എല്ലാവരുടെയും ലീഡര്‍
വി.ഡി. സതീശന്
Monday, December 23, 2024 3:51 AM IST
ചിത്രരചന പഠിക്കാന്‍ കണ്ണൂരില്‍നിന്നു തൃശൂരെത്തി കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതിയ ചാണക്യന്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാള്‍. അനുയായികള്‍ മാത്രമല്ല, എതിരാളികള്‍പോലും ലീഡര്‍ എന്നു വിളിച്ചിരുന്ന ഒരേയൊരാള്‍. കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തില്‍ ചേര്‍ത്തത് വി.ആര്. കൃഷ്ണന് എഴുത്തച്ഛനാണ്.
സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ അയച്ചതു രാഷ്ട്രീയ ഗുരുനാഥന് പനമ്പിള്ളി ഗോവിന്ദമേനോനും. കെ. കരുണാകരനു പകരംവയ്ക്കാന്‍ കേരളരാഷ്ട്രീയത്തില്‍ മറ്റൊരാളില്ല. കേരളത്തെയും കോണ്‍ഗ്രസിനെയും കൈപിടിച്ചുയര്‍ത്തിയ ലീഡര്‍. കെ. കരുണാകരന് എന്നതു കേരളത്തിന്റെ വികസന കാഴ്ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേരുകൂടിയാണ്.
കെ. കരുണാകരന് അധികാരത്തിലേക്ക് എടുത്തുയര്‍ത്തപ്പെട്ടതല്ല, പോരാടി നേടിയതാണ്. തന്റെ രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണു ലീഡര്‍ പ്രവര്‍ത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരുകാലത്തും തളര്‍ത്തിയിട്ടില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാന്‍ ലീഡര്‍ക്ക് അസാമാന്യശേഷിയുണ്ടായിരുന്നു.
1952ലും 1954 ലും 1965 ലും നിയമനിര്‍മാണസഭയുടെ ഭാഗമായെങ്കിലും നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് അദ്ദേഹത്തിന് അവസരം ലഭിച്ചത് 1967 ലാണ്. അന്ന് ഒന്‍പതംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി കെ. കരുണാകരനെ നേതാവായി തെരഞ്ഞെടുത്തു.
അദ്ദേഹം പ്രതിപക്ഷ നേതാവായി. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പ്രസക്തമായ രാഷ്ട്രീയകക്ഷികളുടെ കൂട്ടായ്മകളും മുന്നണിരാഷ്ട്രീയവും രാജ്യത്ത് ആദ്യമായി കണ്ടത് കേരളത്തിലാണ്. അത്തരമൊരു പരീക്ഷണം നടത്തി വിജയിപ്പിച്ച നേതാവായിരുന്നു കെ. കരുണാകരന്. സംസ്ഥാന രൂപീകരണം മുതല്‍ 1980 കള്‍ വരെ കേരളം കണ്ടതിലേറെയും അസ്ഥിരമായ സര്‍ക്കാരുകളെയാണ്. കെ.കരുണാകരന് എന്ന, കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്റെ ആശയമായിരുന്നു യുഡിഎഫ്. 1982ല്‍ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.
അടിമുടി കോണ്ഗ്രസുകാരനായിരിക്കുന്പോഴും, രാഷ്ട്രീയ എതിരാളികളെ ഒരു ദയയുമില്ലാതെ വിമര്‍ശിക്കുന്പോഴും ജാതിമത പരിഗണനകളൊന്നുമില്ലാതെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയ നേതാവായിരുന്നു ലീഡര്‍. ഏവര്‍ക്കും സ്വീകാര്യന്‍. കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയില്‍ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്റെ ഉറച്ച ഭക്തന്. പക്ഷേ എല്ലാ ജാതിമത വിശ്വാസികള്‍ക്കും ഒരുപോലെ സ്വീകാര്യന്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നയാള്‍.
ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന കെ. കരുണാകരന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്നു. എപ്പോഴും ഊര്ജസ്വലന്, തീരുമാനമെടുക്കുന്നതിലെ അസാമാന്യ വേഗം, അതു നടപ്പാക്കുന്നതിലെ ഇച്ഛാശക്തി... ഇതൊക്കെയായിരുന്നു ലീഡറെന്ന ഭരണാധികാരി. സംസ്ഥാനം ഇന്നു കാണുന്ന വികസനപദ്ധതികളില്‍ മിക്കതിലും ലീഡറുടെ കൈയൊപ്പുണ്ട്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, പരിയാരം മെഡിക്കൽ കോളജ് , ഗോശ്രീ പാലങ്ങള്‍ ഉള്‍പ്പെടെ എത്രയെത്ര പദ്ധതികള്‍. എതിര്‍പ്പുകളെ അതിജീവിച്ച് ലീഡര്‍ നേടിയെടുത്തതാണ് അതൊക്കെ. അന്ന് എതിര്‍ത്തവര്‍ പിന്നീട് ഈ വികസനപദ്ധതികളുടെ നേതൃത്വത്തില്‍ വരികയോ അതിന്റെ ഭരണം തട്ടിയെടുക്കുകയോ ചെയ്തു.
കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ നന്നായി പ്രോത്സാഹിപ്പിച്ച ഭരണാധികാരിയായിരുന്നു കെ. കരുണാകരന്. ഭരണപരമോ രാഷ്ട്രീയപരമോ ആയ ഏതു സങ്കീര്ണവിഷയത്തിലും ഞൊടിയിടയ്ക്കുള്ളില്‍ തീരുമാനങ്ങളെടുക്കാനുള്ള പ്രത്യേക വൈഭവം ലീഡര്‍ക്കുണ്ടായിരുന്നു. വിശ്വാസത്തിന്റെയും വിശ്വസിച്ചതിന്റെയും പേരില്‍ ലീഡര്‍ പഴി കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും തീരുമാനങ്ങളുടെ വേഗത്തെ ബാധിച്ചില്ല. അതിന്റെകൂടി ഗുണഫലം നമ്മള് ഇന്ന് അനുഭവിക്കുന്നുണ്ട്.
കെ. കരുണാകരന് എക്കാലത്തും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും കരുത്തും വികാരവുമാണ്. കേരളത്തിന് ഇനിയൊരു ലീഡറില്ല. ആ പേരിന് അവകാശി ഒരേയൊരാള്‍ മാത്രമാണ്. അതു കണ്ണോത്ത് കരുണാകരനാണ്. ബാക്കിയുള്ളവര്‍ അദ്ദേഹത്തിന്റെ അനുയായികളും ആ പാത പിന്തുടരുന്നവരും മാത്രം. ലീഡറുടെ ഓര്‍മകള്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം.