ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ: ഡാറ്റാ സംരക്ഷണത്തിനായുള്ള ജനകേന്ദ്രീകൃത സമീപനം
അശ്വിനി വൈഷ്ണവ് (കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേത
Monday, January 6, 2025 12:21 AM IST
“ആഗോള ഭാവിയെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, മനുഷ്യകേന്ദ്രീകൃത സമീപനങ്ങളാണു പ്രധാനം” -പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ ‘ഭാവിയുടെ ഉച്ചകോടിയിൽ’ പറഞ്ഞ വാക്കുകളാണിത്. ജനങ്ങൾക്കു പ്രഥമസ്ഥാനം നൽകുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്കുകൾ.
2025ലെ കരട് ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ (ഡിപിഡിപി) ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ നയിച്ചത് ഈ ചിന്തയാണ്. നിയമങ്ങൾക്ക് അന്തിമരൂപമേകിയ ശേഷം, 2023ലെ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ നിയമം പ്രവർത്തനക്ഷമമാക്കുകയും വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള പൗരന്മാരുടെ അവകാശം പരിരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ ജീവസുറ്റതാക്കുകയും ചെയ്യും.
ശക്തീകരണത്തിന്റെ പുതുയുഗം
2025ലെ ഡിപിഡിപി ചട്ടങ്ങളുടെ കാതലിലാണ് ഇന്ത്യൻ പൗരൻ നിലകൊള്ളുന്നത്. ഡാറ്റ കൂടുതലായി ആധിപത്യം പുലർത്തുന്ന ലോകത്ത്, ഭരണ ചട്ടക്കൂടിന്റെ കാമ്പിൽ വ്യക്തികളെ പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
സമ്മതത്തോടെ വിവരങ്ങൾ നൽകൽ, ഡാറ്റ നീക്കംചെയ്യൽ, ഡിജിറ്റലായി നാമനിർദേശം ചെയ്യാനുള്ള സംവിധാനം തുടങ്ങിയ അവകാശങ്ങളാൽ ഈ ചട്ടങ്ങൾ പൗരന്മാരെ ശക്തീകരിക്കുന്നു. ലംഘനങ്ങളുടെയോ അനധികൃത ഡാറ്റ ഉപയോഗത്തിന്റെയോ മുന്നിൽ പൗരന്മാർക്ക് ഇനി നിസഹായരാകേണ്ടിവരില്ല. അവരുടെ ഡിജിറ്റൽ വ്യക്തിത്വം ഫലപ്രദമായി പരിരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സങ്കേതങ്ങൾ അവർക്കു ലഭിക്കും.
സാങ്കേതിക പരിജ്ഞാനം കണക്കിലെടുക്കാതെ ഓരോ ഇന്ത്യക്കാരനും അവരുടെ അവകാശങ്ങൾ മനസിലാക്കാനും വിനിയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കുംവിധം ലളിതമായും വ്യക്തമായുമാണു നിയമങ്ങൾ രൂപകല്പന ചെയ്തത്. വ്യക്തതയുള്ള നിബന്ധനകളിൽ സമ്മതം തേടുന്നത് ഉറപ്പാക്കുന്നതു മുതൽ ഇംഗ്ലീഷിലോ ഭരണഘടനയിൽ പട്ടികപ്പെടുത്തിയിട്ടുള്ള 22 ഇന്ത്യൻ ഭാഷകളിലോ പൗരന്മാർക്കു വിവരങ്ങൾ നൽകണമെന്നു നിർബന്ധമാക്കുന്നതുവരെ, ഉൾക്കൊള്ളലിനുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ ചട്ടക്കൂടു പ്രതിഫലിപ്പിക്കുന്നു.
കുട്ടികളെ സംരക്ഷിക്കൽ
ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്കു പ്രത്യേക പരിചരണം ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞ്, പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന്, പരിശോധിച്ചുറപ്പിക്കാവുന്ന മാതാപിതാക്കളുടെയോ അല്ലെങ്കിൽ രക്ഷാകർത്താവിന്റെയോ സമ്മതം നിയമങ്ങൾ നിർബന്ധമാക്കുന്നു. ചൂഷണം, അനധികൃത പ്രൊഫൈലുകൾ സൃഷ്ടിക്കൽ, മറ്റു ഡിജിറ്റൽ ചതിക്കുഴികൾ എന്നിവയിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നുവെന്ന് അധിക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നു. ഭാവി തലമുറയ്ക്കായി സുരക്ഷിതമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തെയാണ് ഈ വ്യവസ്ഥകൾ പ്രതിഫലിപ്പിക്കുന്നത്.
നിയന്ത്രണവുമായി വളർച്ച സന്തുലിതമാക്കൽ
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ആഗോള വിജയഗാഥയാണ്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ നവീകരണം പ്രാപ്തമാക്കുന്നതിനൊപ്പം, പൗരന്മാരുടെ വ്യക്തിഗത വിവരസംരക്ഷണവും ചട്ടക്കൂട് ഉറപ്പാക്കുന്നു. ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ തോതിൽ ചട്ടങ്ങൾ പാലിക്കൽ ഭാരം നേരിടേണ്ടിവരും.
പങ്കാളികളുടെ വ്യത്യസ്ത ശേഷികൾ കണക്കിലെടുത്ത്, തരംതിരിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോടെയാണു നിയമങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. വ്യക്തിഗതവിവരങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി, വലിയ കമ്പനികൾക്ക് ഉയർന്ന ബാധ്യതകളുണ്ടാകും. ഇതു വളർച്ചയെ തടസപ്പെടുത്താതെ ഉത്തരവാദിത്വം ഉറപ്പാക്കും.
ഡിജിറ്റൽ ഫസ്റ്റ് തത്വം
ഈ നിയമങ്ങളുടെ കാതൽ “ഡിജിറ്റൽ ബൈ ഡിസൈൻ” എന്ന തത്വശാസ്ത്രമാണ്. പരാതികൾ പരിഹരിക്കുന്നതിനും ചട്ടങ്ങൾ പാലിക്കൽ നടപ്പിലാക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഡാറ്റാ സംരക്ഷണ ബോർഡ് പ്രധാനമായും ഡിജിറ്റൽ ഓഫീസായി പ്രവർത്തിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, കാര്യക്ഷമതയും സുതാര്യതയും വേഗവും ഉറപ്പാക്കുന്നു.
നേരിട്ടുള്ള അനാവശ്യ ഇടപെടലുകളില്ലാതെ പൗരന്മാർക്കു പരാതികൾ സമപ്പിക്കാനും പുരോഗതി നിരീക്ഷിക്കാനും പ്രതിവിധികൾ തേടാനും കഴിയും. 2023ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്റെ തത്വങ്ങളിൽ അധിഷ്ഠിതമായ കരടു നിയമങ്ങൾ, വിവിധ പങ്കാളികളിൽനിന്നു ശേഖരിച്ചതും ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനത്തിന്റേതുമായ വിപുലമായ ചേരുവകളുടെ ഉത്പന്നമാണ്.
പൗരന്മാർ അവരുടെ അവകാശങ്ങളെയും കടമകളെയുംകുറിച്ച് അവബോധമുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന്, സ്വകാര്യ വിവരങ്ങളിലെ അവകാശങ്ങളെക്കുറിച്ചു പൗരന്മാരെ ബോധവത്കരിക്കാൻ വ്യാപകമായ സംരംഭങ്ങൾ സംഘടിപ്പിക്കും.
ഭാവിയിലേക്കുള്ള കാഴ്ചപ്പാട്
ഈ നിയമങ്ങൾ നാം അനാവരണം ചെയ്യുമ്പോൾ, നിലവിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടുക കൂടിയാണു ചെയ്യുന്നത്. ആഗോള ഡാറ്റ പരിപാലന മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ 2025ലെ കരട് ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നു. പൗരന്മാരെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിലൂടെയും നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെയും, ലോകത്തിനു പിന്തുടരാനുള്ള മാതൃക സ്ഥാപിക്കുകയാണ്.
ഈ ഡിജിറ്റൽ യുഗത്തിൽ ഓരോ ഇന്ത്യക്കാരനെയും സംരക്ഷിക്കാനും ശക്തീകരിക്കാനും പ്രാപ്തമാക്കുക എന്ന പ്രതിബദ്ധത വ്യക്തമാണ്. പരിശോധനകാലയളവിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ച് ഈ ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ പൗരന്മാരെയും വ്യവസായങ്ങളെയും പൊതുസമൂഹത്തെയും ആഹ്വാനം ചെയ്യുന്നു.