2025 ജൂബിലി വര്‍ഷം; പ്രത്യാശയുടെ വിശുദ്ധകവാടം തുറക്കുകയായി
റവ. ഡോ. ഷാജി ജെര്‍മ്മന്‍
Monday, December 23, 2024 11:51 PM IST
ഏഴു നൂറ്റാണ്ടുകൾക്കുമുന്പ് എഡി 1300ൽ ബോനിഫസ് എട്ടാമൻ പാപ്പ ആരംഭിച്ച ജൂബിലി വർഷാചരണം ഒരിക്കൽകൂടി സമാഗതമാകുന്നു. ബൈബിൾ പാരന്പര്യമനുസരിച്ച് അന്‍പതു വർഷം കൂടുന്പോൾ ആചരിക്കേണ്ട ജൂബിലിവർഷം 1475 മുതൽ ഇരുപത്തഞ്ചു വർഷം കൂടുന്പോൾ എന്ന രീതിയിലാക്കി. ആയുസിൽ ഒരിക്കലെങ്കിലും എല്ലാ വിശ്വാസികൾക്കും ജൂബിലിവർഷത്തിന്റെ ആധ്യാത്മികാനുഭവങ്ങൾ സംലഭ്യമാകണമെന്ന സദുദ്ദേശ്യത്തോടെയാണ് ഈ മാറ്റം നടപ്പിലാക്കിയത്. ലോകമാകെ പടരുന്ന അശാന്തിയുടെയും യുദ്ധത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും അസ്വസ്ഥതകളുടെയും കാർമേഘപടലങ്ങൾക്കിടയിൽ പ്രത്യാശയുടെ വെള്ളിരേഖപോലെ ഒരു വർഷം നീളുന്ന ജൂബിലിവത്സരം. സാമൂഹ്യസമത്വത്തിലേക്കും സാന്പത്തിക സ്വയംപര്യാപ്തതയിലേക്കും സാഹോദര്യത്തിലേക്കും ജനതയെ നയിക്കുന്നതരത്തിൽ ക്രമപ്പെടുത്തിയ ആധ്യാത്മിക ആചരണമായിരുന്നു ബൈബിൾ വിഭാവനം ചെയ്തത്. ഇന്നും പ്രസക്തമാണ് ഈ ആദർശലക്ഷ്യങ്ങൾ.
ഷെനെത്ത് ഹയ്യോബെല്
‘ഷെനെത്ത് ഹയ്യോബെല്’ എന്ന ഹീബ്രു വാക്യമാണ് ജൂബിലി വര്‍ഷത്തെ സൂചിപ്പിക്കാന്‍ ബൈബിള്‍ മൂലഗ്രന്ഥങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ‘മുട്ടാടിന്റെ കൊമ്പ്’ എന്നര്‍ഥം വരുന്ന ‘യോബേല്‍’ എന്ന പദത്തിൽനിന്നാണ് ഈ വാക്യം ഉടലെടുക്കുന്നത്. ജനതകളുടെ വിമോചനത്തിന്റെ സൂചകമായി ഏഴു സാബത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനത്തില്‍ ജനങ്ങള്‍ കാഹളധ്വനി മുഴക്കുന്ന കുഴല്‍ മുട്ടാടിന്റെ കൊമ്പുകൊണ്ടു നിര്‍മിച്ചതായിരുന്നു. ജൂബിലി വര്‍ഷത്തിന് ആരംഭംകുറിച്ചിരുന്നത് ഈ കൊമ്പുകൊണ്ടുള്ള കാഹളധ്വനിയോടു കൂടിയായിരുന്നു.
ജൂബിലി വര്‍ഷത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥം ഇപ്രകാരം പറയുന്നു: “വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴു പ്രാവശ്യം, ഏഴു വര്‍ഷങ്ങള്‍, വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്പത്തിയൊന്പതു വര്‍ഷങ്ങള്‍. ഏഴാം മാസം പത്താം ദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് എല്ലായിടത്തും കാഹളം മുഴക്കണം. അന്‍പതാം വര്‍ഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്ക് ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങിപ്പോകട്ടെ. അന്‍പതാം വര്‍ഷം നിങ്ങള്‍ക്ക് ജൂബിലി വര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ ശേഖരിക്കുകയോ അരുത്. എന്തെന്നാല്‍ അത് ജൂബിലി വര്‍ഷമാണ്. അത് നിങ്ങള്‍ക്ക് വിശുദ്ധമായിരിക്കണം” (ലേവ്യ 25:8-12). ജൂബിലി വര്‍ഷം ഇസ്രയേല്യര്‍ക്ക് പാപപരിഹാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തില്‍നിന്നുള്ള വിമോചനത്തിന്റെയും വീണ്ടെടുക്കലിന്റെയും വര്‍ഷമായിരുന്നു.
പ്രത്യാശയുടെ ജൂബിലി 2025
ഫ്രാന്‍സിസ് മാർപാപ്പ 2024 മേയ് നാലിനു പുറത്തിറക്കിയ Spes non Confundit (പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല) എന്ന രേഖവഴിയാണ് 2025 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചത്. റോമ 5:5ൽ നിന്നാണ് ഈ ആശയം എടുത്തിരിക്കുന്നത്: “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു.” പാപ്പാ പറയുന്നു, ഭാവിയില്‍ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലെങ്കില്പോലും, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളില്‍ നന്മകള് സംഭവിക്കണമെന്ന ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ പ്രത്യാശ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്ക, വൈകാരിക സംഘര്‍ഷങ്ങളിലേക്കും വിശ്വാസത്തില്‍നിന്ന് ആശങ്കകളിലേക്കും സ്വസ്ഥതയില്‍നിന്ന് ആകുലതകളിലേക്കും ബോധ്യങ്ങളില്‍നിന്ന് സംശയങ്ങളിലേക്കും നയിക്കാന്‍ ഇടയുണ്ട്. പലവ്യക്തികളും നിരാശയുള്ളവരും ദോഷൈകദൃക്കുകളും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരുമായി കാണുന്നുണ്ട്. അതുകൊണ്ട് ഈ വർഷാചരണത്തിന് വർധിച്ച പ്രാധാന്യമുണ്ട്.
ജൂബിലി ലോഗോ
‘പ്രത്യാശയുടെ തീര്‍ഥാടകര്‍’ എന്ന സന്ദേശമാണ് ജൂബിലി ലോഗോ നല്‍കുന്നത്. ലോഗോയിലെ അടയാളങ്ങളുടെ അര്‍ഥം ചുവടെ വിവരിക്കുന്നു.
നാലു വ്യക്തികള്‍: നാലു വ്യക്തികള്‍ മനുഷ്യരാശിയെ മുഴുവന്‍ സൂചിപ്പിക്കുന്നു. അവര്‍ ലോകത്തിന്റെ നാലുദിശകളില്‍നിന്നും വരുന്നു. അവർ പരസ്പരം ചേര്ന്നുനില്ക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള ദൃഢബന്ധവും സാഹോദര്യവും ഇതു സൂചിപ്പിക്കുന്നു.
നാലുനിറങ്ങള്‍: നാലുവ്യക്തികളെയും നാലുനിറങ്ങളിലാണ് കാണുന്നത്. ചുവപ്പ് (സ്നേഹം, തീക്ഷ്ണത, ആത്മത്യാഗം, കുരിശിലെ ബലി, യേശുവിന്റെ പരിധികളില്ലാത്ത സ്നേഹം, പരിശുദ്ധാത്മാവിന്റെ തീജ്വാല), മഞ്ഞ (സന്തോഷം, ഊര്‍ജസ്വലത, വിശ്വാസവഴിയെ പ്രകാശിപ്പിക്കുന്ന വെളിച്ചം), പച്ച (പ്രത്യാശ, വളര്‍ച്ച, വീണ്ടും ജനനം), നീല (സമാധാനം, സ്വസ്ഥത, ആത്മീയത, ധ്യാനം, പ്രാര്‍ഥന) എന്നിവയാണവ.
കുരിശ്: കുരിശ് വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമാണ്. ഏറ്റവും മുന്നില്‍ നില്ക്കുന്ന വ്യക്തി കുരിശിനെ മുറുകെപിടിക്കുന്നു. നമുക്കു പ്രത്യാശ ആവശ്യമുണ്ട്. പ്രത്യേകിച്ച് ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍.
തിരമാലകള്‍: ജീവിതതീര്ഥയാത്ര എപ്പോഴും ശാന്തമായ ജലാശയത്തെപോലെയല്ലെന്നും കാറ്റുംകോളും നിറഞ്ഞതാണെന്നും ഓര്‍മപ്പെടുത്തുന്നു.
നങ്കൂരം: കുരിശിന്റെ അടിഭാഗം കടലിനടിയില്‍ നങ്കൂരമിട്ടിരിക്കുന്നു. കാറ്റിലും കോളിലും അടിപതറാതെ ഉറച്ചു നില്ക്കുന്ന കര്‍ത്താവിന്റെ കുരിശ് മനുഷ്യജീവിതങ്ങളെ ആടിയുലയാന്‍ അനുവദിക്കില്ല.
ചരിഞ്ഞ കുരിശ്: മനുഷ്യരാശിയിലേക്കു ചാഞ്ഞ് സംരക്ഷണമായി നിലകൊള്ളുന്ന പ്രത്യാശയുടെ പ്രതീകമാണു കുരിശ്.
ജൂബിലി തീര്‍ഥാടനം
ജൂബിലി വര്‍ഷത്തിലെ സുപ്രധാന കര്‍മമാണ് തീര്‍ഥാടനം. തീര്‍ഥാടനത്തില്‍ സ്ഥലങ്ങള്‍ മാറുക മാത്രമല്ല, മറിച്ച് നമ്മില്‍ തന്നെയാണു മാറ്റങ്ങള്‍ സംഭവിക്കുന്നത്. ‘Pilgrimage’ (തീര്‍ഥാടനം) എന്ന വാക്ക് ഉദ്ഭവിക്കുന്നത് ‘per ager’ (through the field) അതായത് ‘വയലുകളിലൂടെ’ അഥവാ ‘per eger’ (border crossing) അതായത് ‘അതിരുകള്‍ കടന്ന്’ എന്നീ പദങ്ങളില്‍നിന്നുമാണ്.
ഈ രണ്ടു വാക്യങ്ങളും സൂചിപ്പിക്കുന്നത് തീര്ഥയാത്രയെന്നത് വയലുകളിലൂടെയും വയല്‍വരമ്പുകളിലൂടെയും നടന്ന് അതിരുകള്‍താണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ്. ‘അലഞ്ഞുനടന്ന അരമായന്’ (നിയ 26:5) ആയ അബ്രഹാം വാഗ്ദത്തഭൂമിയിലെത്തിച്ചേരുന്നു. യേശു ഗലീലിയിയില്നിന്നു യാത്രചെയ്ത് ജറുസലേമില്‍ എത്തിച്ചേരുന്നു (ലൂക്കാ 9:51).
വിശുദ്ധ കവാടം
ജൂബിലി വര്‍ഷത്തില്‍ ‘വിശുദ്ധ കവാട’ (Porta Sancta)ത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. ജൂബിലി തീര്‍ഥാടനത്തിന്റെ ലക്ഷ്യം വിശുദ്ധകവാടത്തിലൂടെ പ്രവേശിക്കുക എന്നതാണ്. വിശുദ്ധകവാടം തുറന്നുകൊണ്ടാണ് മാർപാപ്പ ജൂബിലിവര്‍ഷം ഉദ്ഘാടനം ചെയ്യുന്നത്. “ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന് രക്ഷപ്രാപിക്കും” (യോഹ 10:9) എന്ന വചനങ്ങളാണ് ഈ കവാടത്തിലൂടെ കടക്കുമ്പോള്‍ നാം ഓര്‍മിക്കുന്നത്. നല്ല ഇടയനായ യേശുവിനെ അനുഗമിക്കാനും യേശുവിനാല്‍ നയിക്കപ്പെടാനുമുള്ള തീരുമാനമാണു വിശുദ്ധകവാടത്തിലൂടെയുള്ള പ്രവേശനം.
അനുരഞ്ജനം
ജൂബിലിവര്‍ഷം മാനസാന്തരത്തിന് ‘സ്വീകാര്യമായ സമയം’ (2 കൊറി 6:2) ആണ്. ദൈവം ജീവിതത്തിന്റെ കേന്ദ്രമാണെന്നു തിരിച്ചറിയാനും ആ ദൈവത്തിലേക്കു വളരാനും ദൈവത്തിനു ജീവിതത്തില്‍ പ്രാധാന്യംകൊടുത്തു ജീവിക്കാനുമുള്ള തീരുമാനത്തിന്റെ അവസരമാണത്. അതേസമയം, സാമൂഹികനീതി നടപ്പാക്കുന്നതിന്റെ ഭാഗമായി സഹോദരങ്ങളോട് അനുരഞ്ജനപ്പെടണം. ഭൂമിയോടുള്ള ആദരവും പ്രകടിപ്പിക്കണം. അനുരഞ്ജനകൂദാശ സ്വീകരിച്ച് കുന്പസാരത്തിന്റെ മഹത്വം തിരിച്ചറിയാനും കർത്താവിന്റെ പാപമോചനം അനുഭവവേദ്യമാക്കാനുള്ള അവസരവുമാണ് ജൂബിലിവര്‍ഷം.
പ്രാര്‍ഥന
ശരിയായ ആത്മീയജീവിതത്തിലേക്കുള്ള മടക്കയാത്രയാണ് ജൂബിലിവര്‍ഷം. പ്രാര്‍ഥിക്കാന്‍ പഠിക്കുകയും മണിക്കൂറുകള്‍ പ്രാര്‍ഥനയില്‍ ചെലവഴിക്കുകയും പ്രാര്‍ഥന അനുഭവമാവുകയും ചെയ്യേണ്ടതാണ്. ദൈവസാന്നിധ്യത്തിലേക്കും ദൈവസ്നേഹത്തിലേക്കും ഹൃദയംതുറക്കുന്നതാണു പ്രാര്‍ഥന. പരിശുദ്ധാത്മാവാണു പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നത്. ജൂബിലിവര്‍ഷം തീര്‍ഥാടനകേന്ദ്രങ്ങളും ദൈവാലയങ്ങളും പതിവായി സന്ദര്‍ശിക്കുകയും ദിവ്യബലി, ദിവ്യകാരുണ്യാരാധന, ധ്യാനം മറ്റ് ആധ്യാത്മികപ്രവൃത്തികള് എന്നിവയില്‍ സജീവമായി പങ്കെടുത്ത് ആത്മീയജീവിതത്തെ പരിപോഷിപ്പിക്കണം.
ദണ്ഡവിമോചനം
ദണ്ഡവിമോചനം എന്നത് അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ്. വീണ്ടെടുപ്പിന്റെ ശുശ്രൂഷ എന്ന നിലയില്‍ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപം അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് ക്രിസ്തീയ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം ലഭിക്കുന്നത് (കാനോന്‍ 992). സഭ നിര്‍ദ്ദേശിക്കുന്ന ഭക്താനുഷ്ഠാനങ്ങളിലൂടെയും മാനസാന്തരത്തിലൂടെയുമാണ് ദണ്ഡവിമോചനം നേടിയെടുക്കാന്‍ സാധിക്കുന്നത്. ജൂബിലിവര്‍ഷം അനുരഞ്ജനകൂദാശ സ്വീകരിക്കുക, ദിവ്യബലിയില്‍ പങ്കുകൊണ്ട് പരിശുദ്ധകുര്‍ബാന സ്വീകരിക്കുക, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക, പാപത്തില്‍നിന്നു വിട്ടുനിൽക്കുക തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടാണ് ദണ്ഡവിമോചനം സ്വീകരിക്കേണ്ടത്.
പ്രത്യാശയുടെ പ്രവൃത്തികള്‍
ജൂബിലിവര്‍ഷം വിട്ടുകൊടുക്കലിന്റെയും സ്വാതന്ത്ര്യത്തിന്റെയും വര്‍ഷമായിരിക്കണം. ലോകമെമ്പാടും സമാധാനം സംസ്ഥാപിക്കാനും ജീവന് ഏതു സാഹചര്യത്തിലും സംരക്ഷിക്കപ്പെടാനും ഉത്തരവാദിത്വപൂര്‍ണമായ മാതൃത്വവും പിതൃത്വവും ഉറപ്പുവരുത്താനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. സാമ്പത്തികഭദ്രതയുള്ള രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളുടെ കടങ്ങള്‍ ഇളവുചെയ്തു കൊടുക്കണം, സമൂഹത്തിലെ അസന്തുലിതാവസ്ഥകള്‍, പ്രകൃതിവിഭവങ്ങളുടെ ആനുപാതികമല്ലാത്ത ഉപഭോഗം, പ്രകൃതിയുടെ ചൂഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തണം. സമൂഹത്തിന്റെ അതിര്‍വരമ്പുകളില്‍ കഴിയുന്നവരോട്, പ്രത്യേകിച്ച് തടവുകാര്‍, രോഗികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍, പ്രവാസികള്‍, വ്യത്യസ്ത വെല്ലുവിളികള്‍ നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവര്‍ എന്നിവരോട് അനുകമ്പ കാണിക്കുകയും അവരുടെ ജീവിതപ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയുംവേണം.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല
‘പ്രത്യാശ’യാണ് ഈ ജൂബിലിയുടെ സന്ദേശം. “റോമില്‍ വിശുദ്ധ കവാടം കടക്കാന്‍ കടന്നുവരുന്ന എല്ലാ തീര്‍ഥാടകരെയും പ്രാദേശികസഭകളില്‍ ജൂബിലിവര്ഷത്തില് പങ്കുചേരുന്ന എല്ലാ തീര്‍ഥാടകരെയും ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. ഈ ജൂബിലിവര്‍ഷം എല്ലാവര്ക്കും ‘നമ്മുടെ രക്ഷയുടെ കവാടമായ’ കര്‍ത്താവായ യേശുവിനെ യഥാര്‍ഥത്തില്‍ വ്യക്തിപരമായി കണ്ടുമുട്ടാനുള്ള അവസരമായിരിക്കട്ടേ. യേശുക്രിസ്തുവാണ് ‘നമ്മുടെ പ്രത്യാശ’യെന്ന് എല്ലാവരോടും എല്ലായിടത്തും എല്ലായ്പ്പോഴും പ്രഘോഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു” (ഫ്രാന്‍സിസ് പാപ്പ, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല).
(ലേഖകന്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനോന്‍ നിയമ പ്രഫസറും കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈസ് റെക്ടറുമാണ്)