ലോകമഹോത്സവം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
Monday, December 23, 2024 11:47 PM IST
ക്രിസ്മസ്! മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു (ദൈവ) കുഞ്ഞിന്റെ ആഗമനത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ഒത്തുചേരലിന്റെ ലോകമഹോത്സവം. ഏശയ്യായുടെ പ്രവചനം പോലെ “ഇരുളിലും മരണനിഴലിലും നടന്നിരുന്നവർ കണ്ട വെളിച്ചമാണ് ഈ ശിശു” (9:2). ലോകം തിരുപ്പിറവിക്കുള്ള ഒരുക്കത്തിലാണ്. ആഡംബരത്തിന്റെയും നിർമിതബുദ്ധിയുടെയുംവരെ പുൽക്കൂടുകൾ എല്ലായിടത്തും ഉയർന്നുകഴിഞ്ഞു. എന്നാൽ, അതിൽ പിറക്കാൻ ഉണ്ണികളുണ്ടോ എന്നത് മാനവരാശിയെയും സമൂഹത്തെയും സമുദായത്തെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്. ആളൊഴിഞ്ഞ വീടുകളും സൗധങ്ങളും പെരുകുന്ന നമ്മുടെ നാടിന്റെ സ്ഥിതിയും പഠനവിധേയമാക്കേണ്ടതുണ്ട് ഈ ക്രിസ്മസ് സീസണിൽ.
ഒരുവശത്ത് സന്തോഷവും രക്ഷയും പ്രതീക്ഷയും നൽകുന്ന ഒരു കുഞ്ഞിന്റെ ജനനം ആഘോഷിക്കപ്പെടുന്നു. മറുവശത്ത് സമൂഹത്തിന്റെതന്നെ ഭാവിയായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള താല്പര്യവും സമർപ്പണവും നഷ്ടപ്പെടുന്നു. ഇന്നു നമ്മൾ നേരിടുന്ന ‘സന്താന പ്രതിസന്ധി’ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തിരുപ്പിറവി ആഘോഷിക്കുന്പോൾ നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ ജനനവും അവരുടെ പ്രാധാന്യവും സമൂഹഭാവി രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്കും കണക്കിലെടുത്തേ മതിയാകൂ.
ഫെർട്ടിലിറ്റി നിരക്കുകൾ
ഒരു രാജ്യത്തിന്റെ ജനസംഖ്യാനിരക്കു കൂടുകയാണോ കുറയുകയാണോ എന്നു മനസിലാക്കുന്നത് ആ രാജ്യത്തെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് ടിഎഫ്ആർ (പ്രത്യുത്പാദന നിരക്ക്) കണക്കാക്കിയാണ്. സാമൂഹികശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് 2.1 ആണെങ്കിൽ മാത്രമെ ആ രാജ്യത്തെ ജനസംഖ്യ അതേനിരക്കിൽ നിൽക്കുകയുള്ളൂ.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആഗോള ജനസംഖ്യാവളർച്ചാനിരക്ക് വളരെ താഴ്ന്നനിലയിലാണ്. തായ്വാൻ (1.1), ദക്ഷിണ കൊറിയ (1.12), സിംഗപ്പുർ (1.17 ), യുക്രെയ്ൻ (1.22), ഹോങ്കോംഗ് (1.24), ഇറ്റലി (1.26), സ്പെയിൻ (1.3) എന്നീ രാജ്യങ്ങളിലെ ഫെർട്ടിലിറ്റി നിരക്കുകൾ ആശങ്കാജനകമാണ്. റോബോട്ടുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും പല രാജ്യങ്ങളും മാനവശേഷിക്കുറവിനാൽ ഇതിനോടകം ഏർപ്പെടുത്തിയിരിക്കുന്നു എന്ന യാഥാർഥ്യവും വിസ്മരിച്ചുകൂടാ. കുടുംബാസൂത്രണത്തിനു മുൻകൈയെടുത്ത ചൈനപോലും മനുഷ്യശേഷിയുടെ (മാൻപവർ) പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ ‘ഒറ്റക്കുട്ടി നയം’ വിവേകപൂർവം തിരുത്തിക്കഴിഞ്ഞു.
ഇന്ത്യയുടെ പ്രത്യുത്പാദന നിരക്കിലെ അനുപാതവും വ്യത്യസ്തമല്ല. 10 വർഷത്തിനിടെ ഫെർട്ടിലിറ്റി നിരക്ക് 20% കുറഞ്ഞതായാണ് റിപ്പോർട്ട്. 1971ൽ 5.28 ആയിരുന്ന ഫെർട്ടിലിറ്റി നിരക്ക് 2020ൽ 2.3 ആയി കുറഞ്ഞു. 2011ൽ 60 വയസും അതിനുമുകളിൽ പ്രായമുള്ളവരുടെയും അനുപാതം 8.6 ആയിരുന്നെങ്കിൽ 2050 ആകുന്പോഴേക്കും അത് 19.4 ആയി ഉയരുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെപോയാൽ പ്രായമായവരെ വേണ്ടവിധം പരിചരിക്കാനുള്ള ആളുകൾ ഇല്ലാതാവുന്ന അവസ്ഥയും സംജാതമാകും.
തൊഴിൽശേഷിയിലെ ഗണ്യമായ മാറ്റവും കണക്കിലെടുക്കേണ്ടതാണ്. അധ്വാനിക്കുന്നവരുടെ പ്രായത്തിലുള്ള ഇന്ത്യൻ ജനസംഖ്യ 2020ൽ 62.5 ശതമാനം ആയിരുന്നത് 2050 ആകുന്നതോടെ 55.6 ശതമാനം ആയി കുറയുമെന്നു നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. 2050 ഓടെ ഇന്ത്യയിലെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 1.29 മാത്രമായിരിക്കുമെന്ന ഞെട്ടിക്കുന്ന കണക്കാണു പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തു ജനസംഖ്യ കൂടിയെങ്കിലും ജനനനിരക്ക് കുറയുന്നതായാണ് റിപ്പോർട്ട്. കേരളത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആയിക്കഴിഞ്ഞു. 1992-1993ൽ ഇത് 2.0 ആയിരുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേപ്രകാരം നമ്മുടെ യുവജനങ്ങൾക്കിടയിലെ കുറയുന്ന വിവാഹനിരക്കും ആശങ്കാജനകമാണ്.
യുവജനങ്ങൾക്കിടയിലെ മാറ്റം
സാമൂഹികമാനദണ്ഡങ്ങളിലും മൂല്യശ്രേണിയിലും വന്നുകൊണ്ടിരിക്കുന്ന അതിവേഗമാറ്റങ്ങൾ നമ്മുടെ യുവജനങ്ങളിലും പ്രകടമാണ്. കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വിവാഹം വൈകുന്ന പ്രവണതയും നല്ല പ്രായത്തിലല്ലാത്ത ഗർഭധാരണങ്ങളും സമൂഹത്തിനു കാര്യമായ പ്രത്യാഘാതങ്ങൾ നൽകുന്നുണ്ട്. ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കണമെങ്കിൽ സ്ത്രീ-പുരുഷ ജൈവസാധ്യതകളുടെ യോജിച്ച സമയത്തുതന്നെ അതുണ്ടാകണം. അല്ലെങ്കിൽ, അതു തലമുറകളുടെ പ്രതിരോധശക്തിക്കുറവിനും അതിജീവനശേഷിക്കുറവിനും കാരണമാകും.
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള വൈമനസ്യം, ദീർഘകാല പ്രതിബദ്ധതയോടുള്ള മരവിപ്പ്, സ്വയം പര്യാപ്തത, സാന്പത്തിക കെട്ടുറപ്പ്, വ്യക്തിസ്വാതന്ത്ര്യം, വ്യക്തിവാദങ്ങൾ, സോഷ്യൽ മീഡിയ അടിമത്തം, പരന്പരാഗത ലിംഗപരമായ കാഴ്ചപ്പാടിൽ വന്നുകൊണ്ടിരിക്കുന്ന പരിണാമങ്ങൾ, ധാർമിക അടിത്തറയെക്കുറിച്ചുള്ള പൊളിച്ചെഴുതൽ പ്രവണതകൾ, ആഡംബരഭ്രമം, മാനസികാരോഗ്യത്തകർച്ച, അടിപൊളി സംസ്കാരം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കേരളത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാതണുപ്പിനു (Demographic Winter) കാരണമാകുന്നത്.
പ്രായമാകുന്ന ജനസംഖ്യ, കുറയുന്ന തൊഴിൽ സാധ്യത, സാമൂഹികസുരക്ഷാസംവിധാനങ്ങളുടെ പാളിച്ചകൾ എന്നിവയും ജനസംഖ്യാപരമായ ഭാവിയുടെ പ്രത്യാഘാതങ്ങളാണ്. ജനസംഖ്യയിലുള്ള കുറവ് ഭാഷയ്ക്കും സംസ്കാരത്തിനും കാര്യമായ സ്വാധീനം ചെലുത്തുമെന്നതിനു ചരിത്രം സാക്ഷി. ജനസംഖ്യ താഴുന്നതിനനുസരിച്ചു ഭാഷ സംസാരിക്കുകയും കൈകാര്യം ചെയ്യുന്നവരുടെയും എണ്ണം ക്രമാതീതമായി കുറയും. ഭാഷകളുടെ വൈവിധ്യവും അതിന്റെ ജൈവസാധ്യതയും താരതമ്യേന താഴേക്കു പോകും. ആൾബലമില്ലാതെ വരുന്പോൾ സ്വാഭാവികമായി കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷകളിലേക്ക് ആളുകൾ മാറേണ്ടിവരും. അങ്ങനെ ഭാഷ ഇല്ലാതാവുകയോ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയോ ചെയ്തേക്കാം. ഭാഷകൾ അപ്രത്യക്ഷമാകുന്പോൾ ഭാഷയോടു ബന്ധപ്പെട്ട സംസ്കാരവും പാരന്പര്യവും അതിലൂടെ നഷ്ടമാകും. സാംസ്കാരികമായ സന്പ്രദായങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കലാരൂപങ്ങളും വൈവിധ്യങ്ങളും നാട്ടാചാരങ്ങളും നാട്ടറിവുകളും അതിനെ സംരക്ഷിക്കുന്ന തിയറ്ററുകൾ, മ്യൂസിയങ്ങൾ, മറ്റു സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയും ക്രമേണ ഇല്ലാതാവും. അങ്ങനെ പല സമുദായങ്ങളും രാജ്യങ്ങളും ഭൂലോകത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കാം.
കാലോചിതമായ നടപടികൾ
എല്ലാവരും ഒത്തുചേർന്നുകൊണ്ടു നേരിടേണ്ട ഒരു സാമൂഹികപ്രതിസന്ധിയാണ് ജനസംഖ്യാനിരക്കിലെ കുറവ്. നയങ്ങളും സംരംഭങ്ങളും ബോധവത്കരണവും ക്ഷേമപദ്ധതികളും സാന്പത്തികസഹായവും തൊഴിൽസാധ്യതകളും നൽകി, ഈ സങ്കീർണപ്രശ്നത്തെ മുന്നിൽ കണ്ടുകൊണ്ട് കാലോചിതമായ നടപടികൾ സ്വീകരിക്കാൻ സമൂഹത്തിനു കഴിയണം.
കുട്ടികൾ കൂടുതലുള്ള കുടുംബങ്ങൾ പങ്കുവയ്ക്കലിനും വിട്ടുവീഴ്ചാമനോഭാവത്തിനും പാരസ്പര്യത്തിനും ഉത്തരവാദിത്വബോധത്തിനും വിളനിലങ്ങളാകും. അവിടെ സാമൂഹികപ്രതിബദ്ധതയും രാജ്യസ്നേഹവും സ്വാഭാവികമായി ഉണ്ടാകുകയും ചെയ്യും. കൂടുതൽ മക്കളെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക സാമുദായിക സംരംഭങ്ങൾ ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണ്. വിദ്യാഭ്യാസവും സാന്പത്തികവും വൈദ്യസഹായവും തൊഴിൽസാധ്യതയും നൽകിക്കൊണ്ടു ജീവനെ ബഹുമാനിക്കുകയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും കെട്ടുറപ്പായി മാറുമെന്നതിൽ സംശയമില്ല.
“ജനങ്ങളുടെ പ്രതീക്ഷയുടെ ആദ്യ സൂചിക ജനിക്കുന്ന കുട്ടികളുടെ എണ്ണമാണ്. കുട്ടികളും യുവാക്കളും ഇല്ലെങ്കിൽ രാജ്യത്തിന് അതിന്റെ ഭാവിയെക്കുറിച്ചുള്ള ആഗ്രഹം തന്നെയാണ് നഷ്ടപ്പെടുന്നത്” (ഫ്രാൻസിസ് പാപ്പാ). പുതുതലമുറ ജനിക്കാത്തത് വംശത്തിന്റെയും സംസ്കാരത്തിന്റെയും മരണമണി തന്നെയാണെന്നു നാം തിരിച്ചറിയണം.
കരോൾഗാനങ്ങൾ ആലപിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തുകൊണ്ട് നാം ക്രിസ്മസ് ആഘോഷിക്കുന്പോൾ ക്രിസ്മസിന്റെ യഥാർഥ അർഥം മറക്കരുത്. കുടുംബത്തിന്റെയും അതിൽ ജീവന്റെ സാധ്യതയുടെയും സംരക്ഷണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന ആഘോഷമായി അതിനെ മാറ്റണം. ലോകത്തിന്റെ ഭാവിയും പ്രത്യാശയുടെ തിരിനാളങ്ങളുമായ ഉണ്ണികൾ നമ്മുടെ ഹൃദയമാകുന്ന, കുടുംബമാകുന്ന, സമൂഹമാകുന്ന പുൽത്തൊട്ടികളിൽ പിറവി കൊള്ളട്ടെ. മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനുവേണ്ടി നമുക്കു പ്രതിജ്ഞാബദ്ധരാകാം.