ഡോ. മൻമോഹൻ സിംഗ് മനുഷ്യപക്ഷത്തു നിന്ന ഭരണാധികാരി: വി.ഡി. സതീശൻ
Saturday, December 28, 2024 10:12 PM IST
“ഞാന്‍ എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നത് ചരിത്രം വിധിക്കട്ടെ. മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ദയ ചരിത്രം എന്നോട് കാട്ടുമെന്നു വിശ്വസിക്കുന്നു.” മന്മോഹന് സിംഗിന്റെ ഈ വാക്കുകള്‍ ശരിയായിരുന്നെന്നു കാലം തെളിയിച്ചു.
മന്മോഹന് സിംഗ് എന്നൊരു ഭരണാധികാരി ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന് എന്തു സംഭവിക്കുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുമ്പോഴാണ് ആ മനുഷ്യന്റെ മഹത്വം വെളിവാകുന്നത്. ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തിന്റെ രക്ഷകനും കരുത്തനായ ഈ പ്രധാനമന്ത്രി ആയിരുന്നു. എല്ലാത്തിനും ഉപരി മനുഷ്യപക്ഷത്തു നിന്ന ഭരണാധികാരിയായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യംകണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തികരംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്റുവിനുശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്ഗ്രസുകാരന്. ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്തുനിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
സൗമ്യമായിരുന്നെങ്കിലും ശക്തമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതും മന്മോഹന് സിംഗിന്റെ സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു. ഇക്കാര്യത്തില്‍ ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ തലവന്മാര് അഭിനന്ദിച്ചത് രാജ്യത്തിനുതന്നെ അഭിമാനകരമായ നിമിഷമായിരുന്നു.
മാധ്യമങ്ങളും പ്രതിപക്ഷവും മന്മോഹന് സിംഗിനോട് എത്രമാത്രം നീതികാട്ടി? പെരുപ്പിച്ച കണക്കുകള്‍ എടുത്തുകാട്ടി ആസൂത്രിത വേട്ടയാടലാണു നടന്നത്. അതിനോടൊന്നും അതിരൂക്ഷമായി അദ്ദേഹം പ്രതികരിച്ചിട്ടുമില്ല. ഉദ്യോഗസ്ഥ പ്രമുഖര്‍ പലരും പിന്നീട് മന്മോഹന് സിംഗിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പത്രങ്ങളുടെ ഉള്‍പ്പേജില്‍ ഒതുങ്ങി. ദൃശ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായില്ല. എങ്ങനെയും അധികാരത്തിലെത്താന്‍ സംഘ്പരിവാര്‍ ധാര്‍മികത മറന്നപ്പോള്‍ സമാനതകളില്ലാത്ത ദുരാരോപണങ്ങളാണ് മന്മോഹന് സിംഗിനെതിരേ ഉണ്ടായത്. അത് സത്യമെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം മനസുകൊണ്ടെങ്കിലും ആ മനുഷ്യനോടു മാപ്പ് പറയണം.
രാജ്യത്തിനുവേണ്ടി സമര്‍പ്പിതമായി സേവനംചെയ്ത ഒരാളെന്ന നിലയില്‍ മന്മോഹന് സിംഗ് എന്നും ഓര്‍മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെനില്‍ക്കും.
പ്രണാമം.