മന്നത്ത് പത്മനാഭന് മനുഷ്യസേവനത്തിന്റെ നിസ്വാര്‍ഥ കര്‍മയോഗി
ജി. സുകുമാരന്‍ നായര്‍ (എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
Thursday, January 2, 2025 1:35 AM IST
മന്നത്ത് പത്മനാഭന്റെ ദര്‍ശനങ്ങളാണ് സര്‍വീസ് സൊസൈറ്റിക്ക് എന്നും കൈമുതലായുള്ളത്. നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുത്ത്, സ്വസമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹനന്മയ്ക്കായി അവസാന ശ്വാസംവരെ കഠിനാധ്വാനം ചെയ്ത കര്‍മയോഗിയായിരുന്നു അദ്ദേഹം. തന്റെ കര്‍മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനൻ. സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരേ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്നു അദ്ദേഹം. കര്മപ്രഭാവത്താല്, ശൂന്യതയില്‍നിന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച അവതാരപുരുഷന്. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന യോഗീശ്വരന്. മന്നത്ത് പത്മനാഭന്റെ നിലപാടുകള്‍ക്കും കാലാതീതമായ ദര്‍ശനങ്ങള്‍ക്കും പ്രസക്തിയും പ്രശസ്തിയും ഇപ്പോഴും വര്‍ധിക്കുന്നതായി നമുക്കു കാണാം. അദ്ദേഹത്തിന്റെ ഓരോ ജന്മദിനാഘോഷവും സര്‍വീസ് സൊസൈറ്റിയുടെ വളര്‍ച്ചയിലേക്കുള്ള പടവുകളാണ്.
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ദുര്‍വ്യയങ്ങള്‍ എന്നിവമൂലം അധഃപതനത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന നായര്‍ സമുദായത്തിനു ദിശാബോധം നല്കി സമുദായനന്മയ്ക്കായി സമുദ്ധരിക്കുക വഴി സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ 148-ാമത് ജയന്തി ഇന്ന് പതിവുപോലെ ആഘോഷിക്കുകയാണ്.
മന്നത്തിന്റെ നാള്‍വഴികള്‍
1878 ജനുവരി രണ്ടിനാണ് മന്നത്ത് പത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്ത് വീട്ടില്‍ പാര്‍വതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന് നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് അമ്മയുടെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാം വയസില്‍ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു.
ചങ്ങനാശേരിയിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനതകളാല്‍ പഠനം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്നു. അനുഗൃഹീതനടന്‍ എന്ന പേര് രണ്ടു വര്‍ഷംകൊണ്ട് സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശേരി മലയാളം സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ വാധ്യാരായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ മാതൃകാധ്യാപകന് എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സര്‍ക്കാര്‍ പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലി നോക്കി. 27-ാമത്തെ വയസില്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു.
ഇതിനു രണ്ടുവര്‍ഷം മുമ്പ് തുറവൂര്‍ സ്കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മജിസ്ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍ സന്നതെടുത്ത് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശേരി നായര്‍ സമാജ രൂപീകരണം, നായര്‍ ഭൃത്യജന സംഘപ്രവര്ത്തനാരംഭം - എന്നിങ്ങനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തന മണ്ഡലം കൂടുതല്‍ വിപുലമായി.
നായര്‍ സമുദായ ഭൃത്യജന സംഘം രൂപീകരണം
1914 ഒക്ടോബര്‍ 31ന് നായര്‍ സമുദായ ഭൃത്യജന സംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ പേര് നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1924ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നു കാല്‍നടയായി രാജധാനിയിലേക്കു പുറപ്പെട്ട സവര്‍ണ ജാഥ, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും സമരവൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബര്‍ 31 മുതല്‍ 1945 ഓഗസ്റ്റ് 17 വരെ 31 വര്‍ഷം എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി.
സ്റ്റേറ്റ് കോണ്‍ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം
1947ല്‍ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്റ്റേറ്റ് കോണ്‍ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നല്കി. മുതുകുളത്തു ചേര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്ത പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം ജയില്‍മോചിതനായി.
പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തില്‍നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാ സാമാജികനായി. 1949 ഓഗസ്റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി.തുടര്‍ന്ന് പത്തുകൊല്ലം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും എന്‍എസ്എസിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി. തിരു-കൊച്ചി സംസ്ഥാനവും അനന്തരം കേരള സംസ്ഥാനവും രൂപം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1957ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു.
വിമോചനസമര നായകന്
കമ്യൂണിസ്റ്റ് ഭരണത്തില്‍ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നല്കി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുകയും പ്രസിഡന്റുഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയ സമരരംഗത്ത് അദ്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശേരിയുടെ ജീവിതചരിത്ര നിരൂപണം, ഞങ്ങളുടെ എഫ്എംഎസ് യാത്ര, എന്റെ ജീവിതസ്മരണകള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
സുദീര്‍ഘവും കര്‍മനിരതവുമായ സേവനത്തില്‍ അഭിമാനംകൊണ്ട് സമുദായം 1960ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മില്‍നിന്നു യാത്രപറഞ്ഞു.
മന്നം സമാധിമണ്ഡപം
അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയില്‍ തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു.
ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നാണ്. സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966ല്‍ ഇന്ത്യ ഗവണ്മെന്റ് പത്മഭൂഷണ്‍ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ 1989ല്‍ തപാല്‍വകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
വൈകിയാണെങ്കിലും 2014ല്‍ കേരള സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചു. ആ മഹാത്മാവിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഘോഷം കൊണ്ടാടിവരുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനമണ്ഡലം
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനും സംരക്ഷകനും മന്നത്തു പത്മനാഭനാണ്. രാജ്യതാത്പര്യം സംരക്ഷിച്ചുകൊണ്ടും ഭരണഘടനയില്‍ അടിയുറച്ച് മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും മുന്നേറുക എന്നുള്ളതാണ് മന്നത്ത് പത്മനാഭന്റെ പ്രധാനലക്ഷ്യങ്ങള്‍. ആ മൂല്യങ്ങള്‍ നിലനിര്‍ത്തിയാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഇന്നും തുടരുന്നത്. സര്‍വീസ് സൊസൈറ്റിക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും കടപ്പാടും എന്നും ഉണ്ടായിരിക്കുന്നതാണ്.
110 വര്‍ഷംമുമ്പ് അദ്ദേഹം സ്ഥാപിച്ച നായര്‍ സര്‍വീസ് സൊസൈറ്റി, അതിന്റെ മറ്റു ഘടകങ്ങളായ 60 താലൂക്ക് യൂണിയനുകള്‍, 5,553 കരയോഗങ്ങള്‍ എന്നിവയടങ്ങുന്ന ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, പോഷകസംഘടനകളായി 5,127 വനിതാ സമാജങ്ങള്‍, 3,231 ബാലസമാജങ്ങള്‍, 18,975 വനിതാ സ്വയംസഹായ സംഘങ്ങള്‍ എന്നിവയും ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നായര്‍ സര്‍വീസ് സൊസൈറ്റിയുടേതായി സംസ്ഥാനമൊട്ടുക്കുള്ള 153 സ്കൂളുകള്‍, 27 കോളജുകള്‍, 16 വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, നാല് അലോപ്പതി ആശുപത്രികള്‍, നാല് ആയുര്‍വേദ ആശുപത്രികള്‍ എന്നിവ കൂടാതെ എട്ട് എസ്റ്റേറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സമുദായാചാര്യന്റെ ദര്‍ശനങ്ങള്‍ക്കനുസരിച്ച്, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍, സ്കൂളുകള്‍ എന്നിവ ജാതിമത വ്യത്യാസം കൂടാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസത്തിന് അവസരം ഉറപ്പാക്കുന്നുണ്ട്.