കവിത തുളുന്പിയ രാഷ്ട്രീയം
പ്രത്യേക ലേഖകൻ
Wednesday, December 25, 2024 3:35 AM IST
ആഴത്തിലുള്ള അറിവ്. മികച്ച കവിഹൃദയം. സരസവും പ്രസാദാത്മകവുമായ വാക്ചാതുരി. ആദരണീയനായ രാജ്യതന്ത്രജ്ഞൻ. വ്യത്യസ്ത രാഷ്്ട്രീയ നിലപാടുള്ളവർക്കു കൂടി പ്രിയങ്കരൻ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മദിന വാർഷികമാണിന്ന്.
ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ സെക്രട്ടറിയായിരുന്നു വാജ്പേയി. പിന്നീട് 1951ൽ മുഖർജി തുടങ്ങിയ ഭാരതീയ ജനസംഘത്തിൽ വാജ്പേയിയും അംഗമായി. തൊട്ടടുത്ത വർഷംതന്നെ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിലെ നിരവധി ഉജ്വല പ്രസംഗങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 58ൽ ജവഹർലാൽ നെഹ്റു പോലും അഭിനന്ദിച്ച വാക് വൈഭവം. 1957ൽ ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവായി വാജ്പേയിയെ തെരഞ്ഞെടുത്തിരുന്നു.
അദ്ദേഹം എപ്പോഴും ദേശീയതാത്പര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രിയുടെ നിശിത വിമർശകനായിരുന്ന വാജ്പേയി ബംഗ്ലാദേശ് യുദ്ധകാലത്ത് രാജ്യതാത്പര്യം മുൻനിർത്തി അവരെ പിന്തുണച്ചത് അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടിന് ഉദാഹരണമാണ്. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ അഭ്യർഥനപ്രകാരം ജനീവയിൽ ഇന്ത്യക്കുവേണ്ടി പാക്കിസ്ഥാനെതിരേ നേടിയ നയതന്ത്ര വിജയവും രാഷ്്ട്രീയത്തിനതീതമായ രാജ്യസ്നേഹത്തിന്റെ തെളിവായി എടുത്തുപറയാറുണ്ട്.
1968 മുതൽ 73 വരെ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായ വാജ്പേയി അടിയന്തരാവസ്ഥക്കാലത്തു ജയിലിലായിരുന്നു. അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്ദിരാഗാന്ധിയെ പുറത്താക്കി അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ അദ്ദേഹം വിദേശകാര്യമന്ത്രിയായി.
2015ല് ഭാരത് രത്ന പുരസ്കാരം
മികവിന്റെ നിരവധി തിളക്കമാർന്ന വാജ്പേയിക്ക് അലങ്കാരമായി. എങ്കിലും അവയൊന്നും അദ്ദേഹത്തെ സംബന്ധിച്ചു ഭാരമായിരുന്നില്ല. തികഞ്ഞ അനായാസതയോടെ ചുമതലകളെല്ലാം നിർവഹിക്കുന്നതിലുള്ള കഴിവ് അനിതരസാധാരണമായിരുന്നു. 2015 മാർച്ച് 27 അദ്ദേഹത്തിനു സമർപ്പിച്ച ഭാരത് രത്ന പുരസ്കാരം പ്രവർത്തനങ്ങൾക്കു രാജ്യം നൽകിയ ആദരവായി.
1924 ഡിസംബർ 25ന് ഗ്വാളിയറിലാണ് വാജ്പേയിയുടെ ജനനം. കൃഷ്ണദേവിയുടെയും കൃഷ്ണബിഹാരി വാജ്പേയിയുടെയും മകൻ. ഗ്വാളിയറിലെ സരസ്വതി ശിശുമന്ദിറിൽ പ്രാഥമികവിദ്യാഭ്യാസം. ഗ്വാളിയറിലെതന്നെ വിക്ടോറിയ കോളജിൽനിന്നു ബിരുദം നേടി. ബിരുദാനന്തര പഠനത്തിനായി കാൺപൂരിലേക്കു പോയ അദ്ദേഹം ഡിഎവി കോളജിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ഉന്നതവിജയം നേടി.
നാലു പതിറ്റാണ്ടിലേറെ പാർലമെന്റംഗമായിരുന്ന വാജ്പേയ് പത്തുതവണ ലോക്സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. യുവാവായ വാജ്പേയി 1939ൽ ആർഎസ്എസ് അംഗമായി. പ്രചാരക് എന്ന നിലയിലും പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജനസംഘത്തെ ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായപ്പോൾ അദ്ദേഹം ഇന്ത്യൻ ഭാഷകളുടെ പ്രചാരകനായിരുന്നു. ഐക്യരാഷ്്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഹിന്ദിയിൽ പ്രസംഗിച്ച് ശ്രദ്ധേയനായി.
ബിജെപിയുടെ ആദ്യ പ്രസിഡന്റ്
മൊറാർജി ദേശായി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞതിനു പിന്നാലെ ജനതാ പാർട്ടി ശിഥിലമായി. 1980ൽ എൽ.കെ. അഡ്വാനി, ഭൈറോൺ സിംഗ് ഷെഖാവത്ത് തുടങ്ങിയവർക്കൊപ്പം ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോള് വാജ്പേയ് ആദ്യ പ്രസിഡന്റായി.
1996ൽ ബിജെപി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടർന്ന് വാജ്പേയ് പത്താമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെ ങ്കിലും വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് 13 ദിവസത്തിനുള്ളിൽ മന്ത്രിസഭ പുറത്തായി. 1998ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999ൽ എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് അധികാരം നഷ്ടമായി. 1999ൽ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയതിനെത്തുടർന്നു മൂന്നാമതും പ്രധാനമന്ത്രിയായി. 2004ലെ പൊതുതെരഞ്ഞെടുപ്പുവരെ അധികാരത്തിൽ തുടരുകയും ചെയ്തു.
നെഹ്റുവിനുശേഷം തുടർച്ചയായി രണ്ടുതവണ പ്രധാനമന്ത്രിയായ ആദ്യനേതാവ്
പൊഖ്റാൻ ആണവപരീക്ഷണവും കാർഗിൽ യുദ്ധവും 2001ലെ പാർലമെന്റ് ആക്രമണവും വാജ്പേയിയുടെ ഭരണകാലത്തായിരുന്നു. ജവഹർലാൽ നെഹ്റുവിനുശേഷം തുടർച്ചയായി രണ്ടുതവണ പ്രധാനമന്ത്രിയായ ആദ്യനേതാവും വാജ്പേയിതന്നെ.
2018 ഓഗസ്റ്റ് 16ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽവച്ചായിരുന്നു അന്ത്യം.
“നല്ല കവിതകളെ സ്നേഹിക്കുന്നവൻ നല്ല രാഷ്്ട്രീയക്കാരനായിരിക്കും. അയാൾക്കു മാനുഷികദുഃഖങ്ങൾക്കുനേരേ കണ്ണടയ്ക്കാൻ കഴിയില്ല”. ഇതായിരുന്നു കവിയായ വാജ്പേയിയുടെ വിശ്വാസം. അദ്ദേഹത്തിന്റെ കവിതകളിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമെല്ലാം നിറഞ്ഞുനിന്നു. ഗ്രീക്ക് ഭാഷയിലേക്കുവരെ വാജ്പേയിയുടെ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
‘ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ എന്ന പേരിൽ ലേഖനങ്ങളുടെ സമാഹാരവും വാജ്പേയി പുറത്തിറക്കിയിട്ടുണ്ട്.