രാഷ്ട്രമർമമറിഞ്ഞ ദീർഘദർശി
പ്രഫ. റോണി കെ. ബേബി
Saturday, December 28, 2024 2:17 AM IST
“ഭൂമിയിലെ ഒരു ശക്തിക്കും സമയമായ ഒരു ആശയത്തെ തടയാൻ കഴിയില്ല”.
1991 ജൂലൈ 24 ന് ഇന്ത്യയുടെ ധനമന്ത്രി എന്ന പദവിയിൽ രാജ്യത്തിന്റെ തലവര മാറ്റിക്കുറിച്ച തന്റെ ആദ്യത്തെ ബജറ്റ് പ്രസംഗം ഡോ. മൻമോഹൻ സിംഗ് ആരംഭിച്ചത് വിക്ടർ ഹ്യൂഗോയുടെ "ദി ഫ്യൂച്ചർ ഓഫ് മാൻ’ എന്ന കൃതിയിലെ പ്രസിദ്ധമായ ഈ വാചകങ്ങളോടെയാണ്. ആഗോള സാമ്പത്തികശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ സാധ്യതകളിലേക്കുള്ള ഉണർവിന്റെ പ്രതീകമായിരുന്നു ഈ വാക്കുകൾ.
ലോകത്തിലെ പ്രധാന സാമ്പത്തികശക്തിയായി ഇന്ത്യ ഉയർന്നുവരുന്നത് അത്തരമൊരു ആശയത്തിലൂന്നിയാണെന്ന് ഞാൻ ഈ സഭയോട് നിർദേശിക്കുന്നു”-, സിംഗ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു ഈ വാക്കുകൾ.
1991-ൽ മൻമോഹൻ സിംഗ് ഇന്ത്യയെ ലോകത്തിനു തുറന്നുകൊടുത്ത വിപുലമായ പരിഷ്കാരങ്ങളാണ് സാമ്പത്തികത്തകർച്ചയുടെ വക്കിൽനിന്ന് രാജ്യത്തെ മുന്നോട്ടു നയിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ധനമന്ത്രി എന്ന നിലയിലും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലും ഡോ. മൻമോഹൻ സിംഗ് കൊണ്ടുവന്ന ദീർഘവീക്ഷണമുള്ള നയങ്ങളായിരുന്നു.
ധനകാര്യമന്ത്രി പദവി അപ്രതീക്ഷിതം
തീർത്തും അപ്രതീക്ഷിതമായിരുന്നു രാജ്യത്തിന്റെ ഖജനാവിന്റെ കാവൽക്കാരൻ എന്ന പദവിയിലേക്കുള്ള സിംഗിന്റെ കടന്നുവരവ് . ധനമന്ത്രിയായി പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ പ്രഥമ പരിഗണന പ്രണാബ് മുഖർജിക്കായിരുന്നു. എന്നാൽ പ്രണാബ് ഈ വാഗ്ദാനം നിരസിച്ചു. മന്മോഹന് സിംഗിന്റെ മകള്‍ ധമന്‍ സിംഗ് എഴുതിയ "Strictly Personal, Manmohan and Gursharan’ എന്ന പുസ്തകത്തിൽ അപ്രതീക്ഷിതമായി ധനകാര്യമന്ത്രി സ്ഥാനത്തേക്കു ക്ഷണം കിട്ടിയതിനെക്കുറിച്ചു വിവരിക്കുന്നുണ്ട്.
ജൂണ്‍ രണ്ടിന് തന്റെ യു ജിസി ഓഫീസിലായിരുന്ന മന്മോഹനോട് വീട്ടില്‍ പോയി ഭംഗിയായി വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറായി വരാന്‍ നരസിംഹ റാവു ആവശ്യപ്പെടുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാന്‍ അണിനിരന്ന മന്ത്രിസഭയിലെ പുതിയ ധനമന്ത്രിയെ കണ്ട് എല്ലാവരും അമ്പരന്നു. അത്രയും നാടകീയമായിരുന്നു തെരഞ്ഞെടുപ്പ്.
1972-1976 കാലഘട്ടത്തിൽ രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ മൻമോഹൻ സിംഗ് നടത്തിയ ഇടപെടലുകളായിരുന്നു നരസിംഹ റാവുവിന്റെ ഓർമയിലുണ്ടായിരുന്നത്. 1974ൽ പൊഖ്റാനിൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെത്തുടർന്നുണ്ടായ സാമ്പത്തിക ഉപരോധവും, അന്താരാഷ്ട്ര തലത്തിൽ കുതിച്ചുയർന്ന പെട്രോളിയം നിരക്കുകളും, ലോക സാമ്പത്തിക മാന്ദ്യവും ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഈ പ്രതിസന്ധികളിൽ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ മൻമോഹൻ സിംഗ് നടത്തിയ ഇടപെടലുകൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് വലിയ ആശ്വാസമായിരുന്നു. സമാനമായ പ്രതിസന്ധി 1980 കളുടെ അവസാനം രാജ്യത്തെ തുറിച്ചുനോക്കിയപ്പോൾ നരസിംഹ റാവുവിന്റെ കണ്ണുകൾ മൻമോഹനിലേക്കു നീളുകയായിരുന്നു. റാവുവിന്റെ ദീർഘവീക്ഷണം പൂർണമായും ശരിയായിരുന്നു എന്നു പിന്നീടുള്ള രാജ്യത്തിന്റെ ചരിത്രം തെളിയിച്ചു.
നേരിട്ടത് വലിയ പ്രതിസന്ധികൾ
1991-ൽ സിംഗ് ഇന്ത്യയുടെ 22-ാമത് ധനമന്ത്രിയായപ്പോൾ രാജ്യം കടുത്ത ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി നേരിടുകയായിരുന്നു. വിദേശനാണ്യ കരുതൽശേഖരം രണ്ടാഴ്ചത്തെ ഇറക്കുമതിക്കുപോലും പര്യാപ്തമായിരുന്നില്ല. 1991- ന്റെ മധ്യത്തോടെ ഇന്ത്യയുടെ വിദേശ കരുതൽശേഖരം അപകടകരമാംവിധം താഴ്ന്നിരുന്നു. പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തി. വൻ സാമ്പത്തികക്കമ്മി രാജ്യത്തെ തുറിച്ചുനോക്കി . ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 8.5 ശതമാനത്തിനടുത്തായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിനടുത്തും. കരുതൽശേഖരം ഉയർത്താൻ റിസർവ് ബാങ്ക് അന്താരാഷ്ട്ര ബാങ്കുകളിൽ 47 ടൺ സ്വർണം പണയംവച്ച് 600 മില്യൺ ഡോളർ സമാഹരിച്ചു. കൂടാതെ അന്താരാഷ്ട്ര നാണ്യനിധിയിൽനിന്നടക്കം അടിയന്തര വായ്പകളായി രണ്ട് ബില്യൺ ഡോളർ കടമെടുക്കുന്ന സാഹചര്യവുമുണ്ടായി.
ഇത്രയും ഗുരുതരമായ പ്രതിസന്ധിയുടെ മധ്യേയാണ് സിംഗ് 1991 ജൂലൈ 24ന് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തികഭാവിയെ പുനർനിർവചിക്കുന്നതിനും നിലവിലുള്ള കടുത്ത പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുമുള്ള സുവ്യക്തമായ ഒരു കാഴ്ചപ്പാട് ഈ ബജറ്റിൽ അവതരിപ്പിക്കപ്പെട്ടു. ഏറ്റവും വിപ്ലവകരമായ പ്രഖ്യാപനത്തിലൂടെ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വ്യാവസായിക വളർച്ചയെ പിന്നോട്ടടിച്ച ബ്യൂറോക്രാറ്റിക് നിയന്ത്രണങ്ങളുടെ വലയായ ലൈസൻസ് രാജ് ബജറ്റ് ഇല്ലാതാക്കി. വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.
51% ഇക്വിറ്റി ഓഹരികൾക്ക് അനുമതി നൽകി. കൂടാതെ, 18 നിർണായക മേഖലകൾ ഒഴികെയുള്ളവയിൽ വ്യാവസായിക ലൈസൻസിംഗ് നിർത്തലാക്കി. കയറ്റുമതി സബ്സിഡികൾ നിർത്തലാക്കി. ബജറ്റിൽ പ്രഖ്യാപിച്ച പുത്തൻ സാമ്പത്തിക നയത്തിലൂടെ (New Economic Policy) ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ഒരു കാലഘട്ടത്തിനു തുടക്കമിടുകയും ചെയ്തു. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും രൂപയുടെ ഭാഗികമായ മൂല്യശോഷണവും പ്രഖ്യാപിക്കപ്പെട്ടു.
വിപ്ലവകരമായ മാറ്റങ്ങൾ
രൂപയുടെ മൂല്യശോഷണം, വിദേശ നിക്ഷേപത്തിന്മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികൾ ഫലപ്രദമായി. ജൂലൈയിൽത്തന്നെ സർക്കാർ രണ്ടുതവണ രൂപയുടെ മൂല്യം താഴ്ത്തി. ഇത് ഇന്ത്യയുടെ കയറ്റുമതി കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും അനിവാര്യമായ വിദേശനാണ്യം കൊണ്ടുവരികയും ചെയ്തു.
രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിദേശ കരുതൽശേഖരം ഒരു ബില്യണിൽ താഴെനിന്നും 10 ബില്യൺ ഡോളറായി ഉയർന്നു. ഇതു രാജ്യത്തെ സാമ്പത്തിക തകർച്ചയിൽനിന്നു രക്ഷിക്കുകയും ആഗോള സാമ്പത്തിക ശക്തിയാകാനുള്ള പാതയിലേക്കു നയിക്കുകയും ചെയ്തു. കൂടാതെ ബാങ്കിംഗ് മേഖലയെയും ധനവിപണിയെയും നവീകരിക്കാനുള്ള ശ്രമങ്ങളുണ്ടായി.
രാജ ചെല്ലയ്യ, എം. നരസിംഹം തുടങ്ങിയ സാമ്പത്തികവിദഗ്ധരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ ഇന്ത്യയുടെ സാമ്പത്തിക, നികുതി സംവിധാനങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ പരിഷ്കാരങ്ങൾ വിദേശനിക്ഷേപം ആകർഷിക്കുകയും വ്യവസായങ്ങളെ നവീകരിക്കുകയും പതിറ്റാണ്ടുകളുടെ വളർച്ചയ്ക്ക് അടിത്തറ പാകുകയും ചെയ്തു.
പുതിയ വ്യാപാരനയം ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. കൂടാതെ പുതുതായി കൊണ്ടുവന്ന വ്യാവസായികനയവും സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. അതോടൊപ്പം രാജ്യത്തെ മ്യൂച്വൽ ഫണ്ട് മേഖലയെ സ്വകാര്യ, സംയുക്ത പങ്കാളിത്തത്തിനായി തുറന്നുകൊടുത്തു. സെബി വഴിയുള്ള നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തി. പലിശനിരക്കുകളുടെ നിയന്ത്രണം നീക്കി ബാങ്കിംഗ് മേഖല നവീകരിച്ചു.
ലോകവിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു വഴിയൊരുക്കിയ പ്രഖ്യാപനമായിരുന്നു മൻമോഹൻ സിംഗിന്റെ ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ നയങ്ങൾ. ധനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വ്യവസായവത്കരണം, വിദേശനിക്ഷേപം, സാങ്കേതികപുരോഗതി എന്നിവ വേഗത്തിലാക്കി. ഇന്ത്യയെ സാമ്പത്തിക വികസനത്തിന്റെയും അഭിവൃദ്ധിയുടെയും പുതിയ ഘട്ടത്തിലേക്ക് നയിക്കുന്നതായിരുന്നു പുത്തൻ സാമ്പത്തികനയം.
1955 ലെ ആവഡി എ ഐ സി സി അംഗീകരിച്ച"ജനാധിപത്യ സോഷ്യലിസം' (Democratic Socialism) എന്ന സാമ്പത്തിക നയരേഖയിൽനിന്നുമുള്ള ചുവടുമാറ്റമായി മൻമോഹൻ സിംഗിന്റെ പ്രഖ്യാപനങ്ങളെ വിശേഷിപ്പിച്ചു. 2006 ലെ ഹൈദരാബാദ് എ ഐ സിസിയിൽ ‘’മനുഷ്യത്വ മുഖമുള്ള വികസനം’’ (Dev elopment With a Human Face) എന്ന മുദ്രാവാക്യത്തിലൂടെ മൻമോഹൻ സിംഗിന്റെ പുതിയ നയ പരിപാടിക്ക് അംഗീകാരം നൽകുകയാണ് പാർട്ടി ചെയ്തത്.
പ്രധാനമന്തിപദത്തിലെ കരുണയുടെ മുഖം
2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗ്, രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ നിർണായക ഇടപെലുകളാണു നടത്തിയത്. അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും ആവശ്യങ്ങൾക്കു മുൻഗണന നൽകുന്ന പുരോഗമന അജണ്ടയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകി. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഗ്രാമീണ വികസനം, ദാരിദ്ര്യനിർമാർജനം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ഈ അജണ്ട.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശ നിയമം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം എന്നിവയുൾപ്പെടെയുള്ള സുപ്രധാന ക്ഷേമ പദ്ധതികൾ മൻമോഹൻ സിംഗ് സർക്കാർ അവതരിപ്പിച്ചു. ബയോമെട്രിക് ഐഡന്റിറ്റി പ്രോഗ്രാമായ ആധാർ ക്ഷേമപദ്ധതികളുടെ വിതരണത്തെ കാര്യക്ഷമമാക്കി ഭരണത്തിൽ വിപ്ലവം സൃഷ്ടിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ 2009-ൽ 65,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ അദ്ദേഹം തുടക്കമിട്ടു.
കർഷകർക്കു വായ്പ അദ്ദേഹം എളുപ്പം ലഭ്യമാക്കി. ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നാഴികക്കല്ലായ വനാവകാശനിയമം പാസാക്കി. നിയമത്തിലൂടെ പട്ടികവർഗക്കാർക്കും മറ്റ് പരമ്പരാഗത വനവാസികൾക്കും ഇതുവരെ 23.7 ലക്ഷത്തിലധികം വ്യക്തിഗത പട്ടയങ്ങൾ ഉൾപ്പെടെ 25 ലക്ഷത്തോളം ഭൂമിയുടെ പട്ടയം അനുവദിച്ചിട്ടുണ്ട്. അതിവേഗ നിയമ നടപടികളിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിച്ചു.
അതിവേഗം കുതിച്ച ഇന്ത്യ
കുതിച്ചുയരുന്ന കയറ്റുമതിയുടെ പിൻബലത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച റിക്കാർഡ് നിലയിലെത്തി. രാജ്യത്തിന്റെ ആഗോളസ്വാധീനം ഗണ്യമായി വളർന്നു. മൻമോഹന്റെ നേതൃത്വത്തിൽ ഇന്ത്യ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയ പരിക്കേൽക്കാതെ നേരിട്ടു. ഇക്കാലയളവിൽ ഇന്ത്യയുടെ ശരാശരി ജിഡിപി വളർച്ചാനിരക്ക് ഏകദേശം 7.7% ത്തിലെത്തി. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ നിരയിലേക്ക് ഇന്ത്യ കുതിച്ചുകയറി.
2005-2006 നും 2015-2016 നും ഇടയിൽ 27 കോടിയിലധികം ഇന്ത്യക്കാർക്ക് ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ സാധിച്ചു എന്നതാണ് പ്രധാനമന്ത്രി എന്ന നിലയിലും സാമ്പത്തികവിദഗ്ധൻ എന്ന നിലയിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. സാമ്പത്തിക വളർച്ചയെ സാമൂഹിക സമത്വവുമായി സന്തുലിതമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് പ്രധാനമന്ത്രി എന്ന നിലയിൽ പ്രകടമായത്.
2008-ൽ ഒപ്പുവച്ച ഇന്ത്യ-അമേരിക്ക സിവിൽ ആണവ കരാർ ആഗോള ആണവക്രമത്തിൽ ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട ഒറ്റപ്പെടൽ അവസാനിപ്പിക്കുകയും ആണവസാങ്കേതിക വിദ്യയിലേക്കും സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവോർജത്തിലേക്കും രാജ്യത്തിനു പ്രവേശനം നൽകുകയും ചെയ്തു. പ്രധാനമന്ത്രിപദം വിട്ടതിനുശേഷവും കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു .
നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെ "സംഘടിതവും നിയമപരവുമായ കൊള്ള' (A Monumental Mistake, an Organised Looting and a Legalised Plunder)എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2023 ഓഗസ്റ്റ് ഏഴിന് കടുത്ത ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച് അദ്ദേഹം രാജ്യസഭയിലെത്തിയത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി സര്‍വീസ് ബില്ലിനെതിരെ വോട്ട് ചെയ്യാനായിരുന്നു."ഒരു പാര്‍ലമെന്റംഗം എങ്ങനെയാകണമെന്നതിന്റെ ഉദാഹരണം' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്മോഹന് സിംഗിനെ പ്രശംസിച്ചു പറഞ്ഞത്.
എങ്ങനെയായിരിക്കും മൻമോഹൻ സിംഗിനെ കാലവും ചരിത്രവും അടയാളപ്പെടുത്തുക . പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാനത്തെ പത്രസമ്മേളനത്തിൽ 2014 ജനുവരിയില്‍ മന്മോഹന് സിംഗ് പറഞ്ഞു:
“ ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് സത്യസന്ധമായി ഞാന്‍ വിശ്വസിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്കു ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്തതെന്നും എന്താണ് ചെയ്യാത്തതെന്നും വിലയിരുത്തേണ്ടത് ചരിത്രമാണ് ”. അതേ, ചരിത്രം വിലയിരുത്തുക പ്രതിസന്ധികളുടെ കാലഘട്ടത്തിൽ രാജ്യത്തെ ധീരമായി നയിച്ച ദിശാബോധമുള്ള നയങ്ങളിലൂടെ ഒരു രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു ഡോ മൻമോഹൻ സിംഗ് എന്നുതന്നെയാണ്. അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയും അതാണ്.