ഉരുളില്‍ ഉലഞ്ഞവരെ ഉയര്‍ത്തണം
കെ.ജെ. ദേവസ്യ
Saturday, December 21, 2024 12:36 AM IST
പുഞ്ചിരിമട്ടം-മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയാറാകണമായിരുന്നു. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും അനുമതി നല്കാന് ആവശ്യമായ വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. പാര്‍ലമെന്റിലും നിയമസഭയിലും നിയമഭേദഗതിയുണ്ടാകുന്നത് എക്സിക്യൂട്ടീവിന്റെ ജനതാത്പര്യം മുന്നിര്ത്തിയാണെന്നിരിക്കെ, ലോകത്തില്‍തന്നെ സമാനതകളില്ലാത്ത വയനാട് ഉരുള്‍പൊട്ടലില്‍ എന്തിനാണ് നിസംഗത കാണിക്കുന്നതെന്നത് ദുരൂഹമാണ്.
ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി നേരിട്ടു സന്ദർശനം നടത്തി കാര്യങ്ങൾ മനസിലാക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. കൂടാതെ, ഓഗസ്റ്റ് 17ന് നിവേദനവും നല്കി. വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13നും നല്കി. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ യാഥാര്ഥ്യങ്ങളാണെന്നിരിക്കെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ആശയക്കാര്‍ ഭരിക്കണമെന്നത് അപ്രസക്തമാണ്. എന്‍ഡിഎ മുന്നണി രാജ്യം ഭരിക്കുമ്പോള്‍ കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതിനാല്‍ കേരള സര്‍ക്കാരിനോടുള്ള വിരോധവും അമര്‍ഷവും പ്രിയങ്ക ഗാന്ധിയുടെ എംപി എന്ന നിലയിലുള്ള സാന്നിധ്യവുംകൂടിയുള്ള പക കേന്ദ്രത്തിനുണ്ടാകാം.
നീതി കാണിക്കാതെ കേന്ദ്രം
ഒരു ഗ്രാമത്തെയും അതിലെ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളെയും അവരുടെ ജീവനോപാധികളെയും തകര്‍ത്തു താണ്ഡവമാടിയ അതിഭീകരമായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷം നടത്തിയ വെളിപ്പെടുത്തലുകളില്‍ പറഞ്ഞത് വയനാടിനായി എത്ര തുക വേണമെങ്കിലും ആവശ്യംപോലെ തരുമെന്നാണ്.
2023 മുതല്‍ ഇന്ത്യയിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ ഉത്തരാഖണ്ഡ്, ആന്ധ്ര, തമിഴ്നാട്, ത്രിപുര, ഹിമാചല്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് (പിഡിഎന്‍എ) പ്രകാരം തുക അനുവദിച്ചത് കേവലം നിവേദനം നല്‍കിയതിന്റെ ഫലമായല്ല. പ്രധാനമന്ത്രിയും കേന്ദ്ര ഭരണാധികാരികളും നേരില്‍ക്കണ്ടു മനസിലാക്കിയ കാര്യങ്ങളില്‍ പ്രത്യേക നിവേദനങ്ങളില്ലാതെതന്നെ സഹായധനം അനുവദിക്കേണ്ടതായിരുന്നു. കേന്ദ്രം കേരളത്തിന്റെ 14 ജില്ലകള്‍ക്കുമായി തരേണ്ടതായ മൊത്തം ദുരിതാശ്വാസ തുകയുടെ ഒരു ഭാഗം മാത്രം തന്നശേഷം കേരളത്തിന് തുക നല്കിയെന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്. കേന്ദ്രം ഇക്കാര്യത്തില്‍ നീതി കാണിച്ചിട്ടില്ല.
ദുരന്തമുഖത്തെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ആദ്യദിവസങ്ങളില്‍ സമയബന്ധിതമായും മാതൃകാപരമായും പ്രവര്‍ത്തിച്ചു. എന്നാല്‍, ഗ്രാമപഞ്ചായത്തും ജില്ലാതല ഡിപ്പാര്‍ട്ട്മെന്റല്‍ സംവിധനങ്ങളും തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത പിന്നീട് കാണിച്ചില്ല. സർക്കാർ കാണിച്ച ശുഷ്കാന്തിയില്‍ ഒപ്പം നില്‍ക്കാനും കാര്യങ്ങള്‍ക്ക് കൃത്യത വരുത്താനും ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനു നല്‍കേണ്ട നിവേദനത്തിന് കാലതാമസം വരുത്തിയത് ആരാണെന്നു കണ്ടെത്തി നടപടിയുണ്ടാകേണ്ടതാണ്.
ദുരിതം പെയ്തിറങ്ങി നഷ്ടങ്ങള്‍ മാത്രം പേറേണ്ടിവന്ന ഒരു ജനതയെ രക്ഷിക്കാന്‍ അധികാരികളെല്ലാം ഒരു നിമിഷം പോലും കളയാതെ ഉണര്‍ന്നു പ്രവര്ത്തിക്കേണ്ടിയിരുന്നു, അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് റിയാസ് എന്നിവരുടെ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇക്കാര്യത്തിലുണ്ടായ പാകപ്പിഴ ചൂണ്ടിക്കാട്ടി ശക്തമായി പ്രതികരിച്ചത്.
പരസ്പരം കുറ്റാരോപണമല്ല; മറിച്ച്, കാര്യങ്ങള്‍ നല്ല നിലയില്‍ നടത്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണു വേണ്ടത്. എസ്ഡിആര്എഫില് ലഭിക്കുന്ന തുക കേരളത്തിനാകമാനമുള്ള ദുരന്തനിവാരണ പ്രതിവിധിക്കുള്ളതാണ്. എന്നാല്‍, ആയതിലേക്ക് വയനാട് ജില്ലയില്‍ ഈ പ്രത്യേക സാഹചര്യത്തില്‍ എത്ര തുക നീക്കിവച്ചുവെന്ന കോടതിയുടെ ചോദ്യത്തിന്, കോടതിയില്‍ ഹാജരായ ചുമതലക്കാരനായ അക്കൗണ്ട്സ് ഓഫീസര്‍ പറഞ്ഞ മറുപടി വളരെ ലാഘവത്തോടെയായിരുന്നു. ഞാന്‍ ചുമതലയേറ്റെടുത്തിട്ട് 12 ദിവസമേ ആയുള്ളൂവെന്നായിരുന്നു ആ മറുപടി. ഇതില്‍ നിന്നു വ്യക്തമാണല്ലോ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ്.
ഉദ്യോഗസ്ഥരുടെ പങ്ക്
ഹൈക്കോടതി മുമ്പാകെ ആവശ്യമായ വിവരശേഖരണം നടത്തി നല്കാന് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. ഇതിലുണ്ടായ ജാഗ്രതക്കുറവും ഉദാസീനതയും സർക്കാർ ശ്രദ്ധിക്കേണ്ടതല്ലേ? നാടിന്റെ നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥകരങ്ങളില് പൊതുസമൂഹത്തിന് ഗുണകരമായിട്ടാണോ? ഇക്കാര്യം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ഭദ്രതയ്ക്കായി നിയമങ്ങളെയും ചട്ടങ്ങളെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നതിന്റെ നേര്‍ക്കാഴ്ച കേരളം എത്രയോ തലങ്ങളില്‍ കണ്ടുകഴിഞ്ഞു.
ആദായനികുതി നല്കുന്ന ഉദ്യോഗസ്ഥര്‍ പോലും സാമൂഹ്യക്ഷേമ പെന്ഷന് കൈയിട്ടു വാരിയെടുത്തില്ലേ? ഒരു സർക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നതിലും നശിപ്പിക്കുന്നതിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. ദുരന്തബാധിത പ്രദേശത്തെ സഹായിക്കാന്‍ ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കണം. ഇക്കാര്യത്തില്‍ കേരളം നല്കിയ രേഖകൾ പരിശോധിച്ചു കൃത്യത വരുത്തണം. ഇവിടെ അതുണ്ടായില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്.
ദുരന്തഭൂമിയില്‍ നടപ്പാക്കുന്ന എല്ലാറ്റിനും കൃത്യത വേണമെന്ന ബോധ്യത്തിലാണ് കേന്ദ്രമെങ്കില്‍ നമ്മളതു ചെയ്യണം. ഒരു കാരണത്താലും തന്റെ ജോലിക്കോ വിരമിക്കല്‍ തുക ലഭിക്കുന്നതിലോ ഒരു തട്ടുകേടും സംഭവിക്കാന്‍ പാടില്ലെന്ന നിലയില്‍ ഫയല്‍ ഉന്തുന്ന ഉദ്യോഗസ്ഥസമൂഹമാണ് കേരളത്തിലുള്ളത്. സംഘബോധത്തിന്റെ പ്രേരണയാലുള്ള അഹങ്കാരം അവരില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ഒരു സാധാരണ ക്ലര്‍ക്കിന്റെ അഭിപ്രായം ഫയലില്‍ കണ്ണുതുറന്ന് വായിച്ചു മനസിലാക്കാന്‍ പോലും തുനിയാത്ത ഐഎഎസ് മിടുക്കന്മാരുടേതാണ് നമ്മുടെ ഭരണകേന്ദ്രം. അവിടെനിന്ന് ആരും നന്മ പ്രതീക്ഷിക്കേണ്ട. “ഒരു ഫയല്‍ ഒരു ജീവിതമാണ്” എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളം കേട്ടതാണ്. എന്നാല്‍, ഓരോ ഫയലും എങ്ങനെ ചെയ്യാതെ കുരുക്കിലാക്കാമെന്ന, തികച്ചും ജനവിരുദ്ധ ഉഗ്യോഗസ്ഥ മനോഭാവത്തെ മാറ്റാതെ ദുരന്തത്തിലോ, മഹാദുരന്തത്തിലോ നമുക്ക് മുന്നോട്ടു പോകാനാകില്ല. ഉദ്യോഗസ്ഥരല്ല ജനാധിപത്യസർക്കാർ എന്നു ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ചുമതലയുണ്ട്. ഗൗരവമേറിയ ആവശ്യങ്ങൾ നിര്‍വഹിക്കാനായി സർക്കാർ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.