പ്രഫ. റോണി കെ. ബേബി
വനനിയമ ഭേദഗതി: വെല്ലുവിളി ആരോട്?
Thursday, January 9, 2025 12:01 AM IST
1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയാണ്. നിസഹായരായ മനുഷ്യരുടെമേൽ വന്യജീവികളുടെ വർധിച്ചുവരുന്ന അക്രമങ്ങൾ, വ്യാപകമായ കൃഷിനാശം, പരിസ്ഥിതിലോല മേഖലാ വിവാദങ്ങൾ, പട്ടയ വിഷയങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന മലയോര കര്‍ഷകരുടെ തലയിൽ വന്നുപതിക്കുന്ന ഇടിത്തീയായി വനനിയമ ഭേദഗതി മാറുകയാണ്. നിലവിലുള്ള വനനിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള ബില്ലിനെതിരേ ജനരോഷം ശക്തമായിരിക്കുകയാണ്. ബില്ലിനെക്കുറിച്ചുള്ള നിർദേങ്ങൾ സമർപ്പിക്കാനുള്ള അവസാനദിവസം നാളെയാണ്.
ലക്ഷ്യം വനം വകുപ്പിന് അമിതാധികാരം
മന്ത്രിസഭ അംഗീകരിച്ച കരടു ഭേദഗതികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്നവയാണ്. വനം വകുപ്പിനെ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊടുക്കുന്നതാണ് പുതിയ നിയമ ഭേദഗതി. വനം വകുപ്പിന്റെ ഗുണ്ടാരാജ് ആയിരിക്കും ഭേദഗതി പാസായാൽ സംഭവിക്കാൻ പോകുന്നത്. നിയമ ഭേദഗതിയുടെ സമീപനത്തില്‍ തന്നെ ഉദ്യോഗസ്ഥ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുപോലും സംശയത്തിന്റെ പേരില്‍ ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് ബില്ലിലെ ശിപാര്‍ശകള്‍. വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പോലീസ് സേനയിലെ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അധികാരം നൽകുന്ന നിയമ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.
ബില്ലിലെ വിവാദ വ്യവസ്ഥകൾ
പ്രധാനമായും 1961ലെ വനനിയമത്തിലെ 27, 52, 61, 63 തുടങ്ങിയ വകുപ്പുകളുടെ ഭേദഗതികളാണ് വനം അധികാരികൾക്ക് അമിതാധികാര പ്രയോഗത്തിന് വഴി തുറക്കുന്നത്. നിയമ ഭേദഗതിയിലെ വ്യവസ്ഥകൾ അനുസരിച്ച് വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പത്ത് ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.
വനനിയമത്തിലെ 27, 62 വകുപ്പുകൾ പ്രകാരം വനത്തിനുള്ളിൽ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്താൽ 1,000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. എന്നാൽ, പുതിയ നിയമം വരുന്നതോടെ പിഴ 5,000 ആയും 5,000 ആയിരുന്നത് 25,000 രൂപയായും ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിർത്തികളിലൂടെ ഒഴുകുന്ന പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും പുല്ലു ചെത്തുന്നതും എല്ലാം വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും.
വകുപ്പ് 52ന്റെ ഒന്നാം വകുപ്പിന് നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതി പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസറില്‍ കുറയാത്ത റാങ്കുള്ള ഫോറസ്റ്റ് ഓഫീസര്‍ക്കോ അല്ലെങ്കില്‍ പോലീസ് ഓഫീസര്‍ക്കോ ഒരു വ്യക്തി വനനിയമ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണമുണ്ടെങ്കില്‍ അങ്ങനെയുള്ള വ്യക്തിയോട് അയാളുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള വനവിഭവങ്ങളും രേഖകളും ഈ നിയമപ്രകാരം അനുവദിച്ചു നല്കപ്പെട്ടതോ കൈവശം വയ്ക്കേണ്ടതോ ആയ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കാന്‍ ആവശ്യപ്പെടാം.
വകുപ്പ് 52ന്റെ രണ്ടാം ഉപവകുപ്പ് ഭേദഗതി പ്രകാരം ഏതു വാഹനവും നിര്‍ത്തി പരിശോധിക്കുന്നതിനും കുറ്റം ചെയ്തു എന്നു കരുതപ്പെടുന്ന വ്യക്തിയുടെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള ഏതു കെട്ടിടങ്ങളും പരിസരങ്ങളും ഭൂമിയും വാഹനങ്ങളും പരിശോധിക്കുന്നതിനും വനം വകുപ്പിന് അധികാരമുണ്ടായിരിക്കും.
വകുപ്പ് 61ന്റെ ഒന്നാം ഉപവകുപ്പിന്റെ ഭേദഗതി പ്രകാരം വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിപ്പിച്ചാൽ വാറൻഡില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നൽകുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസർക്ക് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽനിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലിൽ വയ്ക്കാം. വനം വാച്ചർമാർക്കു വരെ അറസ്റ്റിന് അനുമതി നൽകുന്ന വ്യവസ്ഥകളുമുണ്ട്.
ഭേദഗതി ബില്ലിലെ വകുപ്പ് 63ന്റെ രണ്ടാം ഉപവകുപ്പ് പൂർണമായും ജനവിരുദ്ധമാണ്. ഈ വകുപ്പു പ്രകാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഏതൊരു ഫോറസ്റ്റ് ഓഫീസര്‍ക്കും ആ ഓഫീസറെയോ അയാളുടെ കീഴുദ്യോഗസ്ഥരെയോ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പേരില്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോ വാറൻഡോ ഇല്ലാതെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യാം. നിയമപരമായ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെടുന്ന ആളെയും ഈ വകുപ്പു പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. വർധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായ കോതമംഗലം കുട്ടമ്പുഴയില്‍ എല്‍ദോസ് വര്‍ഗീസിനെയും നിലമ്പൂരിൽ മണിയെയും കാട്ടാന ചവിട്ടിക്കൊന്നത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വനംവകുപ്പിനെതിരേ വർധിച്ചുവരുന്ന ഇത്തരം ജനകീയ പ്രതിഷേധ സമരങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢശ്രമമാണ് ഈ ഭേദഗതിക്കു പിന്നിലുള്ളത്.
വകുപ്പ് 63ന്റെ ഉപവകുപ്പ് മൂന്നു പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന കുറ്റാരോപിതര്‍തന്നെ കേസ് തെളിയിക്കണം. ഇതുവരെ പ്രോസിക്യൂഷന് അഥവ കുറ്റാന്വേഷണ വിഭാഗമാണ് കേസ് തെളിയിക്കേണ്ടിയിരുന്നത്. നിലവില്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ഒരു വ്യക്തിയുടെ കൈവശമുള്ള വനവിഭവം നിയമവിരുദ്ധമാണെന്ന് തെളിയിക്കേണ്ട ബാധ്യത വനം വകുപ്പിന്റേതാണ്. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതന്റേതായി മാറും. ആളും അർത്ഥവുമുള്ള സർക്കാർ സംവിധാനങ്ങൾക്കെതിരേ പോരാടി ജയിക്കുക എന്നത് പാവപ്പെട്ട കർഷകർക്കും ആദിവാസികൾക്കും വലിയ ബാലികേറാമല തന്നെയാണ്.
നിയമ ഭേദഗതി പിൻവലിക്കണം
2023ലെ വനം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിൽ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലായി 1.3 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്നുണ്ട്. കേരളത്തിലെ മൂന്നിലൊന്നിലേറെ ജനങ്ങളുടെ ജീവിതത്തെ പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്ന ഒരു കരിനിയമത്തിനാണ് ഭേദഗതിയിലൂടെ വഴിയൊരുങ്ങുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനും കുടിയേറ്റ കർഷകരെ വേട്ടയാടാനും ആദിവാസികളെ ദുരുപയോഗം ചെയ്യാനും നിയമം ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. വനസംരക്ഷണമാണ് വനം വകുപ്പിന്റെ ചുമതല എന്നിരിക്കെ പോലീസിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
ഭേദഗതിയിലൂടെ ആരെ വേണമെങ്കിലും കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വയ്ക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും എന്നതും ഭീതി ജനിപ്പിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടാൻ എല്ലാ സാധ്യതകൾക്കും വഴി തുറക്കുന്നതുമാണ്. തീർത്തും ജനവിരുദ്ധമായ ഈ നിയമ ഭേദഗതി ബില്ല് അടിയന്തരമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാവുകയാണ് വേണ്ടത്.