ്യാസ പദ്ധതി.
ഈ മാറ്റം ഇന്ത്യയിൽ എല്ലായിടത്തും വരുത്തുകയാണ്. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാലു വർഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി (ഐ ടെപ്) ആണിത്. കേരളത്തിൽ കാസർഗോട്ടെ സെൻട്രൽ യൂണിവേഴ്സിറ്റിയിലും കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ‘ഐ ടെപ്’ തുടങ്ങിക്കഴിഞ്ഞു. 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് പ്രവേശനയോഗ്യത.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്കൂൾ വിദ്യാഭ്യാസത്തെ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഇതിന്റെ സുഗമമായ നടത്തിപ്പിനാണ് അധ്യാപക വിദ്യാഭ്യാസം മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തണമെന്നും അത് നാലുവർഷത്തെ ‘ഐ ടെപ്’ ആയിരിക്കണമെന്നുമുള്ള നിർദേശം. മെച്ചപ്പെട്ട നിലവാരമുള്ള അധ്യാപകരെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഈ നിർദേശത്തിനു പിന്നിലുള്ളത്.
സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ മാറ്റം നിർദേശിക്കുന്നതോടൊപ്പം ഓരോ ഘട്ടത്തിലും പഠിപ്പിക്കാനുള്ള അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയിലും കാതലായ മാറ്റങ്ങൾ പുതിയ വിദ്യാഭ്യാസ നയം നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ച് നാലു ഘട്ടങ്ങളിൽ ഏതിൽ പഠിപ്പിക്കണമെങ്കിലും മൾട്ടി ഡിസിപ്ലിനറി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളിൽ പഠിച്ചു നേടുന്ന നാലു വർഷത്തെ സംയോജിത ബിരുദം നിർബന്ധമായിരിക്കും. 2030ഓടെ ഈ യോഗ്യത ഇന്ത്യയിൽ എല്ലായിടത്തും നിർബന്ധമാക്കും എന്ന് നയത്തിൽ പറഞ്ഞിട്ടുണ്ട്.
ഐ ടെപ്പ് പാഠ്യപദ്ധതി ക്രമീകരണം
എട്ട് സെമസ്റ്ററുകളുള്ള നാലു വർഷമാണ് ഐ ടെപ്പിന്റെ കാലാവധി. രണ്ട് മേജർ വിഷയങ്ങൾ പഠിക്കണം. ഒന്നാമത്തെ മേജർ വിഷയം വിദ്യാഭ്യാസമാണ്. ലാംഗ്വേജ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സോഷ്യൽ സ്റ്റഡീസ്, കൊമേഴ്സ് തുടങ്ങിയ പല വിഷയങ്ങൾ രണ്ടാമത്തെ മേജറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും ഒരെണ്ണം രണ്ടാമത്തെ മേജറായി തെരഞ്ഞെടുക്കാം. രണ്ടാമത്തെ മേജറിനൊപ്പം ഒരു മൈനർ വിഷയംകൂടി വേണം.
രണ്ടുതരം ഡിഗ്രികൾ
സംയോജിത ബിഎഡ് പഠനത്തിൽ മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കുമ്പോൾ ആവശ്യമുള്ളവർക്ക് മൂന്നുവർഷ ഡിഗ്രി ലഭിക്കും. അവർ എടുത്ത രണ്ടാമത്തെ മേജർ വിഷയത്തിൽ മാത്രമായിരിക്കും ഡിഗ്രി ലഭിക്കുക. നാലുവർഷം പൂർത്തിയാകുമ്പോൾ ബിഎ ബിഎഡ്/ബിഎസ്സി ബിഎഡ്/ബികോം ബിഎഡ് എന്നിങ്ങനെ രണ്ട് മേജറുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിരുദം ലഭിക്കും. സ്കൂൾ അധ്യാപകരാകുന്നതിന് ഇങ്ങനെ രണ്ട് മേജറുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബിരുദമാണ് വേണ്ടിവരിക. നാല് വർഷം ബിരുദം നേടുന്നവർക്ക് ഒന്നാമത്തെ മേജറായ വിദ്യാഭ്യാസത്തിലും രണ്ടാമത്തെ മേജറിലും പിജി പഠനത്തിനുള്ള അർഹത ഉണ്ടായിരിക്കും.
ഈ പരിഷ്കരണങ്ങളിൽ ഗുണദോഷങ്ങളുണ്ടെങ്കിലും അത് രാജ്യത്ത് നടപ്പിലാക്കാൻ തുടങ്ങിക്കഴിഞ്ഞതിനാൽ നമ്മുടെ സംസ്ഥാനത്തിനും ഇനി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. വിജയകരമായി അത് എങ്ങനെ ഇവിടെ നടപ്പിലാക്കാം എന്ന കാര്യത്തിലാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അക്കാര്യത്തിൽ പല പ്രവർത്തനങ്ങളുമായി സംസ്ഥാനം ഇപ്പോൾ ഏറെ മുമ്പോട്ടു പോയിട്ടുണ്ട്.
കേരളത്തിൽ 188 ബിഎഡ് കോളജുകളുണ്ട്. നാലെണ്ണം സർക്കാർ കോളജുകളാണ്. 17 എയ്ഡഡ് കോളജുകളുണ്ട്. 167 എണ്ണം സ്വാശ്രയ മേഖലയിലാണ്. ഡിഎൽഎഡ് പ്രോഗ്രാം നടത്തുന്ന 201 സ്ഥാപനങ്ങളുണ്ട്. അവയിൽ 37 സർക്കാർ സ്ഥാപനങ്ങളും 64 എയ്ഡഡ് സ്ഥാപനങ്ങളും 100 സ്വാശ്രയ സ്ഥാപനങ്ങളുമാണുള്ളത്. പ്രീ പ്രൈമറി അധ്യാപക വിദ്യാഭ്യാസം നടത്തുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. നിലവിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഈ സ്ഥാപനങ്ങളെയെല്ലാം ഉടനെതന്നെ നാലു വർഷ സംയോജിത അധ്യാപക വിദ്യാഭ്യാസം നടത്താൻ പറ്റിയ മൾട്ടി ഡിസിപ്ലിനറി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കുക എന്നത് അപ്രായോഗികമാണ്.
അതേസമയം, പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് 2030നുശേഷം നാലുവർഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി മാത്രമേ പാടുള്ളൂ. ഈ സാഹചര്യം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസരംഗത്ത് വളരെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പ്രതിസന്ധികൾ പരിശോധിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ 2023 ഡിസംബറിൽ പ്രഫ. മോഹൻ ബി. മേനോൻ ചെയർമാനായി ഐ ടെപ് കരിക്കുലം കമ്മിറ്റിയെ നിയമിച്ചു. തുടർന്ന് ഐ ടെപ് നടപ്പിലാക്കുന്നതിനുള്ള ക്രിയാത്മകമായ പല നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ട് കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് കമ്മിറ്റി സമർപ്പിക്കുകയും ചെയ്തു.
(തുടരും)