ചരിത്രത്തിലേക്ക് ഒരു ഡോക്കിംഗ്
സെബിൻ ജോസഫ്
Wednesday, January 8, 2025 12:06 AM IST
ഭാവിയിൽ ഇന്ത്യ നടത്തുന്ന വൻ ബഹിരാകശ ദൗത്യങ്ങളുടെ വേഗം കൂട്ടുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) നാളെ നടക്കും. ബഹിരാകാശത്തു വച്ച് പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ-4 (പോയെം-4) ലെ രണ്ട് ഉപഗ്രഹങ്ങൾ കൂട്ടി യോജിപ്പിക്കുന്ന പരീക്ഷണമാണ് സ്പെഡെക്സ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസി (ഇസ്രോ) വിക്ഷേപിച്ച പിഎസ്എൽവി-സി60 റോക്കറ്റ് ഡിസംബർ 30ന് രാത്രിയാണ് ചേസർ, ടാർഗറ്റ് പേടകങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്നലെ നടക്കേണ്ടിയിരുന്ന പരീക്ഷണം സാങ്കേതിക കാരണങ്ങളാൽ നാളത്തേക്ക് മാറ്റുകയായിരുന്നു. ഇസ്രോ 2027ൽ നടത്താനിരിക്കുന്ന ചന്ദ്രയാൻ-4ഉം 2028ൽ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയ (ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ) പദ്ധതി എന്നിവ യാഥാർഥ്യമാകാൻ സ്പെഡെക്സ് വിജയിക്കണം.
നിലവിൽ റഷ്യ, അമേരിക്ക, ചൈന രാജ്യങ്ങൾ ബഹിരാകാശത്ത് ഡോക്കിംഗ്, ബെർത്തിംഗ് പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ട്. ബഹിരാകാശനിലയം നിർമിക്കുന്നതിന് നിരവധി പേ ലോഡുകളെ കൂട്ടിയോജിപ്പിക്കുന്നതിനും അന്യഗ്രഹങ്ങളിൽനിന്നുള്ള വസ്തുക്കൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനും മറ്റു ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങൾ അയയ്ക്കുന്നതിന് ബഹിരാകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിനും ഡോക്കിംഗ് സാങ്കേതികവിദ്യ ആവശ്യമാണ്. നിലവിലെ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിനും ഡോക്കിംഗ് സാങ്കേതിക വിദ്യ ഉപകരിക്കും.
ഇസ്രോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്സി), സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്യു), ലബോറട്ടറി ഫോർ ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (എൽഇഒഎസ്) എന്നിവയുമായി സഹകരിച്ച് യു.ആർ. റാവു സാറ്റലേറ്റ് സെന്ററാണ് സ്പെഡെക്സ് പരീക്ഷണം നടത്തുന്നത്.
സ്പെഡെക്സ്
രണ്ട് പേടകങ്ങൾ ബഹിരാകാശത്തുവച്ച് സ്വയം നിയന്ത്രിച്ച് കൂട്ടിച്ചേർക്കുന്ന പരീക്ഷണമാണ് സ്പേസ് ഡോക്കിംഗ്. 220 കിലോഗ്രാം ഭാരം വരുന്ന ടാർഗറ്റ്, ചേസർ ഉപഗ്രങ്ങളാണ് കൂട്ടി യോജിപ്പിക്കുന്നത്. പിഎസ്എൽവി സി-60 റോക്കറ്റ് ഭൂമിയിൽനിന്ന് 700 കിലോമീറ്റർ അകലെ 20 കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചു. സെക്കൻഡിൽ എട്ടു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ടാർഗറ്റ്, ചേസർ ഉപഗ്രഹങ്ങൾ വേഗം കുറച്ച് കൂട്ടി യോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യും. ഉപഗ്രഹങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ കൂട്ടിയിടി ഒഴിവാക്കി ദൗത്യം വിജയിപ്പിക്കുക ശ്രമകരമാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കന്പനി അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഉപഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത്. ചന്ദ്രയാൻ-4 ദൗത്യത്തിന്റെ പ്രധാന ഭാഗമാണ് ഡോക്കിംഗ് എന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്ന ഗഗൻയാൻ പദ്ധതികളും സ്പെഡെക്സ് പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ഡോക്കിംഗ്
ഇന്റർനാഷണൽ ഡോക്കിംഗ് സിസ്റ്റം സ്റ്റാന്റേഡ് (ഐഡിഎസ്എസ്) അടിസ്ഥാനമാക്കിയാണ് ഇസ്രോ ഭാരതീയ ഡോക്കിംഗ് സിസ്റ്റം (ബിഡിഎസ്) വികസിപ്പിച്ചിരിക്കുന്നത്. 20 കിലോമീറ്റർ അകലത്തിലാണ് ടാർഗറ്റ്, ചേസർ ഉപഗ്രഹങ്ങളെ പിഎസ്എൽവി സി-60 ഭ്രമണപഥത്തിൽ എത്തിച്ചത്. മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം പത്തുദിവസം കൊണ്ടു കുറച്ച് ഡോക്കിംഗ് സാധ്യമാക്കും.
ഐഡിഎസ്എസ് ഡോക്കിംഗ് സംവിധാനത്തിൽ 24 മോട്ടോറുകൾ ഉപയോഗിച്ചാണ് ഡോക്കിംഗ് നടത്തുന്നതെങ്കിൽ ബിഡിഎസിൽ രണ്ടു മോട്ടോറുകൾ മാത്രമേ ഉള്ളൂ. 450 മില്ലിമീറ്റർ വ്യാസമാണ് സ്പെഡെക്സ് ഡോക്കിംഗ് പോയിന്റിനുള്ളത്. ഗഗൻയാൻ, ഭരതീയ അന്തരീക്ഷ സ്റ്റേഷനിൽ 800 മില്ലിമീറ്ററാണ് ഡോക്കിംഗ് പോയിന്റിന്റെ വ്യാസം. ഇരു ഉപഗ്രഹങ്ങളിലെയും ലേസർ സെൻസറുകളും കാമറയും ഉപയോഗിച്ച് ഡോക്കിംഗ് പോയിന്റിലേക്ക് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് കൂട്ടിച്ചേരൽ നടക്കും.
ഉപഗ്രഹങ്ങൾ തമ്മിൽ 20 മുതൽ 0.5 മീറ്റർ അകലം വ്യത്യാസമുള്ളപ്പോഴാണ് ഡോക്കിംഗ് സാധ്യമാക്കുക. ഉപഗ്രഹങ്ങൾക്ക് 125 കോടിയും പിഎസ്എൽവി സി-60 റോക്കറ്റിന് 250 കോടിരൂപയുമാണ് ചെലവ്.
മറ്റു പരീക്ഷണങ്ങൾ
റോബോട്ടിക് ആം ഉപയോഗിച്ച് മാലിന്യശേഖരണം, ലെഡ്-എക്സംപ്റ്റ് എക്സ്പെരിമെന്റൽ സിസ്റ്റം (ലെക്സ്), എംഇഎംഎസ് റേറ്റ് സെൻസർ, ബഹിരാകാശത്തു വിത്തുമുളപ്പിക്കുന്ന ക്രോപ്സ് മൊഡ്യൂൾ, മൾട്ടിസെൻസർ ഇനേർഷ്യൽ റഫറൻസ് സിസ്റ്റം (എംഐആർഎസ്), ആർആർഎം-ടിഡി (റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ) ഇഞ്ച് വേം മാതൃകയിൽ പ്രവർത്തിക്കുന്ന യന്ത്രക്കെെ, വിവിധ സെൻസറുകളുടെ പരീക്ഷണവും പോയെം-4 ൽ ഇസ്രോ നടത്തും. ആർആർഎം-ടിഡി പരീക്ഷണം വിജയിച്ചതിന്റെ വീഡിയോയും ക്രോപ്സ് മൊഡ്യൂളിൽ പയർ വിത്തുകൾ തളിരിട്ടതിന്റെ ചിത്രങ്ങളും ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്.
റോബോട്ടിക് ആം
പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ പോയം-4 ൽ റോബോട്ടിക് ആം പരീക്ഷണം വിജയകരമായി നടത്തി. ഇഞ്ച് വേം (ചാണ് പുഴ സഞ്ചരിക്കുന്നതു പോലെ) സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ (ആർആർഎം) പരീക്ഷണത്തിനുള്ള യന്ത്രക്കൈ നിർമിച്ചത് ഇസ്രോയുടെ തിരുവനന്തപുരത്തെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റാണ്. ചലിക്കാൻ സാധിക്കുന്ന റോബോട്ടിക് ആം ഉപയോഗിച്ച് ഭാവിയിൽ നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും. പൂർണമായും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.