ചാവറയച്ചൻ നസ്രാണി സഭയുടെ സമരനായകൻ
റവ. ഡോ. ജോസി കൊല്ലമ്മാലിൽ
Friday, January 3, 2025 12:47 AM IST
1887ൽ ലത്തീൻ ഭരണത്തിൽനിന്നു നസ്രാണി സഭയെ വേർപെടുത്തി നസ്രാണി കത്തോലിക്കർക്കു മാത്രമായി രണ്ടു വികാരിയാത്തുകളുടെ സ്ഥാപനം ആഗോള കത്താലിക്കാ സഭയ്ക്ക് ചെറിയ കാൽവയ്പായിരുന്നു. കേരള നസ്രാണി സഭയെ സംബന്ധിച്ച് അതൊരു കുതിപ്പോ കുതിച്ചുചാട്ടമോ ആയിരുന്നു. ലത്തീൻ വിദേശ മിഷനറിമാരുടെ ഭരണനുകത്തിൽനിന്നു കുതറിമാറാൻ മലയാളിത്തനിമയുടെ ഏറ്റവും കരുത്തുറ്റ വക്താക്കളായ സുറിയാനിക്കാർ, ‘സുറിയാനിക്കാർ സുറിയാനിക്കാർക്ക്’ എന്ന മുദ്രാവാക്യത്തെ മുറുകെപ്പിടിച്ച് സമരം ചെയ്തു. സുറിയാനി ക്രിസ്ത്യാനികൾ കാലോചിതമായ കാൽവയ്പുകളിലൂടെ തങ്ങളുടെ തനിമയും മികവും, അനുവദനീയവും ക്രിസ്തീയവുമായ മാർഗങ്ങളിലൂടെ പ്രകടമാക്കി.
തോമാശ്ലീഹയിൽനിന്നു ജ്ഞാനസ്നാനം സ്വീകരിച്ച് കേരളത്തിൽ പൊട്ടിമുളച്ച നസ്രാണി സഭ രണ്ടായിരം വർഷങ്ങളിലൂടെ കടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. വിദേശ മിഷനറിമാർ നസ്രാണി സമുദായത്തെ അവഗണിച്ചും അപമാനിച്ചും വ്രണപ്പെടുത്തിയും ആത്മാഭിമാനത്തെ ചവിട്ടിത്താഴ്ത്തിയും ഭരിച്ചൊരു കാലത്തിന്റെ കഥകളും ചരിത്രവും നസ്രാണി സഭയ്ക്കുണ്ട്. കാലാകാലങ്ങളിൽ ഈ സഭയെ ഭരിച്ച വിദേശികൾ അവരുടേതായ അനുഷ്ഠാനങ്ങളും ആചാരങ്ങളും ഈ സഭയുടെമേൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്; ഈ സമുദായം ആർജിച്ചെടുത്ത ചില പാരന്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും സഭയുടെ സ്വന്തമായിട്ടുണ്ടായിരുന്നു. അവയായിരുന്നു ഈ സഭയെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കിയിരുന്നതും. വിദേശ ഭരണത്തിൻകീഴിൽ അവയിൽ ചിലതെല്ലാം നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടു. നസ്രാണി സഭയിൽനിന്നു വിദേശഭരണത്തെ കെട്ടുകെട്ടിക്കാൻ കാലാകാലങ്ങളിലായി പല പ്രക്ഷോഭങ്ങളും സമരങ്ങളും നസ്രാണി സമുദായ നേതാക്കന്മാരുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ഈ സമരങ്ങളുടെയെല്ലാം പരിസമാപ്തി മാന്നാനം കുന്നിൽ ആയിരുന്നു.
ചാവറയച്ചനും അനുയായികളും നടത്തിയ സമരമെന്നു പറഞ്ഞാൽ ഇക്കാലത്തേതുപോലുള്ള തെരുവുസമരങ്ങളോ കോലം കത്തിക്കലുകളോ ഗ്വാഗ്വാ വിളികളോ ചെളിവാരിയെറിയലോ ആയിരുന്നില്ല. യാഥാർഥ്യങ്ങളിൽ, ചരിത്രത്തിൽ ഊന്നിനിന്നുള്ള ആദർശസമരമായിരുന്നു, ആത്മീയതേജസ് വിതറുന്ന സമരമായിരുന്നു. അദ്ദേഹമോ സഹസന്യാസ വൈദികരോ അദ്ദേഹത്തിന്റെ മക്കളായ സഭയ്ക്കുവേണ്ടി ഏറെ ത്യാഗം സഹിച്ച ഏഴ് വ്യാകുലങ്ങളോ വരാപ്പുഴ അരമനയിലേക്കു ജാഥ നയിച്ചിട്ടില്ല. മഹനീയജീവിതം നയിച്ച് പ്രാർഥിച്ചിട്ടേയുള്ളൂ. “ത്യാഗമെന്നതേ നേട്ടം താഴ്മതാൻ അഭ്യുന്നതി” എന്നു കവി എഴുതിയതു പിന്നീടാണെങ്കിലും ആ അറിവ് അവരുടെ ജീവിതതത്വമായിരുന്നു; അവർ സന്യാസ വൈദികജീവിതത്തിൽ പഠിച്ച പാഠമായിരുന്നു. അവരുടെ ഗുരു യേശുവായിരുന്നു, അവരുടെ മാനിഫെസ്റ്റോ നാലു സുവിശേഷങ്ങളായിരുന്നു.
ഭാരതത്തിലെ ആദ്യ സന്യാസസഭ
പത്തൊന്പതാം നൂറ്റാണ്ട് നസ്രാണി സഭയെ സംബന്ധിച്ചിടത്തോളം ശീശ്മകളുടെയും വിദേശഭരണത്തിനെതിരായ സമരങ്ങളുടെയും കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ നസ്രാണി സഭയെ നയിക്കാനും കാത്തുപരിപാലിക്കാനും വളർത്താനും നസ്രാണി സഭയിൽനിന്നുതന്നെ ഒരു സന്യാസസഭ ഉദയം ചെയ്തു. മൂന്ന് ഇടവക വൈദികർ ഒരുമിച്ചു കൂടി ഒരു സന്യാസ ജീവിതരീതിക്ക് ആരംഭമിട്ടു. പോരൂക്കര തോമ്മാ മല്പാൻ, പാലയ്ക്കൽ തോമ്മാ മല്പാൻ, കുര്യാക്കോസ് ഏലിയാസ് ചാവറ മല്പാൻ ഇവരായിരുന്നു അവർ. താപസജീവിതവും ലോകത്തിൽനിന്ന് അകന്നുള്ള പുണ്യജീവിതവുമായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് നസ്രാണി സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം ഇവരുടെ ചുമലിലായി. ഇവർ ആരംഭിച്ച സന്യാസജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ട് ധാരാളം ഇടവക വൈദികർ സന്യാസജീവിതം തെരഞ്ഞെടുത്തു. മാന്നാനത്താരംഭിച്ച സന്യാസാശ്രമംപോലെ കേരളത്തിന്റെ പല ഭാഗങ്ങളിലും സന്യാസാശ്രമങ്ങൾ സ്ഥാപിക്കപ്പെട്ടുതുടങ്ങി.
1831ൽ ആശ്രമജീവിതം ആരംഭിച്ചെങ്കിലും 1855ൽ മാത്രമാണ് ഔദ്യോഗികമായി മൂന്ന് വ്രതങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള സന്യാസജീവിതം ഭാരതത്തിൽ ആദ്യമായി ആരംഭിച്ചത്. സന്യാസജീവിതത്തിലേക്കു കടന്നുവെങ്കിലും ചാവറയച്ചന്റെയും സഹസന്യാസികളുടെയും ശക്തമായ നേതൃത്വം നസ്രാണി സഭയ്ക്കുണ്ടായിരുന്നതിനാൽ സഭയുടെ സംരക്ഷണം ഈ സന്യാസ വൈദികരുടെ കരങ്ങളിൽ ഭദ്രമായിരുന്നു. തങ്ങളുടെ സഭയിൽ നടക്കുന്ന വിദേശഭരണത്തിനെതിരേ ശക്തമായ മുറുമുറുപ്പുകൾ നസ്രാണി സഭയിൽ ഉടലെടുത്ത കാലമായിരുന്നു അത്. തങ്ങൾക്ക് മാത്രമായി ഒരു ഹൈരാർക്കി വേണമെന്നും സ്വന്തം ജാതിയിൽപ്പെട്ട മെത്രാൻമാർതന്നെ തങ്ങൾക്ക് വേണമെന്നും അപേക്ഷിച്ചുകൊണ്ട് മാർപാപ്പയ്ക്കും മറ്റുമായി സീറോ മലബാർ സഭയുടെ ആദ്യ വികാരി ജനറാളായിരുന്ന ചാവറയച്ചൻ കത്തുകളെഴുതിത്തുടങ്ങിയിരുന്നു.
മാന്നാനം കുന്നിൽനിന്ന് ആരംഭിച്ചത്...
ഇക്കാലത്തുതന്നെ ഭാരതത്തിലെ ആദ്യ സന്യാസസഭയും സഭയുടെ ആദ്യത്തെ പള്ളിക്കൂടവും അച്ചുകൂടവും നസ്രാണിസഭയുടെ ആദ്യത്തെ സെമിനാരിയും വിശ്വാസപരിശീലനകേന്ദ്രവും അധഃകൃതോദ്ധാരണ പരിപാടികളും മാന്നാനത്താരംഭിച്ചു. കേരള കത്തോലിക്കർക്കു വേണ്ട മുഴുവൻ പ്രാർഥനാപുസ്തകങ്ങളും ഈ കുന്നിൽനിന്ന് അച്ചടിച്ചിറങ്ങി, പിന്നീട് മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയും കേരള ക്രിസ്ത്യാനികളുടെ ആദ്യത്തെ കുടുംബമാസികയായ കർമെല കുസുമവും. നസ്രാണികൾക്ക് ആധ്യാത്മികവും സാമൂഹികവും സാന്പത്തികവും സാംസ്കാരികവും ബൗദ്ധികവുമായ എല്ലാ രംഗങ്ങളിലും ഉയർച്ചയുണ്ടാകാൻ ഉതകുന്നവയ്ക്കെല്ലാം മാന്നാനം കുന്നിൽ ആരംഭം കുറിച്ചു. നാല്പതുമണി ആരാധന, തിരുഹൃദയ ഭക്തി, പരിശുദ്ധ മറിയത്തോടും യൗസേപ്പിനോടും തിരുക്കുടുംബത്തോടുമൊക്കെയുള്ള ഭക്തി, വണക്കമാസങ്ങൾ എന്നിവയ്ക്ക് ഈ കുന്നിൽ ആരംഭം കുറിച്ചു.
എകെസിസിക്ക് തുടക്കം കുറിക്കപ്പെട്ടത് ഈ കുന്നിൽനിന്നുതന്നെ. കെസിഎസ്എല്ലും യുവദീപ്തിയും ടീച്ചേഴ്സ് ഗിൽഡും ശക്തിപ്രാപിക്കുന്നതും ഈ കുന്നിൽനിന്നുതന്നെ. മലയാളത്തിൽ ആദ്യമായി കുരിശിന്റെ വഴി എന്ന ഭക്തകൃത്യവും തിരുഹൃദയസഭ എന്ന ഭക്തസംഘടനയും ഉദയംചെയ്തതും ഇവിടെത്തന്നെ. നൂറ്റിക്കഞ്ച്, കെട്ടുതെങ്ങ്, പിടിയരി തുടങ്ങിയ പരിപാടികളും സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞി പരിപാടിയും ഈ മാന്നാനം കുന്നിൽനിന്നുതന്നെ ആരംഭിച്ചു. സവർണരെയും അവർണരെയും ഒന്നിച്ചിരുത്തി വിദ്യ അഭ്യസിപ്പിക്കാൻ ആരംഭം കുറിക്കപ്പെട്ടതും ഇവിടെത്തന്നെ. ചാവറയച്ചൻ മൂന്നുപ്രാവശ്യം പ്രത്യക്ഷപ്പെട്ട് തനിക്ക് രോഗശാന്തി നൽകി എന്ന് സാക്ഷ്യപ്പെടുത്താൻ വിശുദ്ധ അൽഫോൻസാമ്മ ഈ മാന്നാനം കുന്നിൽ എത്തിയിട്ടുമുണ്ട്.
ചാവറയച്ചന്റെ രചനകൾ
1869-70 വർഷങ്ങളിലായി ചാവറയച്ചൻ എഴുതിയ മഹാകാവ്യമാണ് ആത്മാനുതാപം. 4,021 വരികളാണ് ഈ മഹാകാവ്യത്തിനുള്ളത്. മലയാളത്തിലെ പ്രശസ്തങ്ങളായ 16ൽപരം ദ്രാവിഡവൃത്തങ്ങളിലാണ് ഈ മഹാകാവ്യം രചിക്കപ്പെട്ടത്. 1840കളിൽ സ്വന്തം ഗുരുഭൂതനായ പാലയ്ക്കൽ തോമ്മാ മല്പാന്റെ ജീവിതചരിത്രവും അദ്ദേഹം രചിച്ചു. 1850കളിൽചാവറയച്ചനെഴുതിയ മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്ന കാവ്യത്തിന് 1,162 വരികളാണുള്ളത്. 182 വരികളുള്ള അനസ്താസ്യായുടെ രക്തസാക്ഷ്യം എന്ന ഖണ്ഡകാവ്യം രചിക്കപ്പെട്ടത് 1861 കാലഘട്ടത്തിലുമാണ്.
ധ്യാനസല്ലാപങ്ങൾ എന്ന പേരിൽ ചാവറയച്ചൻ രചിച്ച തന്റെതന്നെ ധ്യാനചിന്തകൾ അദ്ദേഹത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്നു. 1856-57 കാലഘട്ടത്തിൽ കൂനമ്മാവിലെ സെമിനാരി വിദ്യാർഥികൾക്കായി 10 ഇടയനാടകങ്ങൾ (എക്ലോഗുകൾ) എഴുതിയുണ്ടാക്കുകയും അത് അവതരിപ്പിക്കാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമി ചാവറയച്ചന്റെ ഇടയനാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നസ്രാണി സഭയിലെ വിശുദ്ധ കുർബാന സംബന്ധിച്ചുള്ള ക്രമങ്ങൾ ചിട്ടപ്പെടുത്താൻ ഒന്പത് അധ്യായങ്ങളിലായി വിശുദ്ധ കുർബാന സംബന്ധിച്ച എല്ലാ ക്രമങ്ങളെയും സ്പഷ്ടമായി വിവരിച്ചുകൊണ്ടുള്ള തുക്കാസ ഗ്രന്ഥം ചാവറയച്ചൻതന്നെ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ആരാധനക്രമ പഞ്ചാംഗവും ചാവയറച്ചൻതന്നെ എഴുതി പ്രസിദ്ധീകരിച്ചു. കാനോന നമസ്കാര നവീകരണങ്ങളും ചാവറയച്ചൻ തന്നെയാണ് നടപ്പാക്കിയത്. 1800 കാലഘട്ടത്തിൽ നസ്രാണിസഭയുടെ ക്രോണിക്കിളുകൾ (നാളാഗമങ്ങൾ) അദ്ദേഹം എഴുതി സൂക്ഷിച്ചു. ഈ രചനകളെല്ലാം മാന്നാനം കുന്നിൽത്തന്നെയാണ് നടന്നത്. മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ പ്രവർത്തനങ്ങൾക്കും മാന്നാനം കുന്നിലാണ് ചാവറയച്ചൻ ആരംഭം കുറിച്ചത്.
(തുടരും)