എംഎൽഎയുടെ വീഴ്ചയും മലയാളിയുടെ ‘വീഴ്ച’കളും
ഡോ. സി.ജെ. ജോൺ
Thursday, January 2, 2025 1:32 AM IST
ആൾക്കൂട്ടത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള ഉൾപ്രേരണകൾ മലയാളിയിൽ വർധിച്ചിട്ടുണ്ട്. കോവിഡിനു ശേഷമാണ് ഈ പ്രവണത കൂടിയതെന്നതിനു നാട്ടിലും നഗരത്തിലും ഉദാഹരണങ്ങളേറെയാണ്. മാസങ്ങളോളമുള്ള അടച്ചിരിപ്പിനുശേഷം ഇമ്മാതിരി ഉത്സവക്കൂട്ടങ്ങളിൽ പങ്കുചേർന്ന് ചിൽ ആകാനും സെൽഫിയും പടവുമെടുത്തു പോസ്റ്റ് ചെയ്യാനും ആവേശം കൂടിയിട്ടുണ്ട്. ഇതു കൃത്യമായി മനസിലാക്കി ഇവന്റുകൾ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. സർട്ടിഫിക്കറ്റും ആദരവുമൊക്കെയുണ്ടെന്ന വാഗ്ദാനം കൂടിയുണ്ടായാൽ ഉഷാറായി!
പോയ വർഷത്തിലെ അവസാന ഞായറാഴ്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മെഗാ നൃത്തപരിപാടിയും കലാവിഷ്കാരത്തിന്റെ പുതുസാധ്യതയെന്നതിനൊപ്പം, ഇവന്റുകളോടും ആൾക്കൂട്ടങ്ങളോടുമുള്ള മലയാളിയുടെ വല്ലാത്ത ആകർഷണത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. അവിടെയെത്തിയ പന്തീരായിരം പേരോ അവരുടെ ഉറ്റവരോ ഈ പരിപാടി നടത്തുന്നവരുടെ വിശ്വാസ്യതയെക്കുറിച്ച് കൃത്യമായി അന്വേഷിക്കാത്തത് ഇത്തരമൊരു ഓളത്തിൽ പെട്ടുപോകുന്നതുകൊണ്ടാണ്.
ഗിന്നസ് ബുക്ക് എൻട്രിയെന്നും അതിൽ പങ്കെടുത്താൽ സർട്ടിഫിക്കറ്റ് എന്നും കേട്ടപ്പോൾ കാശും മുടക്കി ചാടി പുറപ്പെടുന്നതിൽ ഒരു സ്വയംമേനി പ്രകടിപ്പിക്കൽ ഘടകമുണ്ട്. കേരളത്തിനു പുറത്തുനിന്നു വിമാനം പിടിച്ചു വന്നവരും ഫുട്ബോൾ ഗ്രൗണ്ടിലെ ഗിന്നസാട്ടത്തിനെത്തിയവരിൽ ഉണ്ടായിരുന്നത്രെ. സെലിബ്രിറ്റി പരിവേഷമുള്ള, റിക്കാർഡ് തിളക്കമുള്ള പരിപാടിയിലേക്ക് ആളുകൾ ആകർഷിക്കപ്പെടുമെന്ന ചിന്ത തന്നെയാണു ചൂഷണം ചെയ്യപ്പെട്ടതും. ശുദ്ധമായ കലയുടെ പ്രകടനത്തെക്കാൾ ഊന്നൽ നൽകിയത് പ്രകടനപരമായ ഓളത്തിനാണ്.
കൂട്ടായ്മകൾ മോശമായ കാര്യമല്ല
പുതുവത്സരാഘോഷമായാലും പ്രശസ്തമായ ഉത്സവങ്ങളാണെങ്കിലും ആളുകൾ ഒത്തുകൂടി ആഘോഷിക്കുന്നതിൽ ഗുണപരമായ അംശങ്ങളുണ്ട്. ശബ്ദവും ബഹളവും നൃത്തവുമായി കൂട്ടുചേരുന്നത് ഫീൽ ഗുഡ് നൽകും. കുടുംബത്തിൽ ഒത്തൊരുമിച്ചുള്ള നേരങ്ങളും ആനന്ദവേളകളും ഇല്ലാത്തതു കൊണ്ടാവരുത് ഇത്. ലഹരി നുണയാനോ തിരക്കിൽ വികൃതികൾ കാട്ടാനോ ആകരുത്. ഇത്തരക്കാരുടെ കടന്നുകയറ്റം ആൾക്കൂട്ടങ്ങളിൽ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയേക്കും.
വരുന്നവരുടെ സുരക്ഷയിൽ സംഘാടകരും സർക്കാരും ജാഗ്രത പുലർത്തണം. ഉമ തോമസ് എംഎൽഎ പങ്കെടുത്ത പരിപാടിയിൽ ഇതുണ്ടായില്ല. പങ്കെടുക്കാമെന്ന് സമ്മതിക്കുമ്പോൾതന്നെ വിശിഷ്ടവ്യക്തികൾ ചില പരിശോധനകൾ നടത്തേണ്ടതുണ്ട്. ഏതാണ്ട് അരലക്ഷത്തോളം ആളുകൾ വരുന്ന പരിപാടിയെന്നറിഞ്ഞിട്ടും ആ പ്രദേശത്തു വേണ്ട ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. പുറത്തു വലിയ ഗതാഗതക്കുരുക്കുണ്ടായി.
വേദിയിലിരുന്നവർ കാണാതെപോയത്
സ്റ്റേഡിയത്തിലെ വേദിയിൽ ഞെളിഞ്ഞിരുന്നവരോ വേദി കണ്ടവരോ ഉമ തോമസ് വീഴുംവരെ, സംഘാടകരുടെ വീഴ്ചയെക്കുറിച്ചു പറഞ്ഞതായോ അപകടസാധ്യത ചൂണ്ടിക്കാണിച്ചതായോ അറിവില്ല. സുരക്ഷയെക്കുറിച്ചുള്ള വിവരമില്ലായ്മയും ഉദാസീനതയുമാണ് വ്യക്തമാകുന്നത്.
ഉമ തോമസ് വീണില്ലായിരുന്നെങ്കിൽ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റിക്കാർഡ് നൃത്തപരിപാടിയെക്കുറിച്ചുള്ള വാഴ്ത്തുകൾ കേൾക്കേണ്ടിവന്നേനേ. ഇത്തരം സുരക്ഷാപിഴവുകൾ നാട്ടുനടപ്പായി അംഗീകരിച്ചേനെ! ഇതുപോലെയുള്ള ഇവന്റുകൾ ഉദാസീനമായി നടത്തിയതിന്റെ വെളിച്ചത്തിലാകണം ഈ വീഴ്ചയും. കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ടു വിദ്യാർഥികൾ മരിക്കാനിടയായ പരിപാടിയും ഒന്നും ആരെയും പഠിപ്പിച്ചിട്ടില്ല.
എല്ലാവർക്കുമുണ്ട് ഉത്തരവാദിത്തം
ആളുകൾ കൂടുന്നിടത്തു പോകുമ്പോൾ സുരക്ഷയുടെ ഉത്തരവാദിത്വംകൂടി എല്ലാ വ്യക്തികളും ഏറ്റെടുക്കണം. സർക്കാരോ സംഘാടകരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ തടസം പറയണം. കലൂർ സംഭവത്തിൽ തടസം പറയാനുള്ള കാര്യങ്ങൾ ഉണ്ടായിരുന്നു. അത്യാഹിതം ഉണ്ടായിട്ടല്ല പറയേണ്ടത്.
പരിപാടി നടത്തുമ്പോഴുള്ള സുരക്ഷാ പ്രോട്ടോക്കോൾ പോലെ പ്രധാനമാണ് അവിടെ അപകടം നടന്നാൽ അതിനിരയായവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴുള്ള ചിട്ടകൾ. നട്ടെല്ലിനു സംഭവിച്ച പരിക്ക് ഈ കൊണ്ടുപോകലിന്റെ അപാകതമൂലം കൂടുതൽ ഗുരുതരമാകാൻ പാടില്ലല്ലോ? ഇത്രയധികംപേർ പങ്കെടുക്കുന്ന പരിപാടിയിൽ അതിനനുസരിച്ചുള്ള മെഡിക്കൽ ടീം ഉണ്ടായിരുന്നോ? എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലൻസ് ഉണ്ടായിരുന്നോ? പരിശീലനമുള്ള ആളുകൾ ഉണ്ടായിരുന്നോ? മോക്ഡ്രിൽ ചെയ്തിരുന്നോ?
കലൂർ സ്റ്റേഡിയത്തിലെ പരിപാടികൾക്കുശേഷം ശക്തമായി ചോദിക്കപ്പെടുന്ന ഈ ചോദ്യങ്ങൾ ഇനി ഇത്തരം ഇവന്റുകൾ നടക്കുന്നതിനു മുമ്പാണ് ഉറക്കെ ചോദിക്കപ്പെടേണ്ടത്. കുട്ടികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവർക്കായി പ്രത്യേക സുരക്ഷ ഒരുക്കണം. മുതിർന്ന പൗരന്മാരുടെ സൗകര്യം നോക്കണം. സ്ത്രീസുരക്ഷ ശ്രദ്ധിക്കണം. ഇതൊന്നും പരിഗണിക്കാതെ എന്ത് ഇവന്റ്!
വേണം, സുരക്ഷയുടെ പൊതുബോധം
ഉമ തോമസ് വീണ വേദിയിൽ ഇരുന്ന, നാട് ഭരിക്കുന്ന മന്ത്രിക്കോ ഉന്നത പോലീസ് ഉദ്യോഗസ്ഥനോ പരിണിതപ്രജ്ഞനായ രാഷ്ട്രീയ പ്രവർത്തകനോ മറ്റ് ഉത്തരവാദപ്പെട്ടവർക്കോ ആ വേദിയുടെ അപകടസാധ്യതയെപ്പറ്റി ആകുലത തോന്നാതിരുന്നത് പൊതുബോധത്തിൽ സുരക്ഷയെക്കുറിച്ചുള്ള കടുത്ത ഉദാസീന മനോഭാവത്തിന്റെ സാക്ഷ്യമാണ്.
അപകടം നടന്നശേഷമാണ് വെളിപാട് വരുന്നത്. ഈ പൊതുബോധംകൂടിയാണു തിരുത്തപ്പെടേണ്ടത്. മലയാളികളുടെ ഒത്തുചേരലുകളിൽ സുരക്ഷയെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലെന്നത് നമ്മെ ഇനിയെങ്കിലും ഭയപ്പെടുത്തണം. പുതുവർഷരാത്രിയിൽ ആൾത്തിരക്കിനിടയിലാണു തൃശൂർ നഗരമധ്യത്തിൽ 14കാരൻ യുവാവിനെ കുത്തിക്കൊന്നത്. ഇത്തരം ദുരന്തങ്ങൾ നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ? സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആത്മാർഥമായ വിചാരങ്ങളിലേക്കു നമ്മെ നയിക്കുന്നുണ്ടോ?
പൊതു ഇടങ്ങളിൽ സുരക്ഷയുടെ സംസ്കാരം നമ്മൾ വളർത്തിയെടുക്കണം. അതു സർക്കാരിന്റെയോ സംഘാടകരുടെയോ ഉത്തരവാദിത്വം മാത്രമായി കണ്ടു പുറത്തുനിന്നു കുറ്റംപറഞ്ഞാൽ തീരുന്നതല്ല പ്രശ്നം. അതിന്റെ ഭാഗമാകുന്ന ഓരോ വ്യക്തിയിലും സുരക്ഷയുടെ പൊതുബോധവും സംസ്കാരവും നിരന്തരമായ ജാഗ്രതയും രൂപപ്പെടണം, വളർത്തണം.
മേളം മുഴങ്ങുന്നിടത്തൊക്കെ ഓടിച്ചാടി പങ്കെടുക്കാനുള്ള മാനസികാവസ്ഥയുള്ളവർ ധാരാളം. സുരക്ഷ പ്രധാനമാണ്. തിക്കിലും തിരക്കിലും അപായമുണ്ടാകരുത്. ഉള്ളിലെ ലഹരിയിൽ കുത്തിക്കൊല്ലൽ ഉണ്ടാകരുത്. ആഘോഷിക്കട്ടെ, ആനന്ദിക്കട്ടെ, അപായരഹിതമായി.
(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സീനിയർ സൈക്യാട്രിസ്റ്റാണു ലേഖകൻ.)