മുന്നണിപ്പോരിന്റെ ചൂടിൽ കേരളം
സാബു ജോണ്
Tuesday, December 31, 2024 1:17 AM IST
ലോക്സഭാ തെരഞ്ഞെടുപ്പും മൂന്നു മണ്ഡലങ്ങളിലേക്കുള്ള വാശിയേറിയ ഉപതെരഞ്ഞെടുപ്പുമായിരുന്നു 2024ൽ കേരളരാഷ്ട്രീയത്തെ ചടുലമാക്കി മാറ്റിയത്. വരാനിരിക്കുന്ന വർഷവും രാഷ്ട്രീയം പ്രവചനാതീതമായിരിക്കും. അടുത്ത വർഷം അവസാനം തദ്ദേശ തെരഞ്ഞെടുപ്പു നടക്കും. അതുകഴിഞ്ഞു മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പും. അതിലേക്കു കണ്ണുവച്ച് മുന്നണികൾ നടത്തുന്ന രാഷ്ട്രീയനീക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ പ്രവചനാതീതമായ മാറ്റംമറിച്ചിലുകൾക്കു കാരണമായേക്കാം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ കേരളം അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ്. ഇക്കുറി വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാടും കേരളം കണ്ടറിഞ്ഞിട്ടില്ലാത്ത ദുരന്തങ്ങളാണ് അരങ്ങേറിയത്. 2018ലെ പ്രളയത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു ഇത്. അതിന്റെ ഞെട്ടലിൽനിന്നു കേരളം ഇനിയും കരകയറിയിട്ടില്ല.
തെരഞ്ഞെടുപ്പുകളിലെ ജനഹിതം
ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റിലെ തകർപ്പൻ വിജയം യുഡിഎഫ് പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു. എൽഡിഎഫ് പ്രാതിനിധ്യം ആലത്തൂരിൽ ഒതുങ്ങി. തൃശൂരിൽ വൻവിജയം നേടിക്കൊണ്ട് സുരേഷ് ഗോപി രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു. ബിജെപിയുടെ കേരളത്തിൽ നിന്നുള്ള ആദ്യ ലോക്സഭാംഗം എന്ന റിക്കാർഡ് കൂടിയാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നു തരിപ്പണമായപ്പോൾ അതു ഭരണത്തിനെതിരായ വിധിയെഴുത്തായി പ്രതിപക്ഷം വിലയിരുത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം തിരിച്ചുവന്നതുപോലെ ഇക്കുറിയും തങ്ങൾ തിരിച്ചുവരുമെന്ന് ഇടതുപക്ഷം അന്നേ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മൂന്നു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ സീറ്റും പാലക്കാട് നിയമസഭാ സീറ്റും യുഡിഎഫ് നിലനിർത്തി. കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു പോയതോടെ തെരഞ്ഞെടുപ്പു നടന്ന ചേലക്കരയിൽ കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനായത് ഇടതുമുന്നണിക്ക് ആശ്വാസമായി.
തൃശൂരിലെ വിജയത്തിന്റെ ആവേശത്തിൽ പാലക്കാട് പിടിക്കാമെന്ന ബിജെപിയുടെ സ്വപ്നം പക്ഷേ പൂവണിഞ്ഞില്ല. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ യുഡിഎഫ് ഉജ്വലവിജയം നേടി. വോട്ട് കണക്കിൽ ബിജെപിക്കു തിരിച്ചടി നേരിടേണ്ടിയും വന്നു. ഒരുപാടു രാഷ്ട്രീയനാടകങ്ങൾ അരങ്ങേറിയെങ്കിലും എൽഡിഎഫ് മൂന്നാം സ്ഥാനത്തു തന്നെ തുടർന്നു. ബിജെപി-സിപിഎം നീക്കുപോക്ക് എന്ന ആരോപണം തെരഞ്ഞെടുപ്പുരംഗത്ത് സജീവമായി നിലനിർത്തുന്നതിൽ യുഡിഎഫ് വിജയിച്ചു. കോണ്ഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കണ്വീനറായിരുന്ന ഡോ. പി. സരിൻ ഇടതുപക്ഷ സ്ഥാനാർഥിയായി യുഡിഎഫിനെ തുടക്കത്തിൽ ഞെട്ടിച്ചെങ്കിലും ഒറ്റക്കെട്ടായി പ്രചാരണരംഗത്തു നിന്നു തകർപ്പൻ വിജയം നേടിയത് യുഡിഎഫിനു മുന്നോട്ടും ആത്മവിശ്വാസം പകരും.
തൃശൂർ പൂരം കലക്കൽ വിവാദം
തൃശൂർ പൂരം പോലീസ് ഇടപെടലിൽ അലങ്കോലമായത് അന്നുതന്നെ വൻപ്രതിഷേധത്തിനു കാരണമായിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കും ബിജെപിക്കും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ അറിഞ്ഞുകൊണ്ടു പൂരം അലങ്കോലമാക്കിയെന്ന ആരോപണം തുടക്കം മുതൽ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടതുപാളയത്തിൽനിന്നു വിമതനായി രംഗത്തുവന്ന പി.വി. അൻവറും ഇത് ആരോപണമായി ഉന്നയിച്ചതോടെ വിവാദം കത്തി.
എഡിജിപി എം.ആർ. അജിത്കുമാറാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയർന്നു. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന വിവരംകൂടി പുറത്തുവന്നതോടെ സർക്കാരും സമ്മർദത്തിലായി. ഇടതുമുന്നണിയിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടും അജിത്കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രവുമായുള്ള പിണറായിയുടെ പാലമാണ് അജിത്കുമാർ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കേന്ദ്രവും സംസ്ഥാനവും
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ആരോപണം സംസ്ഥാന സർക്കാർ കടുപ്പിക്കുകയാണ്. കടമെടുപ്പിന്റെ പരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ കോടതി കയറ്റിയിരിക്കുകയാണ്. വിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിനു വിട്ടിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളെപോലും ബാധിക്കുന്ന സ്ഥിതിയിലെത്തുന്നതിനും 2024 സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന ജീവനക്കാരുടെ ശമ്പളം മാസാദ്യം കൊടുക്കാൻ സാധിക്കാത്ത സ്ഥിതി ചരിത്രത്തിലാദ്യമായി ഉണ്ടായി.
വയനാട് ദുരന്തം
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായത്. ഇതേ സമയത്തു തന്നെ കോഴിക്കോട് വിലങ്ങാട്ടും വലിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി. ഏറെ മനുഷ്യ ജീവനും സ്വത്തുവകകളും നഷ്ടപ്പെട്ട ദുരന്തത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു മടങ്ങി. എന്നാൽ, വൈകാതെ കാര്യങ്ങൾ സർക്കാർ മുറ പോലെയായി.
അർജുനുവേണ്ടി കേരളം
ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടെ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തെരച്ചിൽ സമാനതകളില്ലാത്തതായിരുന്നു. 72 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ അർജുന്റെ മൃതദേഹം കണ്ടെടുത്തു.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി ജോയിക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനവും കേരളത്തിന്റെ നെഞ്ചിടിപ്പേറ്റിയെങ്കിലും ജോയിയെ രക്ഷിക്കാനായില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് വൻകോലാഹലങ്ങൾക്കു വഴിതെളിച്ചു. നിരവധി പ്രമുഖർക്കെതിരേ വെളിപ്പെടുത്തലുകളുണ്ടായി. പ്രശസ്ത താരങ്ങളായ സിദ്ദിഖിനും മുകേഷിനും സംവിധായകനായ രഞ്ജിത്തിനുമെല്ലാമെതിരേ കേസ് രജിസ്റ്റർ ചെയ്തു. രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനവും സിദ്ദിഖിന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കേണ്ടി വന്നു.
എങ്ങുമെത്താത്ത വിവാദങ്ങൾ
സ്വർണക്കടത്തും ഹവാല ഇടപാടുകളുമെല്ലാം കഴിഞ്ഞ വർഷം ഒരുപാടു ചർച്ചയായി. മലപ്പുറത്തു കൂടി എത്തുന്ന ഹവാല പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ പരാമർശം വിവാദമായി. എന്നാൽ, ആ പരാമർശം തന്റേതല്ലെന്നു മുഖ്യമന്ത്രി പിന്നീടു വ്യക്തമാക്കി.
നവീൻ ബാബുവിന്റെ ആത്മഹത്യ
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിയിൽ വരെ കാര്യങ്ങൾ എത്തിയെങ്കിലും സിപിഎം ഇപ്പോഴും ദിവ്യക്ക് ഒപ്പമെന്ന ആക്ഷേപത്തിനു ദിവസങ്ങൾ കഴിയുംതോറും ശക്തിയേറുകയാണ്. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ആയിരുന്ന സിദ്ധാർഥന്റെ മരണം എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി.
അങ്കം പൂർത്തിയാക്കി ഗവർണർ മടങ്ങി
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു കഴിഞ്ഞ അഞ്ചു വർഷവും. ഈ പോരാട്ടത്തിന്റെ ഫലം അനുഭവിച്ചത് കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ്. സർക്കാരുമായുള്ള പോരാട്ടത്തിൽ മുഖ്യപ്രതിപക്ഷ നേതാവിന്റെ റോളിലേക്കു മാറാൻ ആരിഫ് മുഹമ്മദ് ഖാനു സാധിച്ചു എന്നതു വസ്തുതയാണ്. മാത്രമല്ല, കേരളത്തിലെ സാധാരണക്കാർക്കു വരെ പ്രിയങ്കരനായ നേതാവായി മാറാനും ഉത്തർപ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാനു സാധിച്ചു.
വഖഫ് വിഷയം
മുനമ്പത്ത് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതിനെത്തുടർന്ന് അറുനൂറിലേറെ കുടുംബങ്ങൾക്കുണ്ടായ ആശങ്കകൾ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തി. കത്തോലിക്കാ സഭ ഉൾപ്പെടെ വിവിധ മത, സമുദായ സംഘടനകൾ ഈ കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമരപോരാട്ടത്തിന് മുൻനിരയിൽ നിന്നു. പാവപ്പെട്ട ഈ കുടുംബങ്ങളെ കുടിയിറക്കാൻ പാടില്ലെന്ന കാര്യത്തിൽ കേരളത്തിൽ ഏകാഭിപ്രായം ഉണ്ടായി എന്നത് കേരളത്തിന്റെ പ്രത്യേകതയായി അഭിമാനിക്കാം.
മന്ത്രിമാറ്റങ്ങൾ
കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ആദിവാസി വിഭാഗത്തിൽ പെട്ട ഒ.ആർ. കേളു മന്ത്രിസഭയിലെത്തി. എന്നാൽ, എ.കെ. ശശീന്ദ്രനെ മാറ്റി മന്ത്രിയാകുന്നതിനുള്ള തോമസ് കെ. തോമസിന്റെ ആഗ്രഹം ഇനിയും പൂവണിഞ്ഞിട്ടില്ല.