ഫ്ലാഷ് ബാക്ക് 2024.... തെരഞ്ഞെടുപ്പുകളും തുടരുന്ന യുദ്ധങ്ങളും
സുരേഷ് വർഗീസ്
Monday, December 30, 2024 1:18 AM IST
ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വർഷമായിരുന്നു 2024. ലോകഗതി നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയിലടക്കം ഭരണം മാറി. ഇസ്രയേലിന്റെ ഇടപെടലുകൾ പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പാശ്ചാത്യശക്തികളുടെ എതിർപ്പും ഉപരോധവും നേരിടുന്ന റഷ്യ, ഉത്തരകൊറിയ, ഇറാൻ, ചൈന എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അപകടകരമാംവിധം മെച്ചപ്പെട്ടു. യൂറോപ്പിൽ വലതുപക്ഷ പാർട്ടികൾ ശക്തിപ്പെടുന്നതും ശ്രദ്ധേയമായി. കഴിഞ്ഞുപോകുന്ന വർഷത്തിലെ ശ്രദ്ധേയ സംഭവങ്ങൾ താഴെ:
തെരഞ്ഞെടുപ്പു വര്‍ഷം
ലോകജനസംഖ്യയുടെ പാതിയും തെരഞ്ഞെടുപ്പവകാശം വിനിയോഗിച്ച വര്‍ഷമായിരുന്നു 2024. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്, റഷ്യ തുടങ്ങി നൂറിലധികം രാജ്യങ്ങളിൽ ദേശീയതലത്തിലോ പ്രാദേശികതലത്തിലോ തെരഞ്ഞെടുപ്പുകൾ നടന്നു. നാനൂറു കോടി പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ഭരണവിരുദ്ധവികാരം അലയടിച്ചു. അമേരിക്കയില്‍ പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് സർക്കാരിനെതിരേ ജനം വോട്ട് ചെയ്തപ്പോൾ ഡോണള്‍ഡ് ട്രംപ് തിരിച്ചുവന്ന് ചരിത്രം കുറിച്ചു. ബ്രിട്ടനില്‍ ദീര്‍ഘനാള്‍ ഭരണം നടത്തിയ കണ്‍സര്‍വേറ്റീവുകളെ തറപറ്റിച്ച് കീയര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയും ചരിത്രം കുറിച്ചു. വിലക്കയറ്റമടക്കം നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ജനത്തെ ഭരണകൂടങ്ങൾക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കുന്നു.
ദക്ഷിണകൊറിയയില്‍ പ്രസിഡന്റ് യൂണ് സുക് യോളിന്റെ പാര്‍ട്ടിക്കു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായി. ജനപ്രീതി നഷ്ടപ്പെട്ട യൂൺ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചത് ദക്ഷിണകൊറിയയെ രാഷ്ട്രീയ അരാജകത്വത്തിലേക്കു നയിച്ചു. യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ വലതുപക്ഷം വിജയം തേടിയതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നീക്കങ്ങള്‍ കൈവിട്ട കളിയായി.
ദക്ഷിണാഫ്രിക്ക സ്വാതന്ത്ര്യം നേടിയതുമുതൽ ഭരണം നടത്തുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം തേടേണ്ടിവന്നു. ഇതിനെല്ലാം അപവാദമായിരുന്നു റഷ്യയിലെ തെരഞ്ഞെടുപ്പ്. കാൽ നൂറ്റാണ്ടായി റഷ്യയെ അടക്കി ഭരിക്കുന്ന വ്ലാദിമിർ പുടിൻ 88 ശതമാനം വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് അവകാശവാദം.
തിരുമ്പി വന്നിട്ടേന്‍
അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവ് വർഷത്തിലെ ഏറ്റവും വാർത്താപ്രാധാന്യമുള്ള സംഭവങ്ങളിലൊന്നായി. കുടിയേറ്റക്കാരെ പുറത്താക്കണം, അമേരിക്കയുടെ മഹത്വം വീണ്ടെടുക്കണം എന്നൊക്കെപ്പറഞ്ഞു പ്രചാരണം നടത്തിയ ഡോണള്‍ഡ് ട്രംപിന് ജനപ്രീതി വർധിച്ചുവെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനാണ് ട്രംപിനെതിരേ മത്സരിക്കാന്‍ ആദ്യം കച്ചമുറുക്കിയത്. അഭിപ്രായസര്‍വേകളില്‍ പിന്നിലായ ബൈഡന് പ്രസിഡന്‍ഷ്യല്‍ സംവാദത്തിലെ പരാജയത്തോടെ കളംവിട്ടു. വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്രംപിനെ നേരിടാനിറങ്ങിയെങ്കിലും സമയം വൈകിപ്പോയിരുന്നു.
കാപിറ്റോള്‍ കലാപം, സർക്കാരിന്റെ രഹസ്യരേഖകള്‍ സ്വവസതിയില്‍ സൂക്ഷിക്കൽ, നീലച്ചിത്രനടിക്ക് പണംകൊടുത്തതില് കള്ളക്കണക്കെഴുതിയത് എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളിൽ വിചാരണാനടപടികള്‍ നേരിട്ടിരുന്ന ട്രംപ് ജയിച്ചാല്‍ വൈറ്റ്ഹൗസ്, തോറ്റാല്‍ ജയില്‍ എന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പെന്‍സില്‍വേനിയയിലെ പ്രചാരണ പരിപാടിക്കിടെ അദ്ദേഹം വധശ്രമം നേരിട്ടു. നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപ് അമേരിക്കയുടെ 47-ാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇലക്ടറല്‍ കോളജിലെ ഭൂരിപക്ഷം മാത്രമല്ല, ജനകീയവോട്ടും നേടിയാണ് അദ്ദേഹം ജയിച്ചത്. അമേരിക്കയിൽ 127 വർഷങ്ങൾക്കു ശേഷമാണ് തോറ്റ പ്രസിഡന്റ് വീണ്ടും ജയിക്കുന്നത്. സെനറ്റിലും ജനപ്രതിനിധിസഭയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി.
ഹസീനയുടെ പലായനം
ബംഗ്ലാദേശിൽ ജനുവരിയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി വൻവിജയം നേടി. പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ 300 സീറ്റുകളിൽ 224ഉം അവാമി ലീഗ് നേടി. ഹസീന അഞ്ചാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബംഗ്ലാവിമോചന യുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാര്ക്കു സര്‍ക്കാര്‍ ജോലികളിലുള്ള സംവരണത്തിനെതിരേ വിദ്യാർഥികൾ ജൂണിൽ പ്രക്ഷോഭമാരംഭിച്ചു.
ഹസീന സർക്കാരിന്റെ ഉരുക്കുമുഷ്ടിയിൽ പ്രക്ഷോഭകർ വ്യാപകമായി കൊല്ലപ്പെട്ടു. സംവരണവിരുദ്ധ പ്രക്ഷോഭം സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓഗസ്റ്റ് രണ്ടു വരെ 215 പേരാണു കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കുകളിൽ മരണം മുന്നൂറിനും അഞ്ഞൂറിനും ഇടയിലാണ്. 20,000 പേര്‍ക്കു പരിക്കേല്‍ക്കുകയും 11,000 പേര് അറസ്റ്റിലാവുകയും ചെയ്തു. ബംഗ്ലാദേശിന്റെ സ്ഥാപകപിതാവ് ബംഗബന്ധു ഷേഖ് മുജിബുര്‍ റഹ്മാന്റെ പുത്രിയായ ഹസീന ഓഗസ്റ്റ് അഞ്ചിന് രാജിവച്ച് ഇന്ത്യയിലേക്കു ജീവനുംകൊണ്ടോടി. നൊബേല്‍ ജേതാവായ സാമ്പത്തിക വിദഗ്ധഗന് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല ഭരണകൂടം നിലവിൽവന്നു.
ഇറാൻ ദുർബലമായി
ഇസ്രേലിസേന ലബനൻ, ഇറാൻ, സിറിയ, യെമൻ എന്നിവടങ്ങളിൽ വ്യോമാക്രമണം വ്യാപിപ്പിച്ചത് പശ്ചിമേഷ്യയിലെ ശാക്തിക സമവാക്യങ്ങളെ തകിടം മറിച്ചു. ഇറാക്ക്, സിറിയ, യെമൻ, ലബനൻ എന്നിവടങ്ങളിലെ സായുധഗ്രൂപ്പുകൾക്ക് പണവും ആയുധങ്ങളും നല്കി ഇസ്രയേലിനെതിരേ ഇറാൻ രൂപീകരിച്ച ‘ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ട്’ തകർന്നു. പശ്ചിമേഷ്യയിൽ ഇറാൻ പുലർത്തിയിരുന്ന നിർണായക സ്വാധീനം അവസാനിച്ചുതുടങ്ങി.
ഇറാന് രണ്ടുതവണ ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തിനു മുതിര്‍ന്നു. അമേരിക്കയുടെ പിന്തുണയും സാങ്കേതിവിദ്യയുടെ മേന്മയുമുള്ള ഇസ്രേലി സേനയെ ചെറുക്കുന്നതിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ പരാജയപ്പെട്ടു. ലബനനിലെ ഹിസ്ബുള്ളയുടെ തകർച്ചയും സിറിയയിൽ അസാദ് ഭരണകൂടത്തിന്റെ പതനവും ഇതിന്റെ തുടർച്ചയായിരുന്നു.
ഹിസ്ബുള്ളയുടെ തകർച്ച
ഗാസയിൽ ഹമാസ് ദുര്‍ബലമായതോടെ ഇസ്രേലിസേന വടക്കന്‍ അതിര്‍ത്തിയിലേക്കു ശ്രദ്ധ തിരിച്ചു. ഹമാസിന്റെ ഭീകരാക്രമണം മുതൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുക്കുന്ന ലബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരേ ഇസ്രേലിസേന കരയാക്രമണം തുടങ്ങി. ലോകമാകെ ഞെട്ടിയ പേജർ സ്ഫോടനങ്ങളോടെയാണ് ഇസ്രേലിസേന ആക്രമണം ആരംഭിച്ചത്.
ഹിസ്ബുള്ളകൾ ആശയവിനിമയത്തിന് ആശ്രയിക്കുന്ന ആയിരക്കണക്കിനു പേജറുകളും വാക്കിടോക്കികളും സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പൊട്ടിത്തെറിച്ചു. വീടുകളിലും കടകളിലും പൊതുസ്ഥലങ്ങളിലും നിരത്തുകളിലും വാഹനങ്ങളിലും സ്ഫോടനങ്ങളുണ്ടായി. 12 പേര് കൊല്ലപ്പെടുകയും രണ്ടായിരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ഹിസ്ബുള്ളകളുടെ മനോവീര്യം തകർക്കുന്നതായിരുന്നു. ഇസ്രേലിസേന തെക്കൻ ലബനനിൽ അധിനിവേശം നടത്തിയതിനൊപ്പം ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണങ്ങളും നടത്തി. ഹസൻ നസറുള്ള അടക്കം ഹിസ്ബുള്ളയുടെ നേതൃനിര ഉന്മൂലനം ചെയ്യപ്പെട്ടു. ഹിസ്ബുള്ളകള്‍ ഇസ്രയേലുമായി വെടിനിര്‍ത്തലിന് നിര്‍ബന്ധിതരായി. നവംബര്‍ അവസാനം വെടിനിര്‍ത്തല്‍ നിലവിൽവന്നു.
ഇതിനിടെ ഗാസയിലെ യുദ്ധം ഇസ്രയേല്‍ അവസാനിപ്പിച്ചിട്ടില്ല. തകര്‍ക്കാനൊന്നും ശേഷിക്കുന്നില്ലെങ്കിലും ബോംബാക്രമണങ്ങള്‍ തുടരുന്നു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45,000നു മുകളിലായി. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ജൂലൈ മധ്യത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ദെയിഫ് ഗാസയിൽ കൊല്ലപ്പെട്ടു. ജൂലൈ അവസാനം ഇറാനിലെ പുതിയ പ്രസിഡന്റ് പസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ടെഹ്റാനിലെത്തിയ ഹമാസ് തലവൻ ഇസ്മയിൽ ഹനിയയെ ഇസ്രയേൽ വധിച്ചു. ഹനിയയ്ക്കു ശേഷം തലവനായ യഹ്യ സിൻവർ ഒക്ടോബറിലും കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഉന്നത നേതൃതിര തുടച്ചുനീക്കപ്പെട്ടു.
അസാദിന്റെ പതനം
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ പതനം ആര്‍ക്കും മുന്‍കൂട്ടിക്കാണാനായില്ല. അല്‍ക്വയ്ദ ബന്ധം ഉപേക്ഷിച്ച ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) എന്ന ഭീകരസംഘടന നേതൃത്വം നല്കിയ വിമതഗ്രൂപ്പുകള്‍ മിന്നല്‍വേഗത്തിലാണ് നഗരങ്ങള്‍ പിടിച്ചെടുത്ത് ഡമാസ്കസിലേക്കു മുന്നേറിയത്. 14 വര്‍ഷം അഭ്യന്തരയുദ്ധത്തെ അതിജീവിച്ച അസാദ് ഭരണകൂടം 11 ദിവസത്തെ വിമത പടയോട്ടത്തില്‍ തകര്‍ന്നു.
സിറിയയില്‍ അരനൂറ്റാണ്ട് നീണ്ട അസാദ് കുടുംബത്തിന്റെ വാഴ്ച അവസാനിച്ചു. അസാദിനെ നിലനിർത്തിയിരുന്ന ഇറാനും റഷ്യക്കും വലിയ നാണക്കേടുണ്ടായി. റഷ്യന്‍സേന അസാദിനെയും കുടുംബത്തെയും മോസ്കോയിലേക്കു വിമാനത്തില്‍ രക്ഷപ്പെടുത്തി. എച്ച്ടിഎസ് നേതാവ് അഹമ്മദ് അല്‍ ഷാര സിറിയന്‍ ഭരണാധികാരിയായി. അസാദിന്റെ ക്രൂരപീഡനങ്ങൾക്കിരയായവരും സിറിയയിൽനിന്നു പലായനം ചെയ്തവരും ഭരണമാറ്റത്തിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
യുക്രെയ്ന്റെ റഷ്യാ അധിനിവേശം
യുദ്ധത്തില്‍ റഷ്യക്കു മികച്ച വര്‍ഷമായിരുന്നു 2024. റഷ്യൻ സേന കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ തന്ത്രപ്രധാന പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറാൻ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുക്രെയ്ൻ സേന റഷ്യയിൽ അധിനിവേശത്തിനു മുതിർന്നത്. ഓഗസ്റ്റ് ആദ്യം ആയിരക്കണക്കിന് യുക്രെയ്ൻ ഭടന്മാർ അതിർത്തികടന്ന് റഷ്യയിലെ കുർസ്ക് പ്രദേശത്തിന്റെ നല്ലൊരുഭാഗം പിടിച്ചെടുത്തു നിലയുറപ്പിച്ചു.
ഡോൺബാസിൽ മുന്നേറുന്ന റഷ്യൻ സേനയുടെ ശ്രദ്ധ തിരിക്കാനായി അപകടംപിടിച്ചൊരു ചൂതാട്ടമാണ് യുക്രെയ്ൻ നടത്തിയത്. എന്നാൽ, റഷ്യൻ സേന യുക്രെയ്ന്റെ ചൂണ്ടയിൽ കൊത്തിയില്ല. കുർസ്ക് പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിൽ കാര്യമായ ഉത്സാഹം കാട്ടാതിരുന്ന റഷ്യൻ സേന ഡോൺബാസിലെ മുന്നേറ്റം തുടർന്നു. ഉത്തരകൊറിയയിൽനിന്നെത്തിയ 11,000 ഭടന്മാരെ റഷ്യ കുർസ്കിൽ വിന്യസിച്ചു. ഡിസംബർ അവസാനിക്കുന്പോഴും കുർസ്ക് പൂർണമായി വീണ്ടെടുക്കാൻ റഷ്യക്കു കഴിഞ്ഞിട്ടില്ല.