കാലാതിശായിയായ പരിഷ്കർത്താവ്
റവ. ഡോ. ജോസി കൊല്ലമ്മാലിൽ
Saturday, January 4, 2025 12:51 AM IST
1860 മുതൽ നസ്രാണി സഭയുടെ ശനിദശയായിരുന്നു. വിവിധ ശീശ്മകൾ ഈ സഭയെ ആക്രമിച്ചു. അദ്യമെത്തിയ ശീശ്മ തോമസ് റോക്കോസായിരുന്നു. മാർപാപ്പയുടെ അനുവാദമില്ലാതെ നസ്രാണി സഭയെ ഭരിക്കാനെത്തിയ റോക്കോസിനെ ചാവറയച്ചന്റെ നേതൃത്വത്തിൽ കേരള നസ്രാണി സഭയിൽനിന്നു പുറത്താക്കി. ഇവിടെ അനുസ്മരിക്കേണ്ട ഒരു പ്രധാന കാര്യം, റോക്കോസ് നാട്ടിലെത്തിയ ഉടൻ ചാവറയച്ചൻ എതിർപ്പുമായി രംഗത്തു വരികയല്ല ചെയ്തത്. റോമിന്റെ അനുവാദത്തോടെയാണോ അദ്ദേഹം ഇവിടെയെത്തിയിരിക്കുന്നതെന്ന് രേഖാമൂലം റോമിൽ അന്വേഷിച്ചു. തന്റെ അനുവാദമില്ലാതെയാണ് റോക്കോസ് കേരളത്തിൽ എത്തിയതെന്ന് മാർപാപ്പ അറിയിച്ച നിമിഷമാണ് ചാവറയച്ചൻ സടകുടഞ്ഞെണീറ്റ് സഹപ്രവർത്തകരോടൊപ്പം റോക്കോസിനോട് പോരാടി അയാളെ ഇവിടെനിന്നു തുരത്തിയതും ശീശ്മയിൽപ്പെട്ടവരെ രക്ഷിച്ചതും.
പത്രോസിന്റെ സിംഹാസനത്തോട് അത്ര വലിയ ആദരവും ബഹുമാനവുമാണ് ചാവറയച്ചന് ഉണ്ടായിരുന്നത്. അക്കാലത്ത് 154 പള്ളികൾ മാത്രമുണ്ടായിരന്ന നസ്രാണി സഭയുടെ നേതൃത്വം സഭയുടെ വികാരി ജനറാൾ എന്ന നിലയിൽ ചാവറയച്ചന് ഏറ്റെടുക്കേണ്ടിവന്നു. ഭാരതപ്പുഴയ്ക്കും പന്പയാറിനുമിടയിൽ നസ്രാണി സഭയെ ഒതുക്കിനിർത്തിയിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.
“ചാവറയച്ചന്റെ ശക്തവും ധീരവുമായ നേതൃത്വമില്ലായിരുന്നെങ്കിൽ തോമ്മാശ്ലീഹയാൽ സ്ഥാപിതമായ ഈ വ്യക്തിസഭ വഴിതെറ്റിപ്പോവുകയോ ഇല്ലാതാവുകയോ ചെയ്യുമായിരുന്നു” എന്ന് സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ് മാർ വർക്കി വിതയത്തിൽ അനുസ്മരിച്ചിട്ടുണ്ട്. “ആകെ 154 പള്ളികൾ മാത്രമുണ്ടായിരുന്ന നസ്രാണി സഭയുടെ വികാരി ജനറാളായിരുന്ന ചാവറയച്ചൻ എന്റെ മുൻഗാമിയായിരുന്നു. അദ്ദേഹമിരുന്ന കസേരയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്” എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞുവച്ചു. ചാവറയച്ചനുശേഷം നസ്രാണി സഭയുടെ രണ്ടാമത്തെ വികാരി ജനറാളായി സ്ഥാനമേറ്റത് വന്ദ്യ പോരൂക്കര കുര്യാക്കോസ് ഏലീശാ അച്ചനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ തുടക്കം ശാന്തമായിരുന്നുവെങ്കിലും പിന്നീട് മേലൂസ് ശീശ്മയാൽ (1874-82) ഈ സഭ ആക്രമിക്കപ്പെട്ടു. ഈ ശീശ്മയെ തുരത്താൻ രണ്ടാമത്തെ വികാരി ജനറാളിന്റെ നേതൃത്വത്തിൽ സഹവൈദികർ സ്വന്തം ജീവൻപോലും അവഗണിച്ചുകൊണ്ട് യുദ്ധക്കളത്തിൽ പോരാടി.
കോലാഹലരഹിത ആശയാദർശ സമരങ്ങൾ
മേലൂസിന്റെ പ്രശ്നങ്ങൾ തീർന്നെങ്കിലും നസ്രാണി സഭയ്ക്ക് സ്വയംഭരണം വേണമെന്നും സ്വന്തം ജാതിയിൽപ്പെട്ട മെത്രാൻതന്നെ വേണമെന്നുമുള്ള ആവശ്യങ്ങളോടെ കേരള കർമലീത്ത സുറിയാനി സന്യാസ സഭയിലെ വൈദികർ കോലാഹലരഹിത ആശയാദർശ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുവാനാരംഭിച്ചു. മാന്നാനം ആശ്രമത്തിലും ചാവറയച്ചൻ സ്ഥാപിച്ച പുളിങ്കുന്ന്, വാഴക്കുളം, എൽത്തുരുത്ത് തുടങ്ങിയ ആശ്രമങ്ങളിലുമായിരുന്നു സമരങ്ങളുടെ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. സന്യാസവൈദികർ തന്നെയായിരുന്നു നസ്രാണി സമുദായത്തിലെ വിശ്വാസികളെ ഈ ആശ്രമങ്ങളിൽ ഒന്നിച്ചുകൂട്ടി വിദേശഭരണത്തിനെതിരേയും സ്വന്തം മെത്രാൻമാർ സഭയെ ഭരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പഠിപ്പിച്ചത്.
ഭാരതീയ സന്യാസശൈലിയിൽ, മറ്റാരുടെയും പ്രേരണയാലല്ലാതെ, കേരള കർമലീത്ത സുറിയാനി സന്യാസസഭയും (സിഎംഐ) സ്ത്രീകൾക്കുവേണ്ടി സിഎംസി സന്യാസിനീസഭയും ഉദയംചെയ്തപ്പോൾ മലയാളത്തിലെ ആണിനും പെണ്ണിനും സന്യസിച്ചും സ്വയമർപ്പിച്ചും സഭയെയും സമുദായത്തെയും സേവിക്കാനുള്ള വഴികളും തുറന്നുകിട്ടി. അതുകൊണ്ടുതന്നെ അന്നത്തെ സന്യാസാശ്രമങ്ങളും ചാവറയച്ചൻ സ്ഥാപിച്ച സന്യാസിനീമഠങ്ങളും സുറിയാനി സമുദായത്തിന്റെ നവോത്ഥാനോർജ കേന്ദ്രങ്ങളായി മാറി. വാഴക്കുളം, എൽത്തുരുത്ത്, പുളിങ്കുന്ന്, മാന്നാനം ആശ്രമങ്ങളായിരുന്നു അന്നത്തെ സീറോ മലബാർ സഭയുടെ അരമനകൾ.
ഷെവ. ഐ.സി. ചാക്കോയുടെ വാക്കുകളിൽ: “അര ശതാബ്ദക്കാലത്തേക്ക് മാന്നാനം സുറിയാനിക്കാരുടെ കേന്ദ്രമായിരുന്നു. തൃശൂർ മുതൽ ചങ്ങനാശേരി വരെയുള്ള നസ്രാണി വിശ്വാസികളുടെയെല്ലാം അഭിമാനസ്തംഭങ്ങളായ ചാവറയച്ചനും പോരൂക്കര കുര്യാക്കോസ് ഏലീശാച്ചനും വാണിരുന്നത് മാന്നാനത്തായിരുന്നു. സുറിയാനിക്കാർക്ക് പ്രത്യേകം മെത്രാൻമാർ ഉണ്ടായതിനുശേഷം മാന്നാനത്തിന്റെ പ്രാധാന്യം മെത്രാൻമാരുടെ അരമനകളിലേക്കു മാറി. മാന്നാനത്ത് താമസിച്ചിരുന്ന ആദ്യത്തെ വികാരി ജനറാളന്മാർ രണ്ടുപേരും ജനങ്ങളുടെ ഹൃദയത്തിൽ പഴയ അർക്കദിയാക്കോന്മാരുടെ സ്ഥാനത്തെയാണു വഹിച്ചിരുന്നത്. അവർ അഭിഷേകമില്ലാത്ത മെത്രാന്മാരായിരുന്നു എന്നു പറയാം. അവരുടെ അഭിപ്രായങ്ങൾ വടക്കും തെക്കുമുള്ള സകല സുറിയാനിക്കാരാലും ആദരിക്കപ്പെട്ടിരുന്നു.’’ (ളൂയീസ് പഴേപറന്പിൽ, ജീവിതവും കാലവും, ഷെവ. ഐ.സി. ചാക്കോ, 1937).
സ്വന്തം ഹയരാർക്കിക്കായി മഹാഹർജി
സ്വന്ത റീത്തിൽപ്പെട്ട മെത്രാന്മാരെ കിട്ടണമെന്നും നസ്രാണി സഭയെ വിദേശഭരണത്തിൽനിന്നു സ്വതന്ത്രമാക്കി നസ്രാണി സഭയ്ക്കായി സ്വന്തം ഹയരാർക്കി സ്ഥാപിക്കണമെന്നും കാണിച്ച് മാന്നാനം ആശ്രമത്തിൽനിന്ന് 1875 ജൂലൈ 28ന് ഒരു ഭീമഹർജി പരിശുദ്ധ സിംഹാസനത്തിലേക്ക് അയയ്ക്കപ്പെട്ടു. ഇതിനു നേതൃത്വം നൽകിയത് മാന്നാനം ആശ്രമത്തിലെ നാല് സന്യാസ വൈദികരും പുളിങ്കുന്ന് ആശ്രമത്തിലെ മൂന്ന് സന്യാസ വൈദികരുമായിരുന്നു. ഈ മഹാഹർജി മാന്നാനം ആശ്രമപള്ളിയിലെ പ്രധാന ബലിപീഠത്തിൽ വച്ച് പ്രാർഥിച്ചതിനു ശേഷമാണ് മാർപാപ്പയ്ക്ക് അയച്ചത്.
പിന്നീടങ്ങോട്ട് പീഡനങ്ങളുടെ കാലമായിരുന്നു. മാന്നാനത്തെ യുവവൈദികർ അയച്ച ഹർജി വരാപ്പുഴ വികാരി അപ്പസ്തോലിക്കയുടെ പ്രതികാര നടപടികൾക്കു കാരണമാക്കി. ഏഴുപേരെയും സന്യാസസഭയിൽനിന്നു പുറന്തള്ളി. അവർ ഏഴുപേരും സിഎംഐ സഭയുടെയും നസ്രാണി സഭയുടെയും എഴ് വ്യാകുലങ്ങളായി മാറി. ഈ ഏഴ് വ്യാകുലങ്ങളിൽ പ്രധാനി ളൂയിസ് പഴേപറന്പിലച്ചനായിരുന്നു. അദ്ദേഹം പിന്നീട് എറണാകുളം രൂപതയുടെ പ്രഥമ മെത്രാനായി ഉയർത്തപ്പെട്ടു. സ്ഫോടനാത്കമായ അന്തരീക്ഷത്തിൽ ആത്മാർഥമായി തയാറാക്കിയ മാന്നാനം മഹാഹർജിക്ക് പെട്ടെന്ന് പ്രതികരണമുണ്ടായിത്തുടങ്ങി.
ഹർജിക്കാർ ഖിന്നരാകാതെ ഒറ്റയ്ക്കും കൂട്ടായും പിന്നെയും നിവേദനങ്ങൾ അയച്ചുകൊണ്ടിരുന്നു. ഉള്ളടക്കം മാന്നാനം ഹർജിയിലേതുതന്നെ. പുളിങ്കുന്നിലും മാന്നാനത്തും എൽത്തുരുത്തിലും സ്ഥാപിക്കപ്പെട്ട ആശ്രമങ്ങൾ ഹർജിക്കാരുടെ താവളങ്ങളായി. കിഴക്കൻ പ്രദേശക്കാർ മാന്നാനത്തും കുട്ടനാട്ടിലെ വിശ്വാസികൾ പുളിങ്കുന്നിലും വടക്കുനിന്നുള്ളവർ എൽത്തുരുത്തിലും താവളമടിച്ചു. കാരണം, മെത്രാന്മാരില്ലാതിരുന്ന സുറിയാനിക്കാരുടെ നേതൃത്വം ഈ ആശ്രമങ്ങൾക്കായിരുന്നു.
അപ്പസ്തോലിക് വിസിറ്ററും മാന്നാനം സൂനഹദോസും
റോമിലെ പ്രൊപ്പഗാന്താ കാര്യാലയത്തിൽ ഇവരുടെ ഹർജി 1877 ഫെബ്രുവരി 21ന് ചർച്ചയ്ക്കു വന്നു. യഥാർഥ സ്ഥിതി കണ്ടെത്താൻ, പ്രൊപ്പഗാന്താസംഘം ഒരു വിസിറ്ററെ നിയമിക്കാൻ തീരുമാനിച്ചു. ഒന്പതാം പീയൂസ് മാർപാപ്പ മാർച്ച് 25ലെ "ഒപ്പോർതെത്ത്’ തിരുവെഴുത്തുപ്രകാരം പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ പരിചയസന്പന്നനായ ബോംബെ വികാരി അപ്പസ്തോലിക്ക ലെയോ മൊയ്റീനെ മലബാറിലെ അപ്പസ്തോലിക് വിസിറ്ററായി നിയമിച്ചു.
റോക്കോസിന്റെയും പിന്നീട് മേലൂസിന്റെയും വരവോടെ കലങ്ങുകയും കലഹിക്കുകയും ചെയ്തിരുന്ന കേരളസഭാന്തരീക്ഷത്തിലെ സ്ഥിതിഗതികൾ വസ്തുനിഷ്ഠമായി പഠിക്കാനും പ്രായോഗിക പരിഹാരമാർഗങ്ങൾ നിർദേശിക്കാനും വിസിറ്ററെ റോം ചുമതലപ്പെടുത്തി.
അദ്ദേഹം 1876 മേയ് അഞ്ചിന് കേരളത്തിലെത്തുകയും മേയ് എട്ടിന് സുറിയാനിക്കാർക്കായി തന്റെ ആഗമനോദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് ഒരു വിളംബരം പ്രസിദ്ധീകരിക്കുകയും ചെയ്തു. സുറിയാനിപ്പള്ളിക്കാരെ മാന്നാനത്തേക്കു സ്വാഗതം ചെയ്യുന്ന കത്ത് മേയ് 10ന് പ്രസിദ്ധപ്പെടുത്തി. മേയ് 23 മുതൽ 26 വരെ മാന്നാനത്തു ചേർന്ന വൈദികരും ഇടവക പ്രതിനിധികളും അവശ്യംവേണ്ട വിവരങ്ങൾ നൽകണമെന്ന് നിർദേശിച്ചിരുന്നു.
മൊയ്റീൻ വിസിറ്ററുടെ ആഗമനത്തിൽ ആവേശം കൊണ്ട നസ്രാണി സമുദായാംഗങ്ങൾ പോരൂക്കര കുര്യാക്കോസ് ഏലിശാച്ചന്റെ നേതൃത്വത്തിൽ വിസിറ്റർക്ക് മാന്നാനത്തേക്കു ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. പഴേപറന്പിൽ ളൂയീസച്ചനും നിധീരിക്കൽ മാണിക്കത്തനാരും പാറയിൽ വർക്കിത്തരകനും വരവേൽപ്പും സമ്മേളനവും സുറിയാനിക്കാരുടെ അന്തസിനൊത്തവിധമാക്കാൻ ഇറങ്ങിത്തിരിച്ചു. വലിയൊരു ജനസാഗരമാണ് മൊയ്റീൻ മെത്രാനു സ്വീകരണം നൽകാൻ മാന്നാനത്തു തടിച്ചുകൂടിയത്.
സുറിയാനിക്കാരെ വരാപ്പുഴയിൽനിന്നു വേർപെടുത്തി രണ്ടു രൂപതകൾ രൂപീകരിക്കണമെന്നുമുള്ള ഹർജികൾ സമർപ്പിക്കപ്പെട്ടു. സുറിയാനിക്കാർക്കു പ്രത്യേകം മെത്രാനെ വേണമെന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ടായി. മാന്നാനം സൂനഹദോസ് സമാപിച്ചശേഷം പ്രധാന ശിപാർ