മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ (സെക്രട്ടറി കെസിബിസി ജാഗ്രത കമ്മീഷൻ)
Tuesday, January 7, 2025 1:25 AM IST
“വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതിനിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുതെന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്.
വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം നിവാസികളുടെ നിരാഹാര സമരം 90 ദിവസം പൂർത്തിയായിരിക്കുകയാണ്. പതിറ്റാണ്ടുകളായി തങ്ങൾ അധിവസിച്ചിരുന്ന ഭൂമി പിൽക്കാലത്തുണ്ടായ ഒരു കരിനിയമത്തിന്റെ ദുരുപയോഗം മൂലം നഷ്ടപ്പെടുമെന്ന ദുരവസ്ഥയിലാണ് അവർ സമരത്തിനിറങ്ങിയത്. സമരം ആരംഭിക്കുന്നതിനു മുമ്പുള്ള കാലങ്ങളിൽ ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളാലാവും വിധം അവർ പരിശ്രമിച്ചിട്ടും ഒരു പ്രതിവിധി കണ്ടെത്താൻ ഉത്തരവാദിത്വപ്പെട്ടവരാരും അവരെ സഹായിച്ചില്ല. ഒടുവിൽ, ശക്തമായി സമരമുഖത്തേക്കിറങ്ങിയപ്പോഴാണ് ഈ പ്രശ്നം പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നിലെത്തുന്നത്.
പ്രതിസന്ധിയുടെ പിന്നാമ്പുറം
2019ൽ വഖഫ് ബോർഡ് ആ പ്രദേശത്തെ ആസ്തിപ്പട്ടികയിലേക്ക് ഉൾപ്പെടുത്തിയതുവഴിയാണ് ഇപ്പോഴുള്ള പ്രതിസന്ധി രൂപപ്പെടുന്നത്. അതിനുശേഷം പലരും നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും അന്വേഷണങ്ങളും വ്യക്തമാക്കുന്നത് വഖഫ് ബോർഡിന്റെ തീരുമാനം തികച്ചും അന്യായവും നിയമ വിരുദ്ധവുമാണെന്നാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് പാട്ടത്തിനു ലഭിച്ച ഭൂമി സ്വാതന്ത്ര്യാനന്തരം, എപ്രകാരമാണ് സ്വകാര്യ സ്വത്തായി മാറിയത് എന്നതിന് വ്യക്തമായ ഉത്തരം ഇനിയും ലഭ്യമല്ല. എങ്കിലും, 1950ൽ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി ലഭിച്ച ഭൂമിക്കുമേൽ ക്രയവിക്രയ അവകാശവും ഉടമ്പടി പ്രകാരം ഉണ്ടായിരുന്നു എന്നുള്ളതാണ് ഇത് വഖഫ് ഭൂമിയല്ലെന്ന് ഉറപ്പിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പലപ്പോഴായി ഫാറൂഖ് കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളതും തങ്ങൾക്ക് ലഭിച്ച സ്ഥലം വഖഫ് ഭൂമി ആയിരുന്നില്ല എന്നതാണ്.
സംസ്ഥാന സർക്കാരിന് പെട്ടെന്നുള്ള ഇടപെടൽ പലവിധത്തിലും സാധ്യമായിരുന്നു എന്നിരിക്കിലും സമരം ആരംഭിച്ച് ഏഴ് ആഴ്ചകൾക്കൊടുവിൽ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷൽ കമ്മീഷനായി നിയോഗിക്കുകയാണ് സർക്കാർ ചെയ്തത്. മൂന്നു മാസമാണ് കമ്മീഷന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ജുഡീഷൽ കമ്മീഷനെ വലിയ പ്രതീക്ഷയോടെയാണ് മുനമ്പം നിവാസികൾ കാണുന്നതെങ്കിലും തങ്ങളുടെ സമരം അവസാനിപ്പിക്കാൻ അവർ തയാറായിട്ടില്ല.
വഖഫ് ബോർഡിന്റെയും മുസ്ലിം സംഘടനകളുടെയും നിലപാട്
മുനമ്പം പ്രദേശത്തെ അറുനൂറിൽപരം കുടുംബങ്ങളുടെ സ്വന്തമായ ഭൂമിക്കു മേലുള്ള വഖഫ് അവകാശവാദം ഒരു ഘട്ടത്തിലും പിൻവലിക്കാൻ വഖഫ് ബോർഡ് തയാറായിട്ടില്ല. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ പലപ്പോഴായി തന്ത്രപരമായ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിലും വഖഫ് അവകാശവാദത്തെ തള്ളിപ്പറയാൻ ആരും തയാറായിട്ടില്ല. എങ്കിലും, മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന നിലപാട് ആരംഭം മുതൽ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡിസംബർ 25ന് മുനമ്പം സമരപ്പന്തലിൽ പ്രത്യാശാ ദീപം തെളിക്കാനെത്തിയ അദ്ദേഹം തന്റെ നിലപാട് ആവർത്തിക്കുകയുണ്ടായി. രേഖകൾ പരിശോധിച്ച ശേഷമാണ് താൻ ഈ നിലപാട് സ്വീകരിച്ചതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കുകയും ചെയ്തു. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ മുൻപാകെ വഖഫ് നിയമ പരിഷ്കരണത്തിന് എതിർപ്പ് അറിയിച്ച വേളയിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന നിലപാടാണ് കോൺഗ്രസ് എംപിമാർ സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി പരസ്യമായി വി.ഡി. സതീശനെ തള്ളിപ്പറയുകയുണ്ടായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വി.ഡി. സതീശന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത് വഖഫ് ഭൂമിയല്ല എന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്നുമാണ് പൊതുവേദിയിൽ കെ.എം. ഷാജി പറഞ്ഞത്. തുടർന്ന്, കൂടുതൽ ശക്തമായ ഭാഷയിലാണ് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും വഖഫ് ഭൂമി ആണോ അല്ലയോ എന്ന കാര്യത്തിൽ യാതൊരു തർക്കത്തിന്റെയും ആവശ്യമില്ലെന്നും ആരുപറഞ്ഞാലും അതങ്ങനെ അല്ലാതാകില്ലെന്നുമാണ് ഇ.ടി. പറഞ്ഞത്. വയനാട്ടിലെയും പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷമാണ് ഇത്തരം വാദങ്ങൾ പരസ്യമായി ഉയർന്നു തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന വാദത്തെ തള്ളിയില്ല. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്ന മുസ്ലിം ലീഗിന്റെ നിലപാടാണ് സാദിഖലി ശിഹാബ് തങ്ങൾ പലപ്പോഴായി വ്യക്തമാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് ആരും പറഞ്ഞിട്ടില്ല എന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കുകയുണ്ടായി. ഇത്തരത്തിൽ, തുടക്കത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നയപരമായ സമീപനത്തിൽ ക്രമേണ മാറ്റം വരുന്നതായാണ് വ്യക്തമായിട്ടുള്ളത്. തുടർന്ന് പ്രധാനികളെല്ലാം പരസ്യമായ പ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു.
പല മുസ്ലിം സംഘടനകളും ഈ വിഷയത്തിൽ കൂടുതൽ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിവിധ മുസ്ലിം സംഘടനകളുടെ മുഖപത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും മറ്റും വ്യാപകമായ പ്രചരണങ്ങൾ ഈ വിഷയം സംബന്ധിച്ച് നടത്തുകയുണ്ടായിട്ടുണ്ട്. മുനമ്പം വിഷയത്തെ പ്രതിരോധിക്കാനും ജനശ്രദ്ധ വഴിതിരിച്ചുവിടാനുമായി മറ്റുചില അനുബന്ധ പ്രചരണങ്ങൾ നടത്തുന്നതിനും അത്തരക്കാർ ശ്രമിച്ചു. കത്തോലിക്കാ സഭയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമകൾ എന്ന രീതിയിലുള്ള പ്രചാരണങ്ങളും ഈയടുത്ത കാലത്തുണ്ടായ ടിഡിഎസ് കേസിലെ സുപ്രീംകോടതി വിധി സംബന്ധിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങളും ചില കോണുകളിൽനിന്ന് ഉണ്ടായത് ഉദാഹരണങ്ങളാണ്.
ഭാവിയിൽ നേരിടാനിടയുള്ള വെല്ലുവിളികൾ
ഈ വിഷയത്തിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ജുഡീഷൽ കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് എന്തുതന്നെയായാലും അത് എപ്രകാരമാണ് കേരള സമൂഹം സ്വീകരിക്കുക എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, എന്നാൽ മുനമ്പം നിവാസികൾ പുറത്താക്കപ്പെടാൻ പാടില്ല എന്ന മുസ്ലിം ലീഗിന്റെ നിലപാട് പ്രത്യക്ഷത്തിൽ നല്ല സമീപനമെന്ന് തോന്നാമെങ്കിലും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
മുനമ്പം വഖഫ് ഭൂമിയാണെന്ന് സ്ഥാപിക്കപ്പെട്ടാൽ നിലവിലുള്ള വഖഫ് നിയമപ്രകാരം എങ്ങനെ പ്രദേശവാസികൾക്ക് അവിടെ തുടരാൻ കഴിയും എന്നുള്ളതാണ് പ്രധാന ചോദ്യം. മറ്റെവിടെയെങ്കിലും തുല്യമായ ഭൂമി വിട്ടുകൊടുത്ത് മുനമ്പത്തെ ഭൂമി തത്സ്ഥിതിയിൽ നിലനിർത്തുക എന്നുള്ളതാവാം ഒരുപക്ഷേ പരിഹാരമായി മുന്നോട്ടു വയ്ക്കപ്പെടുന്നത്. എന്നാൽ, അത് ശാശ്വത പരിഹാരമെന്ന് കരുതാനാവില്ല.
നിലവിലുള്ള വഖഫ് നിയമം ഇപ്രകാരം തന്നെ തുടരുന്ന പക്ഷം വർഷങ്ങൾക്കുശേഷം മറ്റാരെങ്കിലും അവകാശവാദം ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യുകയും ചെയ്താൽ വീണ്ടും സമാനമായ പ്രതിസന്ധികൾ ഉടലെടുത്തേക്കാം. മുനമ്പത്തെ ഭൂമി വഖഫ് അല്ല എന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ, ഇപ്പോൾ മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന നിലപാട് ശക്തമായി സ്വീകരിച്ചിരിക്കുന്ന സമുദായ സംഘടനാ നേതൃത്വങ്ങളുടെ പ്രതികരണം എപ്രകാരമായിരിക്കും എന്നുള്ള ചോദ്യമാണ് മറ്റൊന്ന്.
ആരംഭഘട്ടത്തിൽ ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ വളരെ മുമ്പേ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന ഒരു തർക്കം മാത്രമായിരുന്നു ഇതെന്ന് പ്രതിപക്ഷം പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും ഗൗരവപൂർണമായ ഇടപെടൽ നടത്താൻ സർക്കാർ തയാറാകണമെന്ന് ജനുവരി മൂന്നിന് സമരപ്പന്തൽ സന്ദർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുകയുണ്ടായി. ജുഡീഷൽ കമ്മീഷനെ നിയോഗിച്ച നടപടിയോടെ സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല എന്നത് വസ്തുതയാണ്. നിലവിൽ ഈ വിഷയത്തിൽ വന്നുചേർന്നിരിക്കുന്ന സങ്കീർണതകൾ സർക്കാരിന്റെ ഉത്തരവാദിത്വം വളരെയേറെ വർധിപ്പിച്ചിട്ടുമുണ്ട്.
(തുടരും)