ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയിലെ നവതരംഗ ശിൽപി
Tuesday, December 24, 2024 12:54 AM IST
ഇന്ത്യൻ സിനിമയുടെ ശൈലി തന്നെ മാറ്റിയെഴുതിയതിൽ പ്രമുഖ പങ്കുവഹിച്ച ചലച്ചിത്രകാരനായിരുന്നു ശ്യാം ബെനഗൽ. എഴുപതുകളിലും എൺപതുകളിലും ഹിന്ദിസിനിമയിൽ കണ്ട നവതരംഗത്തിന്റെ ശിൽപി.
കച്ചവടസിനിമയ്ക്കൊപ്പം സമാന്തരസിനിമകൾ എന്നൊരു വിഭാഗം തന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് തുറന്നിട്ട കലാകാരൻ. സത്യജിത് റായിക്കും ഋതിഘട്ടകിനുമൊപ്പം ഇന്ത്യൻ സിനിമയ്ക്ക് അന്തർദേശീയ തലത്തിൽ മേൽവിലാസമുണ്ടാക്കിയ പ്രതിഭ.
സത്യജിത്ത് റായിയും ശ്യാം ബെനഗലുമൊക്കെ ഉയർത്തിവിട്ട നവതരംഗം എഴുപതുകളിലും എൺപതുകളിലും നമ്മുടെ സിനിമാമേഖലയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ അതേ തീവ്രതയോടെയാണ് ശ്യാം ബൈനഗൽ അവതരിപ്പിച്ചത്. കച്ചവടഫോർമുലയിൽ മാത്രം സിനിമയെ കണ്ട ബോളിവുഡിന് പുതിയൊരു ചലച്ചിത്രസംസ്കാരം തുറന്നിടുകയായിരുന്നു ശ്യാം ബെനഗൽ.
സമാന്തര സിനിമകളെന്നാൽ പലപ്പോഴും സാമാന്യപ്രേക്ഷർ കാണാത്ത അവാർഡുകൾക്കുവേണ്ടിയുള്ള സിനിമകൾ എന്ന കാഴ്ചപ്പാട് മാറ്റിയെടുത്തത് ശ്യാംബെനഗൽ സിനിമകളായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അങ്കുറും പിന്നീട് എത്തിയ നിഷാന്തുമൊക്കെ സാധാരണ പ്രേക്ഷകരേയും ഏറെ ആകർഷിച്ചു. എപ്പോഴും ആർട്ട്-കൊമേഴ്സ്യൽ സിനിമകളുടെ അതിർവരന്പിലൂടെയാണ് ബെനഗലിന്റെ സിനിമകൾ സഞ്ചരിച്ചത്. ഇന്ത്യൻ സമൂഹത്തിന്റെ നേർരേഖകളായിരുന്നു അദ്ദേഹത്തിന്റെ മിക്ക സിനിമകളും. തൊളിലാളികളെ അടിച്ചമർത്തുന്ന ഭൂ ഉടമ, അഴിമതക്കാരായ ഉദ്യോഗസ്ഥർ, ഇരട്ടത്താപ്പുകാരായ രാഷ്ട്രീയക്കാർ, നിസഹായരായ ഗ്രാമീണരും ആദിവാസി സ്ത്രീകളും- ഇവരൊക്കെയായിരുന്നു ബെനഗൽ സിനിമകളിൽ നിറഞ്ഞു നിന്നത്.
ബെനഗലിന്റെ ആദ്യ ചിത്രമായ അങ്കുറിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയേയും ഫ്യൂഡൽ ചിന്താഗതിയേയുമൊക്കെ അതിനിശിതമായി വിമർശിച്ചിരുന്നു. എഴുപതുകളിലും എൺപതുകളിലും അദ്ദേഹം അവതരിപ്പിച്ച ഈ യാഥാർഥ്യങ്ങളിൽനിന്ന് ഇന്ത്യൻസമൂഹം ഇന്നും മാറിയിട്ടില്ല എന്നത് ശ്യാം ബൈനഗൽ ചിത്രങ്ങളുടെ കാലിക പ്രസക്തി വർധിപ്പിക്കുകയാണ്. അന്തർദേശീയതലത്തിൽ സത്യജിത്ത് റായിക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രകാരനായിരുന്നു ബെനഗൽ.
അദ്ദേഹത്തിന്റെ പ്രേക്ഷകരും അത്തരം ജനുസിൽപ്പെട്ടവരായിരുന്നു. ലോകസിനിമയിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് വലിയൊരു ആരാധകർ തന്നെയുണ്ടായിരുന്നു. ടെലിവിഷൻ രംഗത്തും അദ്ദേഹം കർമനിരതനായിരുന്നു.
ഡിസംബർ 14നായിരുന്നു ശ്യാം ബെനഗലിന്റെ 90-ാം ജന്മദിനം. ജന്മദിനത്തിന്റെ അന്നും കർമനിരതനായിരുന്നു അദ്ദേഹം. തന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചാണ് അന്നും അദ്ദേഹം സംസാരിച്ചത്. ‘മൂന്നു പുതിയ പ്രോജക്ടുകൾ എന്റെ മുന്നിലുണ്ട്. മൂന്നും തികച്ചും വ്യത്യസ്തങ്ങളായവ.
ഉടൻ തന്നെ ജോലികൾ തുടങ്ങും’. തൊണ്ണൂറാം വയസിൽ ആ സ്വപ്നങ്ങൾ പൂർത്തിയാക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നതെങ്കിലും ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എത്രയോ വിലപ്പെട്ടതാണ്.