ഉയരട്ടെ, ഇത്തരം ജീവിതങ്ങൾ
അനന്തപുരി / ദ്വിജൻ
Sunday, January 5, 2025 2:07 AM IST
ലാളിത്യത്തെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും പൊതുജീവിതത്തിലെ സംശുദ്ധിയെക്കുറിച്ചുമെല്ലാം തനിക്കുള്ള നിലപാടുകൾ അലങ്കാരത്തിനായി ചുണ്ടിൽ തേയ്ക്കുന്ന ചായങ്ങളല്ലെന്നും ഹൃദയഭിത്തിയിൽ പതിപ്പിച്ച കല്ലെഴുത്തുകളാണെന്നും ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്ന അറയ്ക്കപ്പറന്പിൽ കുര്യൻ ആന്റണി എന്ന മാതൃകാ ജീവിതത്തിന് 84.
ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച പലരും രാജകീയ കൊട്ടാരങ്ങളിൽ അന്തിയുറങ്ങാൻ വകയുണ്ടാക്കിയ ഇക്കാലത്ത് ഭാര്യയുടെ പേരിൽ വായ്പയെടുത്തു പണിത കൊച്ചുവീട്ടിൽ ആഹ്ലാദത്തോടെ ജീവിതസായാഹ്നം ചെലവഴിക്കുന്ന ഈ ഗാന്ധിയൻ പൊതുജീവിതത്തിനാകെ മാതൃക തന്നെ.
ആന്റണിയുടെയും അദ്ദേഹത്തിന്റെ ജീവശ്വാസമായ കോണ്‍ഗ്രസ് പാർട്ടിയുടെയും പിറന്നാൾ ഒരു ദിവസമാണ്. എന്നാൽ, ആന്റണി ശതാഭിഷിക്തനായ ദിവസമാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചത്. അതുകൊണ്ട് രണ്ട് ആഘോഷങ്ങളുടെയും ഭാഗമായുള്ള കൊണ്ടാട്ടങ്ങൾ ഉപേക്ഷിച്ചു.
ഡിസംബർ 28. പാർട്ടിയുടെ 55 -ാം പിറന്നാൾ ദിനത്തിലാണ് 1940 ഡിസംബർ 28ന് ആലപ്പുഴയിലെ ചേർത്തലയിലുള്ള അറയ്ക്കപ്പറന്പിൽ കുര്യൻ പിള്ളയുടെയും ഏലിയാമ്മയുടെയും മകനായി ആന്റണി ജനിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ള ആലപ്പുഴയിൽ അദ്ദേഹം അടിയുറച്ച കോണ്‍ഗ്രസുകാരനായി പോരാടി വളർന്നു. കെഎസ്യുക്കാരനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം കെഎസ്യുവിന്റെയും തുടർന്നു യൂത്ത് കോണ്‍ഗ്രസിന്റെയും അമരക്കാരനായി. ജീവിച്ച കാലഘട്ടത്തിലെ യുവാക്കൾക്ക് ഹരവും മാതൃകയുമായി. നാട്ടിലാകെ സംഘടനയ്ക്ക് ശക്തമായ ചട്ടക്കൂട് ഉണ്ടാക്കി. അദ്ദേഹത്തിന്റെ ജീവിതദർശനങ്ങളെ എതിർക്കുന്നവർക്കുപോലും ആ ജീവിതത്തിന്റെ ലാളിത്യവും സത്യസന്ധതയും അംഗീകരിക്കേണ്ടിവന്നു. ആരും കരുതാത്ത ഔന്നത്യങ്ങൾ കീഴടക്കി.
1969ൽ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് കെ.കെ. വിശ്വനാഥൻ കണ്‍വീനറായി ഉണ്ടായ കെപിസിസിയിൽ അംഗമായി ഉയർന്ന ആന്റണി പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ 1969ൽ തന്നെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി. 1969ൽ രൂപംകൊണ്ട അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തെ മുന്നണിയുടെ ലെയ്സണ്‍ കമ്മിറ്റി കണ്‍വീനർമാരിൽ ഒരാളായിരുന്നു ആന്റണി. എം.എൻ. ഗോവിന്ദൻ നായരായിരുന്നു അപരൻ. 1973ൽ 33-ാമത്തെ വയസിൽ കെപിസിസി അധ്യക്ഷനായി. 1973 മുതൽ 1977 വരെയും 1978 മുതൽ 1982 വരെയും 1987 മുതൽ 1992 വരെയും ആ പദവി വഹിച്ചു.
കോളജ് സമരത്തിലെ പ്രതിനായകൻ
1970ൽ ചേർത്തലയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭാരതമാകെ കോണ്‍ഗ്രസിനെതിരേ തിരിഞ്ഞിട്ടും കേരളം കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസ് വിരുദ്ധ വികാരത്തെ തടഞ്ഞുനിർത്തിയ വിന്ധ്യനായിരുന്നു ആന്റണി എന്ന് അക്കാലത്ത് എം.എൻ. പ്രശംസിച്ചു.
1977ലെ കോണ്‍ഗ്രസ് പിളർപ്പിൽ ഇന്ദിരാവിരുദ്ധർക്കൊപ്പം നിന്നു. 1977ൽ മുഖ്യമന്ത്രി കെ. കരുണാകരന് രാജൻ കേസിലെ വിധിയെത്തുടർന്നു മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നപ്പോൾ 1977ൽ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ കാലത്താണ് പുതിയ നിയമസഭാ മന്ദിരം നിർമിക്കാൻ തീരുമാനിച്ചത്. 1978ൽ ചിക്കമഗളൂരു തെരഞ്ഞെടുപ്പിൽ ആന്റണിയുടെ കോണ്‍ഗ്രസ് ഇന്ദിരയെ പിന്താങ്ങിയതിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിപദം രാജിവച്ചു. 1979ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉണ്ടാക്കി കേരളത്തിൽ അധികാരം പിടിച്ചു. ഇടതുബാന്ധവം പാർട്ടിക്കും തനിക്കും വിനാശകരമെന്നു തിരിച്ചറിഞ്ഞ് 1981 ൽ ഇടതുമുന്നണി വിട്ടു കരുണാകരന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ജനാധിപത്യ മുന്നണിയിൽ ചേർന്നു.1982ൽ ആന്റണിയും കൂട്ടുകാരും നിരുപാധികം ഇന്ദിരയുടെ കോണ്‍ഗ്രസിൽ ലയിച്ചു. സാവകാശം ഇന്ദിരാ കോണ്‍ഗ്രസിൽ പടവുകൾ കയറി.1984 മാർച്ച് 17ന്, 45-ാം വയസിൽ വിവാഹിതനായി. ഭാര്യ എലിസബത്ത്. രണ്ടു മക്കൾ: അജിത് ആന്റണിയും അനിൽ ആന്റണിയും. അനിൽ ഇപ്പോൾ ബിജെപി ദേശീയ സെക്രട്ടറിയാണ്.
1984ൽ ആന്റണി എഐസിസി ജനറൽ സെക്രട്ടറിയായി.1992ൽ വർക്കിംഗ് കമ്മിറ്റി അംഗമായി.1987ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിനു കനത്ത പരാജയം ഉണ്ടായതിനെത്തുടർന്ന് രാജീവ് ഗാന്ധി അദ്ദേഹത്തെ വീണ്ടും കെപിസിസി അധ്യക്ഷനായി അയച്ചു. 1992ൽ നടന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കരുണാകരന്റെ സ്ഥാനാർഥി വയലാർ രവിയുമായി ഏറ്റുമുട്ടി ആന്റണി തോറ്റു. 1985ൽ ആന്റണി രാജ്യസഭാംഗമായി. 1993ൽ നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പു മന്ത്രിയായി. പഞ്ചസാര അഴിമതിയാരോപണത്തെത്തുടർന്ന് 1995ൽ പദവി രാജിവച്ചു.
1995ൽ കരുണാകരനു പകരക്കാരനായി ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. ഇക്കുറി തിരൂരങ്ങാടിയിൽനിന്നു നിയമസഭയിലെത്തി. ഈ സർക്കാരാണ് കേരളത്തിൽ ചാരായനിരോധനം ഏർപ്പെടുത്തിയത്. പക്ഷേ, 1996ലെ തെരഞ്ഞെടുപ്പിൽ മുന്നണി തോറ്റു.1996 മുതൽ 2001 വരെ കേരളത്തിലെ പ്രതിപക്ഷ നേതാവായി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വൻ ഭൂരിപക്ഷം നേടി. 1996ലും 2001ലും ചേർത്തലയിൽനിന്നുമാണ് ജയിച്ചത്. ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണി ദയനീയമായി തോറ്റതിനെത്തുടർന്നു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മൂന്നുതവണയായി അഞ്ചു വർഷം കേരള മുഖ്യമന്ത്രി ആയിരുന്നു ആന്റണി. 2005ൽ വീണ്ടും രാജ്യസഭാംഗമായി. 2022 വരെ ആ സ്ഥാനം വഹിച്ചു. 1985 മുതൽ 2016 വരെ അഞ്ചു വട്ടമാണ് അദ്ദേഹം രാജ്യസഭാംഗമായത്.2006ലും 2009ലും മൻമോഹൻ സിംഗ് സർക്കാരിൽ പ്രതിരോധമന്ത്രിയായി.
കേരളത്തിൽ തൊഴിലില്ലായ്മ വേതനം, 18 വയസായവർക്ക് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വോട്ടവകാശം, സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത തുടങ്ങിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് ആന്റണി സർക്കാരാണ്. 2001ലെ ആന്റണി സർക്കാരാണ് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സന്പ്രദായത്തിന് ശക്തമായ തുടക്കം കുറിച്ചത്.
പൊതുജീവിതം അവസാനിപ്പിച്ചതും മാതൃക
2022 ഏപ്രിൽ 28ന് രാജ്യസഭാംഗത്വം അവസാനിച്ചു. ഇനി ഔദ്യോഗിക പദവികൾ വഹിക്കില്ലെന്നു പ്രഖ്യാപിച്ച് 52 വർഷത്തെ പൊതുജീവിതം അവസാനിപ്പിച്ച് ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സ്വവസതിയായ അഞ്ജനത്തിൽ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു.
സ്വയം തിരുത്തിയവൻ
ആന്റണിയുടെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും അദ്ദേഹം പുലർത്തിയ ആദർശശുദ്ധിപോലെ പ്രധാനപ്പെട്ടതായി തെറ്റു തിരുത്തുന്നതിനു കാണിച്ച മനസ്. 1976ൽ ഗോഹട്ടി എഐസിസി സമ്മേളനത്തിൽ അദ്ദേഹം അക്കാലത്ത് കോണ്‍ഗ്രസിലെ സർവശക്തനായിരുന്ന സഞ്ജയ് ഗാന്ധിയോടും അമ്മ ഇന്ദിരയോടും ഈ പോക്ക് ശരിയല്ല എന്നു തുറന്നുപറഞ്ഞു. 1979ൽ അദ്ദേഹം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട്, ഇന്ദിരാ കോണ്‍ഗ്രസിനെ ശക്തമാക്കുക മാത്രമാണ് കോണ്‍ഗ്രസിനു മാർഗം എന്നു മനസിലാക്കി നിരുപാധികം കോണ്‍ഗ്രസിൽ ലയിച്ചു. ഭാവി എന്താകും എന്നറിയാതെയുള്ള ആ തീരുമാനത്തിലൂടെയാണ് അദ്ദേഹം പിൽക്കാലത്ത് കേരളത്തിൽ മുഖ്യമന്ത്രിയും എട്ടുവർഷം പ്രതിരോധമന്ത്രിയും ആയത്. തനിക്ക് ദൈവവിശ്വാസം ഇല്ലെന്നു പറഞ്ഞിരുന്ന ആന്റണി തനിക്ക് വിശ്വാസം പോരെന്ന നിലപാടിലായി പിൽക്കാലത്ത്. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും സ്വകാര്യ വിദ്യാലയങ്ങളെക്കുറിച്ചും 1970കളിൽ പുലർത്തിയ സമീപനം ആയിരുന്നില്ല 2000ൽ ആന്റണിക്ക്. മാറ്റം തുറന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം സ്വകാര്യമേഖലയ്ക്കായി നിന്നു.
ന്യൂനപക്ഷ പ്രീണനം, ഭൂരിപക്ഷ വർഗീയത വളർത്തുമെന്ന് 1990കളിൽ മുന്നറിയിപ്പു നല്കിയ നേതാവാണ് ആന്റണി. മതേതരത്വം എന്നാൽ, ആരെയും പ്രീണിപ്പിക്കലോ ആർക്കും കൂടുതൽ കൊടുക്കലോ അല്ല, എല്ലാവർക്കും അർഹതപ്പെട്ടത് ഉറപ്പാക്കുകയാണ് എന്ന് അദ്ദേഹം അന്നേ പറഞ്ഞു.
അധികാരമോഹിയോ?
രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനാകുന്നതുതന്നെ അധികാരം പിടിച്ചു ജനങ്ങൾക്കു നന്മ ചെയ്യാനും നാടിനെ പുരോഗമിപ്പിക്കാനുമാണ് എന്നതുകൊണ്ട് ആന്റണി എന്ന രാഷ്ട്രീയക്കാരൻ അധികാരമോഹിയായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അപ്പാടെ പിശകാവില്ല. എന്നാൽ, അധികാരത്തിനുവേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയാറായിരുന്നില്ല.
ഗ്രൂപ്പുകളിയുടെ ആശാൻ
ഗ്രൂപ്പുകളിയുടെ ആശാനായിരുന്നു അദ്ദേഹം. പക്ഷേ, അത് അധികാരം പിടിക്കാനുള്ള കുറുക്കുവഴി ആയിരുന്നില്ല. വികസന കാഴ്ചപ്പാടുകളിലുള്ള വൈരുദ്ധ്യത്തിന്റെ പ്രതിഫലനമായിരുന്നു. കരുണാകരനും ആന്റണിയും രണ്ട് ധ്രുവങ്ങളിൽനിന്നു പോരാടി. രണ്ടുപേർക്കും ഒന്ന് തീർച്ചയായിരുന്നു. അപരൻ സംഘടനയുടെ ജനാധിപത്യചേരിയുടെ കരുത്താണ്. വളയ്ക്കുകയേ ചെയ്യാവൂ, ഒടിക്കരുത്. കരുണാകരൻ കോണ്‍ഗ്രസ് വിട്ട് ഡിഐസി ഉണ്ടാക്കാൻ ആലോചന നടക്കുന്ന കാലത്ത് കരുണാകരൻ പാർട്ടി വിടാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്തു; കോണ്‍ഗ്രസ് വിട്ട അദ്ദേഹത്തെ തിരിച്ചെത്തിക്കാനും.
രാഷ്ട്രീയത്തിൽ അനിതര സാധാരണമായ ആദർശശുദ്ധി പുലർത്തുന്ന നേതാവാണ് ആന്റണി. എന്നാൽ, തനിക്ക് ആദർശനിഷ്ഠയോടെ മുന്നോട്ടു പോകാനാകുന്നത് കരുണാകരനും വയലാർ രവിയും ഉമ്മൻ ചാണ്ടിയും അടങ്ങിയ കോണ്‍ഗ്രസ് കുടുംബം ഒപ്പം ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം മനസിലാക്കി. ആരെയും പുറത്താക്കിയല്ല കോണ്‍ഗ്രസ് ശക്തമാകേണ്ടത് എന്ന് അദ്ദേഹം വിശ്വസിച്ചു. അത്തരം നീക്കങ്ങളെ എതിർത്തു.