ഓർമകളുണർത്താന് സംഗീതചികിത്സ
ഡോ. ജെയിംസ് പോള് പണ്ടാരക്കളം
Sunday, December 22, 2024 2:11 AM IST
സംഗീതം സമയത്തെയും സംസ്കാരത്തെയും ഭാഷാപരമായ പരിധികളെയും മറികടക്കുന്ന സർവഭാഷയാണ്. ഇതുണർത്തുന്ന വികാരങ്ങൾ, ഓർമകൾ, അനുഭവങ്ങൾ എന്നിവ അതുല്യമാണ്, അതിനാൽതന്നെ ഒരു മികച്ച ചികിത്സാ ഉപകരണവും. പ്രായം വർധിക്കുന്പോഴും, മറവിരോഗം അഥവാ ഡിമെൻഷ്യ ഉള്ള സാഹചര്യങ്ങളിലും, ഓർമനവീകരണചികിത്സ പ്രസക്തമാണ്. പഴയ സാഹചര്യങ്ങളിൽനിന്നുള്ള പ്രേരണകൾ ഉപയോഗിച്ച് ഓർമകളും വികാരങ്ങളും ഉണർത്തുന്ന പ്രക്രിയയാണിത്.
സംഗീതവുമായി ഓർമനവീകരണചികിത്സ സംയോജിപ്പിക്കുമ്പോൾ, ഇത് ഒരു വ്യത്യസ്തമായ സമീപനം നൽകുന്നു. “സ്മരണകൾ തൻ മൺവിളക്കിൽ തിരികൊളുത്തും കാലമേ...” എന്ന അനാർക്കലി ചലച്ചിത്രഗാനശകലം ഓർമകളും കാലവും തമ്മിലുള്ള ബന്ധമാണ് വെളിവാക്കുന്നുത്.
മസ്തിഷ്കത്തെ ഉണർത്താൻ സംഗീതത്തിനുള്ള ശേഷിയിലാണ് ഓർമയുമായുള്ള ബന്ധം. ഓർമ, വികാരം തുടങ്ങിയ വിവിധ മസ്തിഷ്കമേഖലകളെ സംഗീതം സജീവമാക്കുന്നു എന്നു ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അൽഷിമേഴ്സ് രോഗവും മറ്റു മറവിരോഗങ്ങളും ഉള്ള വ്യക്തികളിൽ, വ്യക്തമായ ഓർമകളുടെ ഉപയോഗപ്രക്രിയ ദുഷ്കരമാകാം. അവിടെ സംഗീതം ഉപയോഗിച്ചു പൂർവകാല സ്മരണകളെ തിരിച്ചെടുക്കാൻ കഴിഞ്ഞേക്കും. ഡിമെൻഷ്യയുള്ള നിരവധി ആളുകൾക്ക് പഴയ ഗാനങ്ങൾ, വരികൾ എന്നിവ ഓർക്കാൻ കഴിയുന്നുണ്ട്.
സംഗീതവും ഓർമയും തമ്മിലുള്ള ബന്ധം വികാരപരമായ ശക്തിയിലും പ്രകടമാണ്. പരിചിതമായ പാട്ടിലൂടെ, വ്യക്തിയെ ഒരു പ്രത്യേക കാലത്തിൽ പുനഃസ്ഥാപിച്ച്, അക്കാലത്തെ അനുഭവങ്ങളെയും അതുമായി ബന്ധപ്പെട്ട മറ്റു സ്മരണകളെയും ഉണർത്താം. ഈ പ്രതിഭാസം ഓർമനവീകരണചികിത്സയിൽ ഉപയോഗപ്രദമാണ്. ഇവിടെ സംഗീതം വിനോദം മാത്രമല്ല, വികാരവും ബുദ്ധിപ്രവർത്തനവും ഉണർത്തുന്ന പ്രചോദകമാണ്.
ഓർമനവീകരണചികിത്സ
പ്രഫഷണൽ സമീപനത്തോടെയുള്ള ഓർമനവീകരണചികിത്സ വ്യക്തികളെ ഓർമകൾ വീണ്ടെടുക്കാനും പങ്കുവയ്ക്കാനും പ്രോത്സാഹിപ്പിക്കുന്നു. പഴയ ഫോട്ടോകൾ കാണുക, ജീവിതസംഭവങ്ങളെ സംബന്ധിച്ച് സംസാരിക്കുക, സംഗീതം കേൾക്കുക പോലുള്ള ക്രമീകരിച്ച പ്രവർത്തനങ്ങൾ വഴി മാനസിക സംഘർഷം കുറയ്ക്കുകയും ശാന്തമായ അവസ്ഥ കൈവരിക്കുകയും ചെയ്യാം.
ഓർമനവീകരണചികിത്സയിൽ സംഗീതം ഭൂതകാലവും വർത്തമാനവും തമ്മിലുള്ള പാലംപോലെ വർത്തിക്കുന്നു. സംഗീതത്തിന്റെ പ്രധാന ഗുണം അതിന്റെ വൈകാരികവ്യക്തികരണത്തിന്റെ ശേഷിയിലാണ്. നിരവധി വ്യക്തികൾക്ക്, ചർച്ചകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെയുള്ളവർക്ക് സംഗീതത്തിലൂടെ തങ്ങളെത്തന്നെ സ്വയം പ്രകടിപ്പിക്കാൻ കഴിയും, ഈ പ്രതികരണങ്ങൾ പരിപാലകർക്കും ചികിത്സകർക്കും വ്യക്തികളുടെ വികാരാവസ്ഥയും ആവശ്യങ്ങളും എളുപ്പത്തിൽ മനസിലാക്കാനുള്ള സാധ്യതയും സഹായവുമാണ്.
ഓർമനവീകരണ ചികിത്സയിൽ സംഗീതം നൽകുന്ന പ്രയോജനങ്ങൾ:
ബുദ്ധിശക്തിയുടെ ഉണർവ്: പരിചിതമായ സംഗീതം കേൾക്കുമ്പോൾ ഓർമ സംബന്ധിച്ച മസ്തിഷ്ക മേഖലകൾ സജീവമാക്കുന്നു, ഓർമകളും അവയുടെ തിരിച്ചറിവും മെച്ചപ്പെടുത്തുന്നു.
വികാരപരമായ നിയന്ത്രണം: ആനന്ദം, വികാരതീവ്രമായ സ്മരണകൾ, ആശ്വാസം തുടങ്ങിയവ ഉണർത്താം. അത് വ്യക്തികൾക്ക് ജീവിതത്തോടുള്ള മനോഭാവം നിയന്ത്രിക്കാനും, ആശങ്കയും ദുഃഖവും കുറയ്ക്കാനുമുള്ള സഹായം നൽകുന്നു.
മാനസിക സംഘർഷം കുറയ്ക്കൽ: ക്ലാസിക്കൽ സംഗീതം ശാന്തമായ ഒരു ഫലമാണ് നൽകുന്നത്. ഡിമെൻഷ്യ ഉള്ള വ്യക്തികളിൽ വിഷാദം ലഘൂകരിക്കുന്നു; മനസിന്റെ അലഞ്ഞുപോകലുകൾ കുറയ്ക്കുന്നു.
സാമൂഹികബന്ധം: സംഗീതകൂട്ടായ്മകൾ, പാട്ടുപാടൽ, ഒരുമിച്ചിരുന്നുള്ള സംഗീതം കേൾക്കൽ എന്നിവ സാമൂഹിക ഇടപെടലുകൾ സജീവമാക്കുകയും ഏകാന്തത അകറ്റുകയും ചെയ്യുന്നു.
ശാരീരിക ഗുണങ്ങൾ: സംഗീതം, നൃത്തം, നടത്തം തുടങ്ങി ഹൃദയഭാവങ്ങളുമായി ചേർന്നുള്ള ചലനങ്ങൾ ശാരീരികപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.
മറവിരോഗം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരിൽ സംഗീതവും ഓർമനവീകരണ ചികിത്സയും എങ്ങനെ വികാരശാന്തി വരുത്തുന്നു എന്നു ചില പഠനങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ഭക്തിഗാനങ്ങൾ
അമ്പതുകളും അറുപതുകളും കേരളത്തിൽ ഭക്തിഗാനങ്ങളുടെ സുവർണകാലമായിരുന്നു. ദേവാലയങ്ങളിലും മറ്റും പാടുന്ന പല ഗാനങ്ങളും ചലച്ചിത്രഗാനങ്ങളുടെ ഈണത്തിലായിരുന്നു. ഭക്തിയെ സിനിമാഗാനത്തിലേക്കു വഴിതിരിച്ചുവിടുമെന്നു ചിലരെല്ലാം വിമർശിക്കുകയും ചെയ്തു. എന്നിരുന്നാലും ഈ ഗാനങ്ങൾ നിശബ്ദമായ ഒരു മതസൗഹാർദം വളരാൻ സഹായിച്ചിരുന്നു. ഈ ഭക്തിഗാനങ്ങൾ ആ തലമുറയുടെ ജീവിതവുമായി കോർത്തിണക്കിയ കണ്ണിയായിരുന്നു.
വയോജനങ്ങൾ കേൾക്കുന്ന ഭക്തിഗാനം ഓർമകളുടെ തിരയിളക്കമായി അവരുടെ ബുദ്ധിമണ്ഡലത്തെ ഉത്തേജിപ്പിക്കും. “എന്നൈ ആലും മേരി മാതാ തുണൈ നീ എൻ മേരി മാതാ...”എന്ന പഴയ തമിഴ് ചലച്ചിത്ര ഭക്തിഗാനം (മിസിയമ്മ എന്ന ചലച്ചിത്രത്തിൽനിന്ന്) ശ്രവിക്കുമ്പോൾ, എന്റെ മുത്തച്ഛൻ ജീവിതസായാഹ്നത്തിലും ഭക്തിനിർഭരമാകുന്നതും അനുബന്ധിത ഓർമകളാൽ വികാരഭരിതനാകുന്നതും സ്മരിക്കുന്നു.
ലോകത്താകമാനമുള്ള വിവിധ മതങ്ങൾക്കും സമൂഹങ്ങൾക്കും ഭക്തിഗാനങ്ങൾ, പ്രാർഥനാരൂപി മാത്രമല്ല, ശക്തമായ ഊർജമാണ്. ഇവ മാനസിക സമ്മർദം കുറയ്ക്കുന്നതിനും അനുഭൂതികൾ നിയന്ത്രിക്കുന്നതിനും ശ്രദ്ധ വർധിപ്പിക്കുന്നതിനും ഉള്ളിൽ സമാധാനം അനുഭവപ്പെടുന്നതിനും സഹായിക്കുന്ന ശക്തമായ സ്രോതസായി പ്രവർത്തിക്കുന്നു.
ഹിന്ദു ഭജനുകൾ, ക്രിസ്ത്യൻ ഗീതങ്ങൾ, മുസ്ലിം നശീദുകൾ പോലുള്ള ഭക്തിസങ്കീർണ ഗാനങ്ങൾ ആശങ്ക കുറയ്ക്കുന്നതിൽ വളരെ ഫലപ്രദമായിരിക്കും. ആവർത്തിച്ചുള്ള സംഗീതഘടനകൾ പിരിമുറുക്കം ലഘൂകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തലച്ചോറിൽ ഡോപാമിൻ പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയ മാനസിക ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. ഗാനത്തിന്റെ പ്രമേയം, താളം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മനസിന്റെ സമചിത്തത വീണ്ടടുക്കാൻ സഹായിക്കുന്നു. പല ഭക്തിപ്രക്രിയകളും പാട്ടുകൾ, പ്രാർഥനകൾ എന്നിവ ഉൾപ്പെടുന്നു. ഈ പ്രക്രിയ, മനസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു വർധിപ്പിക്കുന്നു.
ഭക്തിഗാനങ്ങൾ മനസിനെ ഉന്നതമാക്കി, ദിവ്യമായതോ അതിർത്തിയില്ലാത്തതോ ആയ അവസ്ഥയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള മാർഗമാണ്. ഈ ഗാനങ്ങൾ പാടുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ആഴത്തിലുള്ള ആദരവും ഭക്തിയുമുണ്ടാക്കുന്നു. ഇത് ആത്മീയ പൂരണത്തിലേക്കുള്ള വഴി തുറക്കുന്നു, ലക്ഷ്യബോധവും പ്രദാനം ചെയ്യുന്നു. ഈ ഭക്തി ഗാനങ്ങൾ വ്യക്തികൾക്ക് വലിയൊരു ആത്മീയ സമുദായത്തിന്റെ ഭാഗഭാക്കാണെന്നുള്ള അവബോധം ഉണ്ടാക്കുന്നു.
സന്തോഷഗീതങ്ങളുടെ മാനസികഫലങ്ങൾ
സന്തോഷഗീതങ്ങൾ വൈകാരികമായ ഉത്സവംതന്നെ മനസിൽ ജനിപ്പിക്കുന്നവയാണ്. ലോകമെമ്പാടും ഏറ്റവും ഉത്തേജകമായ സംഗീതശൈലികളിൽ ഒന്നാണ് സന്തോഷദായകമായ ഗീതങ്ങൾ. ഈ ഗീതങ്ങൾ ഉദ്ബോധിതമായ താളങ്ങൾ, ജീവശക്തിയുള്ള സംഗീതരചനകൾ, മനോഹരമായ വരികൾ എന്നിവയാൽ സവിശേഷമാണ്. ദുഃഖിതരായവരിൽ വേഗത്തിലും താളത്തിലുമുള്ള സംഗീതം സന്തോഷമുളവാക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ദുഃഖഗീതങ്ങളുടെ മാനസികഫലങ്ങൾ
സംഗീതം ഒരു കലാരൂപമായി മനുഷ്യഭാവനയുമായി ദീർഘകാലമായി ബന്ധിപ്പിച്ചിരിക്കുന്നു. ദുഃഖമുള്ള സംഗീതം കേൾക്കുമ്പോൾ നമ്മുടെ മനസിൽ വിഭിന്നമായ മൂഡ്, വികാരങ്ങൾ, ധാരണ, മാനസിക സ്വാധീനം എന്നിവ അനുഭവപ്പെടുന്നു. ഭാവനാപൂർവകമായ പ്രതികരണം, ദുഃഖമുള്ള സംഗീതത്തിന്റെ ഏറ്റവും ഗഹനമായ ഫലങ്ങളിൽ ഒന്നാണ്.
ശാരീരിക, മാനസിക, ബുദ്ധിമുട്ടുകൾ, സാമൂഹിക ആവശ്യങ്ങൾ എന്നിവയ്ക്കുള്ള പരിഹാരമായാണ് സംഗീതചികിത്സ അവലംന്പിക്കുന്നത്. ഇതു പരിശീലനം നേടിയ വിദഗ്ധരുടെ സഹായത്തോടെയാണു നടപ്പാക്കുന്നത്.