ശോഭ മങ്ങി മോദി, പ്രക്ഷുബ്ധമായ പാർലമെന്റ്
സനു സിറിയക്
Tuesday, December 31, 2024 1:21 AM IST
2024 കടന്നുപോകുന്പോൾ ദേശീയ രാഷ്ട്രീയത്തിലെ സംഭവബഹുലമായ പല അധ്യായങ്ങൾ അവസാനിക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും രാജ്യം സാക്ഷിയായി. രാമക്ഷേത്രം മുതൽ പാർലമെന്റിന് പുറത്തെ കൈയാങ്കളി വരെ നീളുന്നു ഈ വർഷത്തെ സംഭവങ്ങൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാജ്യത്തെ ആഗോള വ്യവസായ നെറുകയിലെത്തിച്ച രത്തൻ ടാറ്റ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തബല മാന്ത്രികൻ സാക്കിർ ഹുസൈൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ നഷ്ടമായ വർഷം കൂടിയാണ് 2024.
രാമക്ഷേത്രവും ബിജെപി രാഷ്ട്രീയവും
നൂറ്റാണ്ടുകൾ നീണ്ട തർക്കത്തിനും അതേത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കും മുതലെടുപ്പുകൾക്കും സാക്ഷ്യംവഹിച്ചുകൊണ്ട് 2024 ജനുവരി 22ന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി. അയോധ്യ എന്നു പേരുമാറ്റിയ ഫൈസാബാദ് ജില്ലയിലെ അയോധ്യനഗരത്തിൽ എഴുപത് ഏക്കറിലാണ് രാമക്ഷേത്രം. ആദ്യനിലയുടെ നിർമാണം പൂർത്തീകരിച്ചാണ് പ്രാണപ്രതിഷ്ഠ നടത്തിയത്. രാജ്യത്തെ നിരവധി പ്രമുഖർ ചടങ്ങിനെത്തിയപ്പോൾ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിച്ചു.
പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായി കേജരിവാൾ
മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത് 2024 മാർച്ച് 21ന് രാത്രി ഒന്‍പതോടെ. അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അറസ്റ്റ് ചെയ്തത് കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ആക്കംകൂട്ടി. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഒൻപത് സമൻസ് അയച്ചിട്ടും പ്രതികരിക്കാതിരുന്നതിനെത്തുടർന്നാണ് കേജരിവാളിനെ ഇഡി വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്.
തുടർന്ന് അഞ്ചരമാസത്തോളം ജയിലിൽ കഴിഞ്ഞ കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇഡി കേസിൽ കേജരിവാളിന് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോൾ ജൂണ്‍ 26ന് സിബിഐ ജയിലിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ജാമ്യംലഭിച്ചു പുറത്തിറങ്ങിയ കേജരിവാൾ സെപ്റ്റംബർ 17ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന ആതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു. കേജരിവാളിന്റെ അറസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യം പ്രചാരണായുധമാക്കിയെങ്കിലും ഡൽഹിയിൽ ഒരു സീറ്റ് പോലും നേടാനായില്ല. ജനുവരി 31ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
മുന്നേറിയ ‘ഇന്ത്യ’സഖ്യം
ഉത്തർപ്രദേശ് അടക്കം ഹിന്ദി ഹൃദയഭൂമിയിൽ നേരിട്ട ആഘാതത്തിൽ ശോഭ കുറഞ്ഞെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ നരേന്ദ്ര മോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 400ന് മുകളിൽ ഭൂരിപക്ഷമെന്ന മുദ്രാവാക്യവുമായി പ്രചാരണം തുടങ്ങിയ ബിജെപിക്ക് ജൂണ്‍ നാലിന് വോട്ടെണ്ണിയപ്പോൾ ലഭിച്ചത് 241 സീറ്റ്. 99 സീറ്റിൽ വിജയിച്ച കോണ്‍ഗ്രസിന് 10 വർഷത്തിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചു. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴു ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പു നടന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്നും കേരളത്തിലെ വയനാട്ടിൽനിന്നും വൻഭൂരിപക്ഷത്തിൽ വിജയിച്ചു കൊണ്ടാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ ആണിക്കല്ല് ഉത്തർപ്രദേശായിരുന്നു. എന്നാൽ, ബിജെപിയെ 33 സീറ്റിൽ ഒതുക്കി ആ ആത്മവിശ്വാസം കെടുത്താൻ ഇന്ത്യ സഖ്യത്തിനു സാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. തൃശൂരിൽനിന്നും സുരേഷ് ഗോപിയാണു വിജയിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും മറ്റ് 71 മന്ത്രിമാരും ജൂണ്‍ ഒൻപതിന് അധികാരമേറ്റു. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി.
‘നീറ്റ്’ നീറ്റലായി
23 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) നടന്നത് മേയ് അഞ്ചിനായിരുന്നു. റിസൾട്ട് പ്രസിദ്ധീകരിച്ച ജൂണ്‍ നാലിന് പരീക്ഷ സംബന്ധിച്ച വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഗ്രേസ്മാർക്ക് നൽകിയതു സംബന്ധിച്ചും വിവിധ ഇടങ്ങളിൽ ചോദ്യപേപ്പർ ചോർന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദങ്ങളുടെ തുടക്കം. 67 വിദ്യാർഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതും വിവാദം ആളിക്കത്തിച്ചു. സർക്കാർ പ്രതിരോധത്തിലായി. പരീക്ഷ റദ്ദാക്കണമെന്നും റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ നീറ്റിൽ പുനഃപരീക്ഷയുടെ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാൽ, ഗ്രേസ്മാർക്ക് നൽകിയ 1,563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താൻ എൻടിഎ തയാറായി.
മാറാതെ നിയമസഭകൾ
ഏഴു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് 2024 ൽ നടന്നത്. അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രാപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പവും ജമ്മു കാഷ്മീർ, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മറ്റു സമയങ്ങളിലുമായിരുന്നു തെരഞ്ഞെടുപ്പ്.
ആന്ധ്രാപ്രദേശിൽ അധികാരത്തിലിരുന്ന ജഗൻ മോഹൻ റെഡ്ഢിയുടെ വൈഎസ്ആർ കോണ്‍ഗ്രസിനെ തോൽപ്പിച്ച് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) അധികാരത്തിലെത്തിയപ്പോൾ ഒഡിഷയിൽ 24 വർഷത്തെ തുടർഭരണം അവസാനിപ്പിച്ച് നവീൻ പട്നായിക്ക് പടിയിറങ്ങി. പതിറ്റാണ്ടുകൾക്കുശേഷം ജമ്മു കാഷ്മീർ പോളിംഗ് ബൂത്തിലെത്തിയ വർഷമായിരുന്നു 2024. നാഷണൽ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി. നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി. ഇതോടൊപ്പം നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാമതും അധികാരത്തിലെത്തി.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപിയ്ക്കു സാധിച്ചു. ജയിലിൽ കഴിഞ്ഞ ഹേമന്ദ് സോറന്റെ വൻ തിരിച്ചുവരവാണ് ജാർഖണ്ഡിൽ കണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിൽ ബിജെപിയും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയും അധികാരം നിലനിർത്തി.
സുപ്രീംകോടതി ഇടപെടൽ
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു വിരമിച്ചു. പുതിയ ചീഫ് ജസ്റ്റീസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്നും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്നും സുപ്രീംകോടതി വിധിച്ചത് 2024 ഫെബ്രുവരി അഞ്ചിനായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം അനുവദിച്ചതും 2024ലെ സുപ്രീംകോടതിയുടെ പ്രധാന ഇടപെടലുകളിൽ ഉൾപ്പെടുന്നു.
മതേതരത്വം ഭരണഘടനയുടെ മുഖമുദ്രയാണെന്ന് ആവർത്തിച്ച ഒന്നിലധികം നിരീക്ഷണങ്ങളും ഈ വർഷം പരമോന്നത കോടതിയിൽ നിന്നുണ്ടായി. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് അനധികൃതമായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതു തടഞ്ഞു സുപ്രീംകോടതി ഉത്തരവിറക്കിയതും ഈ വർഷമാണ്. എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മയുടെ പേരിൽ സർക്കാരുകൾക്ക് ഏറ്റെടുക്കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത് നവംബർ ആദ്യവാരമാണ്.
രാജ്യസഭാ അധ്യക്ഷനെതിരേ നോട്ടീസ്
മൂന്നാം മോദിസർക്കാർ അധികാരത്തിലെത്തിയശേഷം 2024ൽ രണ്ടു തവണയാണ് പാർലമെന്റ് സമ്മേളനം നടന്നത്. ചരിത്രത്തിലാദ്യമായി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറിന്റെ ഏകപക്ഷീയ നടപടികൾക്കെതിരേ ഇംപീച്ച്മെന്റ് നടപടിക്ക് പ്രതിപക്ഷം മുതിർന്നതിന് ആദ്യ പാർലമെന്റ് സമ്മേളനം സാക്ഷ്യംവഹിച്ചു.
ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിലുള്ള സംഘർഷമടക്കം സംഭവബഹുലമായിരുന്നു നവംബർ 25ന് ആരംഭിച്ച ശീതകാല സമ്മേളനം. രാജ്യസഭാധ്യക്ഷനെതിരേ 60 എംപിമാർ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറിക്ക് പ്രതിപക്ഷം കൈമാറി. എന്നാൽ, വ്യക്തിഹത്യ മാത്രം ലക്ഷ്യമിട്ടാണ് നോട്ടീസെന്നു ചൂണ്ടിക്കാട്ടി രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അതു തള്ളി. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം നടത്തിയ ഭരണഘടനാ ചർച്ചയിൽ നെഹ്റുവിനെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചപ്പോൾ അതേ ശൈലി പിന്തുടർന്ന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ പരാമർശത്തിൽ പാർലമെന്റ് ഇളകിമറിഞ്ഞു. പാർലമെന്റിന് പുറത്ത് ഇരുകൂട്ടരും തമ്മിലുള്ള കൈയാങ്കളിയിലേക്കുവരെ കാര്യങ്ങൾ എത്തി. പ്രിയങ്ക ഗാന്ധി വയനാട് നിയോജക മണ്ഡലത്തിൽനിന്ന് വിജയിച്ചതോടെ ഗാന്ധി കുടുംബത്തിൽനിന്നുള്ള മൂന്നുപേരും പാർലമെന്റിൽ എത്തിയത് ഈ വർഷമാണ്.
കർഷക പ്രതിഷേധം
ഈ വർഷം ഫെബ്രുവരി 13നാണ് വിളകൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തണമെന്നും കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ രണ്ടാമതും സമരം ആരംഭിച്ചത്. പിന്നാലെ സംഘർഷമുണ്ടായി. 21കാരനായ ശുഭ്കരൻ സിംഗ് എന്ന കർഷകൻ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പിന്നീട് ഡൽഹിയിലേക്ക് കർഷകമാർച്ചും നടന്നു.
മണിപ്പുർ കലാപം
സർക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി 2024 അവസാനം മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. പാർലമെന്റിൽ മണിപ്പുരിനെപ്പറ്റി ഒരക്ഷരം പോലും പറയാൻ പ്രധാനമന്ത്രി തയാറായില്ല.
കോൽക്കത്ത ഡോക്ടറുടെ കൊലപാതകം
കോൽക്കത്തയിൽ ആർ.ജി. കാർ മെഡിക്കൽ കോളജിൽ 2024 ഓഗസ്റ്റ് ഒന്‍പത് അർധരാത്രിയിൽ 31 വയസുള്ള ജൂണിയർ ഡോക്ടറെ ജോലിക്കിടെ സിവിൽ വോളണ്ടിയറായ സഞ്ജയ് റോയ് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. പ്രതിഷേധം ആളിക്കത്തി. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടു. സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.