ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർമയായിട്ട് രണ്ടു വർഷം
ഡോ. ജോർജ് തയ്യിൽ
Tuesday, December 31, 2024 1:13 AM IST
നാലു പതിറ്റാണ്ടുകൾ വളരെയടുത്തറിയാവുന്ന ബെനഡിക്ട് പാപ്പയോടൊപ്പമുള്ള എന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ ഗ്രന്ഥരൂപത്തിൽ 2022ൽ പ്രസിദ്ധീകരിച്ചപ്പോൾ, സ്ഥാനത്യാഗം ചെയ്ത ഒരു മാർപാപ്പയെപ്പറ്റി എഴുതുന്നതിൽ ഇനി പ്രസക്തിയുണ്ടോ എന്നു ചോദിച്ചവരുണ്ട്.
വൈദികനായും കർദിനാളായും മാർപാപ്പയായും പ്രസിദ്ധീകരിച്ച അതീവ ഗഹനങ്ങളായ 66 ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ പശ്ചാത്തലത്തിൽ ബെനഡിക്ട് പതിനാറാമൻ എന്ന വ്യക്തി മറ്റു മാർപാപ്പമാരിൽനിന്ന് എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നാണ് ആ ഗ്രന്ഥം പരിശോധിച്ചത്. തന്റെ രചനകളിലൂടെ, സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും കെട്ടുപോകാത്ത ദീപമാണ് ജോസഫ് റാറ്റ്സിങ്ങർ കൊളുത്തിവച്ചത്.
ജീവിതത്തിന്റെ വ്യാകരണം ഒരിക്കലും തെറ്റാൻ അനുവദിച്ചുകൊടുക്കാതിരുന്ന ഒരു യോഗീവര്യന്റെ സ്വച്ഛസ്പന്ദനങ്ങൾ ഇപ്പോഴും കത്തോലിക്കാസഭയിൽ മുഴങ്ങിക്കേൾക്കുന്നു. വൈദികനായും കർദിനാളായും മാർപാപ്പയായും സഭയെ സേവിച്ച സന്ദർഭങ്ങളിൽ വിശ്വാസത്തിന്റെ അഗ്നിപരീക്ഷകളെ അതിജീവിക്കാനും പ്രതിലോമശക്തികളെ പരാജയപ്പെടുത്താനും നടക്കേണ്ടിവന്ന പാതകൾ. ഒരു കാലഘട്ടത്തിന്റെ ദയാശൂന്യതയ്ക്കും സ്നേഹരാഹിത്യത്തിനും സാക്ഷ്യം വഹിക്കേണ്ടിവന്ന ബാല്യകാലം.
മനുഷ്യർ ക്രൂരവും പൈശാചികവുമായി തിമിർത്താടിയ അവസരങ്ങളിൽ സ്വന്തം ദൈവവിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ അനുഭവിച്ച നോവുകൾ. അവസാനം മനസിനെ കീറിമുറിച്ചും പ്രാതികൂല്യങ്ങളെ കീഴടക്കിയും കണ്ണുകളെ ആർദ്രമാക്കിയും എടുക്കേണ്ടിവന്ന സ്ഥാനത്യാഗ തീരുമാനം. ഓർത്തുനോക്കുന്പോൾ എല്ലാം ദൈവഹിതം പരിപൂർണതയിലെത്താനുള്ള നിമിത്തങ്ങളായിരുന്നുവെന്നു മാത്രം. അതേ, സഭയുടെയും ലോകത്തിന്റെയും നന്മ മാത്രം ആഗ്രഹിച്ച നിഷ്കാർമകർമിയായ ഒരു ദൈവശാസ്ത്രകാരൻ ചരിത്രം ബാക്കിവച്ചാണ് കടന്നുപോയത്.
പ്രായാധിക്യത്താൽ ശരീരവും മനസും വിവശമായപ്പോൾ, സഭയെ നയിക്കാൻ കൂടുതൽ ഭരണനിപുണതയുള്ള ഒരാൾ തെരഞ്ഞെടുക്കപ്പെടാൻ പരിശുദ്ധാത്മാവിനാൽ പ്രചോദിതമായി എടുത്ത തീരുമാനമായിരുന്നു സ്ഥാനത്യാഗം. ഒരേസമയം രണ്ടു പാപ്പ എന്ന പ്രതിസന്ധി ഒഴിവാക്കാൻ ശിഷ്ടകാലം പ്രാർഥനയിൽ ചെലവഴിക്കാൻ വത്തിക്കാന്റെ പൂന്തോട്ടത്തിലെ മാത്തെർ എക്ലേസിയ എന്ന ചെറിയ ആശ്രമത്തിലേക്ക് ജീവിതം ചുരുക്കി.
2017ൽ പ്രസിദ്ധീകൃതമായ തന്റെ ആത്മകഥാപരമായ ഗ്രന്ഥത്തിൽ (ദ ലാസ്റ്റ് ടെസ്റ്റമെന്റ്) അദ്ദേഹം എഴുതി: "ഞാൻ അടിസ്ഥാനപരമായി ആത്മീയസമസ്യകൾ അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ദൈവശാസ്ത്രകാരനാണ്. പ്രായാധിക്യം കൂടിയാകുന്പോൾ ഭരണപരമായ തീരുമാനങ്ങൾ എടുക്കാനുള്ള നൈപുണ്യം കുറഞ്ഞുവരുന്നതായി ഞാൻ കാണുന്നു.’
"നസ്രത്തിലെ യേശു’ എന്ന ഒറ്റ ഗ്രന്ഥം മതി ബെനഡിക്ട് പാപ്പയെ വിശ്വപ്രശസ്തനായ ഒരു ദൈവശാസ്ത്രജ്ഞനായി അംഗീകരിക്കാൻ. ദൈവശാസ്ത്രകാരനായി ആറു പതിറ്റാണ്ടിലേറെ വായിച്ചും പഠിച്ചും പഠിപ്പിച്ചും ഗവേഷണം ചെയ്തും അനുഭവിച്ചും ഗ്രഹിച്ച അറിവിന്റെ അക്ഷയഖനി മൂന്നു വാല്യങ്ങളടങ്ങുന്ന ഈ ബൃഹദ് ഗ്രന്ഥത്തിൽ പാപ്പ തുറന്നുകാട്ടുന്നു. പത്തു വർഷക്കാലമെടുത്തു ഈ പുസ്തകമെഴുതിത്തീർക്കാൻ.
ഭക്തിയുടെ മാസ്മരദീപ്തി പ്രസരിക്കും വിധമാണ് ഈ പുസ്തകത്തെ അസാധാരണമായ രചനാവൈഭവത്തോടെ സംവിധാനം ചെയ്തിരിക്കുന്നത്. 2003ൽ കർദിനാളായിരിക്കേ തുടങ്ങിയ എഴുത്ത് മാർപാപ്പ ആയ ശേഷവും ഒഴിവുസമയങ്ങൾ മുഴുവൻ ഉപയോഗിച്ച് പൂർത്തിയാക്കി.
"റാറ്റ്സിങ്ങർ എഴുതിയ സുവിശേഷം’ എന്നാണ് ഈ ഗ്രന്ഥം അറിയപ്പെടുന്നത്. മാർപാപ്പ എന്ന നിലയിലുള്ള ഔദ്യോഗിക അധികാരമോ തെറ്റാവരമോ ഒന്നും കൂടാതെ ഒരു സാധാരണ വിശ്വാസിയുടെ എളിമയോടെ യേശുവിന്റെ ഇഹലോകജീവിത സപര്യയെ നോക്കിക്കാണുന്നു. യേശു യഥാർഥത്തിൽ ആരാണെന്ന തികച്ചും വ്യക്തിപരമായ ഒരുന്വേഷണം മാത്രമാണ് ഈ ഗ്രന്ഥമെന്ന് പാപ്പ എടുത്തുപറയുന്നു.
36-ാമത്തെ വയസിൽ മ്യൂൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ തിയോളജി പ്രഫസറായിരിക്കുന്പോഴാണ് ജോസഫ് റാറ്റ്സിങ്ങർ തന്റെ ആദ്യ പുസ്തകം (1963) പ്രസിദ്ധീകരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ അവതരിപ്പിക്കാൻ വേണ്ടി എഴുതിയ പ്രബന്ധത്തിന്റെ പൂർണരൂപമായിരുന്നു ആ പുസ്തകം. രണ്ടാമത് 1968ൽ എഴുതിയ ’ക്രൈസ്തവികതയ്ക്ക് ഒരാമുഖം’ റാറ്റ്സിങ്ങറുടെ ഇതിഹാസ സമാനമായ രചനയാണ്. യേശുവിന്റെ വ്യക്തിത്വവും ദൗത്യവും വിശകലനം ചെയ്യുന്ന കൃതി. ഈ ഗ്രന്ഥം പല സഭാവിമർശകരുടെയും മുനയൊടിച്ചുകളഞ്ഞു.
1963 മുതൽ 2012 വരെ വൈദികനായും കർദിനാളായും മാർപാപ്പയായും പ്രസിദ്ധീകരിച്ചത് 66 ഗ്രന്ഥങ്ങളാണ്. കൂടാതെ മൂന്ന് പ്രഖ്യാതമായ ചാക്രികലേഖനങ്ങളും- ദൈവം സ്നേഹമാകുന്നു, പ്രത്യാശയിൽ രക്ഷ, സത്യത്തിൽ സ്നേഹം. നാല് ശ്ലൈഹിക പ്രമാണരേഖകളും പ്രകാശനം ചെയ്തു. ജർമൻ മാതൃഭാഷയിൽ മൂലഗ്രന്ഥങ്ങളായി എഴുതപ്പെട്ടത് 50 ആണ്. അവയുടെ തർജമ കൂടിയാണ് ആകെയുള്ള ഗ്രന്ഥങ്ങൾ.
കത്തോലിക്കാസഭ കണ്ടതിൽവച്ച് ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാൾ ഈയുള്ളവന്റെ ഗുരുതുല്യനായ സുഹൃത്തായിരുന്നുവെന്ന് ഓർമിക്കുന്പോൾ മനസും ശരീരവും രോമാഞ്ടമണിയുന്നു. എന്റെ ഓർമകൾ എഴുപതുകളുടെ ആരംഭത്തിലേക്കു പോവുകയാണ്.
അന്നു ഞാൻ മ്യൂണിക്കിലെ ലുഡിവിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥി. ആ ബന്ധം ആഴത്തിലായി. പിന്നീട് ആ ബന്ധം, ജോസഫ് റാറ്റ്സിങ്ങർ കർദിനാളായും മാർപാപ്പയായും ഔദ്യോഗിക ഔന്നത്യത്തിലെത്തിയിരുന്നപ്പോഴെല്ലാം ഗാഢമായി തുടർന്നു.
2022 ഡിസംബർ 31ന് 95-ാമത്തെ വയസിൽ നിത്യതയിലേക്കു യാത്രയായതും കാലത്തിൽ കൈയൊപ്പു ചാർത്തിയാണ്. സഭയുടെ പരമമായ ആരാധനാക്രമത്തിന്റെ നിർണായക വഴികളിൽ പാരന്പര്യപ്രവണതകളെ മുറുകെപ്പിടിച്ച വ്യക്തിയാണ് റാറ്റ്സിങ്ങർ. ’ആരാധനാക്രമത്തിന്റെ ആത്മാവ്’ എന്ന പ്രഖ്യാത ഗ്രന്ഥം രചിക്കപ്പെട്ടതുതന്നെ, സഭയുടെ നവീകരണവും ശുദ്ധീകരണവും ആരാധനാക്രമത്തിലൂടെയാണ് നടക്കേണ്ടത് എന്ന് സമർഥിക്കാൻ വേണ്ടിയാണ്. ആരാധനാക്രമത്തിന്റെ ഔന്നത്യവും പ്രബുദ്ധതയും, ചരിത്രത്തെയും കാലത്തെയും അതിജീവിക്കുന്ന സഭാതത്വങ്ങളുടെ കേന്ദ്രബിന്ദുവാക്കാൻ റാറ്റ്സിങ്ങർ രചിച്ചതാണ് ഈ ഗ്രന്ഥം. വരുംകാലങ്ങളിലും റാറ്റ്സിങ്ങർ കൃതികൾ തീർച്ചയായും വായിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെ കരങ്ങൾ ദുർബലമാകുന്പോൾ ഭാവിയിൽ സഭാനേതാക്കൾ അഭയം തേടുന്നത് റാറ്റ്സിങ്ങർ രചിച്ച ഗ്രന്ഥങ്ങളിലായിരിക്കും.