ഇതാണ് ഇടതുമുന്നണി!
അനന്തപുരി / ദ്വിജൻ
Sunday, December 22, 2024 2:18 AM IST
കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപി അവരുടെ മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. ഇടതുമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ തികച്ചും ന്യായമായ അവകാശം അംഗീകരിക്കാത്തതില്‍ മുന്നണിയിലെ ഘടകക്ഷികളാരും കമാന്ന് ഒരക്ഷരം ഉരിയാടുന്നുമില്ല. പഴുത്തില വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കരുതെന്ന കാരണവന്മാരുടെ ചൊല്ല് ഓര്‍ക്കുന്നതു നന്ന്. ഘടകകക്ഷികളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നണിയിലെ ഏതാനും കക്ഷികള്‍ ഒന്നിച്ചുനിന്നു പോരാടുന്നതു കേരളം കണ്ടിട്ടുണ്ട്. 1967ലെ ഐക്യമുന്നണിയില്‍ ഇങ്ങനെ പോരാടിയവര്‍ പിന്നീടു കുറുമുന്നണിയായി. സിപിഎമ്മിനെ വലിച്ചിട്ട് മന്ത്രിസഭ വരെ ഉണ്ടാക്കി. വല്യേട്ടന്റെ ധിക്കാരത്തില്നിന്നു രക്ഷപ്പെടാന്‍ ഇത്തരം കുറുമുന്നണികള്‍ നല്ലതാണ്.
കേരളത്തിലെ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ള വിലയുടെ നേരടയാളമായി എന്‍സിപിയുടെ മന്ത്രിസംഭവം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുന്നണിയില്‍ ഘടകക്ഷികള്‍ക്കുള്ള വിലയുടെ നേര്‍ചിത്രം. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചു പറയുന്നു, മറ്റുള്ളവര്‍ അനുസരിക്കുന്നു.ഘടകകക്ഷി എന്ന നിലയില്‍ തങ്ങള്‍ അനുഭവിക്കുന്നതെല്ലാം മുഖ്യമന്ത്രിയുടെ ഔദാര്യമാണെന്നു കരുതുന്നവര്‍ക്ക് അപമാനിക്കപ്പെടുന്ന ഒരു ഘടകക്ഷിയെ എങ്ങനെ സഹായിക്കാനാകും?
പിണറായിക്ക് ഇടതുമുന്നണിയില്‍ മാത്രമല്ല, സിപിഎമ്മിലും ഉള്ള മേധാവിത്വം ഒരിക്കല്‍കൂടി തെളിയുന്നു. പിണറായിയെ പാര്‍ട്ടിയുടെ ദേശീയനേതാവ് പ്രകാശ് കാരാട്ട് വഴി സ്വാധീനിക്കാന്‍ ശരദ് പവാറിലൂടെ നടത്തിയ നീക്കമാണ് ഇപ്പോള്‍ പൊളിയുന്നത്. പിണറായിക്ക് എന്ത് പോളിറ്റ് ബ്യൂറോ? എന്ത് ദേശീയ സെക്രട്ടറി? അദ്ദേഹം തീരുമാനിക്കും; ദേശീയ സെക്രട്ടറി അനുസരിക്കും. ബംഗാളിലെ ജ്യോതിബസുവിനെപ്പോലെ ഉയരത്തിലായിരിക്കുന്നു അദ്ദേഹം. എല്ലാവരും അനുസരിക്കുന്ന നേതാവ്. ചന്ദന്‍ ബസുമാര് കേരളത്തിലും പ്രബലരാകുന്നു. ബംഗാളിലെ പാര്‍ട്ടിയുടെ ഗതിയാകുമോ പാര്‍ട്ടിയെ കാത്തിരിക്കുന്നത് എന്നതാണു സംശയിക്കുന്നത്.
ഇടതുമുന്നണിയിലെ ഘടകക്ഷിയായിരുന്ന ജനതാദള്‍ യുവിന്റെ കോഴിക്കോട് ലോക്സഭാ സീറ്റ് 2009ലും, ആര്‍എസ്പിയുടെ കൊല്ലം സീറ്റ് 2014ലും സിപിഎം പിടിച്ചെടുക്കുകയും അവര്‍ക്കു മുന്നണി വിടേണ്ടിവരികയും ചെയ്ത കാലത്ത് ഇവര്‍ക്കുവേണ്ടി വാദിക്കാതിരുന്നതും, അവര്‍ ഇടതുമുന്നണി വിടുന്നതു തടയാതിരുന്നതും തെറ്റായിപ്പോയെന്ന് പില്ക്കാലത്ത് സിപിഐ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത സീറ്റുകളില്‍ സിപിഎമ്മിന് ഒരിക്കലും വിജയിക്കാനായില്ല എന്നതു ചരിത്രം.
എം.പി. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യു പത്തുവര്‍ഷത്തെ ജനാധിപത്യമുന്നണി വാസത്തിനുശേഷം 2018ല്‍ വീണ്ടും തിരികെ ഇടതുമുന്നണിയിലെത്തി കടിച്ചുതൂങ്ങി തുടരുന്നു. ആര്‍എസ്പി പക്ഷേ ജനാധിപത്യ മുന്നണിയിലുണ്ട്. അവര്‍ക്ക് ജനാധിപത്യമുന്നണിയുടെ സഹായത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നും നേടാനായില്ല. നേരത്തേ ഉണ്ടായിരുന്ന ഒമ്പത് നിയമസഭാ സീറ്റുകള്‍ ഓരോന്നായി പിടിച്ചെടുത്തപ്പോഴും അവര്‍ക്കു മുന്നണിയിലെ ആരുടെയും സഹായം കിട്ടിയില്ല. അങ്ങനെ അവര്‍ ജനാധിപത്യമുന്നണിയില്‍ എത്തി. അവര്‍ എത്തിയതുകൊണ്ടു ജനാധിപത്യമുന്നണിക്കു വന്‍ തെരഞ്ഞെടുപ്പുവിജയം ഉണ്ടാക്കാനായില്ലെങ്കിലും കൊല്ലം ലോക്സഭാ മണ്ഡലം ഉറപ്പാക്കാനായി.
അധികാരത്തിന്റെ അഹങ്കാരത്തില്‍ മദിക്കുന്ന ഇടതുമുന്നണിക്ക് ആര്‍എസ്പിയുടെ പോക്കിനെ ഇന്നു പുച്ഛിക്കാമെങ്കിലും എന്നും അങ്ങനെയാവില്ല സ്ഥിതി. ഒരു മരവും അവസാനത്തെ ഒറ്റ വെട്ടുകൊണ്ടല്ല വീഴുന്നത് എന്ന് ഇടതുമുന്നണി മനസിലാക്കുന്ന ഒരു ദിവസം വരും. ഓരോ പാര്‍ട്ടി പടിയിറങ്ങുന്പൊഴും മുന്നണി ദുര്‍ബലമാകുന്നു. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റ് ജനതാദള്‍ യുവില്‍നിന്നു സിപിഎം പിടിച്ചെടുത്തപ്പോള്‍ വീരനും ഇടതുമുന്നണി വിട്ടു. അന്നും മറ്റു ഘടകകക്ഷികള്‍ ഒന്നും പറഞ്ഞില്ല. ഓരോ ഘടകക്ഷിയെയും പുറത്താക്കുമ്പോള്‍ വരുന്ന സീറ്റുകളും സിപിഎം സ്വന്തമാക്കി.
ഇങ്ങനെയൊന്നും ആയിരുന്നില്ല മുന്നണികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് അധികാരം പിടിക്കാനാവില്ല എന്ന തിരിച്ചറിവിൽനിന്നാണു മുന്നണികളുണ്ടായത്. എല്ലാ പാര്‍ട്ടികളുടെയും വ്യക്തിത്വം അംഗീകരിച്ചു ഭരണത്തില്‍ ഓരോരുത്തര്‍ക്കും അവര്‍ക്കര്‍ഹതപ്പെട്ട പ്രാതിനിധ്യം കൊടുക്കുന്നതാണു മുന്നണി ഭരണത്തിന്റെ ശൈലി. മുന്നണിയിലെ ഘടകകക്ഷികളുടെ അവകാശങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതായിരുന്നു മുന്നണി സംവിധാനത്തിന്റെ രീതികള്‍. ഓരോ പാര്‍ട്ടിക്കും അവര്‍ക്കുള്ള ജനപിന്തുണ അനുസരിച്ചു മത്സരിക്കാന്‍ സീറ്റുകള്‍ മുന്നണിയാണു നിശ്ചയിച്ചിരുന്നത്.
എന്‍സിപി ചെറിയ മീനായിരുന്നില്ല
1979ല്‍ ഇന്നത്തെ ഇടതുമുന്നണിക്കു രൂപംകൊടുത്ത സ്ഥാപക ഘടകകക്ഷികളില്‍ ഒന്നായിരുന്ന അര്‍സ് കോണ്‍ഗ്രസില്‍നിന്നു ബാക്കി നിന്നവരുടെ ഇന്നത്തെ രൂപമാണത്. ഇടതുമുന്നണിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് യുക്കാര്‍ തന്നെ ഇന്ന് ഇടതുമുന്നണിയില്‍ രണ്ടുണ്ട്. എന്‍സിപിയും കോണ്‍ഗ്രസ് എസും. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ ഒന്നാം മന്ത്രിയായിരുന്നു പി.സി. ചാക്കോ. ആന്റണിയുടെ വിശ്വസ്തന്. അന്ന് നിയമസഭയില്‍ സിപിഎമ്മിന് 35 അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് 21ഉം സിപിഐക്ക് 17ഉം മാണിക്ക് എട്ടും എംഎല്‍എമാരാണുണ്ടായിരുന്നത്. ആര്‍എസ്പി ആറ്, അഖിലേന്ത്യ ലീഗ് അഞ്ച്, പിള്ള ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 1981 ഒക്ടോബര്‍ 16ന് ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് യു ഇടതുമുന്നണി വിട്ടപ്പോള്‍ ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസ് യുവില്‍ ഉണ്ടായിരുന്ന ആറു പേരില്‍ ഒരാളാണ് ചാക്കോ. ചാക്കോ ആയിരുന്നു ലീഡര്‍. ഇടതുമുന്നണിയില്‍ രക്ഷയില്ലെന്നു കണ്ട് ചാക്കോ മുന്നണി വിട്ടു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചാക്കോ കരുണാകരന്റെ വിശ്വസ്തനായി 1991ല്‍ തൃശൂരില്‍നിന്നു ലോക്സഭയിലെത്തി. 1996ല്‍ മുകുന്ദപുരത്തുനിന്നും 1998ല്‍ ഇടുക്കിയില്‍നിന്നും 2009 തൃശൂരിൽനിന്നും ലോക്സഭയിലെത്തി.
ചാക്കോ കോണ്‍ഗ്രസിലേക്കു മടങ്ങിയപ്പോള്‍ എ.സി. ഷണ്മുഖദാസായി ഇടതുകൂടാരത്തിലെ കോണ്‍ഗ്രസുകാരുടെ നേതാവ്. ഇതിനിടെ ഷണ്മുഖദാസ് എന്‍സിപിയില്‍ ചേര്‍ന്നപ്പോള്‍ കടന്നപ്പള്ളി പോയില്ല. അദ്ദേഹം കോണ്‍ഗ്രസ് എസായി തുടര്‍ന്നു. ഇന്നും തുടരുന്നു. ഷണ്മുഖദാസ് പോയപ്പോള്‍ ശശീന്ദ്രനായി. 1979 ല്‍ ഇടത്തു നിന്ന വി.സി. കബീര്‍, കെ. ശങ്കരനാരായണ പിള്ള, കരകുളം കൃഷ്ണപിള്ള തുടങ്ങിയവരും പില്ക്കാലത്ത് കോണ്‍ഗ്രസിലെത്തി. ടി.പി. പിതാംബരന് മാസ്റ്റര്‍ പക്ഷേ ഉറച്ചുനിന്നു. 2006ല്‍ കെ. കരുണാകരന് എന്‍സിപി വഴി ഇടതുമുന്നണിയിലെത്താന്‍ നോക്കിയത് ഇടതുമുന്നണി തന്ത്രപൂര്‍വം തടഞ്ഞു. കരുണാകരന്റെ പാര്‍ട്ടിയായ ഡിഐസി, എന്‍സിപിയില്‍ ലയിച്ചതോടെ എന്‍സിപിയെ ഇടതുമുന്നണി പുറത്താക്കി. കരുണാകരന് എന്‍സിപി വിട്ടപ്പോള്‍ തിരിച്ചെടുത്തു. അക്കാലത്ത് ഡിഐസി വഴി എന്‍സിപിയിലെത്തിയ കുടുംബമാണ് കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടേത്. ചാണ്ടിയുടെ സഹോദരനാണ് ഇപ്പോള്‍ മന്ത്രിസ്ഥാനത്തിനു അവകാശം പറയുന്ന തോമസ് കെ. തോമസ്. തോമസ് ചാണ്ടിയെ സഹര്‍ഷം മന്ത്രിയാക്കിയ പിണറായി പക്ഷേ തോമസിനെ മന്ത്രിയാക്കാന്‍ കൂട്ടാക്കുന്നില്ല.
2021ൽ പിണറായിയുടെ രണ്ടാം മന്ത്രിസഭാ കാലംമുതല്‍ തോമസ് നടത്തുന്ന നീക്കങ്ങളാണ് പിണറായി ടോര്‍പ്പിഡോ ചെയ്യുന്നത്. ശശീന്ദ്രന് പിണറായിയുടെ ബന്ധുവാണെന്നാണു പ്രചാരണം.
കേരളത്തില്‍ മുന്നണികള്‍ രൂപംകൊണ്ട കാലംമുതലേ ഉണ്ടായിരുന്ന പ്രവര്‍ത്തനശൈലി ഇരുമുന്നണിക്കാരും പാലിക്കാത്ത കാലം വന്നിരിക്കുന്നു. ഘടകകക്ഷികള്‍ സ്വന്തം കരുത്തുകൊണ്ടല്ലാതെ വല്യേട്ടന്റെ ഔദാര്യംകൊണ്ട് ജീവിക്കുന്നവരായി. അപ്പോള്‍ ഇത്തരം സമീപനങ്ങള്‍ സാധാരണമാകും. ഇനി പി.സി. ചാക്കോ എന്തു ചെയ്യും എന്നു കൗതുകത്തോടെ കാത്തിരിക്കണം. എണ്ണംപറഞ്ഞ കളിക്കാരനാണ് ചാക്കോ.
മെക് സെവന്
പാരാമിലിട്ടറി സര്‍വീസായ സിഐഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം ജില്ലക്കാരന് തുറക്കല്‍ പി. സലാലൂദ്ദിന് 2012ല്‍ ആരംഭിച്ച മള്‍ട്ടി എക്സര്‍സൈസ് കോമ്പിനേഷന്‍ എന്ന വ്യായാമ കൂട്ടായ്മയായ മെക് സെവന് വിവാദത്തിലായി. ജീവിതശൈലീ രോഗങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കുന്നതിനായി അദ്ദേഹം തയാറാക്കിയ 21 അഭ്യാസങ്ങള്‍ ചേര്‍ന്ന അരമണിക്കൂര്‍ വ്യായാമമുറയാണ് മെക് സെവന്. യോഗ, എയ്റോബിക്സ്, ഫിസിയോതെറാപ്പി, ഡീപ് ബ്രീത്ത്, അക്യുപങ്ചര്‍, ധ്യാനം, മസാജ് തുടങ്ങിയവയാണ് ആ 21 അഭ്യാസങ്ങള്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി വടക്കന്‍ കേരളത്തില്‍ മെക് സെവന്റെ ആയിരം യുണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലിം വനിതകളും നല്ല അളവില്‍ ഈ പരിപാടികളില്‍ പങ്കാളികളാകുന്നുണ്ട്.
നിരോധിക്കപ്പെട്ട മുസ്ലിം സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, മതരാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമി എന്നിവരാണ് മെക് സെവനു പിന്നില്‍ എന്ന് വടക്കന്‍ കേരളത്തിലെ സുന്നി മുസ്ലിമുകളും സിപിഎമ്മും ബിജെപിയും ആരോപിച്ചതോടെ മെക് സെവന് സംശയത്തിന്റെ നിഴലിലായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് ഇതു സംബന്ധിച്ച് ഡിസംബര്‍ 14 പുറപ്പെടുവിച്ച പ്രസ്താവന 15ന് പിന്‍വലിച്ചെങ്കിലും അതുണ്ടാക്കിയ സംശയം നിലനില്ക്കുന്നു. സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും അവരുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദാലി കിനാലൂരും മെക് സെവന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്നു പരസ്യമായി പ്രസ്താവിച്ചു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു. മതരാഷ്ട്രവാദികളെ കണ്ടാല്‍ അഭിവാദ്യം ചെയ്യുകപോലും അരുതെന്നത് സമസ്തയുടെ ഉറച്ച നിലപാടാണ്. സുന്നി നേതാവ് പേരോട് അബ്ദുറഹിമാൻ സഖാഫി ജമാ അത്തെ ഇസ്ലാമിക്കാര്‍ സുന്നി ആശയങ്ങളെ ഇകഴ്ത്തുവാന്‍ ഉപയോഗിക്കുന്ന ആയുധമാണ് മെക്സെവന്‍ എന്ന് കുറ്റപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് പോലുള്ള തീവ്രവാദികളാണ് ഈ കൂട്ടായ്മയ്ക്കു പിന്നില്‍ എന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന് ആരോപിക്കുന്നു. സിപിഎം സത്യം മനസിലാക്കിയതിന്റെ അടയാളമാണ് പി. മോഹനന്റെ പ്രസ്താവനയെന്നു മുരളീധരന് മൊഴിഞ്ഞു.
സംഘടന പ്രചരിക്കുന്നത് വടക്കന്‍ കേരളത്തിലായതുകൊണ്ടും മുസ്ലിം സമുദായത്തിലുള്ളവര്‍ കൂടുതലായി മെക് സെവനില്‍ പങ്കെടുക്കുന്നതുകൊണ്ടും സംശയം പ്രബലമാകുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മെക് സെവന് പ്രവര്‍ത്തിക്കുന്നത്. മെക് സെവന്റെ അംബാസഡര്‍ ബാവ അറക്കല്‍ ആരോപണങ്ങളെയും സംശയങ്ങളെയും നിരാകരിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേയുള്ള ഒരു വ്യായായ്മ കൂട്ടായ്മ മാത്രമാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എല്ലാ സമുദായത്തിലും പെട്ടവര്‍ കൂട്ടായ്മയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യായാമ മുറകളല്ലാതെ ഒരു സിദ്ധാന്തവും മെക് സെവന് പ്രചരിപ്പിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഒരു സിദ്ധാന്തയെയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ല എല്ലാവരെയും അദ്ദേഹം കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
സിപിഐയുടെ മുഖപത്രമായ ജനയുഗം മെക് സെവൻ വ്യായാമക്കൂട്ടായ്മയെ പിന്തുണച്ചു രംഗത്തു വന്നിരുന്നു. മുഖപ്രസംഗത്തിലൂടെയാണ് ജനയുഗം പ്രതികരിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് എംപി വി.കെ. ശ്രീകണ്ഠന് കൂട്ടായ്മക്കു പിന്തുണ പ്രഖ്യാപിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പരിപാടികളില്‍ പങ്കെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രസ്ഥാനമാണെങ്കില്‍ പണി വരും. റിപ്പോര്‍ട്ടോ നടപടിയോ വരുന്നതു വരെ സംശയം ബാക്കിയാവും.