മാഞ്ഞു, അക്ഷരനഭസിലെ സൂര്യശോഭ
കെ.പി. രാമനുണ്ണി
Friday, December 27, 2024 5:03 AM IST
സുകൃതം വിട വാങ്ങുമ്പോള്‍...
മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാട് സാഹിത്യലോകത്തിനു താങ്ങാനാവാത്ത നഷ്ടമാണു വരുത്തിയിട്ടുള്ളത്. സര്വമണ്ഡലങ്ങളിലുള്ളവരാലും ആദരിക്കപ്പെടുന്ന, ചങ്ങമ്പുഴയുടെ ജനപ്രീതിയെ അതിശയിക്കുന്ന സ്വീകാര്യതയായിരുന്നു എം.ടിക്ക്. സാഹിത്യം നല്കുന്ന പരഹൃദയജ്ഞാനമെന്ന മഹാസിദ്ധിയാണ് സത്യം പറയുകയാണെങ്കില്‍ എം.ടിയുടെ സര്‍വ വിജയങ്ങള്‍ക്കും മൂലാധാരം.
എം.ടിയോടൊപ്പം ഇരുപതിലധികം വര്‍ഷം തുഞ്ചന്‍ സ്മാരകത്തില്‍ പ്രവര്‍ത്തിച്ച എനിക്ക് ഈ മഹാസിദ്ധിയുടെ ആവിഷ്കാരങ്ങള്‍ക്കു സാക്ഷിയാകാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാണാന്‍ സമ്മതം ചോദിച്ച് തുഞ്ചന്‍പറമ്പിന്റെ പരിസരത്തു പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങളും ഉള്ളിലിരിപ്പും നിമിഷാര്ധംകൊണ്ടാണ് എം.ടി പിടിച്ചെടുക്കുക.
പലപ്പോഴും എന്റെയെല്ലാം നിഗമനങ്ങളെ തെറ്റിച്ചുകൊണ്ട് അയാള്‍ക്ക് ഇന്ന കുഴപ്പങ്ങളുണ്ടെങ്കിലും ഇന്ന കഴിവുകളുണ്ട് എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സത്യമായി കലാശിക്കും. താനുമായി ഇടപെടുന്നവരുടെ "വ്യക്തിത്വ സ്കാന്‍' മുന്‍കൂട്ടി മനഃസ്ക്രീനില് തെളിഞ്ഞുകിട്ടുന്നതിനാല് ഒരുപാട് അനാവശ്യ പണികളും മെനക്കേടുകളുമാണ് എം.ടി ദിനംപ്രതി ഒഴിവാക്കിവിട്ടിരുന്നത്. പ്രയോജനരഹിതമായ ഓട്ടവും ചാട്ടവും പല്ലിളിക്കലും നമ്മുടെയെല്ലാം ആയുസിന്റെ വലിയൊരു ഭാഗത്തെ കുട്ടിച്ചോറാക്കുമ്പോള്‍ നിഷ്ഫലമായ ചെറുവിരല്‍ അനക്കംപോലും അദ്ദേഹം ജീവിതത്തില്‍ നടത്തിയിട്ടുണ്ടാവില്ല.
ഈ പരഹൃദയജ്ഞാനവല സമൂഹത്തില്‍ മൊത്തം വിരിച്ചതിനാലാകാം അദ്ദേഹത്തിന്റെ സ്യഷ്ടികള്‍ സകലര്‍ക്കും ഒരുപോലെ ആസ്വാദ്യമായത്. കാലത്തെ കൃത്യമായി രേഖപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി എന്നെല്ലാം പറയുമ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ അഭിപ്രായങ്ങളും അഭിനിവേശങ്ങളും ആശങ്കകളും മോഹങ്ങളും അദ്ദേഹത്തിലൂടെ ആവിഷ്കൃതമായി എന്നാണര്‍ഥം.
സോഷ്യല്‍ കോണ്ഷ്യസ്നസിലേക്കു സ്വന്തം ബോധത്തെ പറിച്ചുനടാനുള്ള ആ സിദ്ധി ഒറ്റ മാര്‍ക്കറ്റ് സര്‍വേപോലും നടത്താതെ ഏറ്റവും വിറ്റുപോകുന്ന കൃതികളുടെ കര്‍ത്താവാകാന്‍ എം.ടിയെ സഹായിച്ചു. കൗമാരരതിയുടെ അങ്ങേയറ്റത്തെ പ്രലോഭനമായാണല്ലോ "നാലുകെട്ടി’ലെ അമ്മിണിയേടത്തിയിലൂടെ ആവിഷ്കരിക്കപ്പെട്ടത്. പരാജിതരുടെ ഭാഗം കാണാനുള്ള പ്രജ്ഞയുടെ നീതിബോധത്തെ "അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടിയും"രണ്ടാമൂഴ'ത്തിലെ ഭീമനും ഇഷ്ടംപോലെ നിറവേറ്റി. സ്വയം സമര്‍പ്പിച്ച് കാത്തിരിക്കാനായി ഒരാളുണ്ടാവുക എന്ന സകല മനുഷ്യരുടെയും ആഗ്രഹത്തെയായിരിക്കണം "മഞ്ഞി'ലെ വിമല പൂര്‍ത്തീകരിച്ചത്.
അദ്ദേഹത്തിന്റെ സിനിമാമുഹൂര്ത്തങ്ങളെ ജനപ്രിയമാക്കിയത് സമൂഹത്തിന്റെ മിടിപ്പുകളോട് ഉചിതമായി നടത്തിയ പ്രതിസ്പന്ദനങ്ങളാണെന്നു കാണാം."നിര്‍മാല്യം' എന്ന ചലച്ചിത്രത്തിലെ നായകനായ വെളിച്ചപ്പാടിന്റെ കഷ്ടപ്പാടുകളോട് താദാത്മ്യം പ്രാപിച്ചതിനാലാകണം അയാള്‍ ഭഗവതിക്കു നേരേ നടത്തിയ "കടുംകൈ' യിനോട് വിശ്വാസികളുടേതായ പ്രേക്ഷകസമൂഹം പൊറുത്തുകൊടുത്തത്.
ഭഗവതിയെയും ദേവിയെയും സ്വ ന്തം കുടുംബാംഗങ്ങളെപ്പോലെ ശകാരിക്കാന്കൂടി സ്വാതന്ത്ര്യമുള്ള കേരളീയസംസ്കാരത്തിന്റെ കാമ്പറിയുന്നതുകൊണ്ടുകൂടിയായിരിക്കണം എം.ടി ഇങ്ങനെയൊരു തിരക്കഥ രചിച്ചത്. ഈശ്വരനെ ശത്രുവായി സ്മരിച്ചാല്പ്പോലും മോക്ഷം കിട്ടുമെന്നാണല്ലോ ഹൈന്ദവ വിശ്വാസം. തെയ്യത്തിനും തിറയ്ക്കും ആധാരശിലയായ തിരസ്കരിക്കപ്പെട്ടവരോടുള്ള മലയാളമനസിന്റെ ആനുകൂല്യമാണ് അദ്ദേഹത്തിന്റെ "ഒരു വടക്കന്‍ വീരഗാഥ'യെയും ജനപ്രിയമാക്കിതീര്ത്തത്. എം.ടിയുടെ തിരക്കഥകള്‍ സിനിമാപഠനത്തിന്റെ പാഠപുസ്തകങ്ങളാണെന്നു പ്രശസ്ത സംവിധായകന് മണിരത്നം കേരളത്തില്‍ വന്നുപറഞ്ഞുവല്ലോ.
എന്നാല്‍, സമൂഹമനസിന്റെ അഗാധമായ ജ്ഞാനത്തില്‍നിന്നാണ് ആ പാഠപുസ്തക നിര്‍മിതി സംഭവിച്ചതെന്നും മനസിലാക്കേണ്ടതുണ്ട്. ക്രിയേറ്റീവ് റൈറ്റര്‍ ലിറ്റററി എഡിറ്ററായി മാറിയപ്പോഴും അദ്ദേഹത്തിന്റെ സമൂഹഹൃദയജ്ഞാനസിദ്ധി പ്രവര്‍ത്തനക്ഷമമായി.
ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ശോഭ കെട്ട് ഒരുതരം മടുപ്പും നിരാശയും ദോഷൈകദൃഷ്ടിയും ജനമനസില്‍ അവരറിയാതെ ഉയിരെടുക്കുന്ന കാലത്തായിരുന്നല്ലോ മാത്യഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപത്യത്തില്‍ എം.ടി എത്തിപ്പെട്ടത്.
ഒ.വി. വിജയന്, എം. മുകുന്ദന്, സേതു, സക്കറിയ, കാക്കനാടന്, എം.പി. നാരായണപിള്ള തുടങ്ങിയവരില്‍നിന്ന് അസ്തിത്വദുഃഖത്തിന്റെയും ജീവിതനിരാസത്തിന്റെയും ദാര്ശനികഭാരമുള്ള രചനകള്‍ അയച്ചുകിട്ടാന്‍ തുടങ്ങി. എം.ടി അതെല്ലാം ആഘോഷപൂര്‍വം പ്രസിദ്ധീകരിച്ചു. കൂടുതല്‍ എഴുതാനുള്ള പ്രോത്സാഹനവും നല്കി. അങ്ങനെയാണു നിഷേധികളും വ്യവസ്ഥിതീനരകങ്ങളോടു കലഹിച്ചവരുമായ കഥാപാത്രങ്ങള്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്കു ഹരമായി മാറിയത്.
സത്യത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രശില്പങ്ങളോടുള്ള കൗതുകം മാത്രമായിരുന്നോ ആധുനിക കഥാകാരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്ത പ്രേരിപ്പിച്ചത്? ഒരിക്കലുമല്ല. മടുപ്പിക്കുന്ന രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകളോടുള്ള പ്രതിഷേധം കൊടുംനിഷേധത്തില് അവതരിപ്പിച്ചുകാണാന്‍ ആഗ്രഹിക്കുന്ന വായനാസമൂഹത്തെ എം.ടി മുന്‍കൂട്ടി സങ്കല്‍പ്പിച്ചിരിക്കണം.
തുഞ്ചന്‍ സ്മാരകവും എം.ടിയും
തുഞ്ചന്‍ സ്മാരകത്തില്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടപ്പോഴും ജനഹ്യദയസ്പന്ദനങ്ങള് അദ്ദേഹം പ്രഗത്ഭമായി പിടിച്ചെടുത്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഭാഷാപിതാവിനെപ്രതി മലയാളികള്ക്കകത്തു തിങ്ങിവിങ്ങുന്ന തീവ്രവികാരങ്ങള്‍, എന്തെങ്കിലും പഴുതു കിട്ടിയാല്‍ സ്മാരകത്തിന്റെ പുരോഗതിക്കായി ഒഴുകിയെത്താന്‍ നിറഞ്ഞുതുളുമ്പുന്ന അക്ഷരമനസിന്റെ ഔദാര്യങ്ങള്‍, ഒരുകാലത്ത് നമ്മുടെ നാട്ടിലും വര്ധിച്ചുവരാവുന്ന ഭാഷയോടും സംസ്കാരത്തോടുമുള്ള ആകര്ഷണങ്ങള്.
1993 ജനുവരി ഇരുപത്തിമൂന്നാം തീയതി തുഞ്ചന്‍ സ്മാരകത്തിന്റെ സാരഥ്യം ഏറ്റെടുത്തതും ഇതെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ എം.ടി തീരുമാനിച്ചു. ഭാഷാസ്നേഹികളുടെ സുവര്‍ണപ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ചു നടത്തിയിരുന്ന നിലവാരം കുറഞ്ഞ പ്രദര്‍ശനങ്ങളും മത്സരക്കളികളും ഉപേക്ഷിച്ചു. ഓഡിറ്റോറിയം കല്യാണസദ്യകള്ക്കു കൊടുക്കാറുള്ളതു റദ്ദുചെയ്ത് സാഹിത്യ-സാംസ്കാരിക സമ്മേളനങ്ങളുടെ വേദി മാത്രമാക്കി മാറ്റി. കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനും ഗ്രന്ഥശാലയും അതിഥിമന്ദിരങ്ങളും നിര്‍മിക്കാനും തുടങ്ങിയതോടെ സര്‍ക്കാരിനെപ്പോലും ഞെട്ടിക്കുന്ന തരത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള ഭാഷാസ്നേഹികളായ മലയാളികളില്‍നിന്നു പണം പ്രവഹിച്ചു.
ജ്ഞാനപീഠപുരസ്കാരം ലഭിച്ച സമയത്ത് അതിന്റെ പ്രശസ്തിയും തുഞ്ചന്‍ സ്മാരത്തിന് മുതല്‍ക്കൂട്ടാനാണ് അദ്ദേഹം വിനിയോഗിച്ചത്. ദേശത്തും വിദേശത്തും പ്രസംഗിക്കാനും പ രിപാടികളില്‍ പങ്കെടുക്കാനും ധാരാളം ക്ഷണങ്ങള്‍ അക്കാലത്ത് അദ്ദേഹത്തിനു ലഭിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതിന് ഒരൊറ്റ നിബന്ധനയാണ് എം.ടി മുന്നോട്ടുവച്ചത്- തുഞ്ചന്‍ സ്മാരകത്തിലേക്ക് എന്തെങ്കിലും കാര്യമായി സംഭാവന നല്‍കണം. അദ്ദേഹം ചെയര്മാന് സ്ഥാനം ഏറ്റെടുത്ത വര്‍ഷം മുതല്‍ തുഞ്ചന്‍ ഉത്സവങ്ങള്‍ അരങ്ങേറിയത് ഏറ്റവും കാലിക പ്രസക്തിയുള്ള ദേശീയ സെമിനാറുകളോടെയും ദക്ഷിേണന്ത്യന്‍ കാവ്യോത്സവത്തോടെയും ഉയര്‍ന്ന നിലവാരമുള്ള കലാപരിപാടികളോടെയുമായിരുന്നു.
സെമിനാറിലും കാവ്യോത്സവത്തിലും നൃത്ത-സംഗീത വേദികളിലും അണിനിരേത്തണ്ടവരെക്കുറിച്ച് ട്രസ്റ്റ് അംഗങ്ങളുമായും അഡ്മിനിസ്ട്രേറ്ററായ ഞാനുമായും എം.ടി ചര്‍ച്ച നടത്തുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദേശീയ നിലവാരത്തിലുള്ള തന്റെ ബന്ധങ്ങളും പണ്ടെന്നോ കണ്ടറിഞ്ഞ പണ്ഡിതരെയും കലാകാരന്മാരെയും സ്മൃതിയില്‍നിന്ന് കൃത്യമായി കൊത്തിയെടുക്കാനുള്ള കഴിവുംകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ് മിക്കവാറും ഉചതമായി ഭവിക്കുക.
ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃത്വം
ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃഗുണവും ഭരണപാടവവുമാണ് അദ്ദേഹത്തെ വിജയത്തിലേക്കു നയിച്ച പ്രധാനഘടകം. ഒന്നും ആവശ്യപ്പെടാതെയും ആവര്‍ത്തിക്കാതെയും തനിക്കു വേണ്ടതെല്ലാം ആളുകളെക്കൊണ്ടു ചെയ്യിക്കുന്ന, ഇപ്പോഴും മാനേജ്മെന്റ് പണ്ഡിറ്റുകള്‍ക്ക് പിടികിട്ടിയിട്ടില്ലാത്ത മാസ്മരികത എം.ടിക്കുണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉണക്കത്തരങ്ങളില്ലാതെ വീട്ടിലെ കാര്യംപോലെയാണു തുഞ്ചന്‍ സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് അദ്ദേഹം സൂചിപ്പിക്കുകയേ വേണ്ടിവന്നുള്ളൂ. ട്രസ്റ്റ് മെംബര്‍മാര്‍ ജനറല്‍ ബോഡി മീറ്റിംഗുകള്‍ക്കുള്ള യാത്രാബത്ത വേണ്ടെന്നു വച്ചു. ഉത്സവനടത്തിപ്പിലെ കുശിനിയും വിളമ്പലും അലങ്കാരപ്പണികളും നാട്ടുകാര്‍ ഏറ്റെടുത്തു.
പണമായും അരിയായും പച്ചക്കറിയായും സഹായങ്ങളെത്തി. എം.ടിയുടെ മട്ടുകണ്ടാല്‍ കടുകടുത്ത, സേച്ഛാപ്രമത്തനായ ബോസായിരിക്കുമെന്നല്ലേ തോന്നുകയുള്ളൂ. എന്നാല്‍, തുഞ്ചന്‍ സ്മാരകത്തിലെ ഇരുപതിലധികം വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ ജോലിക്കിടയില്‍ ഒരു കാര്യത്തിനും അദ്ദേഹമെന്നോടു കല്‍പ്പിച്ചിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ സംഗതികള്‍ വേണ്ടതെന്ന് അത്യന്തം ഗരിമയോടെ ധ്വനിപ്പിക്കും. അപ്പോള്‍ അതിനുവേണ്ട പണികള്‍ കൈയും മെയ്യും മറന്ന് ഞാനങ്ങു ചെയ്തുപോകും; അത്രതന്നെ. ഇതായിരുന്നു തുഞ്ചന്‍ സ്മാരകത്തിലെ ചെയര്മാന്- അഡ്മിനിസ്ട്രേറ്റര്‍ വര്‍ക്ക് റിലേഷന്‍ഷിപ്പ്. എന്തെങ്കിലും ചെയ്തതു ശരിയായില്ലെന്ന് അപൂര്‍വമായി എം.ടിക്കു തോന്നിയാല്‍ കുറ്റപ്പെടുത്തലോ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യലോ ഒന്നുമില്ല. അക്കാര്യം എങ്ങനെയെങ്കിലും എന്നിലെത്തിക്കാന്‍ ശ്രമിക്കും.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഭീഷ്മ സാഹ്നിയെ കൂട്ടാന്‍ എയര്‍പോര്‍ട്ടിലേക്ക് ഞാന്‍ പോകുകയും ഫ്ളൈറ്റ് വൈകിയ വിവരം എം.ടിയെ അറിയിക്കാന്‍ വിട്ടുപോകുകയും ചെയ്തു. പിന്നീട് മകള്‍ അശ്വതിയിലൂടെയാണ് അദ്ദേഹം വല്ലാതെ വേവലാതിപ്പെട്ട വിവരം എന്നില്‍ എത്തിയതും പറ്റിപ്പോയ വീഴ്ചയില്‍ ഞാന്‍ ദിവസങ്ങളോളം ജാള്യനായതും.
ജീവജലംപോലെ അമൂല്യമായി സമയത്തെ പരിചരിക്കുന്ന സ്വഭാവമാണ് ഇത്രയും നേട്ടങ്ങള്‍ എം.ടിക്ക് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. കയറി ഹെഡ് ചെയ്യുന്ന ഏതു വായാടിക്കും ഒറ്റ മിനിറ്റുപോലും അദ്ദേഹത്തില്‍നിന്ന് അപഹരിച്ചെടുക്കാന് സാധ്യമല്ല. ആവശ്യത്തിലധികംനേരം മുന്നിലിരുന്നു തിരിഞ്ഞാല്‍ എം.ടി ഗെറ്റ് ഔട്ട് ഒന്നും അടിക്കില്ല. തിരസ്കരണി ചൊല്ലി ധ്യാനസ്ഥമായൊരു ലോകത്തേക്കു തിരോഭവിച്ചുകളയും.
പിന്നെ വര്ത്തമാനക്കാരനു സ്ഥലം കാലിയാക്കുകയേ നിവൃത്തിയുള്ളൂ. എഴുത്തില്‍ മാത്രമല്ല, വ്യക്തിത്വത്തിലും എം.ടിയെ മലയാളത്തിന്റെ നിത്യയൗവനമായി നിലനിര്‍ത്തിയത് അദ്ദേഹത്തിന്റെ ജാഗരൂകമായ ഇന്ദ്രിയക്ഷമതയും അതിനു ദൃഷ്ടാന്തമായ കേൾവി സന്നദ്ധതയുമാണ്. സ്വയം നവീകരണത്തിനുള്ള അടങ്ങാത്ത ആവേശമായിരിക്കാം എം.ടിയെ കേരളത്തിലെ കടുത്ത വായനക്കാരില്‍ ഒരാളാക്കിയത്. ഗാര്‍ളിക് ബല്ലാര്ഡ്സും സൈലന്റ് ഹൗസും സെവന് വേയ്സ് ടു കില്‍ എ കാറ്റും എംപറര്‍ ഓഫ് മാലഡീസും നാര്ക്കോപോളിസും കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടിന്റെ ഡ്രോയിംഗ് റൂമില്‍ വച്ചാണ് ഞാന്‍ ആദ്യം കണ്ടിട്ടുള്ളത്.
വിജയം ജീവിതത്തിന്റെ മധുരപലഹാരമാണെങ്കില് അതുണ്ടാക്കാനുള്ള ചേരുവകള്‍ കൃത്യമായി സൂക്ഷിക്കുകയും ഉചിതമായി ഉപയോഗിക്കുകയും ചെയ്തതാണ് എം.ടിയെ മലയാളത്തിന്റെ സുകൃതമാക്കി ഉയര്‍ത്തിയത്.