വ്യാപക രാഷ്ട്രീയവേട്ട
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Monday, January 6, 2025 12:14 AM IST
പ്രദേശത്തെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയപ്രേരിതമായ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും തുടർന്നാണ് പെരിയ ഇരട്ടക്കൊലപാതകം നടന്നതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ പാർട്ടികളും വ്യക്തമായും അടിസ്ഥാനമുറപ്പിച്ച് ചിറകു വിരിക്കാനുള്ള ശ്രമമായിരുന്നു. ഒരുപക്ഷേ, രാഷ്ട്രീയ പാർട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പു കാലത്തെ വെല്ലുവിളികൾ നേരിടാൻ അവരുടെ പ്രവർത്തനങ്ങൾ എല്ലാ തലത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചതാവാം.
ഒന്നുമുതൽ എട്ടുവരെയും പത്തു മുതൽ പതിനഞ്ച് വരെയും പ്രതികളുടെ ക്രിമിനൽ ഗൂഢാലോചനയും ഇരകളെ കൊലപ്പെടുത്താനുള്ള നിയമവിരുദ്ധമായ സംഘംചേരലെന്ന പൊതുലക്ഷ്യവും എന്ന പ്രേരണ സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതായി സിബിഐ കോടതി അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട നിയമപരമായ കാര്യങ്ങളിൽ കേരളത്തിനുള്ള താത്പര്യം പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നിയമപ്രശ്നങ്ങളിൽ എടുക്കുന്ന താത്പര്യത്തിൽനിന്നു വ്യക്തമാണ്.
2019ൽ കാസർഗോഡ് ജില്ലയിലെ പെരിയയിൽ പ്രമുഖ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി.കെ. ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ കൊച്ചിയിലെ സിബിഐ കോടതി പത്തുപേരെ ജീവപര്യന്തം തടവിനും സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനെയും മറ്റു മൂന്നുപേരെയും അഞ്ചുവർഷം തടവിനും ശിക്ഷിച്ചു. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് മുൻ എംഎൽഎ ജയിലിലാകുന്നത് ഇതാദ്യമാണെന്നറിയുന്നു.
രാഷ്ട്രീയ നശീകരണത്തിന്റെ മുളപൊട്ടൽ
“രണ്ടു കുടുംബങ്ങളെ തീരാദുഃഖത്തിലേക്കു തള്ളിവിട്ടുകൊണ്ട് ഊർജസ്വലരായ യുവാക്കളുടെ അകാലമൃത്യുവിൽ കലാശിച്ച രാഷ്ട്രീയ നശീകരണത്തിന്റെ മുളപൊട്ടലാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും.” അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എൻ.ശേഷാദ്രിനാഥൻ പറഞ്ഞു.
മറ്റു വിശദാംശങ്ങൾ ചുരുക്കത്തിൽ: ഐപിസി സെക്ഷൻ 302 (കൊലപാതകവും 120 ബി പ്രകാരം ഗൂഢാലോചനയും) പ്രകാരം എ. പീതാംബരൻ, സജി ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് (ഒന്നുമുതൽ എട്ടുവരെ പ്രതികൾ), രഞ്ജിത് (പത്താം പ്രതി), സുരേന്ദ്രൻ (പതിനഞ്ചാം പ്രതി) എന്നിവർക്കു ജീവപര്യന്തം തടവ്.
രഞ്ജിത്തും സുരേന്ദ്രനും ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മറ്റ് എട്ടുപേർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളും. കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും പത്തു പ്രതികൾക്ക് പ്രത്യേകം ജീവപര്യന്തമാണു വിധിച്ചത്. എങ്കിലും രണ്ടു ശിക്ഷയും ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും വിധിച്ചു; കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഓരോ ലക്ഷം വീതം. കൂടാതെ ഉദുമയിലെ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കുഞ്ഞിരാമൻ, സിപിഎം പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ എന്ന രാഘവൻ നായർ, കെ.വി. ഭാസ്കരൻ എന്നിവരെ കൊലപാതകത്തിനുശേഷം സജി ജോർജ് എന്ന പ്രതിയെ പോലീസ് വാഹനത്തിൽനിന്നു കടത്തിക്കൊണ്ടുപോയതിന് ഐപിസി സെക്ഷൻ 225 പ്രകാരം അഞ്ചുവർഷത്തെ വെറുംതടവിനും ശിക്ഷിച്ചു. കുഞ്ഞിരാമനടക്കമുള്ള പ്രതികൾക്കനുവദിച്ച ജാമ്യം കോടതി റദ്ദാക്കിയതിനെത്തുടർന്ന് അവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.
പ്രദേശത്തെ സിപിഎം-കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ടായ രാഷ്ട്രീയപ്രേരിതമായ ആക്രമണ, പ്രത്യാക്രമണങ്ങളെത്തുടർന്നാണ് ഇരട്ടക്കൊലപാതകമെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. ഒരുപക്ഷേ, പ്രാദേശികമായും പാർലമെന്റ് തെരഞ്ഞെടുപ്പിലെയും നേട്ടമാകാം ഉദ്ദേശ്യം.
റിജിത്ത് വധക്കേസ്
കണ്ണൂർ കണ്ണപുരം ചുണ്ടയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലച്ചിവീട്ടിൽ റിജിത്ത് ശങ്കരനെ (25) 2005ൽ വധിച്ച കേസിൽ പത്തൊൻപതു വർഷത്തെ വിചാരണയ്ക്കുശേഷം ഒന്പത് ബിജെപി-ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരായി തലശേരി അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തി. അഡീഷണൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ. ജോസ് കേസിൽ ചൊവ്വാഴ്ച വിധി പറയും. കേസിലെ പത്തു പ്രതികളിൽ മൂന്നാംപ്രതി ചുണ്ടയിലെ കൊത്തില താഴെവീട്ടിൽ കെ.ടി. ജയേഷ് വിചാരണ പൂർത്തിയാകുംമുന്പ് മരിച്ചിരുന്നു. കോടതി 28 സാക്ഷിമൊഴികളും 59 രേഖകളും 50 ഭൗതികവസ്തുക്കളും പരിശോധിച്ചു.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ വി.വി.സുധാകരൻ, കെ.ടി. ജയേഷ്, സി.പി. രഞ്ജിത്, പി.പി. അജീന്ദ്രൻ, ഐ.വി. അനിൽ കുമാർ, പി.പി. രാജേഷ്, വി.വി. ശ്രീകാന്ത്, വി.വി. ശ്രീജിത്, ടി.വി. ഭാസ്കരൻ എന്നിവരെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസ് കുറ്റക്കാരായി കണ്ടെത്തി.
രാഷ്ട്രീയപ്രേരകമെന്നു കരുതപ്പെടുന്ന ആക്രമണത്തിൽ റിജിത് വെട്ടേറ്റുമരിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം വീട്ടിലേക്കു നടക്കുന്പോഴായിരുന്നു സംഭവം. ചുണ്ട തച്ചങ്കണ്ടിയാൽ ക്ഷേത്രത്തിനടുത്ത പഞ്ചായത്ത് കിണറിനുസമീപം വച്ച് പത്തംഗസംഘം പതിയിരുന്നാക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം. റിജിത്തിനൊപ്പമുണ്ടായിരുന്ന കെ.വി. നികേഷിന്റെ പരാതിയെത്തുടർന്നാണ് കേസെടുത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിജിത് ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.
“പ്രദേശത്ത് ആർഎസ്എസ് ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പത്തംഗ ആർഎസ്എസ്-ബിജെപി സംഘം റിജിത്തിനെ കൊലപ്പെടുത്തിയെന്ന ഞങ്ങളുടെ വാദം കോടതി സ്വീകരിച്ചു. കേസ് തെളിയിക്കുന്നതിനായ എല്ലാ തെളിവുകളും പ്രോസിക്യൂഷൻ സമർപ്പിച്ചു.” കോടതിവിധി സ്വാഗതം ചെയ്തുകൊണ്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ പറഞ്ഞു.
“ഞങ്ങളുടെ കുടുംബം നീതിക്കുവേണ്ടി പത്തൊൻപതുവർഷം കാത്തിരുന്നു. വിധിയിൽ സന്തോഷമുണ്ട്.” -റിജിത്തിന്റെ സഹോദരി ശ്രീജ പറഞ്ഞു. റിജിത്തിന്റെ അമ്മയ്ക്ക്, ആശ്വാസത്തിന്റെയും സങ്കടത്തിന്റെയും മിശ്രിതമായിരുന്നു ഈ വിധി. “ഈ ദിവസത്തിനുവേണ്ടി 19 വർഷവും മൂന്നുമാസവും ഞാൻ കാത്തു. 17 വർഷം വിധിക്കുവേണ്ടി കാത്തിരുന്ന ഭർത്താവ് രണ്ടുവർഷം മുന്പ് മരിച്ചു. ഇപ്പോൾ ഈ നിമിഷത്തിനു സാക്ഷിയാകാൻ ഞാൻ മാത്രം.”- അവർ പറഞ്ഞു.
കോടതി പരമാവധി ശിക്ഷ നല്കുമെന്നാണു പ്രതീക്ഷയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. “പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘമാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ റിജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ മാത്രം 179 സിപിഎം അംഗങ്ങളെ രാഷ്ട്രീയ എതിരാളികൾ കൊന്നുകളഞ്ഞിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ മെച്ചപ്പെടുത്താന്...
കേരളത്തെപ്പോലെ തീവ്ര രാഷ്ട്രീയവിഭജനമുള്ള സംസ്ഥാനത്ത്, ജാതി-സമുദായ വിഭജനങ്ങൾക്കും കൂടുതൽ ഊന്നൽ കൊടുക്കുന്നുണ്ട്. ഇത് പൊതുജനങ്ങളെ വിവിധ തട്ടുകളിലാക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാനും കാരണം തേടാനും കറകളഞ്ഞ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നു. കുടുംബാംഗങ്ങൾ പോലും ഉൾപ്പെട്ട പല കേസുകളും ദശകങ്ങൾ നീണ്ടുപോകുന്നു. അത്തരം സന്ദർഭങ്ങൾ ചിലപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് ജനകീയാടിത്തറയുണ്ടാക്കാനുള്ള അവസരമാകുന്നു. പ്രാദേശിക തലത്തിലുള്ള നേതാക്കൾ തമ്മിൽ മികച്ച ധാരണയുണ്ടാക്കുന്നതു വഴിയും സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുന്നതു വഴിയും സ്ഥിതിഗതികൾ മെച്ചപ്പെടുത്താം.
ഈ ഉദ്യമം അത്ര എളുപ്പമല്ല. എന്നിരുന്നാലും, നഗര-ഗ്രാമീണ മേഖലകളിൽ കെട്ടുറപ്പുള്ളതും സമാധാനപൂർണവുമായ സമൂഹം കെട്ടിപ്പടുക്കാൻ പ്രശ്നങ്ങൾ വ്യക്തമായി മനസിലാക്കുന്നതിന് മുതിർന്ന നേതാക്കൾ രംഗത്തിറങ്ങി ശ്രമിക്കേണ്ടതുണ്ട്. പോരാത്തതിന്, ഇന്ന് രാഷ്ട്രീയ പാർട്ടികളിൽ കൂടുതൽ ഗ്രൂപ്പുകളും വിഭജനങ്ങളുമുണ്ട്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും മിക്കവാറും പാർട്ടികളിൽ അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോഴത്തെ വ്യാപകമായ രാഷ്ട്രീയവേട്ട കൂടുതൽ ശക്തമായി വേരൂന്നുകയാണെങ്കിൽ അതിന്റെ ഫലം അസ്വാസ്ഥ്യജനകവും നിലവിലുള്ള സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാകും.