സ്മാരകങ്ങൾക്ക് യമുനാതീരത്തു സ്ഥലം വേണം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Monday, December 30, 2024 1:13 AM IST
ദേശീയനേതാക്കൾക്കു സ്മാരകം പണിയാൻ ഡൽഹിയിൽ യമുനാനദിയുടെ തീരത്ത് കേന്ദ്രസർക്കാർ സ്ഥലം കണ്ടെത്തേണ്ടിവരും. വലിയ നേതാക്കളുടെ സംസ്കാരച്ചടങ്ങുകൾക്കും അവർ രാജ്യത്തിനു നൽകിയ സമാനതകളില്ലാത്ത സേവനത്തിന് ഉചിതമായ ചരിത്രസ്മാരകം പണിയാനും ഇടംവേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണിത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരത്തിനും സ്മാരകത്തിനും സ്ഥലം അനുവദിക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ അഭ്യർഥനയോടു പ്രതികരിച്ച കേന്ദ്രസർക്കാർ സംസ്കാരത്തിനു സ്ഥലം അനുവദിക്കാൻ തീരുമാനിച്ച കാര്യം ആഭ്യന്തരമന്ത്രാലയത്തിന്റെ കുറിപ്പിലൂടെ അറിയിച്ചു. അതനുസരിച്ച് മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ദേശീയ ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ നടക്കുകയും ചെയ്തു.
സാന്ദർഭികമായി പറയട്ടെ, 2013ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് ദേശീയ തലസ്ഥാനത്ത് വിവിഐപികൾക്കായി പ്രത്യേക സ്മാരകങ്ങൾ വേണ്ടെന്നും രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയ അന്തരിച്ച നേതാക്കൾക്കായി ഒരു പൊതുസ്മാരകം സ്ഥാപിക്കണമെന്നും തീരുമാനിച്ചത്. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ്, മൻമോഹൻ സിംഗിന്റെ സംസ്കാരത്തിനും സ്മാരകത്തിനും സ്ഥലം കണ്ടെത്താത്തത് എന്തുകൊണ്ടെന്നു ചോദിച്ച് കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രതിഷേധവുമായി ഉടൻ രംഗത്തുവരികയായിരുന്നു. “ഇത് ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിക്കലല്ലാതെ മറ്റൊന്നുമല്ല”, രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കിക്കൊണ്ട് അദ്ദേഹം കുട്ടിച്ചേർത്തു.
ഇന്ത്യയുടെ രാഷ്ട്രീയ, സാന്പത്തിക മേഖലയിലെ ഉന്നതവ്യക്തിത്വമായിരുന്നു മൻമോഹൻ സിംഗിന്റേതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തെ മാറ്റിമറിച്ചെന്നും അതുവഴി ലോകത്തിന്റെ മുഴുവൻ ആദരവും നേടിയെടുത്തെന്നും കോൺഗ്രസ് പ്രവർത്തകസമിതിയുടെ അനുശോചന പ്രമേയത്തിൽ പറയുന്നു. മൻമോഹൻ സിംഗിന്റെ വിയോഗം ‘വ്യക്തിപരമായി ആഴത്തിലുള്ള നഷ്ട’മാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിവരിച്ചു.
നരസിംഹ റാവുവിനോട് ചെയ്തത്
മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു അന്തരിച്ചപ്പോൾ, മുകളിൽനിന്നുള്ള സമ്മർദം മൂലമാകാം, അദ്ദേഹത്തിന്റെ അന്തിമസംസ്കാരവും സ്മാരകം പണിയലും ഡൽഹിയിൽ അനുവദിച്ചിരുന്നില്ലെന്ന കാര്യം ആരും ഓർത്തില്ല. വെളുത്ത ധോത്തിയും സ്വർണനിറത്തിലുള്ള സിൽക് ജൂബയും ധരിപ്പിച്ചവിധമുള്ള അദ്ദേഹത്തിന്റെ ശരീരം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് ഉച്ചയ്ക്കുശേഷം 2.30 ഓടെയാണ് മോത്തിലാൽ നെഹ്റു മാർഗിലെ ഒന്പതാം നന്പർ വസതിയിലേക്കു കൊണ്ടുവന്നത്. 1991 മുതൽ 1996 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു 2004 ഡിസംബർ 23നു രാവിലെ പതിനൊന്നിനാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ശരീരം വീട്ടിലേക്കയയ്ക്കുംമുന്പുള്ള കാര്യങ്ങൾക്ക് ഡോക്ടർമാർക്ക് രണ്ടുമണിക്കൂറോളം വേണ്ടിവന്നു.
1971 മുതൽ അദ്ദേഹത്തിനു ചിരപരിചിതനായിരുന്ന ചന്ദ്രസ്വാമി ആദ്യമെത്തിയവരുടെ കൂട്ടത്തിൽ അവിടെയുണ്ടായിരുന്നു. റാവു അകലം പാലിച്ചിരുന്നെങ്കിലും റാവുവിന്റെ എട്ടു മക്കളും അവിടെയുണ്ടായിരുന്നു. അതുകൂടാതെ, കൂടുതൽ അടുപ്പമുണ്ടായിരുന്ന മരുമക്കളും കൊച്ചുമക്കളും. അദ്ദേഹവുമായി കടുത്ത പോരാട്ടത്തിലായിരുന്ന മൂത്ത മകൻ രംഗറാവുവിനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
പിന്നാലെ വന്നത് രാഷ്ട്രീയം. പ്രസിദ്ധീകരിച്ച വിവരങ്ങൾ രസകരമായ പശ്ചാത്തലമാണു നൽകുന്നത്. പി.വി. നരസിംഹറാവുവിന്റെ മൃതദേഹം ഹൈദരാബാദിലേക്കു കൊണ്ടുപോകാനാണ് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ നിർദേശിച്ചതെങ്കിലും, ഡൽഹിയിൽ സംസ്കാരം നടത്താനായിരുന്നു കുടുംബം താൽപര്യപ്പെട്ടത്. ഇതുകേട്ട ശിവരാജ് പാട്ടീൽ മുഖത്തടിച്ചതുപോലെ പറഞ്ഞു, “ആരും വരില്ല.’’അദ്ദേഹത്തിനു നിയന്ത്രണംവിട്ടു. സോണിയ ഗാന്ധിയുടെ മറ്റൊരു പ്രധാന സഹായിയായിരുന്ന ഗുലാം നബി ആസാദും മൃതദേഹം ഹൈദരാബാദിലേക്കു കൊണ്ടുപോകാൻ അഭ്യർഥിച്ചു.
ഒടുവിൽ അങ്ങനെതന്നെ തീരുമാനിച്ചു. മൃതദേഹം അൽപ്പസമയം കോൺഗ്രസ് ആസ്ഥാനത്തു പൊതുദർശനത്തിനുവച്ചു. അതിനുശേഷം ഹൈദരാബാദിലേക്കു കൊണ്ടുപോയി. ദീർഘകാലം കോൺഗ്രസ് അംഗവും പ്രധാനമന്ത്രിയും സാന്പത്തിക ഉദാരവത്കരണത്തിനു തുടക്കംകുറിച്ചയാളുമായ ഒരാൾക്കു നല്കിയ ഖേദകരമായ അന്ത്യയാത്രയായി അത്.
സഞ്ജയ് ഗാന്ധിക്കു പോലും
മരണത്തിനുശേഷം നരസിംഹറാവുവിനോടുള്ള പെരുമാറ്റത്തിൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് അസന്തുഷ്ടനായിരുന്നു. ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാക്കരയിൽ നടത്തിയ സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. കാബിനറ്റ് അംഗങ്ങളും ബിജെപി നേതാവ് എൽ.കെ. അഡ്വാനിയും സന്നിഹിതരായിരുന്നു.
എന്നാൽ, സോണിയ ഗാന്ധി വിട്ടുനിന്നു. മുൻ പ്രധാനമന്ത്രിയായിരുന്നിട്ടും പി.വി. നരസിംഹ റാവുവിന് ഡൽഹിയിൽ അന്ത്യവിശ്രമസ്ഥലം നിഷേധിച്ചെങ്കിലും, ഒരു ഔദ്യോഗികസ്ഥാനവും വഹിച്ചിട്ടില്ലാത്ത സഞ്ജയ് ഗാന്ധിക്ക് നെഹ്റുസമാധിയായ ശാന്തിവനത്തിനടുത്ത് ഇടംകൊടുത്തത് ശ്രദ്ധിക്കേണ്ടതാണ്. നെഹ്റു-ഗാന്ധി വിശ്വസ്തനെന്ന പദവിയിലേക്കു സ്വയം തരംതാഴാൻ അനുവദിക്കാത്തതാകാം റാവുവിനോടുള്ള മോശം പെരുമാറ്റത്തിനു കാരണം. അതല്ലെങ്കിൽ, വാജ്പേയിയെയും അഡ്വാനിയെയുംകാൾ വലിയ ഭീഷണിയായി ഗാന്ധി കുടുംബം അദ്ദേഹത്തെ കണ്ടിരിക്കാം. ഒരുപക്ഷേ, അവർ അദ്ദേഹത്തെ എതിരാളിയായ ശക്തികേന്ദ്രമായും കരുതിയിരിക്കാം.
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ച് അതൊരു സങ്കടകരമായ ചിത്രമാണ്. അതെങ്ങനെ കോൺഗ്രസിന്റെ ജനകീയ പിന്തുണയെ ബാധിക്കുമെന്നത് ഭാവിയിലെ തെരഞ്ഞെടുപ്പുകൾക്കേ വെളിപ്പെടുത്താനാകൂ. കൂടാതെ, സ്വാതന്ത്ര്യത്തിനുശേഷം ദേശീയ തലസ്ഥാനത്ത് രാജ്ഘട്ട് മേഖലയിൽ നിരവധി സ്മാരകങ്ങൾ ഉയർന്നുവെന്നതു മറക്കരുത്: മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, ജഗ്ജീവൻ റാം. എട്ടു സ്വാതന്ത്ര്യാനന്തര സ്മാരകങ്ങളിൽ നാലെണ്ണം നെഹ്റു കുടുംബത്തിന്റേതാണ്. രാജ്ഘട്ട് മേഖലയിൽ ഡോ. മൻമോഹൻ സിംഗിന് സ്മാരകം ലഭിക്കുമോ? ഇന്ത്യക്കാർക്കു കാത്തിരുന്നു കാണാം.
അതെന്തായാലും, സാധാരണക്കാരനായ ഡോ.മൻമോഹൻ സിംഗിന്റെ സംസ്കാരം അദ്ദേഹത്തിന് അവകാശപ്പെട്ട രാജ്ഘട്ട് പ്രദേശത്തിനു പകരം നിഗംബോധ്ഘട്ടിൽ നടന്നു. വിധിയുടെ വിരോധാഭാസമെന്നു പറയട്ടെ, ഇപ്പോൾ അദ്ദേഹം ഒരു സാധാരണ പൗരന്റെ അന്ത്യവിശ്രമസ്ഥലത്താണ്- നിഗംബോധ് ഘട്ടിൽ.
രാഷ്ട്രീയ സ്മൃതിയിൽ സ്മാരകം വേണം
സാഹചര്യമനുസരിച്ച്, കേന്ദ്രസർക്കാർ 2013ൽ മൻമോഹൻ സിംഗ് സർക്കാർ എടുത്ത തീരുമാനത്തിനൊപ്പം നിൽക്കണം. യമുനാതീരത്ത് രാജ്ഘട്ടിനു സമീപത്തുള്ള സമാധിസമുച്ചയത്തിലെ രാഷ്ട്രീയസ്മൃതിയിൽ മൻമോഹൻ സിംഗിനു സ്മാരകം പണിയണം. അടൽ ബിഹാരി വാജ്പേയിയുടെയും മറ്റ് മുൻ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും സ്മാരകങ്ങൾ ഉയർന്നത് അവിടെയാണ്.
എങ്ങനെയായാലും, വിടപറയുന്ന ദേശീയനേതാക്കളുടെ അന്തിമസംസ്കാരത്തിനും അതുമായി ബന്ധപ്പെട്ട കൂടിച്ചേരലുകൾക്കുമായി ഭാവിയിൽ രാഷ്ട്രീയസ്മൃതിയിൽ കേന്ദ്രസർക്കാർ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. സ്മാരകങ്ങൾക്കും മൺമറഞ്ഞ നമ്മുടെ നേതാക്കളുടെ തത്വശാസ്ത്രവും പ്രബോധനങ്ങളും പൊതുജനത്തെ അറിയിക്കാനുള്ള ഗവേഷണകേന്ദ്രങ്ങൾക്കും വേണ്ടി അധികസ്ഥലം വേണം. നമ്മുടെ ദേശീയനേതാക്കൾക്ക് അർഹമായ ആദരം നല്കുന്നതിനും ഭാവിതലമുറയ്ക്ക് അവരുടെ പ്രബോധനങ്ങൾ പകരുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുത്തേ മതിയാകൂ. അത്തരം നിക്ഷേപങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമം മുൻനിർത്തിയാണ്.