കയറിക്കയറി ഡോളർ, താണുതാണ് രൂപ
റ്റി.സി. മാത്യു
Sunday, January 5, 2025 2:11 AM IST
ഡോളർ കിട്ടാൻ കൂടുതൽ രൂപ നൽകണം. സമീപ ആഴ്ചകളിലും മാസങ്ങളിലും ഡോളർ നിരക്ക് ദിവസേന കയറിക്കയറി പോകുന്നതാണ് കാണുന്നത്. കുറയുന്ന അവസരങ്ങൾ ഇല്ലെന്നു പറയാം. എന്താണു സംഭവിക്കുന്നത്? രൂപ താഴട്ടെ എന്നുവച്ചു നീങ്ങുകയാണോ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും? ഇത് വലിയ അപകടത്തിലേക്കു പോകുമോ?
ഡോളറിന് 83.19 രൂപയിലാണ് 2023 ഡിസംബർ 29 വെള്ളിയാഴ്ച കറൻസി വ്യാപാരം അവസാനിച്ചത്. 2024 ഡിസംബർ 31 ചൊവ്വാഴ്ച വ്യാപാരം തീരുമ്പോൾ ഒരു ഡോളറിന് 85.61 രൂപ വേണ്ടിയിരുന്നു. ഡോളറിന് 2.42 രൂപ അധികം നൽകണം. ഇതിനർഥം ഡോളറുമായുളള വിനിമയത്തിൽ രൂപ ഒരു വർഷംകൊണ്ട് 2.9 ശതമാനം താഴ്ന്നു എന്നാണ്. ഇതു തുടർച്ചയായ ഏഴാം വർഷമാണ് ഡോളർ കയറുന്നത്.
ഇതു ദൗർബല്യം അല്ല
ഡോളറിന്റെ വിനിമയനിരക്ക് ഉയർന്നുപോകുമ്പോൾ രൂപ ദുർബലമായി എന്നാണു ജനം കണക്കാക്കുക. വിദഗ്ധരും ആ രീതിയിലാണു പ്രതികരിക്കുന്നത്. എന്നാൽ, ഡോളർ നിരക്ക് കൂടുന്നത് എല്ലായ്പോഴും രൂപയുടെ ദൗർബല്യമല്ല കാണിക്കുന്നത്. അതുകൊണ്ടാണ് ഒരിടത്തും അങ്കലാപ്പ് കാണാത്തത്.
പഴയകാലത്തു വിനിമയനിരക്ക് നിശ്ചിതമായി (Fixed Exchange Rate) നിർത്തിയിരുന്നു. കയറ്റുമതിയും ഇറക്കുമതിയും കർശന നിയന്ത്രണത്തിലായിരുന്ന കാലത്ത് അതു കുറെയൊക്കെ പാലിക്കാൻ പറ്റുമായിരുന്നു. എങ്കിലും നിരന്തരം വിലക്കയറ്റം ഉണ്ടാകുന്ന രാജ്യങ്ങൾക്കു നിശ്ചിത വിനിമയനിരക്ക് നിലനിർത്തുക അത്ര എളുപ്പമല്ല. സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കാൻ വിദേശ ഇടപാടുകാർ വിസമ്മതിക്കും. വിലക്കയറ്റം മൂലം വന്ന മൂല്യശോഷണം കണക്കാക്കി കറൻസിയുടെ നിരക്ക് മാറ്റി നിശ്ചയിക്കാൻ അവർ ആവശ്യപ്പെടും. 1949ലും 1966ലും 1991ലുമൊക്കെ ഇന്ത്യ വിനിമയനിരക്ക് വലിയതോതിൽ താഴ്ത്തേണ്ടി (Rupee Devaluation) വന്നു.
പരിമിത സ്വാതന്ത്ര്യം
ഇപ്പോൾ നിശ്ചിത വിനിമയനിരക്ക് ഒരു രാജ്യവും പാലിക്കുന്നില്ല. അതു പ്രായോഗികമല്ലാത്തതുതന്നെ കാര്യം. വ്യാപാര പങ്കാളികളുടെ കറൻസികളുമായി താരതമ്യപ്പെടുത്തി ഒരു ചെറിയ മേഖലയിൽ കറൻസിയുടെ നിരക്ക് കയറിയിറങ്ങാൻ അനുവദിക്കുന്നു. വിപണിയിലെ ആവശ്യവും ലഭ്യതയും അനുസരിച്ചു കറൻസിയുടെ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യും. ഡോളറിന് ആവശ്യം കൂടിയാൽ കൂടുതൽ രൂപ നൽകണം. ആവശ്യം കുറവായാൽ കുറച്ചു രൂപ മതി.
രൂപയുടെ നിരക്ക് ഇങ്ങനെ വിപണിയുടെ ഇഷ്ടത്തിനനുസരിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു. പക്ഷേ, റിസർവ് ബാങ്ക് വിപണിയിലെ ചലനം നിരന്തരം നിരീക്ഷിക്കും. അമിതമായ മാറ്റം വരാതെ ഇടപെടുന്നുമുണ്ട്. അതായത് ഡോളർ നിരക്ക് ഒരു ദിവസംകൊണ്ട് അര ശതമാനമോ ഒരു ശതമാനമോ മാറാൻ സമ്മതിക്കുകയില്ല. കൂടുതൽ മാറ്റം വരുന്നു എന്നു കണ്ടാൽ ഡോളർ വിപണിയിലിറക്കിയോ ഡോളർ വാങ്ങിക്കൂട്ടിയോ വിപണിയെ നിയന്ത്രിക്കും. അതായത് നിയന്ത്രിത സ്വാതന്ത്ര്യം (Managed floatation) മാത്രമാണു രൂപയ്ക്കു നൽകിയിട്ടുള്ളത്.
ഡോളർ കരുത്തു കാട്ടുന്നു
രൂപ ദുർബലമാകുന്നു എന്നതിനേക്കാൾ ഡോളർ കരുത്തനാകുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അതിനു കാരണം ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ തിരിച്ചു വരുന്നതാണ്. ഡോളറിനെ ഉയർത്തി നിർത്താൻ തക്ക നയങ്ങൾ അദ്ദേഹം നടപ്പാക്കും എന്നാണു വിശ്വാസം. ട്രംപ് പറഞ്ഞതുപാേലെ ചെയ്താൽ അമേരിക്കയുടെ ഭൂരിഭാഗം ഇറക്കുമതിക്കും ചുങ്കം കൂട്ടും. അതുവഴി യുഎസ് വ്യാപാരകമ്മി കുറയ്ക്കും. യുഎസിലേക്കു കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ കറൻസികൾ ദുർബലമാകും. ഡോളർ കരുത്തനാകും.
അതു മാത്രമല്ല. ട്രംപിന്റെ ഭരണകൂടം യുഎസ് സർക്കാരിന്റെ ചെലവ് കുറയ്ക്കും. ചെലവ് കുറച്ചു കാര്യക്ഷമത കൂട്ടാൻ വേണ്ടതു നിർദേശിക്കാൻ ടെസ്ല ഇലക്ട്രിക് വാഹന കമ്പനി മേധാവി ഇലോൺ മസ്കിനെയും ബയോടെക് സംരംഭകനായ വിവേക് രാമസ്വാമിയെയും നിയോഗിച്ചു.
6.8 ലക്ഷം കോടി ഡോളർ ചെലവുള്ളതാണു യുഎസ് ബജറ്റ്. അതിൽ രണ്ടുലക്ഷം കോടി ഡോളർ കുറയ്ക്കാം എന്നാണ് മസ്ക് പറയുന്നത്. അത്രയും നടന്നില്ലെങ്കിലും കുറേ കുറയ്ക്കും എന്നു കരുതാം. അപ്പോൾ യുഎസ് സർക്കാരിന്റെ കടമെടുപ്പ് കുറയും. അതും ഡോളറിനു കരുത്തു കൂട്ടും.
ഇങ്ങനെ ട്രംപ് ഡോളറിനെ ഉയർത്തിനിർത്താൻ പോകുന്നു എന്നാണ് ഇടക്കാല വിലയിരുത്തൽ. ഒരു കാര്യം വരാൻ പോകുന്നു എന്നായാൽ മുൻപേ അതു കണക്കാക്കി മറ്റു നിരക്കുകൾ മാറ്റുന്നതാണല്ലോ വിപണിയുടെ സ്വഭാവം. അങ്ങനെ ഡോളർ - രൂപ നിരക്ക് വിപണി മാറ്റുകയാണ്.
ട്രംപിന്റെ വിജയത്തിനു ശേഷം രൂപ രണ്ടര ശതമാനത്തോളം താഴ്ന്ന സാഹചര്യം ഇതാണ്. രൂപ മാത്രമല്ല, ചൈനയുടെ യുവാൻ അടക്കം ഒട്ടു മിക്ക കറൻസികളും താഴുകയാണ്. ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 60 ശതമാനവും സേവന കയറ്റുമതിയുടെ 90 ശതമാനവും ഡോളറിലാണ് ഇടപാടു നടത്തുന്നത്. താരതമ്യത്തിൽ മറ്റു കറൻസികൾ ആദായകരമായി തോന്നിയാൽ ഇടപാടു നടത്തുന്നവർ ആ കറൻസികളിലേക്കു മാറും. അതു നമ്മുടെ കയറ്റുമതി കുറയ്ക്കും. അതുകൊണ്ടാണ് ദിവസേന ഡോളർ കയറുന്നതു തടയാത്തത്.
ഡോളർ താഴാനും സാധ്യത
ട്രംപ് ഭരണം തുടങ്ങിയ ശേഷം മുൻ പ്രഖ്യാപനങ്ങളിൽ വെള്ളം ചേർക്കുകയോ ആ ഭീഷണികൾ നടപ്പാക്കാതിരിക്കുകയോ ചെയ്താൽ കഥ മാറും. രൂപയ്ക്ക് തിരിച്ചുകയറാൻ അവസരം വന്നെന്നു വരാം. 2002ൽ 49 രൂപ വരെ ഉയർന്ന യുഎസ് ഡോളർ 2007ൽ 41 രൂപയിലേക്കു താണത് ഉദാഹരണമാണ്. അതല്ലെങ്കിൽ ട്രംപിന്റെ നയങ്ങൾ യുഎസിൽ വിലക്കയറ്റം രൂക്ഷമാക്കിയാലും ഡോളർ താഴാം.
ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം, വ്യാപാരകമ്മി, ജിഡിപി വളർച്ചയിലെ ഇടിവ് തുടങ്ങിയവ രൂപയുടെ നിരക്കിനെ താഴ്ത്താവുന്ന നിലയിൽ മോശമായിട്ടില്ല. ഓഹരികളിലെയും കടപ്പത്രങ്ങളിലെയും വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതും രൂപയുടെ നിരക്കിനെ ബാധിക്കാവുന്ന നിലയിലേക്ക് വർധിച്ചിട്ടില്ല. ഭയപ്പെടാനുള്ള ഒന്നും രൂപയുടെ താഴ്ചയിൽ ഇല്ല എന്നു ചുരുക്കം.
അപകടകരമായ നീക്കം
എന്നാൽ, രൂപയെ നിയന്ത്രിത പരിധിയിൽ നിർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായ ചില നടപടികൾ അപകടത്തിലേക്കു നയിക്കുമോ എന്നു ഭയപ്പെടണം. രൂപയെ ഉയർത്തിനിർത്താൻ റിസർവ് ബാങ്ക് വിദേശനാണ്യ വിപണിയിൽ നടത്തുന്ന ഇടപെടലുകൾ അത്തരത്തിൽ പെട്ടതാണ്. ആറായിരം കോടി ഡോളറാണ് വിദേശനാണ്യ അവധി വിപണിയിൽ ഇന്ത്യ എടുത്തിട്ടുള്ള ഷോർട്ട് പൊസിഷൻ. കാലാവധി ആകുമ്പോൾ അത്രയും ഡോളർ നൽകേണ്ടിവരും. അതിനകം വലിയ തുകയുടെ നിക്ഷേപങ്ങൾ രാജ്യത്തേക്കു വരുകയോ കയറ്റുമതി വർധിച്ചു കൂടുതൽ ഡോളർ എത്തുകയോ ചെയ്തില്ലെങ്കിൽ അത്രയും തുകയുടെ ഡോളർ വിപണിയിൽനിന്നു വാങ്ങണം. അത്ര വലിയ വാങ്ങൽ വേണ്ടിവന്നാൽ രൂപ വീണ്ടും വലിയ ഇടിവിലേക്കു പോകും.
ഇപ്പോൾതന്നെ വിദേശ ബാങ്കുകൾ രൂപയുടെ താഴ്ച കൂടുതൽ വേഗമാകും എന്ന നിഗമനത്തിലേക്കു മാറി. 2024 അവസാനം ഡോളറിന് 85.50 രൂപയും 2025 അവസാനം 86.50 രൂപയും കണക്കാക്കിയിരുന്ന ബാങ്കുകൾ ഇപ്പോൾ 88.50 രൂപയാണ് 2025 അവസാനം ഡോളറിനു കണക്കാക്കുന്നത്. അതായത് 2024ലേക്കാൾ വേഗം രൂപയുടെ വിനിമയ നിരക്ക് ഈ വർഷം താഴാം. ചിലർ ഡോളറിനു 90 രൂപ ഈ വർഷം എത്താം എന്ന നിഗമനക്കാരാണ്.
രണ്ടു നടപടികൾ
രൂപയുടെ കാര്യത്തിൽ റിസർവ് ബാങ്ക് ഇപ്പോൾ രണ്ടു തരത്തിലുള്ള നീക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഒന്ന്: വിപണിയിലെ ഇടപെടൽ. രണ്ട്: വിദേശനാണ്യ നിക്ഷേപം ആകർഷിക്കൽ.
രൂപയുടെ പ്രതിദിന ചാഞ്ചാട്ടം കുറഞ്ഞ പരിധിയിൽ നിർത്താനായി റിസർവ് ബാങ്ക് പ്രതിദിനം ഇടപെടുന്നുണ്ട്. പലപ്പോഴും വലിയ അളവിൽ ഡോളർ വിൽക്കേണ്ടിവരുന്നു. ജനുവരിയിലെ ആദ്യ രണ്ടു ദിവസംകൊണ്ടുതന്നെ 140 കോടിയിലേറെ ഡോളർ വിപണിയിൽ ഇറക്കേണ്ടിവന്നു.
സെപ്റ്റംബർ 27ന് 70,489 കോടി ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യ ശേഖരം ഡിസംബർ 20 ആയപ്പോൾ 64,439 കോടി ഡോളറായി കുറഞ്ഞു. മൂന്നു മാസംകൊണ്ട് 6,000 കോടി ഡോളറിന്റെ ഇടിവ്. തലേ ആറുമാസംകൊണ്ട് 6,600 കോടി ഡോളർ വർധിച്ച സ്ഥാനത്താണിത്. വിപണിയിൽ ഇടപെടാൻ 6,000 കോടിയിലേറെ ഡോളർ ചെലവാക്കി എന്നാണ് ഇതു കാണിക്കുന്നത്.
വിദേശ പണം ആകർഷിക്കാനായി എഫ്സിഎൻആർ-ബി (ഫോറിൻ കറൻസി നോൺ റെസിഡന്റ്) നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകാൻ തന്റെ അവസാനത്തെ പണനയ അവലോകനത്തിൽ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അനുവദിച്ചിരുന്നു. പലിശ കൂട്ടുന്നതിനു മുൻപുതന്നെ ആ നിക്ഷേപങ്ങളിൽ വലിയ കുതിപ്പുണ്ട്. മൊത്തം പ്രവാസി നിക്ഷേപം 13.4 ശതമാനം കൂടിയപ്പോൾ എഫ്സിഎൻആർ-ബി നിക്ഷേപം 48.7 ശതമാനം കൂടിയെന്ന് 2024 ഒക്ടോബർ വരെയുള്ള റിസർവ് ബാങ്ക് കണക്ക് കാണിക്കുന്നു.
രഘുറാം രാജൻ ചെയ്തത്
2013 സെപ്റ്റംബറിൽ രൂപ വലിയ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണു ഡോ. രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായത്. അദ്ദേഹം സ്ഥാനമേറ്റു രണ്ടു മാസത്തിനുള്ളിൽ രൂപ 12 ശതമാനം കയറി. രണ്ടു വഴിയാണു രാജൻ സ്വീകരിച്ചത്. ഒന്ന്: എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ പലിശ കൂട്ടാൻ ബാങ്കുകൾക്കു ധനസഹായം നൽകി. രണ്ടു മാസം കൊണ്ടു 2,500 കോടി ഡോളർ ബാങ്കുകളിൽ എത്തി. രണ്ട്: ജപ്പാനുമായുള്ള ഡോളർ സ്വാപ് ക്രമീകരണം 1,500 കോടി ഡോളറിൽനിന്ന് 5,000 കോടി ഡോളറാക്കി. (ആവശ്യഘട്ടത്തിൽ ഏതാനും മാസത്തേക്കു ഡോളർ വായ്പയായി തരുന്നതിനുള്ളതാണ് സ്വാപ്). ഇതു രണ്ടും ആയതോടെ വിപണിയിലെ ഊഹക്കച്ചവടക്കാർ പെട്ടി മടക്കി. രൂപ കയറി.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2007-09ലെ ആഗോള മാന്ദ്യകാലത്തു വാങ്ങിവച്ച കടപ്പത്രങ്ങൾ വിപണിയിൽ ഇറക്കും എന്നു പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു രൂപയുടെ വിലയിടിക്കാൻ നീക്കമുണ്ടായത്. അത്തരമൊരു സാഹചര്യം ഇപ്പോൾ ഇല്ല. അതാണു പേടിയില്ലാത്തത്.
കയറ്റുമതിക്കു നല്ലത്
ഡോളർ നിരക്ക് കൂടുമ്പോൾ ഇന്ത്യക്കു കയറ്റുമതി എളുപ്പമാകും. കയറ്റുമതിക്കാർക്കു ലാഭം കൂടും. ഒപ്പം, ഇറക്കുമതിക്കു ചെലവ് കൂടും. അത് ആഭ്യന്തര വിലക്കയറ്റം കൂട്ടുമോ എന്നു പലരും ഭയപ്പെടുന്നുണ്ട്. ക്രൂഡ് ഓയിൽ വില 80 ഡോളറിനു മുകളിൽ കയറുന്നില്ലെങ്കിൽ ആശങ്കയ്ക്കു കാര്യമില്ലെന്നാണു വിദഗ്ധർ പറയുന്നത്. ഉത്പന്ന കയറ്റുമതിയുടെ വിലയുടെ 85 ശതമാനം വരുന്ന തുകയുടെ സേവന കയറ്റുമതി കൂടിയുള്ള രാജ്യമാണ് ഇന്ത്യ ഇപ്പോൾ. സേവന കയറ്റുമതിയിൽ മറ്റു രാജ്യങ്ങളിൽനിന്ന് അത്ര മത്സരമില്ല എന്നതും കണക്കാക്കണം. അതായത്, ഡോളർ നിരക്കിന്റെ പേരിൽ ഇന്ത്യ അധികം ചിന്തിക്കേണ്ട സാഹചര്യമില്ല.
2024ൽ ഇന്ത്യൻ രൂപ 2.9 ശതമാനമേ താഴ്ന്നുള്ളൂ. ചൈനീസ് കറൻസി 2.6 ശതമാനം താഴ്ന്നു. ജപ്പാന്റെ യെൻ 11.8ഉം ദക്ഷിണകൊറിയയുടെ വോൺ 11.7ഉം ശതമാനം താഴ്ന്നപ്പോഴാണിത്. താരതമ്യത്തിൽ രൂപ മെച്ചപ്പെട്ട നിലയിലാണ് എന്നു ചുരുക്കം.