ജിമ്മി കാർട്ടർ: വിസ്മരിക്കപ്പെട്ട അതുല്യപ്രതിഭ
സെബിന് ജോസഫ്
Monday, January 6, 2025 12:11 AM IST
“പരസ്പരം മക്കളെ കൊന്നാല്‍, സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ നമ്മള് പഠിക്കില്ല”- ജിമ്മി കാര്‍ട്ടര്‍. ഒരു ഭരണകര്‍ത്താവിനെ ലോകം അനുസ്മരിക്കുന്നത് വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ്. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം തന്റെ ഭരണകാലത്തു നടപ്പിലാക്കിയ നയങ്ങള്‍ തുടര്‍ഭരണത്തിന് തിരിച്ചടിയായി വന്നേക്കാം. കാലചക്രം വീണ്ടും കറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ചിലപ്പോള്‍ വാഴ്ത്തപ്പെട്ടേക്കും. ഇതേ ഗണത്തിലാണ് അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും.
നിലക്കടല കര്‍ഷകനും അമേരിക്കന്‍ നാവികസേനാ കമാന്‍ഡറും ആണവവിദഗ്ധനുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അപ്രതീക്ഷിതമായാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ചതും 39-ാം അമേരിക്കന്‍ പ്രസിഡന്റായതും. 1977 ജനുവരി 20 മുതല്‍ 1981 ജനുവരി 20 വരെയുള്ള നാലു വര്‍ഷത്തെ ഭരണകാലത്ത് ലാറ്റിനമേരിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ രാജ്യങ്ങളുമായി അമേരിക്കയുടെ നയതന്ത്രബന്ധം വളർത്താൻ കാര്‍ട്ടര്‍ക്കായി. അറബ്-ഇസ്രയേല്‍ സമാധാനക്കരാര്‍, ക്യാംപ് ഡേവിഡ് ഉടമ്പടി നടപ്പിലാക്കിയതിനും സാമൂഹ്യസേവന രംഗത്തെ പ്രവർത്തനങ്ങൾക്കുമായി 2002ൽ നൊബേല്‍ പുരസ്കാരവും ലഭിച്ചു.
ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷ വരുത്താന്‍ ചോളം, ബാര്‍ളി, ഗോതമ്പ്, ചെറുധാന്യ കൃഷിയെ പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസം, ഊര്‍ജം വകുപ്പുകള്‍ യുഎസ് സര്‍ക്കാരില്‍ ഫലപ്രദമായി നടപ്പിലാക്കിയതും അദ്ദേഹമായിരുന്നു. താന്‍ ഒരു സമര്‍ഥനും ശക്തനുമായ നേതാവായിരുന്നു എന്ന് അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നു വ്യക്തമാക്കിയ നേതാവാണ് അദ്ദേഹം.
എന്നാല്‍, കാര്‍ട്ടര്‍ നടപ്പിലാക്കിയ സാമൂഹ്യ, വിദ്യാഭ്യാസ നയങ്ങള്‍ തുടര്‍ന്നു വന്ന ഭരണാധികാരികള്‍ പിന്തുടര്ന്നതും ചരിത്രം. ബറാക് ഒബാമ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഒബാമ കെയർ സാമൂഹ്യസുരക്ഷാ പദ്ധതി കാര്‍ട്ടറിന്റെ മാതൃകയായിരുന്നു. പശ്ചിമേഷ്യന്‍ സമാധാനവും ചൈനയുമായുള്ള അമേരിക്കന്‍ വ്യാപാര കരാറും ചൈനയിൽ പരിമിതമായ ക്രൈസ്തവ മതപ്രചാരണവും സാധ്യമാക്കിയത് അദ്ദേഹമാണ്.
കൃഷിയിടത്തിൽനിന്ന് ആണവ അന്തർവാഹിനിയിലേക്ക്
ജോര്‍ജിയ സ്റ്റേറ്റിലെ വൈദ്യുതി പോലും കടന്നുചെല്ലാത്ത പ്ലെയിന്‍സിലാണ് ജയിംസ് ഓള് കാര്‍ട്ടര്‍ ജൂണിയര്‍ എന്ന ജിമ്മി കാര്‍ട്ടര്‍ 1924 ഒക്ടോബര്‍ ഒന്നിന് ജനിച്ചത്. നിലക്കടല, പരുത്തി, സോയാബീന്‍ കര്‍ഷകനായ ജയിംസ് യേള്‍ കാര്‍ട്ടര്‍ സീനിയറും നഴ്സായ ലില്ലിയന്‍ ഗോര്ഡിയുമായിരുന്നു മാതാപിതാക്കള്‍. ജയിംസ് കാര്‍ട്ടര്‍ സര്‍വകലാവല്ലഭനായിരുന്നു. കൃഷി, ആശാരിപ്പണി, കൊല്ലപ്പണി, വീടുനിര്‍മാണം എന്നിവയില്‍ പ്രഗത്ഭനായിരുന്നു.
ജോര്‍ജിയയിലും സമീപപ്രദേശങ്ങളിലും നിലക്കട കൃഷി പ്രോത്സാഹിപ്പിച്ചതും വിപണനം ചെയ്തതും ജയിംസിന്റെ നേതൃത്വത്തിലാണ്. കറുത്ത വര്‍ഗക്കാരുമായി ജയിംസ് കാര്‍ട്ടര്‍ വ്യാപാരസൗഹൃദം നിലനിര്‍ത്തിയിരുന്നു. കറുത്ത വര്‍ഗക്കാരെ പരിചരിക്കുന്നതിന് ലില്ലിയന്‍ ഗോര്ഡിക്കും വെള്ളക്കാരുടെ ഇടയില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.
എട്ടാം ക്ലാസില്‍ എത്തിയതോടെ ജിമ്മി കാര്‍ട്ടറും കൃഷിയില്‍ തത്പരനായി. ഫാമിലെ ജോലിക്കാരിയായിരുന്ന റേച്ചല്‍ ക്ലര്‍ക്ക് എന്ന കറുത്ത വര്‍ഗക്കാരി ജിമ്മിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. കൃഷി, വനം തുടങ്ങിയവയിലും ആത്മീയമായ കാര്യങ്ങളിലും തനിക്ക് കാഴ്ചപ്പാടുണ്ടാകുവാന് കാരണം റേച്ചലായിരുന്നെന്ന് പിന്നീട് ജിമ്മി കാർട്ടർ എഴുതിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ വീടുകളില്‍ തങ്ങുന്നതിനും മടിയുണ്ടായിരുന്നില്ല. പിന്നീട്, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാർട്ടർക്ക് കറുത്തവര്‍ഗക്കാരുടെ പൂര്‍ണപിന്തുണ ലഭിക്കുകയും ചെയ്തു.
നേവി ജീവിതകാലം
യുഎസ് നാവികസേനയില്‍ ചേര്‍ന്ന ജിമ്മി കാര്‍ട്ടര്‍ നേവല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഡിസൈന്‍, സെയിലിംഗ് എന്നിവയില്‍ പ്രാഗൽഭ്യം തെളിയിച്ചു. അന്തര്‍വാഹിനികളിലും സേവനം ചെയ്ത ഇദ്ദേഹം ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലെ യുദ്ധസമാന ദൗത്യങ്ങളിലും സേവനം ചെയ്തു.
യുഎസ് നേവിക്കായി ആണവ അന്തര്‍വാഹിനി രൂപകല്പന ചെയ്യുന്നതിലും കനേഡിയന്‍ ആണവനിലയം നിര്‍വീര്യമാക്കുന്ന പദ്ധതിയിലും ഭാഗഭാക്കായി. ഇക്കാലത്താണ് പിന്നീട്, എഴുത്തുകാരിയും പ്രഭാഷകയുമായി മാറിയ റോസലിന് സ്മിത്തിനെ കാര്‍ട്ടര്‍ വിവാഹം കഴിക്കുന്നത്.
നേവി ജീവിതം അവസാനിപ്പിച്ച് 1953ല്‍ ജോര്‍ജിയയില്‍ മടങ്ങിയെത്തിയ ശേഷം പിതാവിന്റെ വ്യാപാരത്തില്‍ പങ്കാളിയായി.
കമ്യൂണിറ്റി ഫാമിംഗ് എന്ന ആശയം ഗ്രാമങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. വിത്തുകളും വളവും കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കാന്‍ കാര്‍ട്ടറുടെ ട്രക്കുകള്‍ ഗ്രാമത്തിലെ കൃഷിയിടങ്ങളിലേക്ക് എത്തി. ബാപ്റ്റിസ്റ്റ് സണ്‍ഡേ സ്കൂള്‍ അധ്യാപകന്, ബോയ് സ്കൗട്ട് ലീഡര്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ്, പ്രാദേശിക ആശുപത്രി ഭരണസമിതിയംഗം എന്നീ നിലകളില്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു.
ജോര്‍ജിയ ഗവര്‍ണര്‍
1962ൽ ജോർജിയ സെനറ്റ് തെരഞ്ഞെടുപ്പിന് 15 ദിവസം മുമ്പാണ് കാര്‍ട്ടര്‍ മത്സരരംഗത്ത് എത്തിയത്. എതിരാളി ഹൊമെര് മൂറിനോട് കാര്‍ട്ടര്‍ പരാജയപ്പെട്ടെന്ന് ഫലം വന്നെങ്കിലും തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപണം ഉയര്‍ന്നു. ക്യുറ്റ്മാന് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്മാന് ജോ ഹര്‍സ്റ്റാണ് അട്ടിമറി നടത്തിയത്. പിന്നീട്, നടന്ന തെരഞ്ഞെടുപ്പിൽ കാർട്ടർ വിജയിച്ചു.
സെനറ്ററായി ഇരുന്ന സമയത്ത് സഹോദരി റൂത്തിന്റെ നിര്‍ദേശപ്രകാരം ജോര്‍ജിയ, മസാച്ചുസെറ്റ്സ് സംസ്ഥാനങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തി. യുഎസ് അഭയാര്‍ഥിയും ക്യൂബന്‍ പാസ്റ്ററുമായ എലോയി ക്യൂസിനൊപ്പമായിരുന്നു പര്യടനം. പര്യടനത്തിനിടെ, ക്യൂസ് നല്കിയ ഉപദേശം “നിങ്ങള്‍ക്ക് ജീവിതത്തില്‍ രണ്ടു പ്രണയം മാത്രമേ ഉണ്ടാകാവൂ. ഒന്നു ദൈവത്തോടും മറ്റൊന്ന് മുന്നിലുള്ള വ്യക്തിയോടും” എന്നാണ്. കാര്‍ട്ടര്‍ ജീവിതത്തില്‍ അതു പിന്തുടര്ന്നു.
1963 മുതല്‍ 1975 വരെ ജോര്‍ജിയ ഗവര്‍ണറായി പ്രവർത്തിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ കാര്‍ട്ടറും ഭാര്യയുംആറുലക്ഷം പേരുടെ ഇടയില്‍നിന്ന് നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് വിവരം. ഇറാന്-ജൂത വംശജനായ വ്യവസായി ഡേവിഡ് റബ്ബാനും കാര്‍ട്ടറെ സഹായിച്ചു. ജോര്‍ജിയയുടെ മുക്കിലും മൂലയിലും എത്താന്‍ കാര്‍ട്ടര്‍ക്ക് ഡേവിഡ് വിമാനം വിട്ടുനല്‍കി. ഗവര്‍ണറായശേഷം സംസ്ഥാനത്തു നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി കാനഡ, ജപ്പാന്, ബെല്‍ജിയം, ജര്‍മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ വ്യാപാര ഓഫീസുകള്‍ തുറന്നു. 1972 ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കാര്‍ട്ടര്‍ക്കു താത്പര്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ 32 ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു.
1974ല്‍ ഡിസംബര്‍ 12ന് വാഷിംഗ്ടണ്‍ നാഷണല്‍ പ്രസ് ക്ലബ്ബില്‍ കാര്‍ട്ടര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. എന്നാല്‍, ജോര്ജിയയ്ക്കപ്പുറം പേരില്ലാത്ത ഇദ്ദേഹത്തിനു തണുപ്പന്‍ പ്രതികരമാണു ലഭിച്ചത്. എന്നാല്‍, പ്രശസ്ത എഴുത്തുകാരന് ഹണ്ടര്‍ എസ്. തോംസണ്‍ കാര്ട്ടറെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ തുണയായി. ഭാര്യ റോസ്ലിന് സ്മിത്തും സജീവമായി പ്രചാരണരംഗത്ത് എത്തി. ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ ഇല്ലായിരുന്ന കാലത്ത് റേഡിയോ സ്റ്റേഷനുകളിലൂടെ കാര്ട്ടര്ക്കുവേണ്ടി റോസ്ലിന് വോട്ടുകള്‍ അഭ്യര്‍ഥിച്ചു. ലോവയിലും ഫ്ളോറിഡയിലും നൂറിലധികം പ്രചാരണ യോഗങ്ങളില്‍ റോസ്ലിന് പ്രസംഗിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജറാള്‍ഡ് ഫോഡിനെ നിസാര മാര്‍ജിനില്‍ പരാജയപ്പെടുത്തി കാര്‍ട്ടര്‍ പ്രസിഡന്റായി. ജനകീയ വോട്ടിലും കാര്‍ട്ടര്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചില്ല.
അമേരിക്കന്‍ പ്രസിഡന്റ് പദം
1979ലെ ഈജിപ്ത്-ഇസ്രയേല്‍ സമാധാന ഉടമ്പടിയാണ് ജിമ്മി കാര്‍ട്ടറുടെ മികച്ച ഭരണനേട്ടം. അമേരിക്കയിലെ മേരിലാന്‍ഡ് ക്യാംപ് ഡേവിഡില്വച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി മെനാഹെം ബെഗിനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും തമ്മില്‍ ഒപ്പുവച്ച കരാര്‍ മേഖലയില്‍ സമാധാനം സാധ്യമാക്കി. ഈജിപ്തിലെ സീനായ് മുനമ്പില്‍നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റത്തിനു കരാര്‍ കാരണമായി.
രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നതും സാമ്പത്തിക രംഗം തകര്‍ന്നതും കാര്‍ട്ടര്‍ക്കു തിരിച്ചടിയായി. 1979 നവംബറില്‍ ടെഹ്റാനിലെ യുഎസ് സ്ഥാനപതികാര്യാലയത്തില്‍ ഇറേനിയ വിദ്യാര്‍ഥി വിപ്ലവകാരികള്‍ കടന്നുകയറി 52 പേരെ ബന്ദികളാക്കി. 444 ദിവസം നീണ്ട കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ബന്ദികളെ പുറത്താക്കിയത്. പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തോല്‍വിക്ക് ഇതു കാരണമായി. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി റൊണാള്‍ഡ് റീഗന്റെ പ്രധാന പ്രചാരണായുധം ബന്ദിപ്രശ്നമായിരുന്നു.
റഷ്യയുടെ അഫ്ഗാന് അധിനിവേശത്തെ എതിര്‍ത്ത് 1980 ലെ മോസ്കോ ഒളിംപിക്സ് അമേരിക്ക ബഹിഷ്കരിച്ചു. പനാമ കനാലിന്റെ നിയന്ത്രണം പനാമയ്ക്കു വിട്ടുകൊടുത്തതും ചൈനയുമായുള്ള വ്യാപാരബന്ധം ഊഷ്മളമാക്കിയതും കാര്‍ട്ടറുടെ കാലത്താണ്. ഇതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ ഇതേ നിലപാടാണ് തുടര്‍ന്നത്. പ്രകൃതിവിഭവങ്ങളാല്‍ സമ്പുഷ്ടമായ അലാസ്കയില്‍ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതും മികച്ച നേട്ടമാണ്. അമേരിക്കയിലെ ശിശുമരണനിരക്ക് നിയന്ത്രിക്കുന്നതിനും ഗര്‍ഭഛിദ്രം തടയുന്നതിനും നിയമനിര്‍മാണം നടത്തി. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനായി പൊതുജനാരോഗ്യവിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ഒബാമ നടപ്പിലാക്കിയ ഒബാമ കെയര്‍ പദ്ധതിയുടെ ആദ്യരൂപമായിരുന്നു ഇത്.
അമേരിക്ക സന്ദര്‍ശിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഡെങ് സിയാവോയുമായി നിരവധി കരാറുകളില്‍ ഒപ്പുവച്ചു. കമ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ മതപ്രചാരണം അനുവദിക്കണമെന്നു ജിമ്മി കാര്‍ട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മിഷനറി പ്രവര്‍ത്തനം വിലക്കി ഭരണകൂട ചട്ടക്കൂടില്‍ ക്രൈസ്തവ മതപ്രചാരണം നടത്താന്‍ അനുവദിക്കുമെന്ന് ഡെങ് ഉറപ്പുനല്‍കി. ചൈന-തായ്വാന് വിഷയത്തിലും കാര്‍ട്ടര്‍ ഫലപ്രദമായി ഇടപെട്ടു.
കാര്‍ട്ടര്‍ സെന്റര്‍
അമ്പത്തിയാറാം വയസില്‍ യുഎസ് പ്രസിഡന്റ് പദവി വിട്ടിറങ്ങിയ കാര്‍ട്ടര്‍ അറ്റ്ലാന്‍ഡയില്‍ കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനും ജനാധിപത്യം സ്ഥാപിക്കുന്നതിനും പട്ടിണിയും ദാരിദ്ര്യവും മാറ്റുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 2002ൽ അദ്ദേഹത്തിനു നൊബേല്‍ പുരസ്കാരം ലഭിച്ചു. ജാപ്പനീസ് സാമൂഹ്യപ്രവര്‍ത്തകന്‍ റയോച്ചി സസക്വയുമായി ചേര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യവിപ്ലവത്തിന് തുടക്കം കുറിച്ചു. ചോളം, ഗോതമ്പ്, അരി, ചെറുധാന്യം എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാനും മേഖലയിലെ പട്ടിണി മാറ്റുന്നതിനും ഇതു കാരണമായി. ചൈനയിലെ ബെയ്ജിംഗ് കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു.
തിരക്കുകള്‍ക്കിടയിലും 29 പുസ്കങ്ങള് എഴുതി. ഇസ്രയേല്‍-പലസ്തീന് പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ‘പലസ്തീന്: പീസ് നോട്ട് അപ്പാര്‍ത്തീഡ്’ വിവാദമായി. ഇസ്രയേല്‍ ഏകരാഷ്ട്രവാദത്തിന് അനുകൂലമാകുമെന്നായിരുന്നു നിരീക്ഷണം. ഭരണകാലത്ത് ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ച കാര്ട്ടര്ക്കെതിരേ ഇസ്രയേലില്‍നിന്നു വിമര്‍ശനമുണ്ടായി. ഇതുമൂലം, 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്ക്കുവേണ്ടി സംസാരിക്കാന്‍ കാര്‍ട്ടറെ ക്ഷണിച്ചില്ല.
അറുപത്തിയഞ്ച് വര്‍ഷം സതേണ്‍ ബാപ്റ്റിസ്റ്റ് സണ്‍ഡേ സ്കൂളില്‍ അധ്യാപകനായിരുന്ന കാര്‍ട്ടര്‍ ആരോഗ്യം മോശമാകുന്നതുവരെ ഇതു തുടര്‍ന്നു. അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 2023 ഫെബ്രുവരി മുതല്‍ ആശുപത്രിയായി മാറ്റിയ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. നൂറാം വയസില്‍ കഴിഞ്ഞ ഡിസംബര്‍ 29ന് അന്ത്യം.