രാഷ്ട്രതാത്പര്യമില്ലാത്ത രാഷ്ട്രീയം
പ്രഫ. പി.ജെ. തോമസ്
Wednesday, January 8, 2025 11:52 PM IST
പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തോടും തെരഞ്ഞെടുപ്പിനോടും അതൃപ്തി തോന്നിത്തുടങ്ങിയതിനെ ശരിവയ്ക്കുന്ന ഇലക്ഷൻ കമ്മീഷന്റെ ഡാറ്റാ പുറത്തുവന്നു. അത് അടിസ്ഥാനമാക്കി ദീപിക മുഖപ്രസംഗവും എഴുതി. പെരിക്ലിസിനെ ഉദ്ധരിച്ചുകൊണ്ട് യുവാക്കളും സ്ത്രീകളും രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമാക്കേണ്ടതുണ്ടെന്നും, അല്ലെങ്കിൽ അപകടമെന്നുമുള്ള മുന്നറിയിപ്പും കണ്ടു.
പക്ഷേ, അത്ര എളുപ്പം പരിഹരിക്കാവുന്നതാണോ പുതിയ തലമുറയുടെ നിസംഗതയും ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയും. രോഗം അങ്ങേയറ്റം മൂർച്ഛിച്ച മരണക്കിടക്കയിലാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയെന്ന് നാം തിരിച്ചറിയണം. ഏത് വ്യവസ്ഥിതിയും അതിന്റെ സമയമാകുമ്പോൾ ജീർണിക്കുകയും കാലഹരണപ്പെടുകയും അതിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ പറ്റാതെ അസ്തമിക്കുകയും ചെയ്യും. അപ്പോൾ അതിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം, അതിനെ മാന്യമായി സംസ്കരിച്ചു, പുതുജീവൻ നൽകാനുള്ള വഴികളാണ് അന്വേഷിക്കേണ്ടത്. പുതിയകാല നിസംഗതയും അകൽച്ചയുമൊക്കെ അതിന്റെ സൂചനകളാണ്.
നമ്മൾ വളർത്തിയെടുത്ത തീവ്രമായ കക്ഷി രാഷട്രീയം, അതിനെ ചുറ്റിപ്പറ്റിയുള്ള ധാരണകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ കാലഹരണപ്പെട്ടതാണ്, രാഷ്ട്രീയവിരുദ്ധവുമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ നിർമിതിയാണ് ഇതെന്ന് നാം തിരിച്ചറിയണം. രാഷ്ട്രീയം, സമൂഹത്തിന്റെയും നാടിന്റെയും കാര്യങ്ങൾ നോക്കി നടത്താനുള്ള സംവിധാനം മാത്രമാണ്. അതുപോലെ അത് എല്ലാവരുടെയും കടമയുമാണ്. അതിന് ഇന്ന് നാം കാണുന്നതുപോലെയുള്ള പാർട്ടി സംവിധാനവും കുറെ സ്ഥിരം നേതാക്കളും ഒന്നും ഒഴിച്ചുകൂടാനാവാത്തതല്ല.
ഈ ശൈലി ബാധ്യതയാണ്
ആദ്യത്തെ ജനാധിപത്യ സംവിധാനത്തിൽ ഓരോരുത്തരും സിറ്റി ഹാളിൽ പോയി അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു എന്ന് നമുക്കറിയാം (ഡയറക്റ്റ് ഡെമോക്രസി). പിന്നീടാണ് നമ്മൾ നമുക്ക് പകരം പ്രതിനിധികളെ തെരഞ്ഞെടുത്തു വിടാൻ തുടങ്ങിയത് (റപ്രസെന്റേറ്റീവ് ഡെമോക്രസി).
പക്ഷേ, നമ്മൾ ഇപ്പോൾ പൂർണമായും നമ്മുടെ കാര്യങ്ങൾ നേതാക്കൾക്കും പാർട്ടികൾക്കും ഏല്പിച്ചു നിസംഗരായി, നിസഹായരായി ജീവിക്കാൻ വിധിക്കപ്പെട്ടവരായി. നാം വെറും കാഴ്ചക്കാരായി മാറി. അങ്ങനെ ഒരു രാഷ്ട്രീയ വർഗംതന്നെ രൂപപ്പെട്ടു. പങ്കാളിത്ത ജനാധിപത്യം എന്ന സങ്കൽപം വോട്ടിംഗിൽ മാത്രമൊതുങ്ങി. രാഷ്ട്രീയം കുറച്ച് ആൾക്കാരുടെ മുഴുവൻ സമയ പ്രവർത്തനമായി അധഃപതിച്ചു. അഴിമതിയിലൂടെയല്ലാതെ നിലനിർത്താൻ പറ്റാത്ത അതിഭയങ്കര സംവിധാനമായി രാഷ്ട്രീയവും പാർട്ടികളും മാറി. ഫ്രാങ്കിൻ സ്റ്റൈൻ എന്ന ജീവിയെപ്പോലെ, നാം രൂപം കൊടുത്ത സംവിധാനം നമ്മെ കീഴ്പ്പെടുത്താൻ തുടങ്ങി. അങ്ങനെ ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനശൈലികൾ നമ്മെ തുടർച്ചയായി പരാജയപ്പെടുത്തുന്നു എന്ന് നാം തിരിച്ചറിയണം. ഈ ശൈലി നമ്മുക്കൊരു ബാധ്യതയാണെന്ന് തിരിച്ചറിയണം.
ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനം
രാഷ്ട്രീയ കൊലപാതകങ്ങൾ, അക്രമം, അഴിമതി, സ്വജനപക്ഷപാതം, അപകടകരമായ കാര്യപ്രാപ്തി ഇല്ലായ്മ, വ്യക്തിപൂജ, മനം മടുപ്പിക്കുന്ന തെരഞ്ഞെടുപ്പു രീതികളും പ്രവർത്തനങ്ങളും പ്രചാരണവും തുടങ്ങി, നാടിന്റെ കാര്യങ്ങളെയും നമ്മുടെ രാഷ്ട്രീയ ജീവിതത്തെയും പാടെ നിരാകരിക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് അരങ്ങേറുന്നത്.
ഇന്ന് ജാതിയേക്കാളും പ്രശ്നം രാഷ്ട്രീയ തൊട്ടുകൂടായ്മയും വിഭജനവുമാണ്. ലോകത്തെവിടെയെങ്കിലും ഇത്ര ശക്തമായ രാഷ്ട്രീയ വിഭാഗീയതയും വൈരവും കൊലപാതകവും നടക്കാറുണ്ടോ? മുഖ്യധാരാ മാധ്യമങ്ങളും ഇതാണ് രാഷ്ട്രീയം എന്ന രീതിയിൽ ഇതെല്ലാം മണിക്കൂറുകളോളം ആഘോഷിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇന്ന് നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്ന പ്രധാന കാരണമായിട്ടുണ്ട് രാഷ്ട്രീയം. രാഷ്ട്രതാത്പര്യമില്ലാത്ത രാഷ്ട്രീയം എന്ന വിചിത്രമായ അവസ്ഥ.
ശസ്ത്രക്രിയ വലിയ വിജയം പക്ഷേ, രോഗി മരിച്ചു എന്ന് പറയുന്നതുപോലെ രാഷ്ട്രീയം തകൃതിയായി, എല്ലാ രൂപത്തിലും ഭാവത്തിലും, എപ്പോഴും എല്ലായ്പോഴും നടക്കുന്നു. പക്ഷേ, ഇതുകൊണ്ടെല്ലാം ജനങ്ങൾക്ക്, നാടിന് എന്തു പ്രയോജനം എന്ന് ജനം ചിന്തിച്ചുതുടങ്ങി. പൊതുവെ രാഷ്ട്രീയക്കാർ എന്നുപറഞ്ഞു നടക്കുന്നവർക്കൊഴികെ എന്നുള്ള ചിന്തയിൽ നിന്നാകാം പുതു തലമുറ ഇതിൽനിന്ന് വിട്ടുനിൽക്കുന്നതും നാടു വിടാൻതന്നെ ആഗ്രഹിക്കുന്നതും.
ഊരാക്കുടുക്കായ അവസ്ഥ!
ഊന്നുവടി ഊരാക്കുടുക്കായി എന്നുപറയുന്നതുപോലെ നമ്മെ സംബന്ധിച്ച് രാഷ്ട്രീയം ഊരാക്കുടുക്കായി മാറിയ അവസ്ഥയിലാണ്. അതുകൊണ്ട് രാഷ്ട്രീയത്തെക്കുറിച്ചു നമുക്കുള്ള റൊമാന്റിക് സങ്കൽപങ്ങൾക്കപ്പുറത്ത് അതിനെ നമ്മുടെ ആവശ്യങ്ങൾക്കായി മാറ്റിമറിക്കാൻ, പുതുക്കിപ്പണിയാൻ നാം ധൈര്യം കാട്ടണം. നാടിന്റെ നിരവധിയായ പ്രശ്നങ്ങൾ നോക്കിനടത്താൻ പറ്റിയ രീതിയിൽ രാഷ്ട്രീയത്തെ പുനർനിർമിക്കണം. അതിനുള്ള അവസരമാണ് ഈ നിസംഗതയും നിർവികാരതയുമൊക്കെ. അതിനെ മാത്രം ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നു ചുരുക്കം.
ഒരു പൊളിച്ചടുക്കൽ ആവശ്യമാണ്. ചിന്തകനായ ദെറിദാ പറഞ്ഞതുപോലെയുള്ള ഒരു അപനിർമാണം. ഇത് അത്ര എളുപ്പം സംഭവിക്കുമെന്നല്ല, പക്ഷേ, ശ്രമങ്ങൾ ഉണ്ടാകണം. പല ശ്രമങ്ങൾ വിജയത്തിലെത്തിക്കും. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പും സ്ഥാനാർഥിനിർണയവും പ്രചരണവും എല്ലാം പരമ്പരാഗത പാർട്ടികൾക്കുമാത്രം ഏല്പിച്ചു കൊടുക്കാതെ, പ്രാദേശിക കൂട്ടായ്മകളും അവരുടെ സ്വതന്ത്ര സ്ഥാനാർഥികളുമൊക്കെ തെരഞ്ഞെടുപ്പിൽ പങ്കാളികളാകാവുന്നതാണ്. ഈ രംഗത്ത് പ്രവർത്തിക്കാൻ അഭിരുചിയും ആഗ്രഹവുമുള്ള വ്യക്തികളും മത്സരിക്കാൻ തയാറാകണം.
ജനങ്ങളുടെ പിന്തുണ മതി
അഴിമതിരഹിതമായി, സ്വതന്ത്രമായി, ജനനന്മയ്ക്കായി നാടിന്റെ കാര്യങ്ങൾ നോക്കിനടത്താനുള്ള ആർജവം മാത്രം മതി മുതൽക്കൂട്ടായി. ഇന്ന് അവകാശപ്പെടുന്നപോലുള്ള രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ, കോടികൾ മുടക്കുന്ന പ്രചാരണതിന്റെയോ, പരമ്പരാഗത രാഷ്ട്രീയ നേതാക്കളുടെ അനുഗ്രഹത്തിന്റെയോ ഒന്നും ആവശ്യമില്ലാതാക്കണം. അതിലുപരി ജനങ്ങളുടെ പിന്തുണ മതി എന്ന സ്ഥിതി വരണം.
അങ്ങനെയുള്ളവരുടെ സ്വാധീനം ക്രമേണ വർധിച്ചുവരട്ടെ. അപ്പോൾ നാം സാധാരണ പേടിക്കുന്നതുപോലെ ഭരണം അസാധ്യമാകുകയില്ല, രാഷ്ട്രീയ അസ്ഥിരത ഉണ്ടാവുകയില്ല. ഇവയെല്ലാം ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ ഉത്പന്നങ്ങൾ മാത്രമാണ്. മറിച്ച് ഭരണം എല്ലാവർക്കും വേണ്ടി സാധ്യമാവുകയാണ്.
എന്തായാലും ഇപ്പോഴത്തെ സാമ്പ്രദായിക രീതിയിലുള്ള രാഷ്ട്രീയശൈലി അധികനാൾ നിലനിൽക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ചുരുക്കത്തിൽ, നമുക്ക് പ്രയോജനരഹിതമായ, നമ്മെ നിരാശരാക്കുന്ന തീർത്തും കാലഹരണപ്പെട്ട രാഷ്ട്രീയ സംവിധാനത്തെ പൊളിച്ചടുക്കി, നമ്മുടെ, നമുക്കുവേണ്ടിയുള്ള രാഷ്ട്രീയമാക്കാൻ നാം മുന്നിട്ടിറങ്ങിയേ മതിയാകൂ. കാരണം നാം രാഷ്ട്രീയ ജീവികളാണ്, രാഷ്ട്രീയം നമ്മുടെ, നാടിന്റെ കാര്യങ്ങൾ നോക്കി നടത്താനാണ്. അതാരുടെയും കുത്തകയല്ല, ആർക്കും തീറെഴുതി കൊടുക്കാനും പാടില്ല. അങ്ങനെയായാൽ രാഷ്ട്രീയം യുവതലമുറയുടേതുകൂടി ആകും, അവർ അതിൽ പങ്കാളികളാകും.