ആഘോഷവിളക്കുകൾ അണച്ചുകളയരുതേ...
ഡോ. ബിൻസ് എം. മാത്യു
Wednesday, January 1, 2025 12:21 AM IST
തിരുപ്പിറവിയുടെ ആഘോഷത്തിനു പിന്നാലെ പുതുവത്സരവുമെത്തുന്നതോടെ ലോകമെങ്ങും ഉത്സവത്തിമർപ്പിലായി. മാറുന്ന കാലത്തിലൂടെ ആഘോഷങ്ങളുടെ കോലവും മാറിവന്നു. മനുഷ്യർ ആഹ്ലാദം കണ്ടെത്തുന്ന മാർഗങ്ങളും വ്യത്യസ്തമായി.
ആഘോഷങ്ങളോടും ഉത്സവങ്ങളോടുമുള്ള പ്രിയം മനുഷ്യനോടൊപ്പം എല്ലാ കാലത്തും ഉണ്ടായിരുന്നു. ഗോത്രമനുഷ്യന് സന്ധ്യകൾ ഉത്സവ സമയമായിരുന്നു. സംഗീതവും നൃത്തവും പിറന്നത് ഈ ഉത്സവേളകളിലായിരുന്നു. സംസ്കാരം നാന്പെടുത്തതോടെ ഉത്സവങ്ങൾ ചില കാലത്തേക്കു ക്രമീകരിക്കപ്പെട്ടു. അധ്വാനിക്കുന്ന മനുഷ്യന് ആണ്ടവസാനവും പുതുവത്സരവും വിളവെടുപ്പും ഉത്സവങ്ങളായി. സാമൂഹികമായ വിലക്കുകളിൽനിന്നുള്ള വിമോചനമാണ് ഉത്സവങ്ങളെന്ന് ആധുനികമനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നു. വിലക്കുകളില്ലാതെ സഞ്ചരിക്കുവാനും കളിക്കുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും ഉത്സവങ്ങൾ കാരണമാകുന്നു.
ആഘോഷങ്ങൾ നമ്മേ കുട്ടികളാക്കുന്നു എന്നാണ് ഫ്രോയ്ഡ് പറയുന്നത്. കുഞ്ഞുനാളുകളിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഊഞ്ഞാലാടുന്പോഴും കരോൾ കൊട്ടിപ്പാടുന്പോഴും നാം ബാല്യത്തിലേക്ക് തിരിച്ചു നടക്കും. ഈ നടപ്പിനെ തടയുന്നത് പ്രകൃതിവിരുദ്ധമല്ലേ? ഫ്രോയ്ഡിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആഘോഷങ്ങളെ വ്യാഖ്യാനിച്ചാൽ മനുഷ്യന്റെ ഉള്ളിലെ ജീവിതാസക്തിയുടെ പ്രതീകമാണ് ആഘോഷങ്ങൾ.
പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ലെവി സ്ട്രൗസ് ദ്വന്ദ്വചിന്തയുടെ ഉത്പന്നമായി ക്രിസ്മസിനെ നോക്കിക്കാണുന്നു. ക്രിസ്മസ് മഞ്ഞുകാലത്താണ്. തണുപ്പും മഞ്ഞും മരണത്തെ ഓർമിപ്പിക്കും. ഇത്തരമൊരു കാലത്താണ് ജനനമെന്ന ജീവിതസാധ്യതയെ സംവഹിക്കുന്ന ആഘോഷം നടക്കുന്നത്. രാത്രിയിലെ നക്ഷത്രവിളക്ക് ഇരുട്ടിനെയും അതിനെ മറികടക്കുന്ന മഹത്തായ പ്രതീക്ഷയുടെ വെളിച്ചത്തെയും ഓർമിപ്പിക്കും. ശീതകാലത്തു നിന്നുകൊണ്ട് ക്രിസ്മസ് വസന്തകാലത്തെ സ്വപ്നം കാണുന്നു. ക്രിസ്തുവിൽ മനുഷ്യത്വവും ദൈവത്വവുമുണ്ട്. ഇങ്ങനെ വിരുദ്ധമായ ദ്വന്ദ്വങ്ങളുടെ അഭിമുഖീകരണം ക്രിസ്മസിലുണ്ടെന്നാണ് ലെവി സ്ട്രൗസ് പറയുന്നത്.
പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ എമിൽ ദർഖെയിം കൂട്ടായ്മ ആഘോഷങ്ങളുടെയും ഭാഗമായി കാണുന്നു. ആഘോഷങ്ങൾ പൊതുവികാരത്തിന്റെ ഉൽപ്പന്നമാണ്. സമൂഹബന്ധങ്ങളും കുടുംബബന്ധങ്ങളും കൂടുതൽ ഊഷ്മളമാക്കുന്നതിൽ ആഘോഷങ്ങൾക്കു വലിയ പങ്കുണ്ട്. കളികളും പൊതുവായ ചടങ്ങുകളും വിരുന്നുകളും സംഗീതപരിപാടികളും സാമൂഹികബന്ധം വളർത്തുന്നു. ആഘോഷങ്ങളിലെ കുടുംബാംഗങ്ങളുടെ ഒരുമിച്ചുചേരൽ, ഒരുമിച്ചുള്ള ഭക്ഷണം, ഉപഹാരങ്ങളുടെ കൈമാറൽ ഇവ വീടിനകത്തെ ബന്ധങ്ങളുടെ ദൃഢത വർധിപ്പിക്കുന്നു.
അന്റോണിയോ ഗ്രാംഷിയെപ്പോലുള്ള മാർക്സിസ്റ്റുകൾ ആഘോഷങ്ങളിൽ വിപണിയുടെ താത്പര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. വിപണി സജീവമാകുന്ന കാലം കൂടിയാണ് ഇത്. വിപണിയെ തൃപ്തിപ്പെടുത്തുന്ന ആഘോഷങ്ങളെ വിപണി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും. നമ്മുടെ ആഘോഷങ്ങളെ വിപണി കീഴടക്കുന്നത് ആശാസ്യമല്ല. ഒപ്പം ആഘോഷിക്കാനാവാത്തവിധം വേദനയുടെയും രോഗത്തിന്റെയും ഇരുൾക്കയങ്ങളിൽ വീണുപോയവരെ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ മാനുഷികാഘോഷങ്ങൾക്ക് പ്രസക്തിയില്ലാതാകും.
പാവം മാനവഹൃദയം
മനുഷ്യഹൃദയത്തെപ്പറ്റി സുഗതകുമാരിയുടെ ഒരു കവിതയുണ്ട്- പാവം മാനവഹൃദയം. നക്ഷത്രം കാണുന്പോൾ രാത്രി മറക്കുകയും. കുഞ്ഞിന്റെ പാൽപ്പുഞ്ചിരി കാണുന്പോൾ ശരീരം വെട്ടിപ്പൊളിച്ച പ്രസവവേദന മറക്കുകയും ചെയ്യുന്ന മനുഷ്യന്റെ ഹൃദയത്തോളം പാവമായി മറ്റൊന്നുമില്ലെന്ന് ആ കവിത പറയുന്നു.
ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ വേദനകളെ തൽക്കാലത്തേക്കെങ്കിലും മറയ്ക്കുകയോ മറക്കാൻ നിർബന്ധിക്കുകയോ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ശരീരം തിളപ്പിക്കുന്ന അധ്വാനത്തിന്റെ ഗ്രീഷ്മത്തിലും ഉള്ളു തണുപ്പിക്കുന്ന ഉത്സവപ്പെരുന്പറകൾക്ക് മനുഷ്യൻ കാതോർക്കുന്നത്. പൂക്കളങ്ങൾ ചിതറിക്കുന്നവരും നക്ഷത്രവിളക്കുകൾ അണയ്ക്കുന്നവരും വാസ്തവത്തിൽ അന്ധരാണ്. ജീവിതവൃക്ഷത്തിൽ കായ്കളും പൂക്കളും വിടരുന്ന പൂക്കാലത്തിനാണ് നാം കാത്തിരിക്കുന്നത്. കാലം ഉരുളുന്പോഴും വിഷുവിനും വർഷത്തിനും തിരുവോണത്തിനും ജീവിതവൃക്ഷത്തിൽ പൂക്കളും കായ്കളും നിറയ്ക്കുന്ന വസന്തത്തിനും മനുഷ്യർ കാത്തിരിക്കും.
ലോകത്തെന്പാടും മതപരവും മതപരമല്ലാത്തതുമായ അനേകം ആഘോഷങ്ങളുണ്ട്. പല മതപരമായ ആഘോഷങ്ങളിലും മതാതീതമായ ചടങ്ങുകളും പ്രതീകങ്ങളും ചിഹ്നങ്ങളും ഉണ്ടാകാറുണ്ട്. അത്തരം ആഘോഷങ്ങൾ സാവധാനം മതസമൂഹത്തിന്റെ വെളിയിൽ വരികയും പൊതുസമൂഹത്തിന്റെ പ്രാദേശിക ആഘോഷമായിത്തീരുകയുംചെയ്യും.
ആഘോഷങ്ങൾ ഏതുവിധമായാലും സമൂഹമെന്നനിലയിൽ മനുഷ്യരെ ചേർത്തുപിടിക്കുന്നുണ്ട്. അതേസമയം, ആഘോഷങ്ങളുടെ പേരിൽ അക്രമവും അഴിഞ്ഞാട്ടവും പുതിയ പ്രവണതയായെത്തുന്നുണ്ട്. മദ്യവും മയക്കുമരുന്നും ആഘോഷങ്ങളെ നരകതുല്യമാക്കുന്ന അനുഭവങ്ങളുമുണ്ട്. മോശമായ പ്രവണതയുണ്ടെന്നുകരുതി ആഘോഷങ്ങളെ ഇല്ലാതാക്കുകല്ല വേണ്ടത്. മറിച്ച്, ശുദ്ധമായ ആഹ്ലാദത്തിന്റെ വേളകളായി ആ നിമിഷങ്ങളെ പുനരുജ്ജീവിപ്പിക്കാം.