ഗാന്ധി കോൺഗ്രസ് @ 100
ഡോ. സിറിയക് തോമസ്
Sunday, December 29, 2024 12:11 AM IST
ആധുനിക ഇന്ത്യയുടെ ദേശീയസ്വപ്നങ്ങളെ സൃഷ്ടിക്കുന്നതിലും ദേശീയസങ്കല്പങ്ങളെ ആവിഷ്കരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സാമാന്യജനങ്ങളുടെ മനസിൽ ദേശീയചിന്തകളുടെ അഗ്നിജ്വാലകളെ ഉദ്ദീപിപ്പിക്കുന്നതിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച ചരിത്രപരമായ പങ്ക് കോൺഗ്രസിനോട് രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയി വിയോജിപ്പുകൾ ഉള്ളവർക്കുപോലും നിഷേധിക്കാൻ കഴിയുന്നതല്ല.
സത്യത്തിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹികവും ഘടനാപരവുമായ സാഹചര്യങ്ങളിൽനിന്നു സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒരു പ്രസ്ഥാനമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപപ്പെട്ടത്. കോൺഗ്രസിന്റെ ആരംഭവേളയിൽ സ്ഥാപക നേതാക്കളാരുംതന്നെ അവരുടെ പ്രസ്ഥാനത്തെ, ബ്രിട്ടീഷ് മേൽക്കോയ്മയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള രാഷ്ട്രീയസംരംഭമായി അവരുടെ വിദൂരസ്വപ്നങ്ങളിൽപ്പോലും കണ്ടിരിക്കാനും സാധ്യതയില്ല.
കോൺഗ്രസിന്റെ സ്ഥാപകനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷുകാരനായിരുന്ന എ.ഒ. ഹ്യും പോലും ബ്രിട്ടീഷ് -ഇന്ത്യൻ സാമ്രാജ്യ സംവിധാനങ്ങളുമായി അടുത്ത സന്പർക്കവും സൗഹൃദവും പുലർത്തിയിരുന്ന ഒരാളായിത്തന്നെയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹം ഇന്ത്യയുടെ സാംസ്കാരിക സവിശേഷതകളെ ആഴത്തിൽ ഗ്രഹിക്കുകയും തന്റെ ഹൃദയത്തിലും ആത്മാവിലും ഇന്ത്യയെ സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു ഇംഗ്ലീഷുകാരനായിരുന്നു.
സർ ഹ്യൂമിനോട് കോൺഗ്രസിന്റെ രൂപീകരണ പരിശ്രമങ്ങളിൽ സഹകരിച്ച ഇന്ത്യക്കാരായ, മറ്റ് അറിയപ്പെട്ട പൗരപ്രമുഖരായ സർ ഡബ്ല്യു.സി. ബാനർജി, ദാദാബായി നവറോജി, സർ സി. ശങ്കരൻ നായർ തുടങ്ങിയവരുൾപ്പെടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയോ ബ്രിട്ടീഷ് -ഇന്ത്യൻ സർക്കാരിന്റെയോ പ്രതിയോഗികളുമായിരുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇതഃപര്യന്ത ചരിത്രത്തിലെ ഏക മലയാളി, കോൺഗ്രസ് പ്രസിഡന്റെന്ന ബഹുമതിക്ക് അർഹനായിരിക്കുന്ന, സർ ചേറ്റൂർ ശങ്കരൻ നായർ പോലും തുടക്കകാലത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട നേതാവായിരുന്നല്ലോ. ഇന്ത്യാ ചരിത്രത്തിലെ ഒരു പ്രത്യേക കാലസന്ധിയിൽ നിലനിന്നിരുന്ന സാമൂഹിക-രാഷ്ട്രീയ പരിസ്ഥിതിയുടെ സ്വാഭാവികമായ ഒരു ഉപോത്പന്നമായിട്ടുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇവിടെ ഉരുത്തിരിഞ്ഞുവന്നതെന്നതിലും രണ്ടുപക്ഷമുണ്ടാകേണ്ട കാര്യമില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആദ്യ വനിതാ അധ്യക്ഷപദവിയുടെ ബഹുമതിക്കർഹയായതും ഒരു ബ്രിട്ടീഷ് വനിതയായിരുന്ന ആനി ബസന്റാണ്. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും ആനി ബസന്റ് മദാമ്മതന്നെയായിരുന്നു. ജെ. കൃഷ്ണമൂർത്തി, വി.കെ. കൃഷ്ണമേനോൻ, സർ സി.പി. രാമസ്വാമി അയ്യർ തുടങ്ങിയവരും ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ ആനി ബസന്റിന്റെ ശിഷ്യരും സഹപ്രവർത്തകരുമായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ തുടങ്ങിയവർ നേതൃനിരയിൽ സാന്നിധ്യമുറപ്പിച്ചതോടെ കോൺഗ്രസിൽ ആനി ബസന്റിന്റെ യശസിന് ഉടവുണ്ടായി എന്നതായിരുന്നു സത്യം. സംഘടനയിൽ അവരുടെ സ്വാധീനത്തിനും ഇടിവ് സംഭവിച്ചു. 1915ൽ ദക്ഷിണാഫ്രിക്കയിൽനിന്നു പ്രവാസജീവിതം വിട്ട് ഇന്ത്യയിൽ തിരികെയെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി കോൺഗ്രസിൽ സജീവമായതോടെയാണ് ആനി ബസന്റ് ഇന്ത്യയിലെ ദേശീയ നേതാക്കളുടെ മുൻനിരയിൽ നിന്നും സാവകാശം പിന്നാക്കം പോയത്. പിന്നീടവർ ഇംഗ്ലണ്ടിലേക്കു മടങ്ങുകയുംചെയ്തു.
ഗാന്ധി വിജയശ്രീലാളിതനായി തിരികെ
1869ൽ ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച ഗാന്ധി ഇംഗ്ലണ്ടിൽ പോയി നിയമം പഠിച്ചു ബാരിസ്റ്ററായി ഇന്ത്യയിൽ തിരികെ വന്നു. അധികം വൈകാതെ ദാദാ അബ്ദുള്ള ആൻഡ് കന്പനിയുടെ വക്കീലായാണ് തൊഴിൽപരമായ കൂടുതൽ സാധ്യതകൾ തേടി ദക്ഷിണാഫ്രിക്കയിലേക്കു യാത്രയായത്. അവിടെ വർണവിവേചനത്തിനെതിരേയുള്ള ശക്തമായ പോരാട്ടങ്ങളിലൂടെ വലിയ ജനശ്രദ്ധ നേടിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് സാമ്രാജ്യ അധികാരികളുടെ കണ്ണിലെ കരടായിത്തീർന്നു.
ഗാന്ധിയാകട്ടെ അഹിംസയെയും സമാധാനപരമായ സത്യഗ്രഹസമരങ്ങളെയും തന്റെ സമരായുധമാക്കി മാറ്റിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് അധികാരികൾക്കു നേരേ പോർമുഖം തുറന്നത്. ഗാന്ധി പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽശിക്ഷയ്ക്കു വിധേയനാകുകയും ചെയ്തു.
ഒടുവിൽ ദക്ഷിണാഫ്രിക്കൻ സർക്കാർ ഗത്യന്തരമില്ലാതെ വഴങ്ങി. ഇന്ത്യക്കാരായ തോട്ടം തൊഴിലാളികൾക്കും മറ്റ് അധഃസ്ഥിതവിഭാഗങ്ങൾക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്ന നിയമനിർമാണങ്ങൾക്ക് സർക്കാർ നിർബന്ധിതമായി. ദക്ഷിണാഫ്രിക്കയിൽനിന്നു വിജയശ്രീലാളിതനായി 1915ൽ ഗാന്ധിയും കസ്തൂർബായും കുടുംബവും ബോംബെയിൽ കപ്പലിറങ്ങി. ജനസഹസ്രങ്ങളാണ് ഗാന്ധിയെയും കുടുംബത്തെയും സ്വീകരിക്കുന്നതിനു ബോംബെ തുറമുഖത്തു സമ്മേളിച്ചത്. ഗാന്ധി അപ്പോഴേക്കും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു വീരകഥാപാത്രമായിത്തീർന്നിരുന്നു.
ഗാന്ധിയുടെ ഭാരതദർശൻ
സ്വാഭാവികമായും അറിയപ്പെട്ട പ്രക്ഷോഭകനെന്ന നിലയിൽ ഗാന്ധി കോൺഗ്രസിലേക്കും ആകർഷിക്കപ്പെടാൻ താമസമുണ്ടായില്ല. ഗോപാലകൃഷ്ണ ഗോഖലെയെ തന്റെ നേതാവായിക്കണ്ട ഗാന്ധി അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇന്ത്യ മുഴുവൻ നടന്നു കണ്ടു എന്നു പറയുന്നതാവും കൂടുതൽ ശരി. ഭാരതദർശൻ അദ്ദേഹത്തിന് ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ ഗ്രാമങ്ങളുടെ ദാരിദ്ര്യസ്ഥിതിയെപ്പറ്റിയും ശരിയായ ഉൾക്കാഴ്ച നൽകി.
ഭാരതത്തിലെ ദരിദ്രനാരായണന്മാരുടെ കാര്യവും കഥകളും ഗാന്ധി നേരിട്ടു മനസിലാക്കി. അവരോടുള്ള ഐക്യദാർഢ്യത്തിന്റെ സൂചനയായി ഗാന്ധി തന്റെ മേൽവസ്ത്രങ്ങൾ ഉപേക്ഷിക്കുകയും ‘അർധനഗ്നനായ ഫക്കീർ’ എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. പ്രഫ. സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞത്, ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയത് നെഹ്റുവാണെങ്കിലും യഥാർഥ ഇന്ത്യയെ ശരിക്കും കണ്ടെത്തിയത് ഗാന്ധിയായിരുന്നുവെന്നാണ്.
അക്ഷരാർഥത്തിൽ ശരിയായ സത്യം! യഥാർഥ ഗാന്ധിയെ നെഹ്റുവും കണ്ടെത്തിയെന്നതാണു മറുവശം. ഒരു കോൺഗ്രസ് സമ്മേളനവേദിയിൽ അവരിരുവരും ഒന്നിച്ച് അടുത്തടുത്തായി ഇരിക്കുന്ന ചിത്രം ഇപ്പോഴത്തെ ഒരു ഭാഷാപ്രയോഗം കടമെടുത്താൽ ‘വൈറലായി’ എന്നു പറയാം. ദേശാഭിമാനികളുടെയെല്ലാം ഭവനങ്ങളിൽ വിഖ്യാതമായ ഗാന്ധി-നെഹ്റു ചിത്രം ഭിത്തിയിലെ അലങ്കാരമായി. ഇന്നും ഇന്ത്യയിലെ ഒട്ടേറെ കോൺഗ്രസ് ഭവനങ്ങളിൽ ആ ചിത്രം ഒരു തിരുശേഷിപ്പായി നിലനിൽക്കുന്നുവെന്നതാണു ശ്രദ്ധേയമായ കാര്യം!
കോൺഗ്രസിലെ ഗാന്ധിവിപ്ലവം
ഗാന്ധിജി ഏതർഥത്തിൽ നോക്കിയാലും വ്യത്യസ്തതകളുടെ മനുഷ്യനും മാറ്റങ്ങളുടെ നേതാവുമായിരുന്നു. ഒരുതവണയേ അദ്ദേഹം കോൺഗ്രസ് അധ്യക്ഷന്റെ കസേരയിലിരുന്നുള്ളൂ- 1924ൽ. പക്ഷേ, പിന്നീടു വന്ന സർവ സംഘടനാധ്യക്ഷന്മാരെയും നിഷ്പ്രഭരാക്കിയ ഉജ്വലസാന്നിധ്യമായിരുന്നു കോൺഗ്രസിൽ ഗാന്ധിജി എന്നതായി യാഥാർഥ്യം. ഗാന്ധിജിയാകട്ടെ കോൺഗ്രസിൽ പിന്നീട് പ്രാഥമികാംഗത്വം പോലും പുതുക്കിയതുമില്ല. എന്നിട്ടും അന്നത്തെ കോൺഗ്രസ് ഗാന്ധിജിയുടെ കോൺഗ്രസായി. ഗാന്ധിത്തൊപ്പി സർവ കോൺഗ്രസ് നേതാക്കളുടെയും അടയാളവുമായി. അതായിരുന്നു കോൺഗ്രസിലെ ഗാന്ധിവിപ്ലവം!
ഗാന്ധിജി കോൺഗ്രസിന്റെ അലകും പിടിയും മാറ്റി എന്നു പറയുന്നതിലും ശരി, സ്വാതന്ത്ര്യസമരത്തിന്റെ അലകും പിടിയും മാറ്റി എന്നു പറയുന്നതാകും. ചർക്കയെ അദ്ദേഹം സ്ത്രീശക്തീകരണത്തിന്റെ ആയുധവും അടയാളവുമാക്കി. ഖാദിയും ഹിന്ദിയും ദേശീയതയ്ക്കു കാവലായി. വിദേശവസ്ത്ര ബഹിഷ്കരണത്തിലൂടെ ഗാന്ധിജി ബ്രിട്ടീഷ് തുണിമില്ലുകളുടെ നടുവൊടിച്ചു.
മദ്യവർജനംവഴി ബ്രിട്ടീഷ്-ഇന്ത്യൻ സർക്കാരിന്റെ സാന്പത്തികവരുമാനത്തിന്റെ വഴിയുമടച്ചു. നിസകരണപ്രസ്ഥാനത്തിലൂടെ സർക്കാരിനെയും ജനങ്ങളെയും എതിർദിശകളിലാക്കിയ ഗാന്ധിജി കന്പോളത്തിലെ ഏറ്റവും വിലകുറഞ്ഞ വിഭവമായ ഉപ്പിനെ ഉപയോഗിച്ച് ഉപ്പുസത്യഗ്രഹത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തിവാരമിളക്കി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലൂടെ ഗാന്ധിജി സാമ്രാജ്യത്വശക്തികൾക്ക് ഇന്ത്യ വിടാനുള്ള അവസാനത്തെ താക്കീതും നൽകി. സത്യഗ്രഹികളെക്കൊണ്ടു നാടെങ്ങും ജയിലുകൾ നിറഞ്ഞതോടെ ബ്രിട്ടീഷ് അധികാരികൾ അപകടം മണത്തു. അപ്പോഴും അദ്ദേഹം സമാധാനത്തിന്റെ യും അഹിംസാ സിദ്ധാന്തത്തിന്റെ വഴി അടച്ചതുമില്ല.
ഗാന്ധിമാർഗം
ഗാന്ധിമാർഗം എന്നതു ഭയത്തിന്റെ ഭീരുത്വമല്ലെന്നും മറിച്ച് സത്യത്തിന്റെ ശക്തമായ ആയുധമാണെന്നും ഗാന്ധിജിയാണ് ഇന്ത്യക്കാരെ പഠിപ്പിച്ചത്. ഹിംസയുടെ ആയുധത്തേക്കാൾ അഹിംസയുടെ ആയുധത്തിനാണ് മൂർച്ച കൂടുതലെന്നും അദ്ദേഹം ഇംഗ്ലീഷുകാരെയും ‘പാഠം’ പഠിപ്പിച്ചു.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോൾ അദ്ദേഹം അധികാരക്കസേരകളോടു പുറംതിരിഞ്ഞു നിന്നു. കസേരകളിലിരുന്ന തന്റെ ശിഷ്യഗണങ്ങളുടെ ‘കസേരകളികൾ’ ഗാന്ധിജിയെ മുറിപ്പെടുത്തി.
120 വയസുവരെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ ഗാന്ധിജി പിന്നീടതു തിരുത്തിപ്പറഞ്ഞു. കഴിവതും നേരത്തേ കാലത്തെ കടന്നുപോകണമെന്നാണിപ്പോൾ ആഗ്രഹിക്കുന്നതെന്ന് തന്റെ അടുത്ത വിശ്വസ്തരോടു തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. രാജ്യം വിഭജിക്കപ്പെട്ടതും ഹിന്ദു-മുസ്ലിം സംഘട്ടനങ്ങൾ സംഭവിച്ചതും രാഷ്ട്രപിതാവിനെ ആഴത്തിൽ മുറിപ്പെടുത്തിയിരുന്നു.
ഭരണഘടന ഇന്ത്യൻ ദേശീയതയ്ക്കു കരുത്തും കാവലുമാകുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. കാലമെത്ര മാറിയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ ദേശീയതയുടെ കാവൽഭിത്തിയായി നിലനിൽക്കണമെന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഗാന്ധിയുഗാരംഭത്തിന്റെ ശതാബ്ദിയിലെത്തുന്പോൾ കോൺഗ്രസിന്റെ മുന്നിലും ഒരേയൊരു വഴി മാത്രമേയുള്ളൂ. ഗാന്ധിമാർഗത്തിന്റെ നേർവഴി മാത്രം!