ഇഎസ്എ റിപ്പോർട്ട് സർക്കാരിന്റെ ആത്മവഞ്ചന
ഡോ. ചാക്കോ കാളംപറമ്പിൽ
Friday, January 3, 2025 12:44 AM IST
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ നിർദേശപ്രകാരം കേരളത്തിലെ 123 വില്ലേജുകളെ ഇഎസ്എ ആയി പ്രഖ്യാപിച്ച് 1,670 വില്ലേജുകളുൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ പരിസ്ഥിതിയും സംരക്ഷിക്കാമെന്ന വിചിത്രവാദത്തെത്തുടർന്ന്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി അടക്കം നടത്തിയ ജനകീയ സമരങ്ങളെത്തുടർന്നാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ വച്ച് പഠനം നടത്തി 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. എന്നാൽ, റിപ്പോർട്ട് അഞ്ചംഗ വില്ലേജ് തല കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വില്ലേജുകളിലെ റവന്യു ഭൂമിയിൽ മാത്രമാണ് പഠനം നടത്തി കഡസ്ട്രൽ മാപ്പ് തയാറാക്കിയത്. റിപ്പോർട്ടിൽ 123 വില്ലേജുകളിലെ ആകെ വനവിസ്തൃതി കൃത്യമായി കണക്കാക്കാതെ കേരളത്തിലെ മുഴുവൻ വനവിസ്തൃതിയായ 9,107 ച. കിലോമീറ്റർ (വനം വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്) 123 വില്ലേജുകളിലെ വനം എന്ന് തെറ്റായി രേഖപ്പെടുത്തി ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് നൽകിയപ്പോൾ വളരെ ഗുരുതരമായ ഒരു പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
ഈ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ പിൻബലത്തിലാണ് കഴിഞ്ഞ ആറു കരട് വിജ്ഞാപനങ്ങളിലും 123 വില്ലേജുകളിലെ വനവിസ്തൃതിയായി 9,107ച. കിലോമീറ്റർ എന്നു രേഖപ്പെടുത്തിപ്പോരുന്നത്. ഈ തെറ്റ് അറിഞ്ഞപ്പോൾ മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി മുഖ്യമന്ത്രിയുടെയും ഉമ്മന് വി. ഉമ്മന്റെയും അടക്കം ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, നോക്കാം, പരിശോധിക്കാമെന്ന പതിവു മറുപടിക്കപ്പുറം എട്ടുവർഷമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉമ്മൻ വി. ഉമ്മൻ ആകട്ടെ അത് വർഷങ്ങൾക്കുമുമ്പുള്ള ഒരു കാര്യമായതുകൊണ്ട് “എനിക്കിനി അതിൽ ഇടപെടാൻ താത്പര്യമില്ല” എന്ന മറുപടിയാണു തന്നത്.
2018ലെ പിണറായി സർക്കാരിന്റെ പണി
അതിനിടയിലാണ് നാലാമത്തെകരട് വിജ്ഞാപനത്തെത്തുടർന്ന് 2018ൽ ചില രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തിതാത്പര്യങ്ങളും സംരക്ഷിക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ പിണറായി സർക്കാർ 2018ൽ ഒരു പുതിയ റിപ്പോർട്ട് “ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിലെ തെറ്റുകൾ തിരുത്തി” എന്ന വ്യാജേന പൊതുജനമറിയാതെ കേന്ദ്രമന്ത്രാലയത്തിനു സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ 31 വില്ലേജുകളെ ഇഎസ്ഐ പരിധിയിൽനിന്നു പൂർണമായി ഒഴിവാക്കി ബാക്കിയുള്ള 92 വില്ലേജുകളെ ഇഎസ്എ പ്രഖ്യാപനത്തിനായി വിട്ടുകൊടുത്തു. ജനസാന്ദ്രത കൂടുതലും വനവിസ്തൃതി കുറവും എന്ന മാനദണ്ഡം ഉപയോഗിച്ചാണ് 31 വില്ലേജുകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കിയതെന്ന് റിപ്പോർട്ടിൽ കാണുന്നു. നല്ല കാര്യം.എന്നാൽ, സമാനമായതോ അതിനേക്കാൾ കുറഞ്ഞ വനവിസ്തൃതിയും കൂടിയ ജനസാന്ദ്രതയും ഉള്ളതോ ആയ മലബാറിലെ പല വില്ലേജുകളെയും ഇക്കൂട്ടത്തിൽപ്പെടുത്തിയില്ല എന്നുള്ളത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തിനു ശേഷമാണ് പൊതുജനങ്ങൾക്ക് കാണാൻപോലും കഴിഞ്ഞത്. പിന്നീട് കേന്ദ്രം ഈ റിപ്പോർട്ട് മടക്കി അയച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.
തള്ളിയ റിപ്പോർട്ടിനെ താങ്ങാൻ സർക്കാർ
പ്രസ്തുത റിപ്പോർട്ടിനെ അംഗീകരിപ്പിച്ചെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ പിന്നീടുള്ള ശ്രമം. ഇതിന്റെ തുടർച്ചയായി അഞ്ചാമത്തെ കരട് വിജ്ഞാപനത്തിനുശേഷം നടത്തിയ ഒരു ശ്രമത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിനെക്കൂടി ചേർത്ത് ഈ 92 വില്ലേജുകളിലെ ഇഎസ്എ വനാതിർത്തി പുനർനിർണയിക്കുന്നു എന്ന ഭാവേന നടത്തിയ മീറ്റിംഗുകളിലൂടെയും ഒപ്പം, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ കാലത്തെ അഞ്ചംഗ വില്ലേജ് തല സമിതികളെ ബന്ധപ്പെട്ടു എന്നു വരുത്തിത്തീർക്കാൻ വേണ്ടിയും പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ച് ചില വില്ലേജ് മാപ്പുകളുടെ അതിർത്തി കാണിച്ചുകൊടുക്കുകയുണ്ടായി. എന്നാൽ, ആറാമത്തെ കരട് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ മറ്റ് അഞ്ചു സംസ്ഥാനങ്ങളുടെ ഇഎസ്എ പ്രദേശങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചാണ് അന്തിമവിജ്ഞാപനത്തിൽ പെടുത്തുക എന്നും എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ട് അല്ല സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടാണ് പരിഗണിക്കുക എന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ജനങ്ങളുമായോ ഗ്രാമസഭകളുമായോ പഞ്ചായത്ത് സമിതികളുമായോ ചർച്ച നടത്തി തീർപ്പു കൽപ്പിക്കാതെ കേവലം ഉദ്യോഗസ്ഥതലത്തിൽ നടന്ന ഒരു യജ്ഞമാണു പിന്നീടു കണ്ടത്. ആ യജ്ഞത്തിലൂടെ തയാറാക്കിയ റിപ്പോർട്ടാകട്ടെ പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടിട്ടുപോലും ലഭ്യമാക്കിയില്ല എന്നു മാത്രമല്ല, ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടിനെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിൽ, പ്രസിഡന്റുമാരെ കാണിച്ച വില്ലേജ് ഷേപ്പ് ഫയലുകൾ ആണോ കേന്ദ്രത്തിൽ കൊടുത്തിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്കുപോലും അറിഞ്ഞുകൂടാത്ത വിധത്തിൽ രഹസ്യമായി സൂക്ഷിക്കുകയാണു ചെയ്തത്. മറ്റു സ്രോതസുകൾവഴി വെളിവാക്കപ്പെട്ടതനുസരിച്ച് ഈ റിപ്പോർട്ടിൽ 123ൽ 92 എന്നുള്ളത് 131ൽ 98 ഇഎസ്എ വില്ലേജുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട 33 വില്ലേജുകൾ ഉള്ളപ്പോഴും വനവിസ്തൃതി പഴയ 9,107 ച. കിലോമീറ്ററിൽനിന്ന് കാര്യമായി കുറയാതെ 8,590 ചതുരശ്ര കിലോമീറ്ററായിതന്നെ നിലനിർത്തിയിട്ടുണ്ട്.
98 വില്ലേജുകളിലെ വനവിസ്തൃതി വനംവകുപ്പ് പോലും കൃത്യമായി തിട്ടപ്പെടുത്താത്ത, ഒഴിവാക്കപ്പെട്ട വില്ലേജുകളിലെ വിസ്തൃതി എത്രയെന്ന് ആധികാരികരേഖ ഇല്ലാത്ത, നിലവിലെ സാഹചര്യത്തിൽ 98 വില്ലേജുകളിൽ യഥാർഥത്തിൽ നിലവിലുള്ള വനപ്രദേശത്തേക്കാൾ വളരെ കൂടിയ വനവിസ്തൃതിയാണ് ഇപ്പോൾ റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. അനേകംതവണ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടിട്ടും പരിസ്ഥിതി വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലെ തെറ്റായതുകൊണ്ട് അതു സമ്മതിക്കാനും തിരുത്താനും സംസ്ഥാന സർക്കാർ തയാറാകുന്നില്ല എന്നത് ഒരുതരം ബ്യൂറോക്രാറ്റിക് ഏകാധിപത്യമാണ്. 8,590 ച.കി.മീ. ഇഎസ്എ വിസ്തൃതിയുമായി അന്തിമവിജ്ഞാപനം ഇറങ്ങിയാൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും റിസർവ് വനങ്ങളായി മാറുന്ന സാഹചര്യം നിലവിൽ വരും. അതുമൂലം ഈ വില്ലേജുകളിലെ 30 ലക്ഷം ആളുകൾക്കുണ്ടാകുന്ന അപരിഹാര്യമായ പ്രതിസന്ധി സംസ്ഥാന സർക്കാർ ക്ഷണിച്ചുവരുത്തുകയാണ്.
കേന്ദ്രസർക്കാർ നിലപാട്
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിപൂർണമായി ഒഴിവാക്കിക്കൊണ്ടാണ് പുതിയ അന്തിമവിജ്ഞാപനം കേന്ദ്രസർക്കാർ വിഭാവന ചെയ്യുന്നതെന്ന് ഇതിനോടകം അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സർക്കാരിന്റെ കൈവശമുള്ള വനപ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി ഇഎസ്എ പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുകയാണ്. വനവിസ്തൃതിയെ സംബന്ധിച്ച് തെറ്റായ കണക്കുകൾ 10 വർഷമായി സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിൽനിന്നു ശിപാർശ ചെയ്തതായതുകൊണ്ടും എട്ടുവർഷമായി ഇതു തിരുത്താൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. അവസാനനിമിഷം തിരുത്തി നൽകിയാൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ദുർബലപ്പെടുമെന്ന മിഥ്യാബോധം വേറെയും. വിശ്വാസ്യത നഷ്ടപ്പെടുമെന്ന ചിന്തകൂടിയായപ്പോൾ സർക്കാർ ഇപ്പോൾ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. ആറാമത്തെ കരടുവിജ്ഞാപനത്തിന്റെ തുടർച്ചയായി ആക്ഷേപങ്ങൾ ജനങ്ങൾ അയച്ചാലും സർക്കാരിന്റെ ഈ റിപ്പോർട്ട് ഉള്ളിടത്തോളംകാലം കേന്ദ്രമന്ത്രാലയം ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ജനങ്ങൾ തെരഞ്ഞെടുത്തവരുടെ ജനവിരുദ്ധമുഖം
ഇതിനിടയിൽ സംസ്ഥാനത്തെ ഇടതു-വലത് എംപിമാർ ഈ പ്രശ്നം തലയിൽനിന്ന് ഊരിയെടുക്കാനും ക്രെഡിറ്റ് മുഴുവൻ തങ്ങൾക്കാണെന്നു വരുത്തിത്തീർക്കാനും കേന്ദ്രസർക്കാരിനോട്, നിലവിലുള്ള റിപ്പോർട്ടിലെ തെറ്റുകൾ സംസ്ഥാനം തിരുത്തി നൽകാതെ തന്നെ, കേരളത്തിന്റെ കാര്യത്തിൽ മാത്രം പ്രത്യേകമായി അന്തിമവിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കൽ അത്തരത്തിലുള്ള വിജ്ഞാപനം വന്നുകഴിഞ്ഞാൽ കൃത്യതയില്ലാത്ത ഇഎസ്എ അതിർത്തിമൂലം വില്ലേജ് ഓഫീസർമാരുടെയും സബ് രജിസ്ട്രാർമാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും എല്ലാറ്റിനും ഉപരി വനം ഉദ്യോഗസ്ഥരുടെയും അന്യായമായ ഇടപെടലിന് വഴിതെളിക്കും എന്നതിന് യാതൊരു സംശയവുമില്ല. പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ സർക്കാർ അവസാനമായി 2.11.24ന് നൽകിയ രഹസ്യ റിപ്പോർട്ട് കേന്ദ്രം തള്ളിയതായിട്ടാണ് ഇപ്പോൾ അറിയുന്നത്. ഇഎസ്എയിൽനിന്ന് ഒഴിവാക്കപ്പെട്ടവരും ഒഴിവാക്കപ്പെടാത്തവരുമായ ജനങ്ങളുടെ ഇടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ഒരു അവസരമായി ഈ വിഷയത്തെ കാണാതെ തുല്യനീതി ലഭ്യമാക്കാനുള്ള നീക്കമായി തുടർനടപടികളും അവസാനമായി അയച്ച റിപ്പോർട്ടിലെ തെറ്റ് തിരുത്തലുകളും ഉണ്ടാവണം.
സർക്കാർ വ്യക്തമാക്കേണ്ടവ
കരട് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഇഎസ്എ വിസ്തൃതിയേക്കാൾ അന്തിമവിജ്ഞാപനത്തിൽ ഇഎസ്എ വിസ്തൃതി കുറയാമെന്ന നിയമം നിലനിൽക്കെ എന്തിനാണ് അനാവശ്യമായി 98 വില്ലേജുകളിലെ വനവിസ്തൃതി കൂട്ടിക്കാണിക്കുന്നത് എന്നുള്ളതിന് പരിസ്ഥിതി മന്ത്രാലയം വിശദീകരണം നൽകണം.
റവന്യു വില്ലേജുകളുടെ പേരിൽ ഇഎസ്എ അറിയപ്പെടാതിരിക്കാൻ സർക്കാർ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചതെന്നറിയാൻ ജനത്തിന് അവകാശമുണ്ട്. കേരളത്തിൽ വനനിയമ നിയന്ത്രണങ്ങൾ പാസാക്കുന്നതിന് വില്ലേജുകൾ അടിസ്ഥാന യൂണിറ്റായി സ്വീകരിക്കാൻ കഴിയില്ല എന്നുള്ള 2008ലെ ഇപ്പോഴത്തെ കേരള ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ ശിപാർശ കേന്ദ്രം അന്ന് അംഗീകരിച്ചതാണെന്നിരിക്കെ ഇപ്പോൾ അതു നടപ്പാക്കുന്നതിനുള്ള തടസം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
പാർലമെന്റിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി അനുസരിച്ച് കേരളത്തിലെ 98 വില്ലേജുകളിലെ ഇഎസ്എ പ്രദേശങ്ങളുടെ വിസ്തൃതി സംസ്ഥാന സർക്കാർ പഞ്ചായത്ത് തലത്തിൽ ചർച്ചചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ശിപാർശ നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ 98 വില്ലേജുകളിലെ വനവിസ്തൃതി എന്തു മാനദണ്ഡം ഉപയോഗിച്ചാണ് ഈ വകുപ്പ് ശിപാർശ ചെയ്തത്. അത്തരത്തിൽ ഒരു സാധൂകരണം അവസാനം നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ എത്രയോ വലിയ ആത്മവഞ്ചനയാണ് സംസ്ഥാന സർക്കാർ ജനങ്ങളോടു കാണിച്ചിരിക്കുന്നത്.