മുനമ്പം മോഡൽ വഖഫ് കൈയേറ്റം കേരളത്തിൽ വ്യാപകം?
ഡോ. സി.ആർ. കൃഷ്ണൻ
Monday, December 23, 2024 3:45 AM IST
വഖഫ് കൈയേറ്റത്തിന്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടക്കുന്ന ചർച്ചകളിൽ മുനമ്പം പ്രശ്നം മാത്രമാണ് പ്രാമുഖ്യം നേടുന്നത്. ചർച്ചകളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ചാവക്കാട്, തളിപ്പറമ്പ് എന്നിവിടങ്ങളിൽ മാത്രമല്ല, കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും മുനമ്പം മോഡൽ കൈയേറ്റ ഭീഷണി നിലനിൽക്കുന്നു.
കേരളത്തിൽ മാത്രമല്ല, രാജ്യത്താകെയും വഖഫിന്റെ ഭൂമി കൈയേറ്റം വ്യാപകമായി നിലവിലുണ്ട്. വഖഫ് സ്വത്തുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സെൻട്രൽ വഖഫ് കൗൺസിലിന്റെ വെബ് പോർട്ടലിൽ (‘വാംസി’: Waqf Asset Management System of India) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ആശങ്ക ബലപ്പെടുന്നു.
വഖഫ് അവകാശവാദം: രാജ്യത്തെ സ്ഥിതി
രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വഖഫ് അവകാശവാദങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. അവിടെ രണ്ടു വഖഫ് ബോർഡുകളാണുള്ളത്: 1. സുന്നി വഖഫ് ബോർഡ്; 2. ഷിയാ വഖഫ് ബോർഡ്. രണ്ടു വഖഫ് ബോർഡുകളും കൂടി 2,32,547 വസ്തുക്കളിലാണ് അവകാശവാദമുന്നയിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് പശ്ചിമബംഗാൾ - 80,548. ആറാം സ്ഥാനമാണ് കേരളത്തിനുള്ളത് - 53,297 എണ്ണം.
വഖഫ് കൈയേറ്റ ഭീഷണിയുടെ ഭീകരത രാജ്യം അറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. നമ്മുടെ തൊട്ടടുത്ത കർണാടകത്തിൽ കർഷകരുടെ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വഖഫ് ബോർഡ് സ്വന്തമാക്കിയതും തമിഴ്നാട്ടിലെ തിരുച്ചെന്തുറൈ ഗ്രാമമൊട്ടാകെ അതിലെ ക്ഷേത്രമടക്കം വഖഫ് സ്വത്താക്കി മാറ്റിയതും ഈയിടെയാണ് പുറത്തറിഞ്ഞത്.
കേരളത്തിലെ സ്ഥിതി
നമ്മുടെ സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് വഖഫ് ബോർഡ് ഏറ്റവും കൂടുതൽ വസ്തുക്കളിൽ അവകാശവാദം ഉന്നയിച്ചിട്ടുള്ളത് - 21,538 എണ്ണം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും - 132 എണ്ണം.
സംസ്ഥാനത്ത് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചിട്ടുള്ള 53,297 സ്ഥാവരവസ്തുക്കളുടെ തരംതിരിച്ചുള്ള പട്ടിക ഇപ്രകാരമാണ്: കൃഷിഭൂമി-10,826; പുരയിടം-28,222; വീട്-90; കട-762; സ്കൂൾ-169; പള്ളി-8,234; മദ്രസ-2,940; ദർഗ-36; ശ്മശാനം-706; മത്സ്യകുളം-3; ഈദ് ഗാഹ്-1.
തർക്കമുള്ള വസ്തുക്കളുടെ വിവരങ്ങൾ
വസ്തുക്കളുടെ തത്സ്ഥിതി (Present Status) സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ പരിശോധിക്കുമ്പോൾ, 1,006 വസ്തുക്കളിൽ വഖഫ് ബോർഡുമായി വസ്തുവിന്റെ ഉടമസ്ഥർക്ക് തർക്കമുണ്ട്. അതിന്റെ വ്യവഹാരം തുടർന്നുകൊണ്ടിരിക്കുകയാണ്.
വഖഫ് സംബന്ധിയായ 1,006 വസ്തു തർക്കങ്ങളിൽ പകുതിയിൽ കൂടുതൽ വസ്തുക്കളിലും (551 എണ്ണം) വഖഫ് ബോർഡിന്റെ കേസ് നടക്കുന്നത് മുസ്ലിം സമുദായത്തിലുൾപ്പെട്ട ഉടമസ്ഥർക്കെതിരേയാണ്! ബാക്കിയുള്ള 455 വസ്തുക്കളിൽ മാത്രമാണ് ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ഉടമസ്ഥരുമായി കേസ് നിലവിലുള്ളത്! നിലവിലുള്ള വഖഫ് നിയമവ്യവസ്ഥകൾ മൂലം രാജ്യത്തുടനീളം ഏറ്റവുമധികം ദ്രോഹമനുഭവിക്കുന്നത് മുസ്ലിം സമുദായാംഗങ്ങളാണെന്നതാണ് യാഥാർഥ്യം. ഈ വസ്തുത, വഖഫ് നിയമ ഭേദഗതി മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാനാണ് എന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
തത്്സ്ഥിതി വിവരങ്ങൾ ലഭ്യമല്ലാത്ത വസ്തുക്കണക്കുകൾ
കേരളത്തിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചിട്ടുള്ള 53,297 വസ്തുവകകളിൽ 52,111 വസ്തുക്കളെ സംബന്ധിച്ചും തത്സ്ഥിതി വിവരങ്ങൾ ലഭ്യമല്ല! ഈ വിവരം അങ്ങേയറ്റം ആശങ്കാജനകമാണ്. തത്സ്ഥിതി വിവരങ്ങൾ ലഭ്യമല്ലാത്ത അരലക്ഷത്തിലധികം വസ്തുക്കൾ കേരളത്തിലങ്ങോളമിങ്ങോളം ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ വ്യാപിച്ചു കിടക്കുകയാണ്. ഈ വസ്തുക്കളിൽ, ബഹുഭൂരിഭാഗവും അതതുപ്രദേശത്തെ ആളുകൾ തലമുറകളായി കൈമാറി കൈവശംവച്ച് അനുഭവിക്കുന്നതും വിലകൊടുത്തു തീറാധാരം ചെയ്ത് സ്വന്തമാക്കിയതുമായിരിക്കും. തങ്ങളുടെ സ്വത്തിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ടുള്ള വിവരം അറിയാത്തവരാണ് ഇവരെല്ലാവരും തന്നെ.
ഈ വിവരത്തിൽ പതിയിരിക്കുന്ന അപകടം നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത നമ്മുടെ മുന്നിലുണ്ട്. മുനമ്പത്തുള്ള 610 ആധാരങ്ങളുടെ ഉടമസ്ഥരും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം (title) വഖഫ് ബോർഡിന്റെ പേരിലാക്കിയ വിവരം അറിഞ്ഞിരുന്നില്ല. ഭൂനികുതി അടക്കുവാൻവേണ്ടി റവന്യു അധികാരികളെ സമീപിച്ചപ്പോൾ നികുതി അടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുനമ്പത്തുകാർ, തങ്ങൾ അപകടത്തിലാണെന്നു മനസ്സിലാക്കുന്നത്. മുനമ്പത്തെ ക്രിസ്ത്യൻ ആരാധനാലയം നിലകൊള്ളുന്ന സ്ഥലവും വഖഫ് അവകാശമുന്നയിച്ച ഭൂമിയിലാണെന്നു മനസ്സിലാക്കുന്നതും അപ്പോഴാണ്.
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചിട്ടുള്ള മുഴുവൻ വസ്തുക്കളും (തത്സ്ഥിതി വിവരങ്ങളുള്ളതും ഇല്ലാത്തതും ഉൾപ്പെടെ) വ്യക്തമായ പരിശോധനയ്ക്കു വിധേയമാക്കിയാൽ ഒട്ടേറെ മുനമ്പംമോഡൽ വഖഫ് കൈയേറ്റങ്ങൾ പുറത്തുവരും.
വഖഫ് കൈയേറ്റം കണ്ടുപിടിക്കാൻ
1. ഓരോ പ്രദേശത്തും ബഹുജനസംഘടനകളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന സമിതി ഉണ്ടാക്കുക. സമിതിയംഗങ്ങളുടെ കൂട്ടായ പ്രവർത്തനം കൊണ്ടുമാത്രമേ ബൃഹത്തായ ഇത്തരം പ്രവർത്തനം ഫലപ്രദമായി പൂർത്തിയാക്കാനാകൂ.
2. വഖഫ് ബോർഡുമായി വ്യവഹാരത്തിലുള്ള വസ്തുക്കളുടെയും തത്സ്ഥിതി സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത വസ്തുക്കളുടെയും ജില്ല തിരിച്ചുള്ള കണക്കുകൾ ഈ ലേഖനത്തിലെ ഇൻഫോഗ്രാഫിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതതു ജില്ലകളിലുള്ള സന്നദ്ധപ്രവർത്തകർ ഈ വിവരങ്ങൾ ശ്രദ്ധയോടെ പരിശോധിക്കണം.
3. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം (title) യാതൊരു രേഖകളുമില്ലാതെ, ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ, വഖഫിന്റേതാക്കി മാറ്റുന്ന വഖഫ്നിയമവ്യവസ്ഥയിലെ ചതിക്കുഴികളെക്കുറിച്ച് സമിതിയിലെ അംഗങ്ങൾ മനസിലാക്കണം; സ്വന്തം ഗ്രാമത്തിലും നഗരപ്രദേശത്തും അപകടം തിരിച്ചറിയാതെ കഴിയുന്നവരെ പറഞ്ഞു മനസിലാക്കണം.
4. വെബ് പോർട്ടലിൽനിന്നു വിവരം ശേഖരിക്കണം. വാംസി പോർട്ടലിൽ ഓരോ റവന്യു ജില്ലയുടെ ലിങ്കിൽ നിന്നും അതതു ജില്ലയിൽ ഉൾപ്പെടുന്ന സബ്ജില്ലയിലേക്ക് (Sub District) പോകാൻ സാധിക്കും. സബ്ജില്ലയിൽ നിന്നും അതിനു കീഴിൽ വരുന്ന നഗര/ഗ്രാമത്തിലേക്ക് (Town / Village) പോകാൻ കഴിയും. ഇനി അതതു നഗര/ഗ്രാമപ്രദേശങ്ങളുടെ ലിസ്റ്റിൽ നിന്നു നിങ്ങളുടെ വസ്തുക്കൾ ഉൾപ്പെടുന്ന നഗര/ഗ്രാമത്തിന്റെ നേർക്ക് നൽകിയിട്ടുള്ള വസ്തുക്കളുടെ പ്രാഥമികവിവരങ്ങളും തുടർന്ന്, ആ വസ്തുവിന്റെ റിപ്പോർട്ട് കാർഡും ലഭിക്കും.
5. ഓരോ വസ്തുവിന്റെയും റിപ്പോർട്ട് കാർഡിലെ വിവരങ്ങൾ റവന്യു രേഖകളുമായി ഒത്തുനോക്കുകയും അതിനുശേഷം, വസ്തുവിന്റെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുകയും വേണം. ഇത്തരത്തിലുള്ള വെരിഫിക്കേഷനിലൂടെ മാത്രമെ വസ്തുക്കളിൽ കൈവശാവകാശമോ, ഉടമസ്ഥാവകാശമോ ഉള്ളവർക്ക് വഖഫ് കൈയേറ്റ ഭീഷണി നിലവിലുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവുകയുള്ളൂ.
ഫിസിക്കൽ വെരിഫിക്കേഷന്റെ പ്രാധാന്യം മനസിലാക്കാൻ ഒരു ഉദാഹരണം എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ട്. മുനമ്പം പ്രശ്നത്തെ തുടർന്ന് ആ പ്രദേശത്തുള്ളവർ വാംസി പോർട്ടൽ പരിശോധിച്ചപ്പോൾ വഖഫ് പ്രോപ്പർട്ടി ഐഡി നമ്പർ KL-010670 പ്രകാരം ചെല്ലാനത്തുള്ള ഒരു വസ്തുവിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി. നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് എന്നാണ് വസ്തുവിന്റെ പേരായി ചേർത്തിട്ടുള്ളത്. അവർ നടത്തിയ പരിശോധനയിൽ ചെല്ലാനത്ത് അങ്ങനെയൊരു മസ്ജിദ് ഇല്ല എന്നു കണ്ടെത്തി. തുടർന്ന് ഇടക്കൊച്ചിയിലുള്ള മസ്ജിദിൽ പോയി മനേജരുമായി ബന്ധപ്പെട്ട് പരാതി എഴുതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതുവരെ വാംസിയുടെ പോർട്ടലിൽ നിന്നും തെറ്റായ അവകാശവാദം നീക്കിയിട്ടില്ല.
6. പരിശോധനയിൽ കണ്ടെത്തുന്ന വഖഫ് കയ്യേറ്റത്തിന്റെ ഇരകൾക്കു പ്രശ്നം പരിഹരിക്കുന്നതുവരെ നിയമസഹായവും പിന്തുണയും മേൽപ്പറഞ്ഞ കൂട്ടായ പ്രവർത്തനത്തിലൂടെ ഉറപ്പുവരുത്തണം.
7. ശാശ്വത പരിഹാരത്തിനായി അതതു പ്രദേശത്തുള്ള ജനപ്രതിനിധികളെ കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കുകയും വഖഫ് നിയമത്തിലെ കിരാത വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായ നിലപാടെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിനെല്ലാം ജാഗ്രതയോടെയുള്ള കൂട്ടായ പ്രവർത്തനം കൂടിയേ തീരൂ.