ക്രിസ്മസ്..മരണവും പിറവിയും
Select
Wednesday, December 25, 2024 3:40 AM IST
ക്രിസ്മസ് ലോകമെമ്പാടും എല്ലാ മതസ്ഥർക്കും ഒരു ജന്മദിനാഘോഷം. ഈ ആഘോഷത്തിന്റെ ഹേതുവും ഹൃദയവും ‘പിറവി’യാണ്. എന്നാൽ, ക്രിസ്മസ് പിറവിയുടെ ഓർമ എന്നതിനെക്കാൾ ഇന്നലെകളിലെ പലതിന്റെയും മരണത്തിന്റെ മണിമുഴക്കം കൂടിയാണെന്നു സ്ഥാപിക്കാനാണ് വിശ്വപ്രശസ്ത ആംഗലേയകവി ടി.എസ്. ഏലിയറ്റ് Journey of the Magi (ജ്ഞാനികളുടെ യാത്ര) എന്ന കവിതയിലൂടെ ശ്രമിച്ചത്. 1927ൽ ഈ കവിതയുടെ രചനയ്ക്കു ക്രിസ്മസുമായി കൗതുകകരമായ ബന്ധമുണ്ട്. ഗഹനമായ ഒരു ക്രിസ്മസ് സന്ദേശംകൂടിയാണിതിന്റെ പ്രമേയം.
കവിത പിറന്ന വഴി
ഫേബർ ആൻഡ് ഫേബർ എന്ന പ്രസിദ്ധീകരണശാലയുടെ കവിതാവിഭാഗത്തിന്റെ എഡിറ്ററായി ഏലിയറ്റ് നിയമിതനായ കാലം. അതിന്റെ പാർട്ണർ ആയിരുന്ന ജഫ്രീ ഫെയിബർ ഓരോവർഷവും ക്രിസ്മസ്കാർഡിൽ ആശംസയായി ചേർക്കാൻ ഒരു കവിത എഴുതാനായി ഏതാനും കവികളെ നിയോഗിച്ചിരുന്നു. ചിത്രങ്ങളുടെ അകമ്പടിയോടെ അയച്ചിരുന്ന ഈ ആശംസാസന്ദേശ കവിതകളെ ഒരു പരമ്പരയാക്കി Ariel Poems (ഏരിയൽ കവിതകൾ) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലേക്കു ഏലിയറ്റ് രചിച്ച കവിതയാണ് ‘ജ്ഞാനികളുടെ യാത്ര’.
മൂന്നു രാജാക്കന്മാർ അഥവാ ജ്ഞാനികൾ തങ്ങൾക്കു ലഭിച്ച വെളിപാട് അനുസരിച്ചു നക്ഷത്രംകാട്ടിയ വഴികളിലൂടെ സഞ്ചരിച്ച് ദിവ്യശിശുവായ യേശുവിനെ സന്ദർശിച്ചു മടങ്ങുന്നതാണു കവിതയുടെ ഉള്ളടക്കം. കുഞ്ഞിനെ വണങ്ങി, സ്വർണവും കുന്തിരിക്കവും മീറയും സമ്മാനമായി നൽകി തിരിച്ചുപോകുന്ന, കിഴക്കുനിന്ന് എത്തിയ മൂന്നു ജ്ഞാനികളെക്കുറിച്ച് മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ 12 വരെയുള്ള വാക്യങ്ങളിൽ പറയുന്നുണ്ട്. അതേസമയം, ദൗത്യം നിർവഹി
ച്ച ശേഷം സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്ന ഇവരുടെ വികാരവിചാരങ്ങളൊന്നും ബൈബിളിൽ ഇല്ല. എന്നാൽ, ഏലിയറ്റ് ഈ മൂവരിൽ ഒരു ജ്ഞാനിയുടെ യാത്രാനുഭവങ്ങളും വിചാരങ്ങളും കേന്ദ്രമാക്കി അവരുടെ യാത്രയ്ക്കു ചിന്തോദ്ദീപകമായ ഒരു മാനം നൽകുകയാണ് ചെയ്തത്.
ദുഷ്കരമായ യാത്ര
ശൈത്യതീവ്രതയിൽ ഈ യാത്രാദൗത്യം അത്ര എളുപ്പമായിരുന്നില്ല. തണുപ്പും ദുർഘടങ്ങൾ നിറഞ്ഞ വഴികളും അവരെ ക്ലേശിപ്പിച്ചു. വ്രണം പിടിച്ച കുളമ്പുകളുമായി തളർന്നു നീങ്ങിയ ഒട്ടകങ്ങളും അവയുടെ പരിപാലകരായ സേവകരുടെ പരാതികളും പ്രതിഷേധവും ഒക്കെക്കൂടി അവരെയെത്തിച്ചത് ‘ഈ ഇറങ്ങിപ്പുറപ്പെടൽ മണ്ടത്തരമായിപ്പോയി’ എന്ന ചിന്തയിലായിരുന്നു.
തങ്ങൾ സ്വദേശത്തു വിട്ടിട്ടു പോന്ന ആഡംബര സൗകര്യങ്ങളും സുഖങ്ങളും അവരുടെ ഉള്ളിൽ തെളിഞ്ഞുവന്നു. ഉഷ്ണകാലമന്ദിരങ്ങളും മട്ടുപ്പാവുകളിൽ സർബത്ത് വിളമ്പുന്ന സുന്ദരികളും ഓർമകളിലൂടെ അവരുടെ ഉറക്കംകെടുത്തി.
ഒടുവിൽ ഉണ്ണിയേശുവിനെ കണ്ടു തിരിച്ചെത്തിയ ജ്ഞാനികളിലൊരാളുടെ ചിന്തയിലൂടെയാണ് കവിതയുടെ ആഖ്യാനം പിന്നീടു നീങ്ങുന്നത്. മാത്രവുമല്ല, ഈ ദിവ്യശിശുവിന്റെ ശാരീരികമരണം ഒരു യുഗത്തിന്റെ തത്വസംഹിതകളുടെ അന്ത്യത്തിനും അതുവഴി മനുഷ്യവംശത്തിന്റെ രക്ഷയ്ക്കും ആവശ്യമായിവരുമെന്നും ജ്ഞാനി തിരിച്ചറിയുന്നു.
ജനനം, അനിവാര്യമായ മൃത്യു
ചക്രവാളത്തിനുകീഴെ ജ്ഞാനികൾക്കു കാണപ്പെട്ട മൂന്നു മരങ്ങളും രക്ഷകന്റെ കുരിശുമരണത്തിന്റെ മുന്നറിയിപ്പ് ആയിരുന്നില്ലേ? ജനനം മരണത്തെ അനിവാര്യമാക്കുന്ന അത്യപൂർവ ചരിത്രസംഭവത്തിന്റെ സാക്ഷികളായിരുന്നു തങ്ങളെന്നു ജ്ഞാനി തിരിച്ചറിയുന്നു. മാത്രവുമല്ല, എല്ലാംതികഞ്ഞതെന്നു കരുതിയിരുന്ന സ്വദേശത്ത് എത്തിയപ്പോൾ പ്രതീക്ഷയ്ക്കു വിപരീതമായി, അയാളെ വല്ലാത്തൊരസ്വാസ്ഥ്യം പിടികൂടുന്നു. യാത്രതിരിക്കുംമുൻപ് ഇവിടെയുണ്ടായിരുന്ന ശാന്തി ഇപ്പോൾ അയാൾക്ക് അനുഭവിക്കാൻ കഴിയുന്നില്ല. യേശുവിന്റെ ജനനം ആവശ്യപ്പെടുന്ന ചിന്താധാരയും ജീവിതദർശനവും അതിനു തന്റെ ദേശവാസികളുടേതുമായുള്ള അന്തരവും കണ്ടുണ്ടായതാണ് ഈ അശാന്തി.
‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന ശത്രുസംഹാര വീക്ഷണം നിരാകരിച്ച് തന്നെപ്പോലെ തന്നെ അയൽക്കാരനെയും ശത്രുവിനെയുംപോലും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന പുതിയ സ്നേഹസിദ്ധാന്തം, തന്റെ സംസ്കാരവും ജ്ഞാനവും അനുശാസിക്കുന്ന തത്വശാസ്ത്രത്തിൽനിന്നും സാമൂഹ്യനിലപാടുകളിൽനിന്നും എത്രയോ അകലെയാണെന്ന തിരിച്ചറിവ് അയാളിൽ അതൃപ്തിയും അശാന്തിയും നിറയ്ക്കുന്നു. സ്വന്തം ജനത അയാൾക്ക് അപരിചിതമാകു
ന്നതുപോലെ. ഒപ്പംതന്നെ പുതുയുഗത്തിന്റെ ജനനത്തോട്, പാപത്തിന്റെ മരണത്തോട്, വല്ലാത്തൊരു അഭിനിവേശവും അയാളിൽ ഉളവാകുന്നു. കവിതയുടെ അവസാന വരികൾ ശ്രദ്ധേയം:
“തങ്ങൾ തൻ ദൈവങ്ങളെ പുണർന്നു കഴിയുന്നൊരപരിചിത ജനതയ്ക്കുമധ്യേ കൊതിക്കുന്നു
വീണ്ടുമൊരു മൃത്യുവിനെ വരവേൽക്കാൻ”.
ക്രിസ്മസിന്റെ വിലപ്പെട്ട സന്ദേശമാണിത്. യേശുവിന്റെ ജനനം ലോകചരിത്രത്തിനും മനുഷ്യവംശത്തിനും നൽകിയത് വലിയ പ്രതീക്ഷയും ഒപ്പം താക്കീതുമാണ്. ചുട്ടെരിക്കലും നാമ്പെടുക്കലും മിസ്റ്റിക് പാരസ്പര്യത്തിലൂടെ മനോഹരമായും സങ്കീർണമായും സംയോജിക്കുകയാണിവിടെ. ദൈവം മനുഷ്യരിലേക്ക് എന്നതിനേക്കാൾ മനുഷ്യരിൽ ഒരാളായി ഭൂമിയിൽ വന്നെത്തിയ സൗഭാഗ്യനിമിഷം.
അതേസമയംതന്നെ, ജ്ഞാനികൾ കടന്നുപോയ യാത്രാക്ലേശങ്ങളുടെയും മാനസികസംഘർഷങ്ങളുടെയും അനിവാര്യതയും ഈ ഭാഗ്യലബ്ധിയിലുണ്ട്. മാത്രമല്ല, ജനനത്തിലൂടെ ലോകത്തിനു പുതുയുഗത്തിന്റെ സൗഭാഗ്യം നൽകിയ ശിശുതന്നെ മരണത്തിനു വിധേയമാക്കപ്പെടണം. പുതുജീവൻ ലഭിക്കാൻ മരണം ഒഴിവാക്കാനാവാത്ത വ്യവസ്ഥയായിത്തീരുന്നു. ദിവ്യശിശുവിന്റെ ജനനത്തിൽ ജ്ഞാനി കണ്ടെത്തിയത് സഹനത്തിലൂടെയും ബലിയിലൂടെയുമുള്ള രക്ഷയുടെ സനാതനസത്യം. ക്രിസ്മസിന്റെ ഉപരിപ്ലവമായ ആഘോഷമേളങ്ങൾക്കിടയിൽ ഒരു മരണമണിയുടെ മുഴക്കം അഥവാ ആത്മത്യാഗത്തിന്റെ സന്ദേശം. ദിവ്യജനനത്തിൽ മരണം ദർശിക്കുന്ന ജ്ഞാനദൃഷ്ടി ക്രിസ്തീയതത്വചിന്തയുടെ ആണിക്കല്ലാണ്.
ക്രിസ്തുവിന്റെ ആഗമനത്തിന്റെ അർഥം കണ്ടെത്താനും അതു കർമപഥത്തിലാക്കാനും നിരപ്പായ വഴികളല്ല ക്ലേശമായ യാത്രയാണ് തരണം ചെയ്യേണ്ടത്. മൃത്യു അനിവാര്യമാക്കുന്ന ജനനം മനുഷ്യചരിത്രത്തെത്തന്നെ രണ്ടായി വിഭജിക്കുന്നു, ക്രിസ്തുവിനു മുൻപും ക്രിസ്തുവിനു പിൻപും ഇരുട്ടും വെളിച്ചവും എന്നപോലെ.?