രാജ്യത്തിന്റെ ഉറച്ച അടിത്തറ
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Monday, December 23, 2024 3:36 AM IST
‘ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തഞ്ചു വർഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തെക്കുറിച്ചു കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെയും കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ ഗ്രൂപ്പിന്റെയും ഭരണഘടനയോടുള്ള സമീപനത്തിന്റെ കടുത്ത വ്യത്യാസങ്ങൾ കണ്ടു. ഇതൊട്ടും അദ്ഭുതപ്പെടുത്തുന്നതായിരുന്നില്ല. പത്തുവർഷംമുന്പ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ പ്രധാന വിഷയങ്ങളിൽ ഈ രണ്ടു മുഖ്യ കൂട്ടുകെട്ടുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പതിവായിരുന്നു.
‘ഇന്ത്യൻ ഭരണഘടനയുടെ എഴുപത്തഞ്ചുവർഷത്തെ മഹത്തായ യാത്ര’യെക്കുറിച്ചു പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു മറുപടി പറയവെ, ഭരണഘടനയെ കോൺഗ്രസ് സ്വകാര്യസ്വത്തുപോലെയാണു കരുതിയതെന്നും മുസ്ലിംവോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ഇടയ്ക്കിടെ ഭേദഗതികൾ വരുത്തിയെന്നും കുറ്റപ്പെടുത്തിയിരുന്നു. “അവർ (നെഹ്റു-ഗാന്ധി കുടുംബം) പാർട്ടിയെ സ്വകാര്യസ്വത്തായി കരുതിയെന്നു മാത്രമല്ല, ഭരണഘടനയെ അവരുടെ സ്വകാര്യ കുത്തകയാക്കുകയും ചെയ്തു”- അമിത് ഷാ കൂട്ടിച്ചേർത്തു.
അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ... എന്നു പറയുന്നത് ഫാഷനായെന്നും അമിത് ഷാ പറഞ്ഞു. ഇത്രയുംതവണ ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ സ്വർഗത്തിൽ അവർക്കു സ്ഥാനം ഉറപ്പായിരുന്നു...1953ൽ ഒബിസി സംവരണത്തിനായി കാക്ക കലേക്കർ കമ്മീഷനു രൂപം നൽകി. എങ്കിലും അതിന്റെ റിപ്പോർട്ട് എവിടെയും കണ്ടെത്താനായില്ല.
കമ്മീഷന്റെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ മണ്ഡൽ കമ്മീഷൻ രൂപീകരിക്കേണ്ടിവരില്ലായിരുന്നു. റിപ്പോർട്ട് 1980ൽ പുറത്തുവന്നു. പക്ഷേ, കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തോറ്റ് അധികാരത്തിൽനിന്നു പുറത്തായശേഷമാണ് അതു നടപ്പാക്കാൻ കഴിഞ്ഞത്. നെഹ്റുവിന്റെ ഭരണത്തിനും കോൺഗ്രസ് സർക്കാരിന്റെ വിവിധ നയങ്ങൾക്കും എതിരേയുള്ള ആക്രമണം അമിത് ഷാ തുടർന്നു.
തിരിച്ചടിച്ച് പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണവും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. ഒരു ദളിത് വിഗ്രഹത്തെ ആഭ്യന്തരമന്ത്രി പരിഹസിച്ചതു നമ്മുടെ രാജ്യത്തിന്റെ ദൗർഭാഗ്യമാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിക്കു ഭരണഘടനയോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കിൽ, അംബേദ്കറെ അപമാനിച്ചതിനു രായ്ക്കുരാമാനം ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ, അദ്ദേഹത്തിന്റെ എല്ലാ അവകാശവാദങ്ങളും ആർഎസ്എസ് നേതാക്കളുടേതുപോലെ വെറും നാട്യം മാത്രമായി തോന്നും.
ഭരണഘടനയിലല്ല, മനുസ്മൃതിയിലാണ് ബിജെപി വിശ്വസിക്കുന്നതെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. എക്സിൽ പ്രധാനമന്ത്രിയിട്ട പോസ്റ്റുകൾ പരാമർശിച്ചു ഖാർഗെ പറഞ്ഞു: “എന്താണതിന്റെ ആവശ്യം? അംബദ്കറെ അവഹേളിച്ചയാളെ നിങ്ങൾ പുറത്താക്കണമായിരുന്നു. എന്നാൽ മോദിയും ഷായും അടുത്ത സുഹൃത്തുക്കളായതിനാൽ പരസ്പരം ദുഷ്പ്രവൃത്തികളെ പിന്തുണയ്ക്കുന്നു.”
“അവർ നേരത്തേ പറഞ്ഞതു ഭരണഘടന മാറ്റുമെന്നാണ്. അവർ അംബേദ്കർക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും എതിരാണ്. അംബേദ്കറുടെ സംഭാവനകളെയും ഭരണഘടനയെയും തീർക്കാനാണ് അവരുടെ എല്ലാശ്രമവും.” - ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ രാജ്യസഭയിൽ അമിത് ഷായ്ക്കെതിരേ അവകാശലംഘനപ്രമേയം കൊണ്ടുവന്നു.
ഒരുപക്ഷേ, നിരവധി അംബേദ്കർ അനുയായികളുടെ വോട്ടിനെ പ്രത്യാഘാതങ്ങൾ ബാധിച്ചേക്കുമെന്നതിനാലായിരിക്കും, ഉന്നത ബിജെപി നേതാക്കളുടെ പ്രതികരണം ഉടൻവന്നു.
സമൂഹമാധ്യമമായ എക്സിലെ പോസ്റ്റുകളുടെ പരന്പരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു: കോൺഗ്രസിന്റെ ജീർണിച്ച പരിസ്ഥിതിക്കും അതിന്റെ ദുഷിച്ച നുണകൾക്കും അവരുടെ ദുഷ്പ്രവൃത്തികൾ മറയ്ക്കാൻ കഴിയില്ല.
പ്രതിപക്ഷം അമിത് ഷാ അവതരിപ്പിച്ച വിവരങ്ങൾ കേട്ടു ശരിക്കും ഞെട്ടിപ്പോയി. അതുകൊണ്ടാണ് അവരിപ്പോൾ നാടകം കളിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം സങ്കടകരമെന്നു പറയട്ടെ, ജനങ്ങൾ സത്യമറിഞ്ഞു. ഡോ.അംബേദ്കറുടെ കാര്യത്തിൽ ഞങ്ങളുടെ ആദരവ് പൂർണമാണ്. അംബേദ്കറുടെ പാരന്പര്യത്തെ തുടച്ചുനീക്കാനും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളെ അവഹേളിക്കാനും സാധ്യമായ എല്ലാ വൃത്തികെട്ട തന്ത്രങ്ങളിലും ഒരു രാജവംശം (നെഹ്റു-ഗാന്ധി കുടുംബത്തെ പരാമർശിച്ച്) നയിച്ച പാർട്ടി മുഴുകിയതെങ്ങനെയെന്നത് ജനങ്ങൾ വീണ്ടുംവീണ്ടും കണ്ടിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഒന്നല്ല, രണ്ടുതവണ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതും അംബേദ്കർക്കെതിരായ കോൺഗ്രസ് പാപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ, ജവഹർലാൽ നെഹ്റു അദ്ദേഹത്തിനെതിരേ പ്രചാരണം നടത്തുകയും അദ്ദേഹത്തിന്റെ തോൽവി അഭിമാനപ്രശ്നമാക്കുകയും ചെയ്തു. അദ്ദേഹത്തിനു ഭാരതരത്ന നിഷേധിച്ചു, അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ അഭിമാനകരമായ സ്ഥാനത്തു വയ്ക്കാൻപോലും അനുവദിച്ചില്ല തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു.
എസ്സി, എസ്ടി സമുദായങ്ങൾക്കെതിരായ ഏറ്റവും മോശമായ കൂട്ടക്കൊല നടന്നത് അവരുടെ കാലത്താണെന്നത് എത്ര ശ്രമിച്ചാലും കോൺഗ്രസിനു നിഷേധിക്കാനാകില്ല. നീണ്ടകാലം അധികാരത്തിലിരുന്നിട്ടും എസ് സി,എസ് ടി സമുദായങ്ങളെ ശക്തീകരിക്കാൻ ഗണ്യമായി ഒന്നും ചെയ്യാനായിട്ടില്ല. “നമ്മൾ എന്താണോ, അങ്ങനെയായത്” അംബേദ്കർ കാരണമാണെന്നും മോദി പറഞ്ഞു. അംബേദ്കറുടെ കാഴ്ചപ്പാട് നടപ്പാക്കാനും ആ മഹദ് വ്യക്തിത്വത്തെ ആദരിക്കാനും തന്റെ സർക്കാർ നടപ്പാക്കിയ കാര്യങ്ങളുടെ നീണ്ട പട്ടിക എടുത്തുകാട്ടുകയും ചെയ്തു.
അംബേദ്കറുടെ ദർശനം സാർഥകമാക്കാൻ കഴിഞ്ഞ ദശകത്തിൽ തന്റെ സർക്കാർ അക്ഷീണം പ്രയത്നിച്ചെന്നും മോദി പറഞ്ഞു. ഏതു മേഖലയെടുത്താലും - 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നകറ്റുന്നതും, എസ്സി, എസ്ടി നിയമം ശക്തിപ്പെടുത്തുന്നതും, സർക്കാരിന്റെ മുൻനിര പരിപാടികളായ സ്വച്ഛ് ഭാരത്, പിഎം ഭാരത് യോജന, ജൽജീവൻ മിഷൻ, ഉജ്വല യോജന തുടങ്ങിയവയും തെളിവാണ്. ഇതിലോരോന്നും പാവങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തെ സ്പർശിക്കുന്നതാണ്.
ഡോ. അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന സ്ഥലങ്ങളെ (പഞ്ചതീർഥ്) വികസിപ്പിക്കുന്നതിലും തന്റെ സർക്കാർ പരിശ്രമിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. അംബേദ്കറെ സംസ്കരിച്ച ചൈത്യഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്നു മാത്രമല്ല. ഞാൻ അവിടെ പോയി പ്രാർഥിക്കുകയും ചെയ്തു, മോദി പറഞ്ഞു. അംബേദ്കർ അവസാന വർഷങ്ങൾ ചെലവഴിച്ച 26 ആലിപ്പുർ ഭവനം വികസിപ്പിച്ചു. ലണ്ടനിൽ അദ്ദേഹം താമസിച്ച വീടും സർക്കാർ ഏറ്റെടുത്തു, മോദി ചൂണ്ടിക്കാട്ടി.
ചില വിഷയങ്ങളെച്ചൊല്ലി എൻഡിഎ, ഇന്ത്യ മുന്നണി നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിനു പുറമെ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട രണ്ടുദിവസത്തെ ചർച്ച അംബേദ്കറെപ്പറ്റിയുള്ള അമിത് ഷായുടെ പരാമർശങ്ങളെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിനും വഴിയൊരുക്കി. രണ്ടു സഭകളും അനിശ്ചിതകാലത്തേക്കു പിരിയുകയും ചെയ്തു.
ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികം ഇന്ത്യക്ക് അഭിമാനകരമായ കാര്യമാണ്. കാരണം, വളരെക്കുറച്ച് കൊളോണിയൽ രാജ്യങ്ങൾക്കേ ജനാധിപത്യം ഉയർത്തിപ്പിടിച്ചു ഭരണം നടത്താനായിട്ടുള്ളൂ. അതു ഭരണഘടന എഴുതിയ ഡോ. അംബേദ്കറുടെ ജ്ഞാനത്തെയും കാഴ്ചപ്പാടിനെയും കുറിച്ചും ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളുടെ വിലയേറിയ സംഭാവനകളെക്കുറിച്ചും ഏറെ സംസാരിക്കുന്നുണ്ട്.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ പലരും ഇപ്പോൾ കുറ്റം ചാർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അന്നത്തെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദുമായും തുടർന്നു വന്ന എസ്. രാധാകൃഷ്ണനുമായും ചേർന്ന് അദ്ദേഹം സ്ഥാപിച്ച അടിത്തറയാണ് പിന്തുടർച്ചയ്ക്കുള്ള മാർഗനിർദേശ നടപടിക്രമങ്ങളിലേക്കു വഴിതെളിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യം സ്വാതന്ത്ര്യം തരുന്പോൾ നെഹ്റുവിനു വളരെക്കുറച്ച് വിഭവങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇന്നു വളരെക്കുറച്ചു പേരേ മനസിലാക്കുന്നുള്ളൂ. നെഹ്റുവിനു വഴികാട്ടികളായി പ്രസിഡന്റ് രാജേന്ദ്രപ്രസാദും ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭുവും പിന്നീട് സി. രാജഗോപാലാചാരിയും ആദ്യ മന്ത്രിസഭാ സഹപ്രവർത്തകരുമുണ്ടായിരുന്നു.
നെഹ്റുവിന്റെ കാബിനറ്റ്
ഒരർഥത്തിൽ നെഹ്റുവിന്റെ കാബിനറ്റ് സമാനതകളില്ലാത്തതായിരുന്നു. അതിൽ അഞ്ചുപേർ കോൺഗ്രസുകാരല്ലായിരുന്നു, മറ്റു പാർട്ടി അംഗങ്ങളായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ച ഡോ. ബി.ആർ. അംബേദ്കറും അതിലുണ്ടായിരുന്നു; ജനസംഘം സ്ഥാപിച്ച ശ്യാമപ്രസാദ് മുഖർജിയും. ജസ്റ്റീസ് പാർട്ടിയിൽനിന്നു ഷൺമുഖം ചെട്ടിയുമുണ്ടായിരുന്നു. കൂടാതെ, സ്വതന്ത്രപാർട്ടിയിൽനിന്നു രാജഗോപാലാചാരിയും.
റാഫി അഹമ്മദ് കിദ്വായ് കിസാൻ മസ്ദൂർ പാർട്ടിയിൽനിന്നായിരുന്നു. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന സി.എച്ച്. ഭാഭയാകട്ടെ ബിസിനസുകാരനും. മതേതര പ്രാതിനിധ്യവും ശ്രദ്ധേയമായിരുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാർസി, ദളിത് പ്രതിനിധികളുമുണ്ടായിരുന്നു. വനിതയായി രാജ്കുമാരി അമൃത് കൗറും. മന്ത്രിസഭയുടെ വലിപ്പവും പ്രത്യേകം ശ്രദ്ധിക്കണം - വെറും 12 പേർ. പ്രധാന കുറവ് വടക്കുകിഴക്കൻ പ്രദേശത്തുനിന്നും ഗോത്രവിഭാഗത്തിൽനിന്നും പ്രതിനിധികളില്ലായിരുന്നു എന്നതാണ്.
വിവിധ പ്രശ്നങ്ങൾക്കിടയിലും സ്വതന്ത്ര ഇന്ത്യക്ക് 1947ൽത്തന്നെ ഉറച്ച അടിത്തറയുണ്ടായിരുന്നു. ഇന്നത്തെ വെല്ലുവിളികളെ നേരിട്ട് ജനാധിപത്യരാജ്യമായിത്തന്നെ അതു തുടരുകയും ചെയ്യുന്നു. അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. അതെ, ചിലതോ പലതോ ആയ തെറ്റുകുറ്റങ്ങൾ ഉണ്ടായിരിക്കാം, അത് സ്വതന്ത്രമായ സമൂഹത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്യാം. താത്കാലികമായ പ്രശ്നങ്ങളുണ്ടെങ്കിലും സ്വാതന്ത്ര്യം അതിജീവിക്കുന്നു എന്നതാണ് സുപ്രധാനമായ കാര്യം. ഇന്ദിരാഗാന്ധിക്കുപോലും അടിയന്തരാവസ്ഥാ ദിനങ്ങളിൽനിന്നു രാജ്യത്തെ സ്വതന്ത്രസമൂഹത്തിലേക്കു നയിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. ഉറച്ച അടിത്തറയുടെ നേട്ടമാണിത്.