അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം?
പ്രഫ. പി.ജെ. തോമസ്
Thursday, January 2, 2025 1:29 AM IST
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചർച്ച തുടങ്ങി വയ്ക്കുന്ന രീതിയിൽ ചില പ്രമുഖരുടെ പ്രസ്താവനകൾ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നതു കാണാനിടയായി. ഈ പ്രമുഖരുടെ പ്രാധാന്യവും അവരുടെ അഭിപ്രായസ്വാതന്ത്ര്യവും ബഹുമാനിക്കുമ്പോൾതന്നെ, ഇവരുടെ അഭിപ്രായം മാത്രമാണോ ഇങ്ങനെ ഒരു ചർച്ചയ്ക്ക് അടിസ്ഥാനമാകേണ്ടതെന്നും ചിന്തിക്കണം. നിലനിൽക്കുന്ന ചില രാഷ്ട്രീയ വാർപ്പ് മാതൃകകളും ധാരണകളുമാണ് ഇതിന് അടിസ്ഥാനമെന്നു കാണാൻ കഴിയും.
2026 ആകുമ്പോഴത്തേക്ക് ഇങ്ങനെ ഒരു മാതൃകയും അടിസ്ഥാനവും മാത്രം മതിയാകുമോ? കേരളത്തിലെ ബഹുഭൂരിപക്ഷംവരുന്ന അസംഘടിതരായ ജനങ്ങളും പ്രത്യേകിച്ച് ചെറുപ്പക്കാർ, എന്തു ചിന്തിക്കുന്നു എന്നുള്ളതും പ്രധാനമാണ്. കേരളം വിട്ട് മറ്റു രാജ്യങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഇവരുടെ പ്രതിനിധികളാണെന്നുള്ളതാണ്. അതെന്തുകൊണ്ടാണെന്നുകൂടിയുള്ള അന്വേഷണവും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിചർച്ചയിൽ പരിഗണനാവിഷയമാകണം. അതിലുപരി ഇന്നു കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിഹാരം നിർദേശിക്കാൻ ഇപ്പറയുന്ന മുഖ്യമന്ത്രിസ്ഥാനാർഥികൾക്കോ അവരുടെ പാർട്ടികൾക്കോ അവരെ പിന്താങ്ങുന്ന പ്രമുഖർക്കോ സാധിക്കുമോ എന്നറിയില്ല. അവർക്ക് അതിൽ താത്പര്യമുണ്ടോയെന്നും വ്യക്തമല്ല.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്ന സാമ്പത്തികമേഖലയിലെ അറിവോ, വിദ്യാഭാസമേഖലയിലെ മുരടിപ്പു മാറ്റാനുള്ള വൈദഗ്ധ്യമോ, വ്യാപകമായിരിക്കുന്ന അഴിമതി നിയന്ത്രിക്കാനുള്ള ധാർമികശക്തിയോ ഭാവി മുഖ്യമന്ത്രി അന്വേഷണത്തിൽ ചർച്ച ചെയ്തു കാണുന്നില്ല. അതുപോലെതന്നെ ഇന്നു കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന നിയമവാഴ്ച ഉറപ്പാക്കുന്നതിനുള്ള ധൈര്യമോ ഇച്ഛാശക്തിയോ മുഖ്യമന്ത്രിയുടെ ഗുണങ്ങളായി പറഞ്ഞുകേൾക്കുന്നില്ല. സമകാലിക കേരളം നേരിടുന്ന മയക്കുമരുന്ന് മാഫിയകളെ മുഖംനോക്കാതെ നേരിടാനുള്ള ആർജവവും ഭാവി മുഖ്യമന്ത്രിക്ക് ഉണ്ടാകേണ്ടേ?
ഭരണഘടന തന്നിരിക്കുന്ന നിയമത്തിനു മുന്നിലുള്ള പൗരന്മാരുടെ തുല്യത അട്ടിമറിക്കുന്നതിൽ മുൻപന്തിയിൽ ഈ രാഷ്ട്രീയക്കാർ ആണെന്നുള്ളതാണ് അനുഭവം. ചങ്ങാത്ത രാഷ്ട്രീയമാണു നിലവിലുള്ളത്. നിയമം അനുസരിച്ച് മാതൃക കാണിക്കുന്ന, വേണ്ടിവന്നാൽ രാജിവച്ച് നിയമവാഴ്ചയ്ക്കു പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ സംസ്കാരംതന്നെ അന്യമായി. അങ്ങനെ പോലീസിന്റെ രാഷ്ട്രീയ ദുരുപയോഗവും അവരുടെ ആത്മവീര്യം തകർക്കുന്ന നിലപാടും എല്ലാം ചേർന്ന തീർത്തും ജനാധിപത്യവിരുദ്ധമായ, സാധാരണ ജനങ്ങൾക്ക് അസഹനീയമായ, ജീർണിച്ച രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
അതിന്റെ പരിസരത്തുതന്നെ അതിനുള്ള പരിഹാരമാർഗം അന്വേഷിക്കുന്നതിൽ വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. ജനാധിപത്യം സാധ്യതകളുടെ കലയാണെന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ച നടത്തുമ്പോൾ ഈ സാധ്യതകളും പരിഗണിക്കണം. ഒരു പക്ഷേ, ഈ ജീർണിച്ച രാഷ്ട്രീയസംവിധാനത്തിനു പുറത്തേക്കും നമ്മുടെ അന്വേഷണം വ്യാപിക്കേണ്ടതുണ്ട്. മിസോറമിലെ, സോറാം പീപ്പിൾ മൂവ്മെന്റ് അടുത്ത കാലത്തെ ഒരു ജനാധിപത്യ മുന്നേറ്റമാണ്.
അതുകൊണ്ട് മനുഷ്യസൂചികയിൽ ഉയർന്ന നിലവാരം പുലർത്തുമ്പോഴും അതിനു യോജിച്ച തരത്തിൽ ജീവിക്കാൻ സാധിക്കാത്ത തരത്തിൽ വഷളാകുന്ന കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംസ്കാരം പുനർനിർണയിക്കാൻ ഉതകുന്നതരത്തിലുള്ള രാഷ്ട്രീയ നേതൃത്വവും സംസ്കാരവും ഉണ്ടാകേണ്ടതുണ്ട്. അതുണ്ടായില്ലെങ്കിൽ ജനാധിപത്യത്തിനുതന്നെ ഭീഷണി ആയേക്കാം. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ, പരിചയസമ്പന്നരായ പ്രമുഖർ ഈ കാര്യങ്ങൾകൂടി ചർച്ചയാക്കുന്നത് അടുത്ത തലമുറയോട് അവർക്കു ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായിരിക്കും.