പുതിയ വർഷം, പുതിയ നേതൃത്വം!
അനന്തപുരി / ദ്വിജൻ
Sunday, December 29, 2024 12:07 AM IST
പുത്തനാണ്ടിൽ കേരളത്തിനു പുതിയ നേതൃത്വം ഉണ്ടാകുമോ? കടന്നുപോകുന്ന വത്സരത്തിന്റെ അവസാനദിനങ്ങൾ അത്തരം സൂചനയും പകരുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു മുന്നണികളെയും നയിക്കുന്ന സിപിഎമ്മിലും കോണ്‍ഗ്രസിലും അത്തരം നീക്കങ്ങൾ നടക്കുന്നതിന്റെ കൃത്യമായ സൂചനകളുണ്ട്. ഇപ്പോഴത്തെ നേതൃത്വം പിടിച്ചുനിൽക്കാൻ നടത്തുന്ന ശ്രമങ്ങളുടെയും സൂചനകൾ വ്യക്തമാണ്. മൂന്നാം കക്ഷിയായ ബിജെപിയുടെ സംസ്ഥാന നേതൃത്വവും മാറും എന്ന സൂചനകളാണ് പ്രചരിക്കുന്നത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് പേപ്പറായി 2025ൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് പലതും സംഭവിക്കാം എന്നതാണു സ്ഥിതി.
സിപിഎം പാർട്ടിയിലും സർക്കാരിലും ശക്തമായി പിടിമുറുക്കിയിട്ടുള്ള പിണറായി വിജയനെതിരേ ഉയരുന്ന വിമതശബ്ദങ്ങൾക്ക് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശക്തിയൊന്നും ഇപ്പോഴില്ല. കേന്ദ്ര നേതൃത്വവും പിണറായിയുടെ മുന്നിൽ ദുർബലമാണ്. കേരളത്തിലെ മന്ത്രിയെ മാറ്റുന്നതിന് എൻസിപിയുടെ ദേശീയ നേതൃത്വം സിപിഎം ദേശീയ നേതൃത്വം വഴി നടത്തിയ നീക്കത്തിനുണ്ടായ പരിസമാപ്തി തന്നെ അടയാളം.
2025 ഏപ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ നടക്കുന്ന 24-ാമത് സിപിഎം പാർട്ടി കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനങ്ങളാണ് ചരിത്രം കുറിക്കാവുന്നവയായി മാറുക. 2022 ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതുപോലെ പാർട്ടി നേതാക്കൾക്കു പദവികൾ വഹിക്കാനുള്ള പ്രായപരിധി 75 വയസാവണം എന്ന് മധുര കോണ്‍ഗ്രസും കർശന നിലപാട് എടുത്താൽ പിണറായിക്കു പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാകും. ഇപ്പോഴത്തെ നിലയിൽ അത്തരം തടസങ്ങളെ അദ്ദേഹത്തിന് അനായാസം തരണം ചെയ്യാനാകും എന്നാണു സൂചന.
എന്നാൽ, മുഖ്യമന്ത്രിസ്ഥാനാർഥിയായി പാർട്ടി ഉയർത്തിക്കാട്ടുന്നവരെ വളരെ സമർഥമായി വലിച്ചിട്ട സംഭവങ്ങളും പാർട്ടിയുടെ ചരിത്രത്തിലുണ്ട്. 1987ൽ കെ.ആർ. ഗൗരിയെ വെട്ടി നായനാർ ട്രോഫി വാങ്ങി. 1996ലാകട്ടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് ഭംഗിയായി തോൽപ്പിച്ചു.
തോൽപ്പിച്ചവർ എല്ലാം ചേർന്ന് സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടത്തി. പക്ഷേ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ തന്ത്രപൂർവം കരുക്കൾ നീക്കി. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. രണ്ടു വട്ടവും ഒഴിവാക്കപ്പെട്ടത് ഈഴവ സമൂഹത്തിൽനിന്നുള്ള നേതാക്കളായിരുന്നു. ആർ. ശങ്കറിന്റെ കാലം വരെ കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്ന ആ സമുദായക്കാരെ ഇപ്പോൾ മഷിയിട്ടുനോക്കിയാലും കോണ്‍ഗ്രസിൽ കാണാനാകാത്ത വിധത്തിലെത്തിയത് എങ്ങനെ എന്നതു പഠനവിഷയമാക്കുന്നതു നല്ലതാണ്.
കോണ്‍ഗ്രസ് നീക്കങ്ങൾ
കേരളത്തിലെ കോണ്‍ഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമോ? കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ പ്രതിപക്ഷ നേതൃപദവിയും കോണ്‍ഗ്രസിന്റെ നായകത്വവും ഉറപ്പിക്കുന്നു എന്നു വന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വാഴ്ത്തിയും സതീശനെ ഇകഴ്ത്തിയും രണ്ടു പ്രമുഖ സമുദായനേതാക്കൾ പരസ്യമായി രംഗത്തു വരുന്നതോ വരുത്തുന്നതോ? തീർത്തും ആകസ്മികമാണെന്ന് ആരും കരുതുന്നില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിവിദഗ്ധമായി ചൂണ്ടിക്കൊണ്ടുപോയ പ്രതിപക്ഷ നേതൃസ്ഥാനവും അതിലൂടെ നഷ്ടപ്പെട്ട ഭാവി മുഖ്യമന്ത്രിസ്ഥാനവും തിരിച്ചുപിടിക്കുക രമേശ് ചെന്നിത്തലയുടെ സജീവസ്വപ്നം തന്നെയാണ്. കളിച്ചുകളിച്ച് ഇടതുപക്ഷം പ്രതീക്ഷിക്കുന്നതിലും എളുപ്പമാകുമോ കാര്യങ്ങൾ എന്നാണ് സംശയിക്കപ്പെടുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബിജെപിയും ഒരു കൈ ഇടതുപക്ഷത്തെ സഹായിക്കില്ലേ എന്നും ചിന്തിക്കണം.
കോണ്‍ഗ്രസുകാരുടെ സങ്കടങ്ങൾ
കേരളത്തിലെ കോണ്‍ഗ്രസുകാർക്കിടയിലുള്ള അത്ര നിസാരങ്ങളല്ലാത്ത സങ്കടങ്ങൾ പൊട്ടി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അവ പുറത്തുവരുന്നതിനും പരിഹാരം കാണുന്നതിനും സാവകാശം ലഭിക്കുന്ന നല്ല സമയമാണിത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പ് പരിഹാരം കണ്ടാൽ പാർട്ടിക്ക് ഏറെ നന്മയാകും ഉണ്ടാവുക.
പ്രതിപക്ഷ നേതാവിന്റെ ശൈലിയെക്കുറിച്ചാണ് പ്രധാനമായും പരാതി. അദ്ദേഹത്തിന്റെ പോക്ക് ഏകപക്ഷീയവും അതുകൊണ്ടുതന്നെ അപകടകരവുമാണെന്ന് ചാണ്ടി ഉമ്മൻ തുറന്നുപറഞ്ഞു. പുനഃസംഘടനയിൽ ആരെയും മാറ്റിനിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. അതായത്, സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റരുതെന്ന്. അതോടെ അദ്ദേഹത്തിന്റെ പ്രതികരണം കോണ്‍ഗ്രസിൽ നടക്കുന്ന അടിയൊഴുക്കിന്റെകൂടി സൂചനയായി. ചാണ്ടി ഉമ്മന്റെ സങ്കടങ്ങളോടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം മാർദവം ഇല്ലാത്തതായിരുന്നെങ്കിലും സത്യസന്ധമായിരുന്നു.
സതീശൻ സമർഥനാണ്, സത്യസന്ധനും. കാര്യങ്ങൾ പഠിച്ചു പറയുന്നവനുമാണ്. ചങ്ങനാശേരിയിൽ നടന്ന മെത്രാഭിഷേകത്തിന് അദ്ദേഹം നടത്തിയ പ്രസംഗംതന്നെ ഉദാഹരണം. പക്ഷേ, പലപ്പോഴും ആ വാക്കുകൾക്കു മാർദവമില്ല. രാഷ്ട്രീയത്തിലും സത്യസന്ധത ആവാം എന്നു കരുതുന്ന നേതാവാണ് അദ്ദേഹം. രാഷ്ട്രീയലാഭം നോക്കി അദ്ദേഹം തനിക്കറിയുന്ന സത്യം പറയാതിരിക്കില്ല എന്നതിനു പല അനുഭവങ്ങളുണ്ട്. മറ്റുള്ളവർക്ക് ഒന്നും അറിയില്ല എന്ന് അദ്ദേഹം കരുതുന്നതുപോലെ തോന്നും.
നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് പാലാ മെത്രാൻ നടത്തിയ ഉപദേശത്തിനെതിരേ എത്ര രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ എന്നു പലരും ഓർക്കുന്നുണ്ടാകും. ഫലത്തിൽ അദ്ദേഹം വളരെ ധാർഷ്ട്യത്തോടെ പെരുമാറുന്നു എന്ന പ്രചാരണം ശക്തമാവുകയാണ്. ഏറെ ദോഷം ചെയ്യുന്ന പ്രചാരണമാണത്. കോണ്‍ഗ്രസുകാർ അകന്നുപോകും. കോണ്‍ഗ്രസിൽ ഇപ്പോൾ ശക്തമായ ഗ്രൂപ്പുകൾ ഇല്ലെങ്കിലും സതീശനെ എതിർക്കുന്ന ഒരു ചേരി രൂപപ്പെട്ടുവരുന്നതായി സൂചനകളുണ്ട്. ഇത്തരം ചേരികളുടെ പ്രവർത്തനമാണ് കോണ്‍ഗ്രസിന്റെ സാധ്യതകൾ എക്കാലത്തും നശിപ്പിച്ചത്.
വലിയ വെല്ലുവിളികൾ
ജനാധിപത്യമുന്നണി വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണ്. പരന്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്ന മേഖലകളിൽ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിന്റെ പ്രത്യാഘാതം എത്ര വലുതാവും എന്നു പറയാനാകില്ല. ചോർച്ചയുണ്ട്, പ്രത്യേകിച്ചും ക്രൈസ്തവർക്കിടയിൽ. കോണ്‍ഗ്രസിലെ പല നേതാക്കൾക്കുമെതിരേ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. അതുകൊണ്ട് അനുരഞ്ജനമാണു വേണ്ടത്. ഇല്ലെങ്കിൽ പിണറായി മൂന്നാം ഊഴത്തിൽ കേരളം ഭരിക്കും. ഏതായാലും സമുദായ നേതാക്കളുടെ വിമർശനത്തെ സ്വാഗതം ചെയ്യുവാനും തിരുത്തലുകൾക്ക് തയ്യറാകുവാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാണിച്ച സന്നദ്ധത നല്ല സൂചനയാണ്.
ബിഡിജെഎസും ലീഗും
വെള്ളാപ്പള്ളി നടേശൻ സ്ഥാപിച്ച ബിഡിജെഎസ് ബിജെപി മുന്നണിയിൽ ഒന്നും കിട്ടാതെ കഴിയുകയാണ്. ജനാധിപത്യ മുന്നണിയിൽ എത്തിയാൽ നിയമസഭയിൽ ഏതാനും സീറ്റ് നേടാനും ഭരണത്തിൽ പങ്കാളിയാകാനും അവർക്കു കഴിഞ്ഞേക്കാം. ഈ സാധ്യതകളെ ഉപയോഗപ്പെടത്തുതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി സൂചനകളുണ്ട്. കേരള കോണ്‍ഗ്രസ് മാണി ഇടത്തേക്കു പോയതുകൊണ്ട് ഇന്നത്തെ രൂപത്തിൽ ഇപ്പോഴത്തെ ജനാധിപത്യ മുന്നണിക്ക് തിരുവിതാംകൂർ കടക്കുക അത്ര എളുപ്പമാകില്ല. ഭരണവിരുദ്ധ വികാരം മാത്രം പോര ജയിക്കാൻ എന്നത് രാഷ്ട്രീയ യാഥാർഥ്യമാണ്.
കോശി കമ്മീഷനെ നിയോഗിച്ച പിണറായി സർക്കാർ കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കുന്നതിന് അത്രയും ആവേശം കാണിക്കുന്നില്ല. റിപ്പോർട്ട് നടപ്പാക്കണമെന്നു തമാശയ്ക്കുപോലും കോണ്‍ഗ്രസുകാർ ആവശ്യപ്പെടുന്നുമില്ല.
റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കിയാൽ, അതിനു ധൈര്യം കാണിക്കുന്നവരോട് ക്രൈസ്തവർക്കിടയിൽ വലിയ മതിപ്പുണ്ടാകും എന്നതു സത്യമാണ്. അതു മുഴുവൻ വോട്ടാകണം എന്നില്ല. ക്രൈസ്തവർക്ക് മൈക്രോ മൈനോറിറ്റി പദവി നൽകി പാഴ്സി സമുദായത്തെ വംശനാശത്തിൽ നിന്നു രക്ഷിക്കാൻ നടത്തുന്നതുപോലുള്ള അടിയന്തരനീക്കങ്ങൾ നടത്തണമെന്ന ആവശ്യത്തിനും സമുദായത്തെ സ്നേഹിക്കുന്നവർക്കിടയിൽ വലിയ പിന്തുണയുണ്ട്.
ഉറക്കം കെടുത്തുന്ന സംഭവങ്ങൾ
സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്ന സംഭവങ്ങൾ ധാാരളമുണ്ട്. കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം വലിയ തലവേദന ആകുന്ന മട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്നു പരസ്യമായി അവകാശപ്പെടുന്ന പാർട്ടി, പക്ഷേ സിബിഐ അന്വേഷണത്തെ എതിർക്കുന്നു. കേസിന്റെ തുടക്കകാലത്ത് കുടുംബത്തോടൊപ്പം നിന്ന പത്തനംതിട്ടയിലെ പാർട്ടി ഇപ്പോൾ മൗനത്തിലാണ്. കണ്ണൂരിലെ സഖാക്കൾ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തുന്നു എന്നാണിപ്പോൾ പൊതുജനം വിശ്വസിക്കുന്നത്.
കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചതുക തിരിച്ചുകിട്ടുന്നതിന് സമീപിച്ചപ്പോൾ തുക കൊടുക്കാതെ ജീവനക്കാരും സിപിഎം സഖാക്കളുും ചേർന്നു പീഡിപ്പിച്ച വ്യവസായി സാബു തോമസിന്റെ ആത്മഹത്യയും വലിയ സംഭവമാവുകയാണ്. സിപിഎം നേതാക്കൾക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുമോ എന്ന് തീർച്ചയായിട്ടില്ല.
ഇടതുമുന്നണിയെയും വലതുമുന്നണിയെയും ഒന്നുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് കുപ്രസിദ്ധമായ കശുവണ്ടി കച്ചവട കേസിൽ ഉണ്ടായിരിക്കുന്ന സുപ്രീംകോടതി വിധി. അക്കാലത്ത് കേരളത്തിലെ വ്യവസായ മന്ത്രിമാരായിരുന്ന എളമരം കരീമും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ ഭയപ്പെടേണ്ട ഡമോക്ലസിന്റെ വാളാണ് ഈ വിധി.
സഭാ കേസ്
യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതിയിൽനിന്നുണ്ടായിരിക്കുന്ന പുതിയ നീക്കം വലിയ മാറ്റത്തിന്റെ സൂചനകളാണു നൽകുന്നത്. എറണാകുളം-പാലക്കാട് ജില്ലകളിലെ തർക്കത്തിലുള്ള ആറു പള്ളികളുടെ കേസ് പരിഗണിച്ച സുപ്രീംകോടതി, മലങ്കര പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന 2017ലെ സുപ്രീംകോടതി വിധി എല്ലാ പള്ളികൾക്കും ബാധകമാകുമോ എന്ന് 2024 ഡിസംബർ 18ന് നടത്തിയ നിരീക്ഷണം എല്ലാം നഷ്ടപ്പെടുന്നു എന്നു ഭയന്നിരുന്ന യാക്കോബായക്കാർക്കു വലിയ പ്രത്യാശ പകരുന്നതാണ്. ചുരുക്കം പള്ളികളുടെ വിഷയം മാത്രം പരിഗണിച്ചാണ് അന്നത്തെ വിധി എന്ന് യാക്കോബായ വിഭാഗം കോടതിയിൽ ഉന്നയിച്ച വാദം കോടതിയുടെ കണ്ണു തുറപ്പിച്ചതുപോലുണ്ട്. സുപ്രീംകോടതി പരിഗണിക്കുന്ന ആറു പള്ളികളിൽ യാക്കോബായ വിശ്വാസികളാണ് കൂടുതൽ എന്ന് സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു.
ജനുവരി 29, 30 തീയതികളിൽ കേസ് സംബന്ധിച്ച വിശദമായ വാദം കേൾക്കാമെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവർ തീരുമാനിച്ചു. സംസ്ഥാനത്തെ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ വേർതിരിച്ചുള്ള കണക്കെടുക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ പള്ളികളുടെയും പഞ്ചായത്ത് തലത്തിലുള്ള കണക്കു നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.