എയ്ഡഡ് വിദ്യാലയങ്ങളും നമ്മുടേതാണ്
ഷിനു ആനത്താരയ്ക്കൽ
Tuesday, January 7, 2025 1:20 AM IST
ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭാഗത്തിൽ ‘സ്കൂൾ എന്ന പൊതു ഇടം’ എന്ന തലക്കെട്ടിൽ കുട്ടികൾക്ക് യാതൊരു വിവേചനവുമില്ലാതെ പഠിക്കാനും വളരാനും കഴിയുന്ന ഇടമാകണം സ്കൂളുകൾ എന്നു വ്യക്തമാക്കുന്നു. സ്കൂൾ എന്നത് സമൂഹം സൃഷ്ടിച്ച സ്ഥാപനമാണ്. അതുകൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കും കെട്ടിടത്തിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്.
കൂടാതെ എയ്ഡഡ് വിദ്യാലയങ്ങളും നമ്മുടേതാണെന്നും അവിടെ പഠിക്കുന്ന നമ്മുടെ കുട്ടികൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും റിപ്പാർട്ടിൽ ഉറപ്പിച്ചു പറയുന്നു. ചില എയ്ഡഡ് സ്കൂളുകളെങ്കിലും നൂറു വർഷമൊക്കെ പിന്നിട്ടിട്ടും കെട്ടിടങ്ങളും മറ്റും പുതുക്കിപ്പണിയാനാകാതെ ശോചനീയാവസ്ഥയിലായിട്ടുണ്ടെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. ഇതിനുള്ള പരിഹാരമെന്ന നിലയിൽ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നതിന് എയ്ഡഡ് സ്കൂളുകളെയും അനുവദിക്കണമെന്ന ഖാദർ കമ്മിറ്റിയുടെ നിർദേശത്തിന് അത്യധികം പ്രാധാന്യമുണ്ട്.
എയ്ഡഡ് വിദ്യാലയങ്ങളും പൊതു കാഴ്ചപ്പാടും
കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം വിമർശിക്കപ്പെടുന്ന ഒരു വിഭാഗമാണ് എയ്ഡഡ് സ്കൂളുകൾ. കോഴ വാങ്ങി മാനേജർ നിയമിക്കുന്ന അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു, എയ്ഡഡ് സ്കൂളുകളിൽ സംവരണം പാലിക്കപ്പെടുന്നില്ല, അധ്യാപകർക്ക് നിലവാരമില്ല തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെടാറുള്ളത്. ഇങ്ങനെ തല്പരകക്ഷികളാൽ പരിഹസിക്കപ്പെടുമ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും രക്ഷിതാക്കളും എയ്ഡഡ് സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം!
‘നിലവാരമില്ല’ എന്ന് വാദിച്ച് എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നവർ കണ്ണടച്ചിരുട്ടാക്കുന്നവരാണ്. കേവലം ഒന്നേകാൽ മണിക്കൂർ പിഎസ്സി പരീക്ഷ പാസാകാത്തവർ എന്നതാണ് പരിഹാസകാരണം; പിന്നെ, കോഴ കൊടുത്ത് ജോലിയിൽ പ്രവേശിക്കുന്നുവെന്നതും!
നിലവാരക്കുറവ് ആരോപിക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം. കേരളത്തിലെ ഏതെങ്കിലും ഒരധ്യാപകൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത നേടാതെ എയ്ഡഡ് അധ്യാപകനായി ശമ്പളം പറ്റുന്നുണ്ടോ?
വർഷങ്ങൾ നീളുന്ന പരിശീലനങ്ങൾക്കും പരീക്ഷകൾക്കും ശേഷം നൽകുന്ന യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളേക്കാൾ പിഎസ്സിയുടെ ഒന്നേകാൽ മണിക്കൂർ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് നിലവാര മാനദണ്ഡമെന്നു പ്രചരിപ്പിക്കുന്നത് എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നതിനു മാത്രമാണ്. എയ്ഡഡ് വിദ്യാലയങ്ങളിൽ നാനാജാതി മതസ്ഥരായ കുട്ടികൾ യാതൊരു വേർതിരിവും കൂടാതെ ഒരുമിച്ച് പഠിച്ചു വളരുന്നുവെന്നതാണ് യാഥാർഥ്യം.
മൂല്യങ്ങളുടെ കൈമാറ്റം
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ പുലർത്തുന്ന ചില മൂല്യങ്ങളും ചിട്ടകളുംകൂടി എടുത്തു പറയേണ്ടതാണ്. പൊതുവായ അച്ചടക്കം മുതൽ ഫൈനൽ പരീക്ഷാഫലം വരെ മികച്ച നിലവാരത്തിനായി ശ്രമിക്കുന്നതു കൂടാതെ സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിൽ വരെ ക്രിസ്ത്യൻ എയ്ഡഡ് സ്കൂളുകൾ പ്രത്യേക ഊന്നൽ നൽകുന്നു. അപ്പോഴും സർക്കാർ നയത്തിനും നിർദേശത്തിനും പ്രാധാന്യം നൽകി മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നതും വിസ്മരിക്കരുത്.
ക്രിസ്ത്യൻ ന്യൂനപക്ഷാവകാശ പ്രകാരം എല്ലാ കുട്ടികൾക്കുമായി സന്മാർഗബോധനമെന്ന പേരിൽ നിശ്ചിത സമയം മാറ്റിവയ്ക്കുന്നതിന്റെ ഗുണഫലം കൂടി തിരിച്ചറിയണം. മോറൽ ക്ലാസുകൾ വഴി കുട്ടികൾ വെറും അക്ഷരാഭ്യാസം തേടുന്നവർ മാത്രമാകാതെ ഭാവിയിൽ കുറച്ചെങ്കിലും മാനവിക മൂല്യങ്ങളുടെ സംരക്ഷകരായി മാറാൻ അവരെ പ്രചോദിപ്പിക്കുന്നതിനാണിത്. സന്മാർഗ ക്ലാസിൽ വ്യത്യസ്ത മത കാഴ്ചപ്പാടുകളും സച്ചിന്തകളും ചേർത്തവതരിപ്പിക്കുന്നതിലൂടെ മതസൗഹാർദവും നന്മയുമാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ഒരു ക്രിസ്ത്യൻ കുട്ടി ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചാലും നാളെ അവൻ പൊതു സമൂഹത്തിന്റെ ഭാഗമാണെന്നും മറ്റു മതസ്ഥരുമായി ചേർന്നു ജീവിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് നൽകാൻ കഴിയുന്നു.
രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനായി എയ്ഡഡ് പള്ളിക്കൂടങ്ങളെയാണ് കൂടുതലായി ആശ്രയിച്ചിട്ടുള്ളത് എന്നുള്ള കാര്യം രഹസ്യമല്ല. കേരളത്തിലെ ബഹുഭൂരിപക്ഷം പേരും എയ്ഡഡ് സ്കൂളുകളെയാണ് ഇന്നും ആശ്രയിക്കുന്നത് എന്നത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
എയ്ഡഡ് മാനേജർമാർ എല്ലാവരും കൈക്കൂലിക്കാരാണ് എന്ന രീതിയിലാണ് ഇക്കാലത്തെ വ്യാഖ്യാനം. ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ഒരു നിലവാരവുമില്ലാത്തയാളുകളെ അധ്യാപകരായി നിയമിച്ച് സർക്കാർപണം അടിച്ചു മാറ്റുന്നുവെന്നാണ് ആരോപണം. എന്നാൽ, നിയമനത്തിന് കൈക്കൂലി വാങ്ങാത്ത; റാങ്കുൾപ്പെടെയുള്ള ഉന്നത വിജയങ്ങളും അധിക പരീക്ഷാ യോഗ്യതകളുമൊക്കെയുള്ളവരെ മാത്രം നിയമിക്കുന്ന മാനേജ്മെന്റുകളും കേരളത്തിലുണ്ടെന്നറിയുക.
എയ്ഡഡ് വിദ്യാലയങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പലതാണെങ്കിലും അവ നമ്മുടെ നാട്ടിൽ നിലനിന്നേ മതിയാകൂ. സാമ്പത്തിക തലത്തിൽ ചിന്തിക്കുമ്പോൾ ചെലവ് വളരെക്കുറഞ്ഞ ഇടമായതിനാൽ രക്ഷിതാക്കളിലധികവും എയ്ഡഡ് സ്കൂളുകളെയാണ് ആശ്രയിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ തന്നെ ക്രിസ്ത്യൻ എയ്ഡഡ് സ്കൂളുകൾക്ക് പല സവിശേഷതകളുമുണ്ടെങ്കിലും സ്കൂളുകൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്.
ന്യൂനപക്ഷാവകാശം
കാത്തലിക് എയ്ഡഡ് സ്കൂളുകൾ പലതും ന്യൂനപക്ഷാവകാശപ്രകാരമാണ് പ്രവർത്തിച്ചു വരുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭരണഘടന തയാറാക്കിയ മഹാരഥന്മാർ ഭാവിയിലും ഭാരതത്തിന്റെ പൈതൃകവും വൈവിധ്യവും നിലനിർത്തണമെന്നും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ (ഭൂരിപക്ഷം) ഭരണം നിശ്ചയിക്കപ്പെടുമ്പോൾ എണ്ണത്തിൽ തീരെക്കുറഞ്ഞവരെ (ന്യൂനപക്ഷം) ചവിട്ടിത്തേക്കരുതെന്നും മുൻകൂട്ടി നിശ്ചയിച്ചതിന്റെ ഫലമാണ് ന്യൂനപക്ഷാവകാശം. അത് ആരെങ്കിലും വച്ചുനീട്ടുന്ന ആനുകൂല്യമല്ല; ആരുടെയെങ്കിലും അവകാശങ്ങൾ പിടിച്ചെടുത്തതുമല്ല. മറിച്ച് ഭരണഘടന നൽകുന്ന പ്രത്യേക പരിഗണനയാണത്-ഒരു ജനവിഭാഗം എണ്ണത്തിൽ കുറവായിരിക്കുന്നിടത്തോളം കാലം രാജ്യം അവർക്കു നൽകുന്ന അവകാശമാണത്.
രാജ്യത്തെ ജനസംഖ്യയിൽ കേവലം 1.5 ശതമാനം മാത്രമാണ് കത്തോലിക്കർ. തങ്ങളുടെ വിശ്വാസവും സംസ്കാരവും പാരമ്പര്യവുമെല്ലാം വരും തലമുറയിലേക്കു പകർന്നു നൽകിയാൽ മാത്രമേ ഈ സമുദായം ഭാരതത്തിന്റെ മണ്ണിലവശേഷിക്കൂ. അതുകൊണ്ടുതന്നെ തങ്ങളുടെ മതവിശ്വാസവും സാംസ്കാരികത്തനിമയും നിലനിർത്താനും വരും തലമുറയിലേക്കു കൈമാറ്റം ചെയ്യാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിവാര്യമാണ്. അവ നടത്തിക്കൊണ്ടുപോകാനുതകുന്ന മതവിശ്വാസികളായ അധ്യാപകരെ നിയമിക്കാൻ ഭരണഘടന നൽകുന്ന ന്യൂനപക്ഷാവകാശത്തെ ഒരു കുറ്റമായി ചിത്രീകരിക്കുന്നത് ശരിയാണോ? എന്നിരുന്നലും മറ്റു മതസ്ഥരായ കുട്ടികൾക്കിടയിൽ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള വേദിയായി ക്രിസ്ത്യൻ സ്കൂളുകൾ മാറുന്നില്ലെന്നതും ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇക്കാലത്തിനിടയിൽ ക്രിസ്ത്യൻ പള്ളിക്കൂടങ്ങളിൽനിന്നു പഠിച്ചിറങ്ങിയ അക്രൈസ്തവരെല്ലാം ക്രിസ്ത്യാനികളായി മാറില്ലായിരുന്നോ?
കേരളത്തിലെ ഭൂരിഭാഗം എയ്ഡഡ് സ്കൂളുകളും കോളജുകളും ആ പ്രദേശത്തെ ചങ്കായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതായത് കോടിക്കണക്കിനു രൂപയുടെ ആസ്തിയാണ് എയ്ഡഡ് വിദ്യാലയം എന്ന പേരിൽ സംരക്ഷിച്ചു പോരുന്നത്. ഒരു ഷോപ്പിംഗ് കോപ്ലക്സോ മറ്റോ നിർമിച്ചാൽ ലക്ഷക്കണക്കിന് രൂപ തിരിച്ചു കിട്ടേണ്ടിയിടത്താണ് പള്ളിക്കൂടവും അതിനോടനുബന്ധിച്ച ഏക്കറു കണക്കിനു സ്ഥലവും പൊതു സമൂഹത്തിനായി തുറന്നു കിടക്കുന്നത്. അതിന്റെ മുഖ്യ പ്രായോജകരാകട്ടെ സർക്കാരും.
കാരണം, മികച്ച വിദ്യാഭ്യാസ സൗകര്യം ഒരുക്കി ഇന്നത്തെ കുട്ടികളെ നാളത്തെ ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കേണ്ടത് അതതു കാലത്തെ സർക്കാരിന്റെ കടമയാണ്. അതുകൊണ്ടാണല്ലോ ഒരു വിദ്യാലയത്തിൽ അനുവർത്തിക്കേണ്ട പാഠ്യപദ്ധതിയും ബോധന സമ്പ്രദായവും മൂല്യനിർണയ രീതികളുമെന്തൊക്കെയെന്ന് നിശ്ചയിക്കുന്ന പരമാധികാരിയായി സർക്കാർ നിലകൊള്ളുന്നതും. പ്രസ്തുത ലക്ഷ്യപ്രാപ്തിക്കായി കേരളത്തിലുടനീളം വിദ്യാലയങ്ങൾ തുടങ്ങാൻ സർക്കാരിനു സാധിക്കാതെ വന്നപ്പോൾ അതിനു സഹായിച്ച സർക്കാരിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുണകാംക്ഷിയുമായാണ് എയ്ഡഡ് മാനേജ്മെന്റുകളെ കാണേണ്ടത്.
എയ്ഡഡ് മാനേജർക്ക് ആകെയുള്ള അവകാശമെന്നത് ജീവനക്കാരെ നിയമിക്കാനും സ്ഥലം മാറ്റാനും വേണ്ടിവന്നാൽ ശിക്ഷിക്കാനുമുള്ള അധികാരമാണ്. അതുകൂടി ഇല്ലെന്നായാൽ പിന്നെ ഈ സ്കൂളും പരിസരവും സ്കൂളെന്ന പേരിൽ സംരക്ഷിച്ചു നിർത്താൻ മാനേജർക്ക് എന്തു താല്പര്യമാണുണ്ടാവുക? ഓൾഡ് സ്കൂൾ, ന്യൂ സ്കൂൾ, ഇക്കണോമിക്, അൺ ഇക്കണോമിക്, സംരക്ഷിതാധ്യാപകർ തുടങ്ങി ഓരോ കാലത്തും ഓരോ പേരിൽ മാനേജരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അവകാശം പരിമിതപ്പെടുത്തുന്ന പ്രവണത കൂടിവരുന്നതും കാണാതെ പോകരുത്.
(ലേഖകൻ, കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പാലാ രൂപത സെക്രട്ടറിയും രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമാണ്)