പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീബന്ധനം ; കാലാവസ്ഥ മാറുന്നു, എവിടെ അധികജലം?
ജോസഫ് എം. പുതുശേരി
Wednesday, January 1, 2025 12:19 AM IST
പമ്പ - അച്ചൻകോവിൽ- വൈപ്പാർ ലിങ്ക് പദ്ധതിയെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുന്നു. ദേശീയ ജലവികസന ഏജൻസി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയതാണ് ഇതിനു കാരണം. ഇതിനുമുമ്പ് ഈ ചർച്ച ഉയർന്നപ്പോഴൊക്കെ കേരളം ശക്തമായി എതിർക്കുകയും അതു പരിഗണിക്കുന്നതിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഏജൻസി യോഗത്തിന്റെ അജണ്ടയിൽ ഇപ്പോഴിത് ഉൾപ്പെടുത്തിയതുതന്നെ ദുരൂഹമാണ്. തമിഴ്നാടിന്റെ താത്പര്യവും അതീവജാഗ്രതയും ഇതിനു കാരണമായിട്ടുണ്ട്.
അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കേരളത്തിന്റെ എതിർപ്പു കാരണം കഴിഞ്ഞദിവസം കൂടിയ പ്രത്യേക സമിതി യോഗം ഇക്കാര്യം ചർച്ചചെയ്യാതെ പിരിഞ്ഞെന്നാണ് റിപ്പോർട്ട്. അജണ്ടയിലെ അവസാന ഇനങ്ങൾ ഒരുമിച്ചു ചേർത്ത് അംഗീകരിച്ചു എന്നു വ്യക്തമാക്കി യോഗം പിരിഞ്ഞതിനാൽ യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
കേരളത്തിന്റെ അഭിപ്രായം പരിഗണിക്കാമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി സി.ആർ. പാട്ടീൽ അറിയിച്ചതു ശുഭസൂചനയാണ്. കേരളം എതിർത്ത സാഹചര്യത്തിൽ നിലപാട് കടുപ്പിക്കാൻ തമിഴ്നാട് പ്രതിനിധികളും തയാറായില്ല. എന്നാൽ, യോഗത്തിൽ ചർച്ചയാക്കാതെ വിഷയം അംഗീകരിച്ചെടുപ്പിക്കാനാണ് തമിഴ്നാടിന്റെ നീക്കമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രത ഇക്കാര്യത്തിൽ പുലർത്തിയേ തീരൂ.പ്രളയവും വരൾച്ചയും ഉരുൾപൊട്ടലും ആവർത്തിക്കുന്ന കേരളത്തിലെ പ്രതിശീർഷ ജലലഭ്യത രാജസ്ഥാനെ അപേക്ഷിച്ച് കുറവാണെന്നതാണ് യാഥാർഥ്യം.
പദ്ധതി യാഥാർഥ്യമായാൽ അഞ്ചു ജില്ലകളുടെ സർവനാശത്തിനു കാരണമാകുന്ന സാമൂഹിക, പാരിസ്ഥിതിക, ആഘാതങ്ങളുണ്ടാകും. അന്തർ സംസ്ഥാന നദികളാണെന്നും അധികജലം ഉണ്ടെന്നുമുള്ള കണ്ടെത്തലിലാണ് പദ്ധതി കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ രണ്ടു നിഗമനങ്ങളും പൂർണമായും അടിസ്ഥാനരഹിതമാണ്. പമ്പയും അച്ചൻകോവിലും കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദികളാണ്. ഈ നദികളിൽ മാത്രമല്ല, കേരളത്തിൽ മൊത്തത്തിൽ തന്നെ അധികജലമില്ല താനും. ഈ വസ്തുതകൾ ബന്ധപ്പെട്ട സമിതികളെ ബോധ്യപ്പെടുത്തുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ചും തമിഴ്നാട് ഇതിനുവേണ്ടി "എല്ലാ സന്നാഹങ്ങളും' ഒരുക്കി ജാഗ്രതയോടെ കരുക്കൾ നീക്കുന്ന പശ്ചാത്തലത്തിൽ.
അധികജലം പ്രയോജനമില്ലാതെ കടലിലേക്ക് ഒഴുകിപ്പോകുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ നദീതടങ്ങളിലെ ജലലഭ്യതയുടെ ഏറ്റക്കുറച്ചിൽ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നദീസംയോജന പദ്ധതികൾക്കുള്ള ആലോചന ഉണ്ടായത്. ബ്രിട്ടീഷ് എൻജിനിയറായ ആർതർ കോട്ടൺ ഗോദാവരി തടത്തിൽ നടപ്പാക്കാൻ ശ്രമിച്ച നദീബന്ധനപദ്ധതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1972ൽ കേന്ദ്ര ഇറിഗേഷൻ മന്ത്രിയായിരുന്ന കെ. എൽ. റാവു ഗംഗ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കി.മീ. നീളമുള്ള ലിങ്ക് പദ്ധതി നിർദേശിച്ചു. 1982ൽ ദേശീയ ജലവികസന ഏജൻസി നദീസംയോജനത്തിനായുള്ള സർവേകളും സാധ്യതാ പഠനങ്ങളും ആരംഭിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ 30 നദീസംയോജന പദ്ധതികളെ സാങ്കേതികമായും സാമ്പത്തികമായും നിലനിൽക്കുന്ന പദ്ധതികളായി കണ്ടെത്തി, ഇതിനെ രണ്ടു ഘടകങ്ങളായി തിരിച്ചു -നോർത്തേൺ ഹിമാലയൻ റിവർ ഡെവലപ്മെന്റും സതേൺ പെനിൻസുലാർ റിവർ ഡെവലപ്മെന്റും.പെനിൻസുലാർ റിവർ ഡെവലപ്മെന്റ് പദ്ധതിയിലൂടെ കിഴക്കുനിന്ന് ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുക എന്നതാണ് ലക്ഷ്യംവച്ചത്. അതിനു നാലു ഭാഗങ്ങളാണുള്ളത്.
(1) കനാലുകൾ വഴി മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി നദികളെ ബന്ധിപ്പിക്കുക. മഹാനദിയിലെയും ഗോദാവരിയിലെയും അധികജലം തെക്കേ ഇന്ത്യക്ക് കൈമാറുക.
(2) പടിഞ്ഞാറുനിന്നു വടക്കൻ മുംബൈയിലേക്കും തെക്ക് താപ്പിയിലേക്കും ഒഴുകുന്ന നദികളുടെ സംയോജനം. വെള്ളം മുംബൈയിലെ നഗരപ്രദേശങ്ങൾക്കും മഹാരാഷ്ട്രയുടെ തീരദേശമേഖലയുടെ ജലസേചനത്തിനും.
(3) മധ്യപ്രദേശിനും ഉത്തർപ്രദേശിനും കൂടുതൽ ജലലഭ്യത ഉറപ്പാക്കാൻ കെൻ, ചമ്പൽ നദികളുടെ സംയോജനം.
(4) പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ സംയോജനം. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി വെള്ളം ഉപയോഗിക്കുക. 1,30,000 ചതുരശ്ര കിലോമീറ്റർ അധിക ജലസേചനവും നാലു ഗിഗവാട്ട് അധിക വൈദ്യുതി ഉത്പാദനവും പ്രതീക്ഷിക്കുന്നുവെന്നാണ് പ്രഖ്യാപനം.
പമ്പ-അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പദ്ധതി പെനിൻസുലാർ റിവർ ഡെവലപ്മെന്റ് പദ്ധതിയിലെ നാലാം ഇനത്തിൽപ്പെടുത്തിയാണ് തയാറാക്കിയിട്ടുള്ളത്. 2002 ഒക്ടോബർ 30ലെ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാർ നിയമിച്ച സുരേഷ് പ്രഭു ചെയർമാനായ ടാസ്ക്ഫോഴ്സ് സാധ്യതാപഠനം നടത്തി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പമ്പ, അച്ചൻകോവിൽ നദികളിലെ 634 എംസിഎം വെള്ളം വൈപ്പാറിലേക്കു തിരിച്ചുവിട്ട് തമിഴ്നാട്ടിലെ തിരുനെൽവേലി, ചിദംബരനാർ, കാമരാജാർ ജില്ലകളിലെ 91,400 ഹെക്ടർ കൃഷിസ്ഥലത്തെ ജലസേചനത്തിന് ഉപയോഗപ്പെടുത്താനും 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുമാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതു നടപ്പാക്കാൻ ദേശീയ ജലവികസന ഏജൻസി പഠനറിപ്പോർട്ട് എന്ന പേരിൽ നടത്തിയിരിക്കുന്ന കണ്ടെത്തലാണ് ഏറ്റവും രസാവഹം. പമ്പ, അച്ചൻകോവിൽ നദികളിൽ 3,127 എംസിഎം വെള്ളം അധികമായി ഉണ്ടെന്നാണ് വിചിത്രമായ കണ്ടെത്തൽ.പമ്പ, അച്ചൻകോവിൽ നദികളെക്കുറിച്ചുള്ള മറ്റു പഠനറിപ്പോർട്ടുകൾ പരിശോധിച്ചാൽ ഈ വാദം എത്ര നിരർഥകമാണെന്നു ബോധ്യപ്പെടും.
പമ്പാ നദീതടത്തിൽ 3,509 എംസിഎം വെള്ളത്തിന്റെ സാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. നിലവിലുള്ളതും ഭാവിയിൽ ആവശ്യമായി വരുന്നതുംകൂടി ചേർത്ത് ജൂൺ മുതൽ നവംബർ വരെയുള്ള മൺസൂൺ കാലത്ത് 3,028 എംസിഎമ്മും അല്ലാത്ത സമയത്ത് 3,040 എംസിഎമ്മും വെള്ളം ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നു പറഞ്ഞാൽ 3,537 എംസി എം വെള്ളത്തിന്റെ കുറവ് ഒരു വർഷം ഉണ്ടാകുമെന്നു ചുരുക്കം. ആറ്റിലെ നീരൊഴുക്കിന്റെ 88% മൺസൂൺ കാലത്താണെന്നും ഈ കാലയളവിലും വേനൽക്കാലത്തും ജലക്ഷാമം അനുഭവപ്പെടുമെന്നുമാണ് പഠനറിപ്പോർട്ട്.
അച്ചൻകോവിൽ നദീതടത്തിലെ (ബേസിൻ) ജലലഭ്യത 1,575 എംസിഎം ആണ്. നിലവിലെയും ഭാവിയിലെയും ആവശ്യകതപ്രകാരം മൺസൂൺ കാലത്ത് 756 എംസിഎമ്മും മൺസൂൺ ഇതര സമയത്ത് 778 എംസിഎം വെള്ളവും കൂടിയേ തീരൂ. അച്ചൻകോവിലാറ്റിലെ 92% നീരൊഴുക്കും മൺസൂൺ കാലത്താണ്. അതിനാൽ മൺസൂൺ സമയത്ത് അധികജലവും അതുകഴിഞ്ഞാൽ ജലക്ഷാമവുമുണ്ടാകും. മൊത്തമായി 459 എംസിഎം വെള്ളത്തിന്റെ ക്ഷാമം വാർഷികമായി ഉണ്ടാകുമെന്നാണു കണക്കുകൾ വെളിപ്പെടുത്തുന്നത്.
വസ്തുത ഇതായിരിക്കെയാണ് രണ്ടു നദികളിലും അധികജലമുണ്ടെന്ന വ്യാജ കണ്ടെത്തലും വാദഗതിയും ഉന്നയിക്കപ്പെടുന്നത്.
മധ്യതിരുവിതാംകൂറിന്റെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിലും രണ്ടു നദികൾക്കും നിർണായക പങ്കുണ്ട്. ഈ പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, ആധ്യാത്മിക ജീവിതക്രമവും ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിക്കും ശുദ്ധജലവിതരണത്തിനും വൈദ്യുതി ഉത്പാദനം അടക്കമുള്ള വ്യാവസായികാവശ്യങ്ങൾക്കും പാടശേഖരങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമൊക്കെ ഈ നദികളിലെ നീരൊഴുക്ക് നിർണായകമാണ്. ശബരിമല തീർഥാടന കാലത്തുമാത്രം പമ്പയിലെ ജലത്തിന്റെ മലിനീകരണം ഒഴിവാക്കാൻ, തടസമില്ലാത്ത നീരൊഴുക്ക് അനിവാര്യമാണ്. 4,745 എംസിഎം വെള്ളം ഇതിനുവേണ്ടി മാത്രം വരുന്നുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഓരോ വർഷവും തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിൽ കൂടുതൽ വേണ്ടിവരികയും ചെയ്യും.
അസംഖ്യം ശുദ്ധജലവിതരണ പദ്ധതികളുടെ ജലസ്രോതസ് ഈ നദികളാണ്. ഇപ്പോൾത്തന്നെ വേനൽക്കാലത്ത് നീരൊഴുക്ക് നിലച്ച് ഈ പദ്ധതികൾ പലതും പ്രവർത്തനരഹിതമാകും. ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവുമുണ്ടാകുന്നു.
സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി) തന്നെ ഇത് നിശ്ചിത അളവിനു മുകളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. നീരൊഴുക്കു കുറഞ്ഞ സന്ദർഭങ്ങളിൽ മൂഴിയാറിലെ ശബരിഗിരി പവർഹൗസിൽ നിന്ന് ഉപയോഗശേഷമുള്ള ജലം ഒഴുക്കിവിട്ട് മിനിമം ലെവൽ എങ്കിലും നിർത്താൻ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ശബരിഗിരി റിസർവോയറിലെ ജലനിരപ്പ് കുറഞ്ഞ കാരണത്താൽ ഇതിലും കുറവ് വന്നിട്ടുമുണ്ട്.
കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നത് ഈ നദികളിലെ നീരൊഴുക്കാണ്. മാലിന്യങ്ങളും ഖരപദാർഥങ്ങളും അടക്കമുള്ള ചണ്ടി നീക്കംചെയ്യുന്നതിലൂടെയും കൃഷി ഫലഭുയിഷ്ഠമാക്കുന്ന എക്കൽ നിക്ഷേപിക്കുന്നതിലൂടെയും സുസ്ഥിതി നിലനിർത്തുന്ന സ്വാഭാവിക പരിണാമക്രിയയാണ് മൺസൂൺ കാലയളവിൽ സംഭവിക്കുന്നത്.
ഇപ്പോൾ കടലിലെ ജലനിരപ്പുയരുകയും നദികളുടെ അടിത്തട്ട് താഴുകയും വേമ്പനാട്ടുകായൽ ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപ്പുവെള്ളം നദികളുടെ മുകൾഭാഗത്തേക്കു കടന്നുകയറാനുള്ള സാധ്യത കൂടുതലാണ്. ഇതു പ്രതിരോധിക്കാൻ പമ്പ, അച്ചൻകോവിൽ നദികളിലൂടെ വെള്ളം കടലിലേക്കൊഴുകുന്ന സാഹചര്യം നിലനിർത്തണം.
വേമ്പനാട്ടു കായലിന്റെ ശോഷണവും മലിനീകരണവും പാരമ്യത്തിലാണെന്നാണ് കണ്ടെത്തൽ. മൺസൂൺ കാലത്ത് കായലിലേക്ക് ഒഴുകിയെത്തുന്ന നദീ ജലമാണ് കുട്ടനാട് തണ്ണീർത്തടങ്ങളിലെ മാലിന്യം ഒഴുക്കിക്കളയുന്നത്. ഈ ശുദ്ധീകരണപ്രക്രിയ ഏറെ അനിവാര്യവുമാണ്.
സിഡബ്ല്യുആർഡിഎം റിപ്പോർട്ട് പ്രകാരം വേമ്പനാട് തണ്ണീർത്തട പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന പത്തു നദികളുടെ ജലലഭ്യത 12,582 എംസിഎം ആണ്. ഈ നദീതടങ്ങളിലെ വിവിധ ആവശ്യങ്ങൾക്കായി വേണ്ടിവരുന്ന വെള്ളം 22, 268 എംസിഎം എന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നുവച്ചാൽ 9,674 എംസിഎം വെള്ളത്തിന്റെ കുറവ് ഇപ്പോൾത്തന്നെയുണ്ട്. ഇതെല്ലാം നദീസംയോജന വാദത്തിനെതിരായ ശബ്ദിക്കുന്ന വസ്തുതകളാണ്.
അപൂർവ ജൈവസമ്പത്ത് നിറഞ്ഞ വനമേഖല നഷ്ടമാകുന്ന വൻ വിപത്തായിരിക്കും നദീസംയോജനം നടത്തിയാലുണ്ടാകുക. പദ്ധതിക്കായുള്ള മൂന്ന് അണക്കെട്ടുകൾ വന്നാൽ 2004 ഹെക്ടർ വനം മുങ്ങിപ്പോകും. ഇതിൽ പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ ഗൂഡ്രിക്കൽ റേഞ്ചിലെയും ഉറാനി കണ്ടൽ ചതുപ്പിലെയും 957 ഹെക്ടറോളം ഉൾപ്പെടും. പുന്നമൂട് ഡാം 440 ഹെക്ടറും അച്ചൻകോവിൽ കല്ലാർ ഡാം 1240.7 ഹെക്ടറും അച്ചൻകോവിൽ ഡാം 323 ഹെക്ടറും വനം നേരിട്ടില്ലാതാക്കും. ഇതിൽ 957 ഹെക്ടറോളം മഴക്കാടുകളാണ്.
ശുദ്ധജലവിതരണ പദ്ധതികളെ കൂടാതെ വൈദ്യുതി, ജലസേചന പദ്ധതികളും പമ്പയിലുണ്ട്. പമ്പയിലും കക്കിയിലും റിസർവോയറുകളുള്ള ശബരിഗിരി (300 മെഗാവാട്ട്) കക്കാട് (50 മെഗാവാട്ട്) വൈദ്യുതപദ്ധതികളും പമ്പ ഇറിഗേഷൻ പ്രോജക്ടും പ്രവർത്തിക്കുന്നു.
നിലവിൽ ഡാമുകൾ ഇല്ലാത്ത അച്ചൻകോവിലിന്റെ സ്ഥിതിയും ഇതുതന്നെ. ശുദ്ധജലവിതരണ പദ്ധതികളെ കൂടാതെ അച്ചൻകോവിൽ (50 മെഗാവാട്ട്), ട്വിൻ കല്ലാർ (60 മെഗാവാട്ട്) വാക്കല്ലാർ (24 മെഗാവാട്ട്) ചെളികല്ലാർ (15 മെഗാവാട്ട്) എന്നീ പുതിയ പദ്ധതികൾക്ക് വൈദ്യുതി ബോർഡ് അനുമതി കാത്തിരിക്കുകയാണ്. വെള്ളം തിരിച്ചുവിട്ടാൽ ഇതെല്ലാം അവതാളത്തിലാകും.
ചുരുക്കത്തിൽ, ശാസ്ത്രീയ പഠനങ്ങളോ കണ്ടെത്തലുകളോ കൂടാതെയാണ് പമ്പ, അച്ചൻകോവിൽ നദികളിൽനിന്ന് വെള്ളം തിരിച്ചുകൊണ്ടുപോകാനുള്ള വൈപ്പാർ ലിങ്ക് പദ്ധതിക്കായി വാദിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ നിലനിൽപ്പുതന്നെ ഇത് അസാധ്യമാക്കും.