ഇനിയൊരു ‘മുനമ്പം’ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണം
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
Wednesday, January 8, 2025 12:01 AM IST
ഈ വിഷയത്തിൽ അനാവശ്യമായി വന്നുചേർന്ന ആശയസംഘട്ടനവും തത്ഫലമായ ആശയക്കുഴപ്പങ്ങളുമാണ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികൾ. അതിന്റെ ഭാഗമായ രാഷ്ട്രീയ, വർഗീയ മുതലെടുപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടമാണ്.
സ്ഥിതിഗതികൾ ഇനിയും വഷളാകുന്ന പക്ഷം കൂടുതൽ വലിയ പ്രതിസന്ധികളിലേക്ക് കേരളം എത്തിച്ചേർന്നേക്കാം. ഇവിടെയാണ് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹവും സമുദായ നേതൃത്വങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പുകൾ ഈ വിഷയവുമായി ബന്ധപ്പെട്ടു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അനേകർ പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭാ നേതൃത്വം ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തിവരുന്നുണ്ട്. സഭാ മേലധ്യക്ഷന്മാർ പലപ്പോഴായി ഇത്തരമൊരു വിഷയം പൊതുജന ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. മുസ്ലിം ലീഗ് നേതാക്കളിൽ ചിലരും സാമൂഹിക ഐക്യം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള നീക്കങ്ങൾക്കെതിരേ ഉദ്ബോധനങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ അവർക്കിടയിൽപോലും തുടരുന്ന അഭിപ്രായ അനൈക്യവും അതിന്റെ തുടർച്ചയായ അസ്വാരസ്യങ്ങളും ആശങ്കാജനകമാണ്.
സർക്കാർ ഇടപെടലുകൾക്ക് സംഭവിക്കുന്ന കാലതാമസവും ഉദാസീനതയും വളരെ ഗൗരവമായ പോരായ്മകളാണ് എന്ന് പറയാതിരിക്കാനാവില്ല. ഈ വിഷയം രമ്യമായും നീതിനിഷ്ഠമായും പരിഹരിക്കുന്നതിന് ആവശ്യമായ ജാഗ്രതയോടെയുള്ള നീക്കങ്ങൾ നടത്തുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജുഡീഷൽ കമ്മീഷനെ നിയമിച്ചതോടെ തത്കാലം കൈകഴുകുന്ന നിലപാടും അനുബന്ധമായ അശ്രദ്ധയും തുടരുന്ന പക്ഷം, വലിയ പ്രതിസന്ധികൾ ഭാവിയിൽ കേരളം നേരിട്ടേക്കാം.
പരിഹാരമെന്ത്?
പരിഹാരമാർഗങ്ങളിൽ പ്രധാനമായൊന്ന് സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണ്. നിലവിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ജുഡീഷൽ കമ്മീഷനിൽ വലിയ പ്രതീക്ഷകളാണ് മുനമ്പം ജനതയ്ക്കുള്ളത്. എന്നാൽ, തത്കാലം മുഖം രക്ഷിക്കാനായി സ്വീകരിച്ച നടപടി മാത്രമല്ല ജുഡീഷൽ കമ്മീഷന്റെ നിയമനമെന്ന് സർക്കാർ സംവിധാനങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. വലിയ ജാഗ്രതയും സൂക്ഷ്മതയോടെയുള്ള ശ്രദ്ധയും സംസ്ഥാന സർക്കാരിന്റെ പക്ഷത്തുനിന്ന് ആവശ്യമുണ്ട്.
വഖഫ് നിയമ പരിഷ്കരണ ബിൽ കേന്ദ്രസർക്കാർ മുന്നോട്ടു വച്ചതിന് പിന്നാലെയാണ് മുനമ്പം വഖഫ് അവകാശവാദ വിഷയം കേരളത്തിൽ ചർച്ചയാകുന്നത്. ആ നിയമത്തിന് ആവശ്യമായ ചില പരിഷ്കരണങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യത്തിൽ കേരള കത്തോലിക്കാ സഭയ്ക്കും എതിരഭിപ്രായമില്ല. ന്യൂനപക്ഷ, മതവിശ്വാസ സംബന്ധമായ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടാതെതന്നെ മറ്റുള്ളവർക്ക് ദോഷകരമായേക്കാവുന്നതും ദുരുപയോഗ സാധ്യതകൾ ഉള്ളതുമായ വ്യവസ്ഥകൾ പരിഷ്കരിക്കപ്പെടുകയാണ് ആവശ്യം.
നിലവിലുള്ള വഖഫ് നിയമത്തിലെ ചില വകുപ്പുകൾ വളരെ ദോഷകരമാണ് എന്നതിൽ തർക്കമില്ല. ഉദാഹരണമായി, നാൽപ്പതാം വകുപ്പിന്റെ പ്രാരംഭ ഖണ്ഡിക പ്രകാരം ‘വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ’ ഒരു വസ്തു വഖഫ് പ്രോപ്പർട്ടി ആയി സ്ഥിരീകരിക്കാനുള്ള നടപടികളിലേക്ക് വഖഫ് ബോർഡിന് പ്രവേശിക്കാം എന്നാണ് ഇവിടെ പറഞ്ഞുവയ്ക്കുന്നത്.
ഈ വകുപ്പു പ്രകാരമാണ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് സ്ഥാപിക്കാനായി കേരള വഖഫ് ബോർഡ് നടപടികൾ ആരംഭിച്ചത്. ഇപ്രകാരമൊരു നടപടി വഖഫ് ബോർഡ് ആരംഭിക്കുന്നപക്ഷം അവകാശവാദത്തിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കപ്പെടുന്നതിനു മുമ്പുതന്നെ ഉടമസ്ഥരുടെ റവന്യു അവകാശങ്ങൾ തടസപ്പെടുകയും വർഷങ്ങളോളം കേസുമായി മുന്നോട്ടു പോകേണ്ടിവരികയും ചെയ്യും. ഇത്തരം വിഷയങ്ങൾ പരിഗണനയ്ക്ക് വരുന്നത് വഖഫ് ട്രൈബ്യൂണലിന് മുന്നിലാണ്. എന്നാൽ, വഖഫ് ട്രൈബ്യൂണലിന്റെ വിധിക്ക് അപ്പീലിനു പോകാനുള്ള അവസരം പരിമിതപ്പെടുത്തുന്ന വ്യവസ്ഥയും നിലവിലുള്ള വഖഫ് നിയമത്തിലുണ്ട്. ഫലത്തിൽ, അത്യന്തം അപകടകരമായ ദുരുപയോഗ സാധ്യതകളാണ് വഖഫ് നിയമത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.
ഇക്കാരണത്താൽ വഖഫ് നിയമം ശരിയായ രീതിയിൽ പരിഷ്കരിക്കപ്പെടുക ഈ കാലഘട്ടത്തിന്റെ ആവശ്യംകൂടിയാണ്. മുനമ്പത്തിന് പുറമെ കേരളത്തിൽതന്നെയും മറ്റു സംസ്ഥാനങ്ങളിലും വഖഫ് കുരുക്കിൽ അകപ്പെട്ടുകിടക്കുന്ന സ്ഥലങ്ങൾ പലതുണ്ട്. വഖഫ് ബോർഡിന്റെ വെബ്സൈറ്റിലെ ആസ്തിവിവര പട്ടികയിൽ വിശദാംശങ്ങൾ ലഭ്യമാണ്. അത്തരത്തിൽ വെളിയിൽ വന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സമീപകാലത്ത് കേരളം കണ്ടിരുന്നു.
മുൻകാല പ്രാബല്യത്തോടെയുള്ള നിയമ പരിഷ്കരണം
ഈ പശ്ചാത്തലത്തിൽ വഖഫ് നിയമത്തിന് മുൻകാല പ്രാബല്യത്തോടെയുള്ള പരിഷ്കരണം ഉണ്ടാകണം എന്ന ആവശ്യം വളരെ ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ, മുൻകാല പ്രാബല്യത്തോടെയുള്ള നിയമ പരിഷ്കരണങ്ങൾ വളരെ അപൂർവമാണ് എന്നുള്ളത് ഇവിടെ ഒരു വെല്ലുവിളിയാണ്. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന സ്ഥലത്തിനുമേൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശവാദത്തെ തുടർന്നുണ്ടായ കേസ് ഹൈക്കോടതി കഴിഞ്ഞ നവംബറിൽ തള്ളുകയുണ്ടായി. വഖഫ് നിയമത്തിലെ 52 A വകുപ്പ് കൂട്ടിച്ചേർക്കപ്പെട്ട 2013നു മുമ്പ് അവിടെ പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നു എന്നതിനാൽ പുതിയ വകുപ്പ് ബാധകമാകില്ല എന്നതിനാലാണ് കേസ് തള്ളിപ്പോയത്.
അതേസമയം, 1995ലെ വഖഫ് നിയമത്തിലെ പല വകുപ്പുകളും കാലബന്ധിതമല്ല. 1950ൽ നൽകിയ ദാനാധാരത്തിലെ വ്യവസ്ഥകൾ പ്രകാരം 1989-91 കാലഘട്ടത്തിൽ ഫാറൂഖ് കോളജ് നടത്തിയ സ്ഥലവിൽപ്പന, 2009ലെ നിസാർ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2019ൽ വഖഫ് ബോർഡ് വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടത് 1995ലെ വഖഫ് നിയമത്തിന്റെ പിൻബലത്തിലാണ്.
നിയമ പരിഷ്കരണത്തിന് മുൻകാല പ്രാബല്യം വേണം എന്ന ആവശ്യത്തിന് നിയമപരമായ പരിമിതികൾ നേരിട്ടാലും, 1995ലെ വഖഫ് നിയമത്തിലെ വകുപ്പുകൾ ആ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്ന സ്വത്തുക്കൾക്കുമേലും അവകാശം ഉന്നയിക്കാനുള്ള സാധ്യതകൾ തുറന്നുനൽകുന്നത് റദ്ദാക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ദുരുപയോഗ സാധ്യതകൾ നിലനിൽക്കുകയും മുനമ്പത്ത് ഉൾപ്പെടെ നിലവിൽ നിലനിൽക്കുന്ന അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾ, പരിഷ്കരിക്കപ്പെടുന്ന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോവുകയും ചെയ്യും.
എന്നാൽ, കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമപരിഷ്കരണ ബിൽ ഇപ്പോഴും ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ തുടരുകയാണ്. ഈ കമ്മിറ്റിക്ക് നീട്ടിക്കൊടുത്ത കാലാവധി അടുത്ത ലോക്സഭാ സമ്മേളനത്തിന്റെ അവസാനദിവസമായ ഫെബ്രുവരി 12 വരെയാണ്. ആ സമ്മേളനത്തിലും ബിൽ അവതരിപ്പിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മറ്റു ദേശീയ രാഷ്ട്രീയ പാർട്ടികളും കേരള സർക്കാരും പ്രായോഗികവും യുക്തവുമായ നിലപാട് സ്വീകരിക്കുകയും, പ്രതിസന്ധിയിലായിരിക്കുന്ന മുനമ്പം ജനത ഉൾപ്പെടെയുള്ള സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുകയും വേണം.
കഴിഞ്ഞ ദിവസം മുനമ്പം സന്ദർശിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരുടെ വാക്കുകൾ ഏറെ ആശ്വാസപ്രദമാണ്. മുനമ്പത്തെ ജനങ്ങളുടെ ജീവിതാവസ്ഥകൾ നേരിട്ടു കണ്ട കമ്മീഷൻ, “ഒരു കോടതിയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല” എന്ന വെളിപ്പെടുത്തൽ മാധ്യമങ്ങൾക്കുമുന്നിൽ നടത്തുകയുണ്ടായി. അതിനാൽ കമ്മീഷന്റെ അന്തിമ വിലയിരുത്തൽ നിർണായകമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറയുകയുണ്ടായി. ശരിയായ രീതിയിലുള്ള ഇടപെടലുകൾ യഥാസമയം നടത്താൻ സർക്കാർ തയാറാവുകയും നീതിപൂർവവും സത്യസന്ധവുമായ നിലപാടുകൾ രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുകയുമാണ് ഇനിയുള്ള ആവശ്യങ്ങൾ. ഈ വിഷയത്തിലെ അനാവശ്യ ശാഠ്യം കൈവിടാൻ മുസ്ലിം സംഘടനകളും നേതൃത്വവും തീരുമാനമെടുക്കണം. മുനമ്പത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതോടൊപ്പം, ഇനിയൊരു ‘മുനമ്പം’ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)